Search This Blog

Tuesday, June 6, 2017

അരുന്ധതി റോയിയുടെ പുതിയ നോവൽ


'അവൾ കുറിച്ചിട്ടത് അപരിചിതമായ കുറെ കാര്യങ്ങൾ, കഥാക്കഷണങ്ങൾ, വിശദീകരണം വേണ്ടാത്ത ഓർമ്മകൾ; അതും പ്രത്യേകിച്ചൊരു ക്രമമോ താൽപര്യം പോലുമോ ഇല്ലാതെ' എന്ന് നോവലിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പരാമർശമുണ്ട്. നോവലിനും അത് ചേരുമെന്നാണ് റിവ്യൂകൾ പറയുന്നത്. അത് മൈനസ് മാർക്കാവണമെന്നില്ല. കഴിഞ്ഞ ഇരുപത് വർഷങ്ങളോളം സാഹിത്യേതര വിഷയങ്ങളെ റൊമാന്റിക് ഭാഷയിൽ കുളിപ്പിച്ച ആക്റ്റിവിസ്റ്റ്, സാഹിത്യമെഴുതുമ്പോൾ നോൺ-ഫിക്ഷൻ ഉടുപ്പിടാം. ഭോപ്പാൽ ദുരന്തവും ഗുജറാത്ത് കലാപവും കശ്‍മീർ പ്രശ്‍നവും മറ്റ് കോടിക്കണക്കിന് കഷ്ടങ്ങളും ചേർന്ന ആധുനിക ഇന്ത്യയുടെ നാനാവർണ്ണക്കാഴ്ച കുറിക്കുമ്പോൾ ക്രമവും ഫോക്കസും പിൻസീറ്റിലിരിക്കാം.

ഡൽഹിയിലെ പൊതുശ്മശാനത്തിൽ സദ്ദാം ഹുസൈൻ എന്ന സുഹൃത്തിനൊപ്പം 'താമസിക്കുന്ന' ഭിന്നലിംഗക്കാരി അൻജും, കശ്‍മീരിൽ കാമുകനുള്ള ആർകിടെക്ച്ചർ വിദ്യാർത്ഥിനി ടിലോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായുള്ള നോവൽ, സ്വകാര്യ വ്യാകുലതകളേക്കാൾ  ('ചെറിയ കാര്യങ്ങളുടെ ഉടയ തമ്പുരാനി'ലേതു പോലെ), പൊതുവിഷയങ്ങളിലാണ് ഇതിഹാസമാകാൻ ശ്രമിക്കുന്നത്. 'സാധാരണ നിലയിൽ ഇവിടെ ജീവിതം പുഴുങ്ങിയ മുട്ട പോലെയാണ്. വിരസമായ പുറം, പരുഷമായ മഞ്ഞ-ഹിംസയെ ഒളിപ്പിക്കും. ഹിംസയെക്കുറിച്ചുള്ള ഞങ്ങളുടെ ആവലാതികളും ഓർമ്മകളുമാണ് വൈവിധ്യരായ ഞങ്ങളെ ഒന്നിച്ച് ജീവിപ്പിച്ച് കൊണ്ടുപോകുന്നത്' എന്ന് നോവലിൽ. അപ്പോൾ 'ദ മിനിസ്ട്രി ഒവ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന് പേരുള്ള നോവലിൽ സന്തോഷമുണ്ടോ? അതിന് നോവൽ വായിക്കണമെന്ന് റിവ്യൂസ്. (വായിച്ചത്)

Saturday, February 11, 2017

ലയൺ - ഇന്ത്യൻ അനാഥബാലന്റെ കഥ


മധ്യപ്രദേശിലെ ഗണേഷ് തലൈ എന്ന കുഗ്രാമത്തിൽ നിന്ന് 5 വയസിൽ - 1986 ൽ - അബദ്ധത്തിൽ ട്രെയിനിൽ കയറി (ചുമടെടുക്കാൻ പോയ ചേട്ടനെ അന്വേഷിച്ചതാണ്) കൽക്കട്ടയിൽ ചെന്ന് പെട്ട പയ്യൻ അനാഥാലയത്തിലായി. അവിടെ നിന്ന് ദത്തെടുക്കാൻ വന്ന ഓസ്‌ട്രേലിയൻ ദമ്പതികളുടെ കൂടെ ഓസ്‌ട്രേലിയയിലേക്ക്. 25 വർഷം കഴിഞ്ഞപ്പോൾ അമ്മയെയും ചേട്ടനെയും കാണണമെന്ന് ആഗ്രഹം. ഗൂഗ്ൾ എർത്ത് വഴി അമ്മ ഫാത്തിമ, കല്ല് പൊട്ടിച്ചിരുന്ന ഗ്രാമപ്രദേശം കണ്ടുപിടിച്ചു. വന്നു, അമ്മയെ കണ്ടു. 'എ ലോങ്ങ് വേ ഹോം' എന്ന ഓർമ്മക്കുറിപ്പെഴുതി (2013). പുസ്തകം സിനിമയായി - ലയൺ. (പയ്യന്റെ പേര് സറു അഥവാ ഷേരു ഖാൻ. ഷേരു എന്നാൽ സിങ്കം). പയ്യനായി ഒന്നാന്തരമായി അഭിനയിക്കുന്നത് ദേവ് പട്ടേൽ. ദത്തെടുത്ത അമ്മ നിക്കോൾ കിഡ്മാൻ. ഇന്ത്യൻ അഭിനേതാക്കൾ പ്രശസ്തരല്ലെന്ന് തോന്നുന്നു. അഞ്ചു വയസുകാരനും ചേട്ടനും അമ്മയും തകർത്തു. സിനിമയുടെ അവസാനം യഥാർത്ഥ ഷേരു വളർത്തമ്മയെയും കൊണ്ട് പെറ്റമ്മയെ കാണാൻ വന്ന യഥാർത്ഥ വീഡിയോ കൊടുത്തിട്ടുണ്ട്. (ചിത്രം).

