Search This Blog

Monday, August 4, 2008

മുറുക്കാൻ‌കടക്കാരൻ പ്രാഞ്ചിക്ക് പറ്റിയത്

മുറുക്കാൻ‌കട പ്രാഞ്ചിയെ പോലിസ് പിടിച്ചു. ബിവറേജസിന് തൊട്ടടുത്ത കെട്ടിടം സോഡ-സർബ്ബത്ത്-ലൊട്ടുലൊഡുക്കിനായി വാടകക്കെടുക്കുമ്പോൾ പാവം പ്രാഞ്ചി വിചാരിച്ചിരിക്കില്ല കുടിയൻ‌മാർക്ക് സഹായം കൊടുത്തത് കച്ചവടത്തെ ഓഫാക്കുമെന്ന്. ബിവറേജസിൽ നിന്നും വാങ്ങി ക്ഷമയില്ലാത്ത കുടിയൻ‌മാർ പ്രാഞ്ചിയുടെ കടയിൽ എത്തിയ ഒരു സായന്തനത്തിലാണു പ്രാഞ്ചിപർവ്വം തുടങ്ങുന്നത്. സോഡ, നാരങ്ങ, കടല, ആപ്പിൾ അങ്ങനെ അവന്മാർ ഓരോന്ന് വാങ്ങി പ്രാഞ്ചിയുടെ മനം കുളിർപ്പിച്ചു. ലവൻ‌മാർക്ക് തല പെരുക്കാൻ ഒരിടമേ വേണ്ടിയിരുന്നുള്ളൂ. പ്രാഞ്ചിയുടെ കടയുടെ സൈഡ് ബഞ്ച് അവ‌മാരുടെ സ്ഥിരം തട്ടകമായി. ബഞ്ചിനരികെ മേശയിട്ട് പ്രാഞ്ചി തട്ടുകടയും തുടങ്ങി. കപ്പയും പോട്ടിയും ആം‌പ്ലെയിറ്റും ചൂടോടെ വിളമ്പി. കച്ചവടം കൊഴുത്തതോടെ മോർ കുടിയൻ‌മാർ പ്രാഞ്ചിക്കടയിലേക്ക് പ്രവഹിച്ചു. അടുത്ത മാസം ഒന്നാം തീയതി പ്രാഞ്ചിയുടെ മൾട്ടി-പർപ്പസ് കടയിൽ കുടിയൻ‌മാർ പട്ടിണി കിടന്നില്ല. പ്രാഞ്ചിപ്രസിദ്ധി നാടെങ്ങും പൂത്തു. അസൂയ മൂത്താൽ ഒറ്റ് പൂത്ത് കായ്ക്കും. അങ്ങനെ മറ്റൊരു സായന്തനത്തിൽ സ്ഥലം എസ്. ഐ. പ്രാഞ്ചിക്കടയിൽ പ്രത്യക്ഷപ്പെടുന്നു. ഇതികർത്തവ്യ..അങ്ങനെയെന്തോ പറയില്ലേ? അതായി പ്രാഞ്ചി. ആ യുവ എന്റർപ്രോണറിനെ തൂക്കിയെടുത്തിട്ട ജീപ്പ് പൂസായ കുതിരയെപ്പോലെ പാഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. പ്രാഞ്ചിക്കട ബലികുടീരം പോലായി. ലവന്മാർ ഇപ്പോൾ മറ്റൊരു പ്രാഞ്ചിയെ അന്വേഷിക്കുകയാണു. പ്രാഞ്ചിമാർ ജനിക്കുന്നതങ്ങനെയാണു.

2 comments:

Rajeesh said...

ചെറിയാനെ, അക്ഷരങ്ങള്‍ ശരിക്ക് വന്നില്ലല്ലോ? യൂണികോഡ് ഇല്‍ എന്തോ പ്രശ്നം ഉള്ളതുപോലെ..

സുനില്‍ കെ. ചെറിയാന്‍ said...

പ്രാഞ്ചിയെ ടൈപ് ചെയ്ത കം‌പ്യൂട്ടറിൽ ഒന്നൂടെ പോയി നോക്കി. കുഴപ്പമൊന്നും കാണുന്നില്ലല്ലോ

Blog Archive