Search This Blog

Saturday, September 13, 2008

മാവേലി ടി-ഷേര്‍ട്ടില്‍

ഇത്ര ഇക്കണോമിസ്റ്റുകളായിട്ടും മാവേലിയെ നമ്മള്‍ വേണ്ടത്ര മാര്‍ക്കറ്റ്‌ ചെയ്തിട്ടില്ല. കോമഡി കസറ്റുകളും മിമിക്രിക്കാരുടേയും കാര്ട്ടൂണിസ്റ്റുകളുടേയും ഹാസ്യവധങ്ങളും കഴിഞ്ഞാല്‍ മാവേലി തീര്‍ന്നു! ചവിട്ടിത്താഴ്ത്താനുള്ള ഒരു ഇര മാവേലിയില്‍ ആക്ഷേപിക്കുകയാണ്‌ നമ്മിലെ വാമനന്മാര്. സ്പൈഡര്‍മാനോ ബാര്‍ബിയോ പോലെ മാര്‍ക്കറ്റ്‌ നിറഞ്ഞ്‌ കവിയേണ്ട ഒരു കഥാപാത്രമാണ്‌ മാവേലി. മാവേലിയുടെ പടമുള്ള ടി-ഷേര്‍ടും ധരിച്ച്‌ നടക്കാന്‍ കുടവയറന്മാര്ക്ക്‌ പോലും പക്ഷേ ധൈര്യമുണ്ടാകുമോ?

ഓണപ്പൂക്കളമിടാനോ, സദ്യയുണ്ടാക്കുവാനോ, കൈകൊട്ടിക്കളിക്കാനോ സ്ത്രീകളടക്കം ആരേയും ഇന്ന്‌ കിട്ടില്ല. പൂക്കളത്തിന്‍റെ റെഡിമെയ്ഡ്‌ സെറ്റ്‌ വാങ്ങാം. ഓണക്കോടിയായി മഞ്ഞയോ നീലയോ നിറത്തിലുള്ള ചൈനീസ്‌ നിര്‍മ്മിത അമേരിക്കന്‍ ജീന്‍സ്‌ ധരിച്ച്‌ സിനിമാറ്റിക്‌ ഡാന്‍സ്‌ തുള്ളാം (കൈ രണ്ടും ഈങ്ക്വിലാബ്‌ സ്റ്റൈലില്‍ മേലോട്ടുയര്‍ത്തി, ചൂണ്ടാണി വിരലുകള്‍ കൊണ്ട്‌ വെടി വക്കും പോലെ ചുഴറ്റി..). ഓണത്തല്ലിനുള്ള കായികശേഷി ഇപ്പോള്‍ നമുക്കില്ല. വാക്കുകള്‍ കൊണ്ട്‌ തല്ലുന്നതാണ്‌ കൂടുതല്‍ സൌകര്യം. അതുകൊണ്ടാണ്‌ മാറാരോഗങ്ങള്‍ പോലെ കൂടെക്കൂടെ വിവാദമുണ്ടാകുന്നത്‌. ഓണത്തല്ല്‌ ഗുണ്ടകള്‍ക്ക്‌ ക്വട്ടേഷന്‍ കൊടുത്ത്‌ തല്ലിക്കാമെന്നു പറഞ്ഞാലും രക്ഷയില്ല. വേള്‍ഡ്‌ റെസ്'ലിങ്ങ്‌ ഫെഡറേഷന്‍ ഒന്നു വീതം മൂന്നു നേരം ടിവിയില്‍ കാണുന്നവരോടാ കളി?

ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന്‌ ഉദയംപേരൂര്‍ സൂനഹദോസ്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ചെയ്യരുത്‌ എന്ന്‌ പറയുന്നതൊക്കെ ചെയ്യുക എന്നത്‌ നമ്മുടെ ഒരു രീതിയായതിനാലും ഓണത്തിന്‌ സെക്കുലര്‍ പരിവേഷം കൈവന്നതിനാലും ബിവറേജസ്‌ ഷാപ്പിന്‌ മുമ്പിലെ ക്യൂവിലെ അച്ചടക്കം പോലെ സാഹോദര്യം പൂവിട്ട്‌ നില്‍ക്കുന്ന പ്രസാദമാണ്‌ ഓണം പോലുള്ള ആഘോഷങ്ങള്‍ക്കുള്ളത്‌. നമുക്ക്‌ ഒരു നൊസ്റ്റാള്‍ജിയ കൂടിയേ തീരൂ എന്ന ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണവുമാണ്‌ ഓണം.

ജോലിയില്ലേലും ലീവുണ്ടല്ലോ എന്ന്‌ പറയുന്നത്‌ പോലെ കൊയ്ത്തും വിളവെടുപ്പൊന്നുമില്ലേലും ആഘോഷമുണ്ടെന്നത്‌ നമ്മുടെ ഭാഗ്യമാണ്‌. ലോകബാങ്കില്‍ നിന്ന്‌ ലോണെടുത്തും ഓണം ഉണ്ണണം എന്നതാവാം പുതിയ കാലത്തെ ചൊല്ല്‌.
http://www.pravasam.com/septemberl%202008-rating-sunil.htm

5 comments:

നരിക്കുന്നൻ said...

മാവേലി ടീ-ഷർട്ടിലും വരുന്ന കാലം വിദൂരത്താവില്ല. പ്രതീക്ഷിക്കാം.

ജിജ സുബ്രഹ്മണ്യൻ said...

എനിക്കും അതു തന്നെയാ തോന്ന്നുന്നത്..മാവേലി ടീ ഷര്‍ട്ടിലും ബര്‍മുഡയിലും ഒക്കെ വരുന്ന കാലം വിദൂരത്തല്ല..

ഷാനവാസ്‌ ഇലിപ്പക്കുളം said...

This is really a good idea! will try next time! Happy Onam to you Sunil:)
Sorry for English.

siva // ശിവ said...

എന്നിട്ട് വേണം എനിക്ക് അതുപോലെ ഒരു ടി-ഷര്‍ട്ട് വാങ്ങാന്‍...

സുനില്‍ കെ. ചെറിയാന്‍ said...

ചർച്ച പൊടി പിടിച്ചു, അല്ല പൊടി പൊടിച്ചു. സന്തോഷം നരിക്കുന്നൻ, കാന്താരിക്കുട്ടി, ഇലിപ്പക്കുളം, ശിവ, കീഴാറ്റൂർ..

Blog Archive

714,858