Wednesday, January 18, 2017

ലാ ലാ ലാൻഡ് la la land


'ലാ ലാ ലാൻഡി'ന് ഓസ്‌കർ കിട്ടുകയാണെങ്കിൽ അതിലെന്ത് കുന്തമുണ്ടായിട്ടാണെന്ന് ഞാൻ മൂക്കത്ത് വിരൽ വയ്ക്കുമെന്ന് പടം തീർന്നുകൊണ്ടിരിക്കേ എന്റെ മലയാളി ആസ്വാദനശീലം വച്ച് ഞാനെന്നോട് പറഞ്ഞു. നമുക്ക് അവാർഡ് പടമെന്ന് പറഞ്ഞാൽ ഘടാമുണ്ടിയൻ സംഗതികളല്ലേ! ഇത്, ഒരു ചെറുക്കനും പെണ്ണും, പിയാനിസ്റ്റും നടിയും, തമ്മിൽ കണ്ടുമുട്ടുന്നതും പ്രേമത്തിലാവുന്നതും, അവരവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നതിനാൽ പിരിയേണ്ടി വരികയും ചെയ്യുന്ന 'സില്ലി, ഫീൽ ഗുഡ്, സിംപിൾ ബട്ട് പവർഫുൾ' കഥ. പക്ഷെ കഥയല്ല സിനിമ. ആദ്യന്തം സിനിമാറ്റിക്കായ അനുഭവമാണ് ലാ ലാ ലാൻഡ്. (ലോസ് ആഞ്ചലസിൽ നടക്കുന്നത് കൊണ്ട് ആ പേര്.) അത്രമേൽ യൗവന-ഊർജ്ജം പ്രസരിപ്പിക്കുന്ന നടനും നടിയും. (എമ്മ സ്റ്റോണിന് മികച്ച നടി കിട്ടിയിരിക്കണം.) സ്വപ്നസമാനമായ ഗാനചിത്രീകരണങ്ങൾ (ഒരെണ്ണത്തിൽ യുവമിഥുനങ്ങൾ ആകാശത്ത് നക്ഷത്രങ്ങളുടെയിടയിലേക്ക് പൊങ്ങുന്നു, ഒഴുകുന്നു, താഴുന്നു.) ജീവിതം, സാദാ സംഭാഷങ്ങൾ, സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണെന്ന്, സ്നേഹ-പരിഭവ-തെറ്റിദ്ധാരണകൾ അതിന്റെ ഭാഗമാണെന്ന്, വേർപിരിയുമ്പോഴും വെറുപ്പ് മനസിൽ സൂക്ഷിക്കേണ്ടതില്ലെന്ന്, ഇല്ലായ്മയിലും സ്വപ്നങ്ങളുണ്ടെങ്കിൽ സുന്ദരമായി ജീവിക്കാമെന്ന് രണ്ട് മണിക്കൂർ നിറഞ്ഞ് കാണാമെന്നതാണ് ആ സുന്ദര അനുഭവം. എമ്മയുടെ ചിരി കൂടെക്കൊണ്ടു പോരുകയും ചെയ്യാം.

ഹൈവേയിലെ ട്രാഫിക് ബ്ലോക്കിൽ പാട്ട് പാടി, നൃത്തമാടി ക്രൈസിസിനെ അട്ടിമറിക്കുന്ന സീനോടെ തുടങ്ങുന്ന ലാ ലാ, അമേരിക്കൻ ഡ്രീം സാക്ഷാത്ക്കരിക്കുന്ന സ്ഥിരം ഹോളിവുഡ് പദ്ധതിയുമായിത്തന്നെയാണ് മുന്നോട്ട് പോകുന്നത്. അതത്ര മോശം കാര്യമല്ലെന്ന് ഒന്നുകൂടി ഉറപ്പിക്കുന്നത് സിനിമയുടെ വിജയം. ഒരു പക്ഷെ സിനിമയെന്ന കലയ്ക്ക് മാത്രം നൽകാൻ കഴിയുന്ന സ്വപ്നമാണ് ഈ രണ്ട് മണിക്കൂർ ലാ ലാ. റിയലിസം പറഞ്ഞ് പറഞ്ഞ്, അരച്ചതിൽ വീണ്ടും വീണ്ടും ചവിട്ടുന്ന മലയാളി-സൃഷ്ടികൾക്ക് മേൽ ഇതൊരു അഴിച്ചുപണിയനുഭവം തന്നെ. ഒരു സിനിമ കണ്ടിട്ട് പോസിറ്റീവ് എനർജി കിട്ടുന്നത് കുറെ നാൾക്ക് ശേഷമാണേ!

Thursday, September 22, 2016

വായിച്ചത്, കേട്ടത്


1. സ്ത്രീകളെക്കുറിച്ച് രണ്ട് കാര്യങ്ങളേ ചെയ്യാൻ പറ്റൂ. ഒന്ന് അവരെ സ്നേഹിക്കാം; പിന്നെ സാഹിത്യമാക്കാം.

2. ഇക്കാലത്ത് മാതാപിതാക്കൾ കുട്ടികളെ അനുസരിക്കുന്നത് കാണാൻ എന്ത് ശേല്!

3. കല്യാണം കഴിക്കാത്ത സ്ത്രീകളെ സ്വതന്ത്രർ എന്ന് നമ്മൾ വിളിക്കും. അത്തരത്തിലുള്ള പുരുഷന്മാരെ ഉത്തരവാദിത്തമില്ലാത്തവരെന്നും.

4. പലരും പ്രായപൂർത്തിയായ അവസ്ഥ കഴിയുകയോ വാർദ്ധക്യത്തിലേക്ക് പോവുകയോ ചെയ്യുന്നില്ല. ബാല്യത്തിൽ നിന്ന് ബാല്യത്തിലേക്ക് ഒരു ചാട്ടമാണ്. ഇപ്പോഴത് കൗമാരത്തിൽ നിന്ന് കൗമാരത്തിലേക്ക് എന്നായിട്ടുണ്ട്.

5. ദൈവമേ, അങ്ങയുടെ നേർക്കുള്ള എന്റെ കൊച്ചു തമാശകളെ പൊറുക്കേണമേ. എന്റെ നേർക്കുള്ള അങ്ങയുടെ വല്യ തമാശകൾ ഞാൻ പൊറുത്തത് പോലെ.

6. ഒറ്റ വാക്കിൽ ജീവിതത്തെ നിർവചിക്കാം: പോകുന്നു.

7. അയാളൊരു ക്രൂരനാണ്. ആണോ? എന്ത് മാത്രം ക്രൂരൻ? ഭാര്യ ഗോവിന്ദച്ചാമിയുടെ കൂടെ ഒളിച്ചോടിപ്പോണമെന്ന് ആഗ്രഹിക്കുന്ന അത്രേം ക്രൂരൻ!

