
മധ്യപ്രദേശിലെ ഗണേഷ് തലൈ എന്ന കുഗ്രാമത്തിൽ നിന്ന് 5 വയസിൽ - 1986 ൽ - അബദ്ധത്തിൽ ട്രെയിനിൽ കയറി (ചുമടെടുക്കാൻ പോയ ചേട്ടനെ അന്വേഷിച്ചതാണ്) കൽക്കട്ടയിൽ ചെന്ന് പെട്ട പയ്യൻ അനാഥാലയത്തിലായി. അവിടെ നിന്ന് ദത്തെടുക്കാൻ വന്ന ഓസ്‌ട്രേലിയൻ ദമ്പതികളുടെ കൂടെ ഓസ്‌ട്രേലിയയിലേക്ക്. 25 വർഷം കഴിഞ്ഞപ്പോൾ അമ്മയെയും ചേട്ടനെയും കാണണമെന്ന് ആഗ്രഹം. ഗൂഗ്ൾ എർത്ത് വഴി അമ്മ ഫാത്തിമ, കല്ല് പൊട്ടിച്ചിരുന്ന ഗ്രാമപ്രദേശം കണ്ടുപിടിച്ചു. വന്നു, അമ്മയെ കണ്ടു. 'എ ലോങ്ങ് വേ ഹോം' എന്ന ഓർമ്മക്കുറിപ്പെഴുതി (2013). പുസ്തകം സിനിമയായി - ലയൺ. (പയ്യന്റെ പേര് സറു അഥവാ ഷേരു ഖാൻ. ഷേരു എന്നാൽ സിങ്കം). പയ്യനായി ഒന്നാന്തരമായി അഭിനയിക്കുന്നത് ദേവ് പട്ടേൽ. ദത്തെടുത്ത അമ്മ നിക്കോൾ കിഡ്മാൻ. ഇന്ത്യൻ അഭിനേതാക്കൾ പ്രശസ്തരല്ലെന്ന് തോന്നുന്നു. അഞ്ചു വയസുകാരനും ചേട്ടനും അമ്മയും തകർത്തു. സിനിമയുടെ അവസാനം യഥാർത്ഥ ഷേരു വളർത്തമ്മയെയും കൊണ്ട് പെറ്റമ്മയെ കാണാൻ വന്ന യഥാർത്ഥ വീഡിയോ കൊടുത്തിട്ടുണ്ട്. (ചിത്രം).