8. 'അക്രമികൾ നിങ്ങളുടെ വേലക്കാരനെ രണ്ട് കഷണമായി വെട്ടിയിട്ടിരിക്കുന്നു!' 'അയ്യോ! ഏത് കഷണത്തിലാണ് എന്റെ താക്കോലുള്ളത്?'

9. സ്ത്രീയായിരിക്കുക, പുരുഷനായിരിക്കുക, പട്ടിയായിരിക്കുക. ലോകത്ത് ഞാൻ ആവശ്യപ്പെടുന്ന ജന്മങ്ങൾ. കേരളത്തിലാണെങ്കിൽ ക്രമം നേരെ തിരിച്ചാവും എന്ന് മാത്രം.

Tuesday, September 20, 2016

ഓണക്കാല ചെറുകഥകൾ

 1. മധ്യവയസ് കഴിഞ്ഞവർ കഥയെഴുതുമ്പോൾ കാലത്തിന് വന്ന മാറ്റം പ്രധാന വിഷയമാണ്. എൻ പ്രഭാകരൻ പറയുമ്പോൾ അത് വിപ്ലവ പ്രസ്ഥാനത്തിന് കാലാന്തരത്തിൽ സംഭവിച്ച മാറ്റം എന്നാവും. പണ്ടത്തെ സോവിയറ്റു യൂണിയനിൽപ്പെട്ട ജോർജ്ജിയക്കാരനായ ഒരുത്തൻ കേരളത്തിൽ കൂലിപ്പണിക്കാരനായി വന്ന് സ്വർണക്കട മുതലാളിയായി മാറിയ കഥയിൽ (ശത്രുമിത്രം) മാറ്റത്തിന് നാറ്റം ഇല്ല. 'പാമ്പിന് ജീവിതം .കൊടുത്ത ദൈവം എലിക്കും ജീവിതം കൊടുത്തു' എന്ന സ്പിരിച്വൽ സമാധാനത്തിലേക്ക് കഥ ചായുന്നു. അതും 'കലിയുഗ'ത്തിലെ തമാശ തന്നെ!
2. മഹാഭാരതത്തെ നടപ്പു മീഡിയാ കാലത്ത് പ്രതിഷ്ഠിക്കുന്നത് കെപി നിർമ്മൽകുമാറിന്‍റെ ഇഷ്ടങ്ങളിലൊന്നാണ്. പുതിയ കഥയിൽ (വാദം തുടരും) 'പാഞ്ചാലിയെ ബഹുഭർതൃത്വത്തിലേക്ക് എറിഞ്ഞ കുന്തി നേരിടുന്ന ഗാർഹികപീഡന' വിചാരണയാണ്. വാദി, കൗരവ സഹോദരിയും വനിതാവകാശ വകുപ്പ് അധ്യക്ഷയുമായ ദുശ്ശള. അത് റിപ്പോർട്ട് ചെയ്യാനെത്തുന്നത് 'ഹസ്തിനപുരി പത്രിക'യിലെ കോളമെഴുത്തുകാരി കൊട്ടാരം ലേഖിക. ഇവർക്കൊപ്പം പീഡക-ആരോപിത കുന്തിയും, ഇര പാഞ്ചാലിയും വാദം പറയുന്നു. നമുക്കറിയാം കഥ പ്രോ-പാണ്ഡവമാണെന്ന്. എങ്കിലും കഥകളി ആസ്വദിക്കും പോലെ നിർമ്മൽ കുമാരസംഭവത്തിന് സാക്ഷിയാവാം.

3. ഭർത്താവും ഭാര്യയും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിലാണ് വിഎം ദേവദാസിന്‍റെ സൈബർകാലകഥ - സമയരേഖയിൽ ചിലത് - തുടങ്ങുന്നത്. സുഹൃത്തുമായി എഫ്ബി യിൽ മെസേജുന്നതാണ് അടുത്ത ഭാഗം. തുടർന്ന് 'നായകന്‍റെ' ഒരു എഫ്ബി പോസ്റ്റ്. പുസ്തകം വാങ്ങാൻ പോയതിനെക്കുറിച്ച്, പുസ്തകക്കടയ്ക്കുള്ളിലെ ഒരു ഫോട്ടോ സഹിതം. അതിന് ഒരു കമൻറുമുണ്ട്. അച്ഛനുള്ള മരുന്ന്, വേറെ ബ്രാൻഡ് തരാമെന്ന് മെഡിക്കൽ ഷോപ്പുകാരൻ പറയുമ്പോൾ ഡോക്ടറുമായി വാട്സാപ്പ് കൺസൾട്ടേഷൻ നടത്താനുള്ള ശ്രമം വിജയിക്കാഞ്ഞ് ഗൂഗിളിൽ തപ്പിയ സ്ക്രീൻഷോട്ടുമുണ്ട്. ആകെക്കൂടി ന്യൂജെൻ! പുതിയ ചിത്രകഥകൾക്കൊന്നും ഓർമ്മയെ തിരിച്ചു കൊണ്ടുവരാതെ അച്ഛനെയും മറ്റും ഫസ്റ്റ് പേഴ്‌സണിൽ വിവരിച്ചിരിക്കുന്നു. എല്ലാ ഫോമും ഉണ്ട്. ദേവദാസിന് ഒരു ലൈക്ക്.

4. 'പോയ മഴക്കാലത്തെ വെള്ളം മോക്ഷം കിട്ടാതെ കാനയിൽ കെട്ടിക്കിടക്കുന്നത് കാരണം കൊതുക് ശല്യം' എന്ന് ഇ സന്തോഷ്‌കുമാർ (ആദിമൂലം). മണ്ണിലെറിഞ്ഞ വിത്തൊക്കെ മുളപ്പിക്കുകയും പെണ്ണിലെറിഞ്ഞത് പാഴായിപ്പോവുകയും ചെയ്ത 'പാരമ്പര്യ'മുള്ള, കൈയിൽ പാറ പോലെ തഴമ്പുള്ള കൃഷിക്കാരൻ മരിച്ചു. കഥ പറയുന്ന ഊമയായ ആൾ (വേലക്കാരിയിലുണ്ടായ മകൻ; നടപ്പു കാലത്തെ ഒച്ച വയ്ക്കലുകളിൽ ആ പാവത്തിന്‍റെ പ്രതിരോധം) മരിച്ചയാളുടെ അസ്ഥിയുമായി, പരേതൻ നിർദ്ദേശിച്ച 'കാട്ടിൽ' വന്നതാണ്. ഇപ്പോൾ കാടില്ല. 'ആൾക്കൂട്ടം അടുത്തു വന്നപ്പോൾ, കൈയിൽ കിട്ടിയ മരങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും വാരിയെടുത്തു കൊണ്ട് കാട് ഒരമ്മയെപ്പോലെ പിന്തിരിഞ്ഞു പോയി.' ഊമ സ്വന്തം ശബ്ദം കേൾക്കുന്നിടത്ത് സന്തോഷ്‌കുമാർ കഥയവസാനിപ്പിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!

5. 'ഞാൻ നിർഭയേം സൗമ്യേം ഒന്നും ല്ല. കൊന്നുകളേം ഞാൻ' എന്ന് മുകുന്ദന്‍റെ ബസ് സ്റ്റോപ്പിലെ പെണ്ണ് പറയുന്നു (സന്ത്രാസം). അച്ചുമ്മാൻ മുഖ്യമന്ത്രിയാവുമെന്ന് സ്വപ്നം കണ്ടിരുന്ന കല്യാണച്ചെക്കന് (മുഖ്യമന്ത്രി മാറിപ്പോയതിലുള്ള അമ്പരപ്പ്), കെട്ടാൻ പോണ പെണ്ണിന്‍റെ അനിയത്തിയെ കല്യാണപ്പെണ്ണായി കരുതുന്ന സന്ത്രാസമായി മാറുന്നു. സന്ത്രസിക്കുന്നത് നമ്മൾ വായനക്കാര് തന്നെ. ചൊറി പിടിച്ച റോഡ്, വയർ വീർത്ത ബസ് എന്നൊക്കെ മുകുന്ദന്‍റെ കഥയിൽ. അവസാനം മ്മളെന്ത് പറയും? ദെണ്ണം പിടിച്ച കഥാന്നോ!

6. ഗോവിന്ദച്ചാമി 'രക്ഷപെട്ട' പശ്ചാത്തലത്തിൽ നിരപരാധിയായ യുവാവിനെ പോലീസ് കൊണ്ടു പോയ കഥ വായിക്കാം (സാറാ ജോസഫ്, 'മടിപ്പിച്ച'). മകന്‍റെ ജീവൻ മടിപ്പിച്ചയായി ഇരന്ന് 'കാല് വെന്ത പട്ടിയെപ്പോലെ' വർഷങ്ങളോളം ഓടിയ എഴുപതുകാരി അമ്മയ്ക്ക്, മകനെ കാണണമെന്ന ഭർത്താവിന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞത് അവരുടെ മരണത്തിലൂടെ. 'നമ്മളിലൊരാൾ മരിക്കുമ്പോൾ അവനെ കൊണ്ടുവരാതിരിക്കാൻ അവർക്കാകില്ല. ചിതയുടെ വെളിച്ചത്തിൽ നമുക്കവനെ കണ്ണു നിറയെ കാണാനും കഴിയില്ല.' നിയമത്തിനും മനുഷ്യർക്കും കണ്ണ് കാണാനാവാത്ത അവസ്ഥ!

7. ബൻജി ജംപിങ്ങ് ആദ്യമായി (?) മലയാളകഥയിൽ കൊണ്ടുവന്നിരിക്കുന്നു എൻ എസ് മാധവൻ (ബൻജി ജംപിങ്ങ്). ഡൽഹിയിൽ, ഉദ്യോഗസ്ഥയെങ്കിലും വീരസാഹസികനായ ഭർത്താവിന്‍റെ മുമ്പിൽ ലോ പ്രൊഫൈൽ ആയ, ലോവർ മിഡ്ൽ ക്ലാസ് ബാക്ക്ഗ്രൗണ്ട് ഉള്ള ഭാര്യ അയാളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതും അവളുടെ ഗുരുവിന്‍റെ പ്രേരണയാൽ ഭർത്താവൊരുമിച്ച് ഹൃഷികേശിലേക്ക് യാത്ര പോകുന്നതും, പീരിയഡ്‌സ് ആയിട്ടും അവിടെ കാലിൽ ഇലാസ്റ്റിക് കയറ് ബന്ധിച്ച് മലമുകളിൽ നിന്ന് താഴേക്ക് ചാടുന്ന വിനോദത്തിന് (ബൻജി ജംപിങ്ങ്) ധൈര്യപ്പെടുകയും ഉള്ളിലെ ഭാരം ചിദംബരം (മനസ് ഒഴിഞ്ഞ ആകാശം പോലെ) ആവുകയും സ്ത്രീശാക്തീകരണം സംഭവിക്കുകയും ചെയ്യുന്ന കഥ. വീരസാഹസികൻ ഭർത്താവ് ബൻജി ജംപിങ്ങിൽ നിന്ന് പിൻമാറുന്നതോടെ അവൾ, മുകുന്ദന്‍റെ ഓട്ടോറിക്ഷ ഓടിക്കുന്നവളെപ്പോലെ, ഡ്രൈവിങ് സീറ്റിൽ കയറി ഇരിക്കുകയും ചെയ്യുന്നുണ്ട്.

8. ചിത്രകാരനായ മകൻ; ജാരസംസർഗം നടത്തിയ അമ്മ (ഹെന്‍റെമ്മേ!); ആത്മഹത്യ ചെയ്ത അച്ഛൻ; അച്ഛന്‍റെ മരണശേഷം ജാരനെ കല്യാണം കഴിച്ച അമ്മ. ഇവർക്കിടയിലെ നാടകീയതകൾ, നാടകത്തിലെന്ന പോലെ നീട്ടുന്നു സേതു (ഇൻസ്റ്റലേഷൻ). മകനോട് യാത്ര പറഞ്ഞ് ഇടനാഴിയിലെ മങ്ങിയ വെളിച്ചത്തിൽ തല താഴ്ത്തി നടന്നു പോകുന്ന അമ്മയാണ് മകന്‍റെ ഇൻസ്റ്റലേഷൻ. അമ്മയെക്കൊണ്ട് അങ്ങനെയൊരു ഉപകാരം മകനുണ്ടായി; നമുക്കുണ്ടായില്ലെങ്കിലും!

9. ആശുപത്രിക്ക് അകത്തെ ലോകം, ഉടമസ്ഥനടക്കം, കാരുണ്യമുള്ളതാണെന്ന് ടി പദ്മനാഭന്‍റെ കഥ (ശിഖ). ആശുപത്രിക്ക് പുറത്താണ്, കുടുംബത്തിൽത്തന്നെയാണ്, അനാഥത്വം. വേദനകളെല്ലാം തലയിലെടുത്തു വയ്ക്കുന്ന ശിഖയ്ക്ക് - 'ശിഖയെന്നു വെച്ചാൽ ഉച്ചി, തല' - വീട്ടാൻ കടങ്ങൾ; പേരക്കുട്ടികളെ കാണുക എന്ന കടം ബാക്കിയായ ഞാൻ എന്ന രോഗി - ഇത്തവണ 'അയാൾ' അല്ല. കുറച്ചേ പദ്മനാഭൻ എഴുതിയിട്ടുള്ളൂ. അത്രയും നന്ന്.

10. മറ്റൊരു 'ഞാൻ' കഥ. അപ്പനെ വെറുക്കുന്ന, പിന്നീട് വട്ടം കറക്കുന്ന, മകളാണ് ഗ്രേസിയുടെ കഥയിലെ (ഗവേഷണം) ഞാൻ. ആങ്ങള അപ്പന്‍റെ പണപ്പെട്ടിയുമെടുത്ത് ഒരുപ്പോക്ക് പോയി. ശേഷം കാര്യങ്ങൾ സ്വവരുതിയിലാക്കുന്ന, അതിൽ ഗവേഷണം നടത്തുന്ന മകൾ - അപ്പനെ വട്ടം കറക്കിയത് പോലെ നമ്മളെയും കറക്കുന്നു.

11.ഭാര്യാഭർത്താക്കന്മാർക്കിടയിലെ വാൽമീകി-കാലത്തേയുള്ള പ്രശ്‍നം - സംശയം - ന്യൂജെൻ കാലത്തേക്ക് ആവാഹിക്കുന്നു പിവി ഷാജികുമാർ (സരോജിനിയുടെ കടുംകൈ). സദാചാര ഗുണ്ടായിസത്തെ എതിർത്തുള്ള ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് - താൽപര്യമുള്ള പുരുഷനുമായി കിടപ്പറ പങ്കിടുന്നതിൽ സന്തോഷം - ഭർത്താവിന്‍റെ ബോധമനസിന്‍റെ താളം തെറ്റിച്ചു. 'താൽപര്യം നിങ്ങളോട് മാത്രേ ഒള്ളൂ' എന്ന് പറഞ്ഞ് ഭാര്യ ദാമ്പത്യതാളം പുനഃസ്ഥാപിക്കുന്നതാണ് കഥാമൂർച്ഛ. എന്തോ, മൂർച്ചയിൽ മൂർച്ച ത്ത്-രി പോരെന്ന് തോന്നി ഷാജികുമാർ.

12.നീട്ടിപ്പറയാത്തത് കൊണ്ട് തീവ്രമാണ് സുരേഷ് പി തോമസിന്റെ കഥ (പര്യന്തം). ഭീകരനെന്ന് ആരോപിച്ച് കടും-തടവിലിട്ടിരിക്കുന്ന യൂസഫും (ഒഫ് കോഴ്സ്!) കാവൽക്കാരൻ ജയിലർ അയ്യപ്പനും തമ്മിലുള്ള 'ഡീൽ' അത്യന്തം സിനിമാറ്റിക്കാണ്: യൂസഫിനെ അയാൾ തുറന്നു വിടും. പകരം, പ്രതിവിധിയില്ലാ-ദീനം പിടിച്ചു കിടക്കുന്ന അയാളുടെ മകനെ ദയാവധം ചെയ്യണം. ദയ അർഹിച്ചിട്ടും മരണം വിധിക്കുന്ന നിയമവും മരണം അർഹിച്ചിട്ടും ദയയില്ലാത്ത നിയമവും തമ്മിലുള്ള ചീട്ടുകളിയാണ് നീണ്ട വരികളിലൂടെ സുരേഷ് ചുരുക്കിപ്പറയുന്നത്. ചുരുക്കലിന് നന്ദിയുണ്ട്.

13. ദാരിദ്ര്യ നിർമാർജനത്തിന്, ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്നു ലാസർ ഷൈൻ (നടന്ന സംഭവം). ബ്ലോക്കിൽ നിന്നും ലോണെടുത്ത് പശുവിനെ വാങ്ങി സ്വന്തം മകളെപ്പോലെ വളർത്തിയ ഒരു വൃദ്ധയ്ക്ക് ആഗോളവൽക്കരണകാലത്ത് ദരിദ്രയായിപ്പോയതിൽ സംഭവിച്ച സങ്കടവിധിയാണ് കഥ. വൃദ്ധയുടെ പശുവിനെ കറക്കാൻ ആളില്ല. ആ പാല്, 'വെടിപ്പില്ലാത്തതിനാൽ', ആർക്കും വേണ്ട. അതിന്മേലുള്ള പായസവും അശ്രീകരം. സ്വന്തം കാലിൽ നിൽക്കാൻ സമ്മതിക്കാത്ത സിസ്‌റ്റം വൃദ്ധയെ സമരം ചെയ്യാൻ പ്രേരിപ്പിച്ചു. ആ സമരവും... ഇന്ത്യൻ റിപ്പബ്ലിക്കിൽ നടക്കുന്ന സംഭവം!

14. കുവൈറ്റിൽ കേട്ട കഥയാണ്. ഷെയറിങ്ങ് അക്കമഡേഷനിൽ താമസിക്കുന്ന, വീട് നിറയെ കുട്ടികളുള്ള ദമ്പതികൾ നടക്കാനെന്നോ ഷോപ്പിങ്ങിനെന്നോ പറഞ്ഞ് അവരുടെ കാറിൽ പോയിരുന്ന് സ്വകാര്യനിമിഷങ്ങൾ പങ്ക് കൊള്ളും. അമേരിക്കയിൽ, ഭാര്യ ജോലിയിൽ നിന്ന് തിരിച്ചു വരുമ്പോൾ ഭർത്താവ് ജോലിക്ക് പോയിട്ടുണ്ടാവും എന്നും നമ്മൾ കേട്ടിട്ടുണ്ട്. കേരളത്തിൽ അത് തുടങ്ങി എന്ന് ഫ്രാൻസിസ് നെറോണയുടെ കഥയിൽ (കടവരാൽ). 'പിടിച്ച് നിക്കാൻ വയ്യ' എന്ന് ഭാര്യയുടെ ജോലിസ്ഥലത്ത് പോയി ഭർത്താവ് പറയുന്നു. സിക്ക് ലീവാണ് പരിഹാരം. അല്ലെങ്കിൽ മനുഷ്യൻ സിക്കാവും! അതിനിടെ പൊങ്ങുന്ന കുറെ (ദു)സൂചനകൾ കഥയുടെ ഫോക്കസ് താഴ്ത്തുമെന്ന് കരുതിയെങ്കിലും ഒടുവിൽ സെയ്ഫ് (സെക്സ്) ലാൻഡിങ്ങ്.

15. പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരന് വയറിളകാൻ മുട്ടിയപ്പോൾ ഓടിക്കയറിയത്, പണ്ട് പ്രേമിച്ച, ഈഴവത്തി ആയതിനാൽ കല്യാണഭാഗ്യം നിരസിക്കപ്പെട്ടു പോയ, ലീലാമ്മയുടെ പറമ്പിൽ. വിധവയായ ലീലാമ്മയാണെങ്കിൽ, കഥകളിൽ മാത്രം സംഭവിക്കും പോലെ, തത്സമയം ജനൽ അടയ്ക്കാതെ നൂൽബന്ധമില്ലാതെ നിൽക്കായിരുന്നു. പണ്ടത്തെ കഥകളിലേത് പോലെ ദുർബല നിമിഷങ്ങൾ ഉണ്ടായില്ല. പകരം ഈ പുതിയ രാഷ്ട്രീയ കോമഡിക്കഥയിൽ (യമ എഴുതിയ ഒരു വായനശാലാ വിപ്ളവം) ഒരു കൂറുമാറൽ നടക്കുന്നു. ലീലാമ്മ അഭയം പ്രാപിച്ചിരുന്ന ലൈബ്രറി കെട്ടിടം ഷോപ്പിങ്ങ് മോളായി വേഷം മാറിയപ്പോൾ അതിൽ വായനശാല വരണം എന്ന് സമരിച്ച ലീലാമ്മയോട് പ്രസിഡണ്ടും കക്ഷി ചേരുന്നു (അല്ലെങ്കിൽ പുരുഷജട്ടി കോടതിയിൽ തെളിവാകും!). വിപ്ളവം ജയിക്കട്ടെ! പുതിയ കഥയും!

16. 'ചെറുതായിരുന്നപ്പോൾ അവർ എനിക്ക് ചായപ്പെൻസിലുകൾ തന്നു; വൈകാതെ അത് തിരിച്ചു വാങ്ങി ഇൻസ്ട്രമെന്റ് ബോക്സ് തന്നു' എന്ന് കേട്ടിട്ടുള്ളത് ഓർത്തു പിജെജെ ആന്റണിയുടെ കഥ വായിച്ചപ്പോൾ (സ്വപ്നപ്രകാരം). എൽകെജിയിൽ ക്‌ളാസ്‌മേറ്റ്സ് ആയിരുന്ന മൂവർ - ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും - വളരാതിരിക്കാൻ തീരുമാനിക്കുകയും എന്നാൽ ശരീരം 'അറി' വച്ചപ്പോൾ അതിലൊരാൾ വിലക്കപ്പെട്ട കനി പിടിച്ചു പറിക്കുകയും അവരിലെ അദ്വൈതം പിളരുകയും ചെയ്തു. ഊക്ക് - ഫോഴ്സ് എന്ന അർത്ഥത്തിൽ - സ്വപ്നമായതിനാൽ പിളർപ്പ് താൽക്കാലികമായിരുന്നു എന്ന് ആന്റണിയിലെ ശുഭൻ -ശുഭാപ്‌തിവിശ്വസക്കാരൻ എന്നർത്ഥത്തിൽ.

17. കരുണാകരന്‍റെ കഥയിൽ കഥാപാത്രങ്ങൾ കരയും. നിസഹായത-നിരർത്ഥകതകൾക്കിടയിൽ ആ പാവങ്ങൾ, പ്രത്യേകിച്ചും സ്ത്രീകൾ, കാക്കകളെപ്പോലെ കരയും. സങ്കടത്തിന്‍റെ അത്രയും തന്നെ ദുരൂഹതയും കഥാകാരൻ കരുതി വച്ചിട്ടുണ്ടാവും. കഥ പറയുന്ന 'ഞാൻ' പലതും ഓർക്കും; ഓർത്തതും ഓർക്കും. കഥാപാത്രങ്ങളെപ്പോലെ കഥയുടെ പലയിടങ്ങളും ബന്ധപ്പെടും. 'എല്ലാ ആണുങ്ങളും അവരുടെ അൻപത്തിയൊന്നാം വയസിൽ മരിക്കുന്നു' എന്ന കഥയിൽ വിധിയുടെ കളിവേഷങ്ങൾ ആടിത്തീർക്കുന്നു ഞാനും, അച്ഛനും, അമ്മയും, മേരിയും, പുരോഹിതനും. പക്ഷെ, ശീർഷകം പോലെ അത്രയും സങ്കട-ദുരൂഹമല്ല കഥ.

18. ആദ്യത്തെ കുട്ടിയുണ്ടായപ്പോൾ പേനരിക്കാതെയും ഉറുമ്പരിക്കാതെയും ഒക്കത്തൂന്നിറക്കാതെ നോക്കിയ അമ്മ രണ്ടാമത്തേതായപ്പോൾ അമ്മമ്മയെ കൊണ്ടുവന്നു. മൂന്നാമത്തേന് മെയ്ഡിനെ വച്ചു. ജോലിസ്ഥലത്ത് നിന്ന് ഓരോ മണിക്കൂറിലും മെയ്ഡിനെ ഫോണിൽ വിളിച്ച് മക്കടെ കാര്യോന്വേഷിക്കും. കുറെ കഴിഞ്ഞപ്പോ, അമ്മ വിളിക്കാതായപ്പോ മെയ്ഡ് അങ്ങോട്ട് വിളിച്ചു. കുട്ട്യോള് കലപില കൂട്ടാണ്, മൂത്തോൻ എളേതിനെ തോണ്ടി. അമ്മ പറഞ്ഞു: 'ഇനി ചോര കണ്ടാ വിളിച്ചാ മതി!' -എന്നൊരു തമാശയുണ്ട്. അതോർമ്മിപ്പിച്ചു യു നന്ദകുമാറിന്‍റെ കഥ (ദമയന്തി കഥകൾ). പണ്ട് കരി പുരണ്ട മുഖത്തോടെ കാമുകന്‍റെ കൂടെ ശയിച്ചിരുന്നവൾ ഇന്ന് ജാരനെ ടെക്സ്ററ് മെസേജ് അയച്ച് വരുത്തി ലിബറേഷൻ അറിയുന്നു പോലും. നാളെ എങ്ങനെയാവുമെന്ന് കഥകാരന്‍റെ ശോഷിച്ച ഭാവന പറയുന്നില്ല. മീര സ്ത്രീകാമശാസ്ത്രമെഴുതാൻ ഇനിയും വർഷങ്ങളെടുക്കും എന്നൊരു വരിയുണ്ട് കഥയിൽ. കെ ആർ ഇന്ദിരയെയാവും ഉദ്ദേശിച്ചിരിക്കുക.

19. പെർവെർട്ടഡ് ഭർത്താവ് അസീസ് പാഷ, കുഞ്ഞ് മരിച്ചതിൽ പ്രത്യേക വിഷമമൊന്നുമില്ലാത്ത ഭാര്യ മെഹറുന്നീസ, സിഗരറ്റു വലിക്കുന്ന അവളുടെ, സിഗരറ്റു വലിക്കുന്ന പെൺസുഹൃത്ത് സിംഗിളായ ഷേഫാലി, അവർ ദത്തെടുക്കുന്ന പാതയോര പൂമരം, അത് മുറിക്കാനുള്ള അസൂയ-സമൂഹത്തിന്‍റെ പദ്ധതി, ആ പദ്ധതിക്ക് നേരെ പത്തി വിടർത്തിയ പാമ്പ് (ഹായ്!) ബാഹ്യകേളികളാൽ സാന്ദ്രമാണ് സിവി ബാലകൃഷ്ണന്‍റെ നോവലെറ്റ് (രതിസാന്ദ്രത). ആകർഷകമാണ് ആ കഥാവസ്‌ത്രമുരിയൽ. പക്ഷെ അത് മൂർച്ഛയിലെത്തിക്കാത്ത കോയ്റ്റസ് ഇന്ററപ്റ്റസ് ആയിപ്പോയി. സങ്കടമുണ്ട് ബാലകൃഷ്ണാ!

20. 1959 -ൽ 13 വയസ് തികഞ്ഞത് 'ഒറ്റയ്ക്ക് നേരിട്ട' ഒരു ബാലന്‍റെ സാഹസിക അരുതുകളും അതിരുകളുമാണ് സക്കറിയയുടെ പുതിയ നോവലാരംഭത്തിൽ. സ്‌കൂൾ ധ്യാനം 'കട്ട്' ചെയ്ത് ചുരുളൻ കയത്തിൽ നീന്താൻ പോകുന്നത്, പാരീസ്-ചോക്കലേറ്റു ജാമ്യത്തിൽ മേരിക്കുട്ടിയുടെ സൂത്രത്തിൽ തൊടുന്നത് ഒക്കെ സീരിയസ് മലയാളീസ് 'ഭർൽസിക്കാൻ' പോന്ന വിധം എഴുതി ധാരാളിച്ചിരിക്കുന്നു പേര് പറയാത്ത നോവലിൽ സക്കറിയ. പാപചിന്തകളും പരിഹാരമാർഗങ്ങളിലെ പൊള്ളത്തരവും - ദൈവമേ, 'ക്യാച്ചർ ഇൻ ദ റൈ'യിലെ ഹോൾഡൻ കോൾഫീൽഡിനെ ഓർത്തു പോയി.

Sunday, September 11, 2016

'ഇന്ത്യ ഇരുളും വെളിച്ചവും', പി ഹരീന്ദ്രനാഥ്

'ഇന്ത്യ ഇരുളും വെളിച്ചവും', പി ഹരീന്ദ്രനാഥ്, എം സി അപ്പുണ്ണിനമ്പ്യാർ ട്രസ്റ്റ് പ്രസാധനം, 504 പേജ്, 700 രൂപ, 1498 മുതൽ 1948 വരെയുള്ള ഇന്ത്യാചരിത്രം.
 പുസ്തകത്തിൽ നിന്ന്:
 1. ഇന്ത്യയിൽ ആദ്യമെത്തിയ യൂറോപ്യൻ, വാസ്കോ ഡ ഗാമയല്ല. ജോൺ പെരസ് ഡ കൊവിൽഹോ ആണ്. രാജാവിനാൽ അയക്കപ്പെട്ട അയാൾ കണ്ണൂരും കോഴിക്കോടും സന്ദർശിച്ചു 1488 -ൽ; ഗാമ കാലുകുത്തുന്നുന്നതിനും പത്ത് വർഷം മുൻപ്.

 2. ഗാമ ആദ്യം കപ്പലിറങ്ങിയത് കാപ്പാട് അല്ല, കൊയിലാണ്ടിയിലാണ്. അവിടെ നിന്നും കരവഴിയാണ് കാപ്പാട് വരുന്നത്.

 3. കുഞ്ഞാലിമരയ്ക്കാർമാർ നടത്തിയ പ്രതിരോധമില്ലായിരുന്നെങ്കിൽ പോർച്ചുഗീസുകാർ ഗോവ മുതൽ കന്യാകുമാരി വരെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തേനേ. സാമ്രാജ്യത്വത്തിനെതിരായ ആദ്യ സമരം (1501 -ൽ) അതാണ്.

 4. തിരുവിതാംകൂർ സൈന്യത്തിൽ ചേർന്ന ഡച്ച് പട്ടാളക്കാരൻ ജോൺ ഡിലനോയ്, 'ഓലക്കാൽ, ശീലക്കാൽ ' എന്നു പറഞ്ഞാണ് തിരുവിതാംകൂർ ഭടന്മാരെ ലെഫ്റ്റ് റൈറ്റ് പഠിപ്പിച്ചത്.

 5. രാജാവായതിന് ശേഷം കിട്ടിയ ബഹുമതിപ്പേരല്ല ടിപ്പുവിന് സുൽത്താൻ. ജനിച്ചപ്പഴേ ടിപ്പു സുൽത്താൻ എന്നായിരുന്നു ഹൈദരലി പേരിട്ടത്. ഇഗ്ളീഷുകാർക്കെതിരായ യുദ്ധത്തിൽ ഹൈദരാബാദ് നിസാമും മാറാത്തകളും ടിപ്പുവിന് പിന്തുണ നൽകിയിരുന്നെങ്കിൽ ഇന്ത്യാചരിത്രം മറ്റൊന്നാവുമായിരുന്നു!

 6. ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ ഡൽഹൌസി പ്രഭു നടപ്പിലാക്കിയ ലയന നിയമം (1848) അനുസരിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആശ്രിതരായ നാട്ടുരാജാക്കന്മാർക്ക് പിന്തുടർച്ചാവകാശി ഇല്ലെങ്കിൽ ആ രാജ്യങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ ലയിക്കും.

 7. താന്തിയാ തോപ്പെ (പ്രിയപ്പെട്ടവൻ, തൊപ്പി) സുഹൃത്തിനാൽ ഒറ്റുകൊടുക്കപ്പെട്ട്, കഴുമരത്തിലേക്ക് നീങ്ങവേ കൈകാലുകൾ ബന്ധിക്കാനൊരുങ്ങിയ ആരാച്ചാരോട് 'ഈ ചടങ്ങുകൾ അനാവശ്യമാണ്' എന്ന് പറഞ്ഞ് കുരുക്ക് സ്വയം കഴുത്തിലിട്ട് മരിച്ചു.

 8. ഈശ്വർ ചന്ദ്ര ബന്ദോപാധ്യായ വിദ്യാസാഗർ മൂന്ന് ദിവസം കൊണ്ട് 52 മൈൽ ദൂരെ കൊൽക്കത്തയിലേക്ക് കാൽനടയായി പോകുന്നതിനിടെ വഴിവക്കിലെ മൈൽക്കുറ്റികളിൽ നിന്ന് ഇംഗ്ളീഷ് അക്കങ്ങൾ പഠിച്ചു.

 9. ക്രിസ്തുമത പ്രചാരകനായി 1924-ൽ ഇന്ത്യയിലെത്തിയ വേറിയർ എൽവിൻ, ഗാന്ധിയിൽ (ഗാന്ധി എന്ന വാക്കിനർത്ഥം പലചരക്ക് വ്യാപാരി) ക്രിസ്തുവിനെ കണ്ട് നർമദാ മേഖലയിലെ ഗോണ്ട ഗോത്രവർഗ്ഗക്കാരുടെ കൂടെ താമസിക്കുകയും അതിലെ ഒരു ഗോത്ര യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.

 10. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ചെലവേറിയതായിരുന്നു. വൈസ്രോയിയുടെ ശമ്പളം: 20,000 രൂപ; സംസ്ഥാന ഗവർണർ: 10,000. പ്രതിവർഷം കടത്തിയത്: 34 ലക്ഷം രൂപ.

 11. ദാദാഭായ് നവറോജി, ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ ഗുജറാത്തി പ്രഫസർ, ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യാക്കാരൻ (1892). 

12. ഒന്നാംലോകമഹായുദ്ധകാലത്ത് എല്ലാ രാജ്യങ്ങൾക്കും ആയുധം നൽകി അമേരിക്കൻ കമ്പനികൾ ലാഭമുണ്ടാക്കി. യുദ്ധാനന്തരം ലോകത്തെ സ്വർണശേഖരത്തിന്റെ പകുതിയും അമേരിക്കയുടെ പക്കൽ.

 13. ഇന്ത്യാക്കാരെല്ലാം മാംസം കഴിച്ചാൽ ബ്രിട്ടീഷുകാരെ പുറത്താക്കാമെന്ന് സഹപാഠിയിലൂടെ കേട്ട ഗാന്ധി, മാംസഭക്ഷണം തുടങ്ങിയെങ്കിലും മനഃസാക്ഷിക്കുത്ത് അത് തുടരാൻ അനുവദിച്ചില്ല.

 14. ക്രൈസ്തവ ദർശനങ്ങളും വൈഷ്ണവാചാരങ്ങളും സംയോജിപ്പിച്ച് ബിർസായിത് എന്ന പേരിൽ പുതിയൊരു ഗോത്രമതം സൃഷ്ടിച്ചു, ബിർസ മുണ്ഡ എന്ന റാഞ്ചിക്കാരൻ . 1893 കാലത്ത് ബ്രിട്ടീഷുകാരുടെ ഗോത്രവർഗചൂഷണങ്ങൾക്കെതിരെ മുണ്ഡാരാജ്-പ്രക്ഷോഭം നടത്തി. (മഹാശ്വേതാദേവി ഇത് നോവലാക്കിയിട്ടുണ്ട്.)

 15. 1940-കളിൽ ലോകത്തെ ഏറ്റവും സമ്പന്നനായിരുന്ന ഹൈദരാബാദ് നൈസാം ലോക പിശുക്കനുമായിരുന്നു. അതിഥികൾ ഉപേക്ഷിച്ച സിഗരറ്റ് കുറ്റികൾ എടുത്ത് അദ്ദേഹം പുക വലിച്ചിരുന്നു. നൈസാമിന്റെ മനോരോഗിയായ പത്നി നഗരം ചുറ്റി ഷോപ്പിങ്ങ് നടത്തിയിട്ട് പണം കൊടുക്കാതെ പോകും. കൊട്ടാരത്തിൽ നിന്നും ബിൽ അടയ്ക്കൽ നിർത്തിയതറിയാതെ ഷോപ്പിങ്ങിന് ഇറങ്ങുന്ന അവർ കടകൾ അടച്ചിട്ടിരിക്കുന്നത് കണ്ട് പറയുമായിരുന്നു: ഇന്ന് അവധിദിവസമാണ്! (കൈക്കൂലി വാങ്ങുന്ന പോലീസുകാർ വിവരം കൊടുക്കുന്നതിനനുസരിച്ചാണ് കടകൾ അടയുക.)

Blog Archive