Search This Blog

Sunday, January 1, 2012

ആയിരത്തൊന്ന് രാവുകളില്‍ നിന്ന്

1. യമനില്‍ ഹസന്‍ എന്നൊരാള്‍ വിവാഹരാത്രി വലിയ സദ്യയൊക്കെ ഉണ്ട് എല്ലാവരുടെയും മുന്നില്‍ വച്ച് കീഴ്‌ശ്വാസം വിടേണ്ടി വന്നതിനാല്‍ ആദ്യം കണ്ട കപ്പല്‍ കയറി നാട് വിട്ട് ഇന്ത്യയില്‍, മലബാറില്‍ എത്തിച്ചേര്‍ന്നു. ഏതാണ്ട് പത്ത് വര്‍ഷം രാജാവിന്‍റെ അംഗരക്ഷകനായിക്കഴിഞ്ഞ ഹസന്‍ കീഴ്‌ശ്വാസത്തിന്‍റെ കഥയൊക്കെ നാട്ടുകാര്‍ മറന്നിട്ടുണ്ടാവുമെന്ന് കരുതി ഒരു നാള്‍ യമനിലേക്ക് തിരിച്ചു. വേഷപ്രച്ഛന്നനായി സ്വഗ്രാമത്തിലൂടെ നടന്ന ഹസന്‍ ഒരു വീട്ടുവരാന്തയില്‍ ഒരു പെണ്‍കുട്ടിയുടെ തലയില്‍ പേന്‍ നോക്കുന്ന ഒരു സ്‌ത്രീയും പെണ്‍കുട്ടിയുമായുള്ള സംസാരം ഒളിച്ചു നിന്ന് കേട്ടു: ഞാനെന്നാണ് ജനിച്ചതെന്ന് അമ്മൂമ്മക്കോര്‍മ്മയുണ്ടോ? ഉണ്ട്, ഹസന്‍ കീഴ്‌ശ്വാസം വിട്ട അന്ന് രാത്രിയാണ് നീ ജനിച്ചത്. തന്‍റെ അധോവായു ചരിത്രപ്രസിദ്ധമായത് കേട്ട് ഹസന്‍ തിരികെ മലബാറിലേക്ക് ഓടി.

2. ഖലീഫ ഹരൂണ്‍ അല്‍ റഷീദ് ഭാര്യ സുബൈദ തടാകത്തില്‍ കുളിക്കുന്നത് ഒരിക്കല്‍ ഒളിഞ്ഞു നോക്കി, ഒരു മരച്ചില്ലയില്‍ പിടിച്ചതും മരച്ചില്ല ഒടിഞ്ഞു പോയി. ശബ്‌ദം കേട്ട സുബൈദ മാറിടം കൈകള്‍ കൊണ്ട് പറ്റാവുന്നയത്രയും മറച്ചു. പ്രചോദനവശായ ഖലീഫ കൊട്ടാരത്തില്‍ ചെന്ന് 'ജലധാരയില്‍ രണ്ട് പൂര്‍ണ്ണചന്ദ്രന്‍മാര്‍ വിടര്‍ന്നു' എന്ന് ഒരു വരി കുറിച്ച് പൂരിപ്പിക്കാന്‍ കൊട്ടാരം കവിയെ വിളിച്ചു. രാജ്ഞിയുടെ കുളിസീന്‍ ഒളിഞ്ഞു നോക്കിയിരുന്ന കവി, 'കൈകളാകുന്ന മേഘപാളികളാല്‍ ചന്ദ്രനെ മറക്കുന്നതെങ്ങനെ!' എന്നെഴുതി പാരിതോഷികം വാങ്ങി.

3. രാജ്ഞിയുടെ അന്തപ്പുരത്തില്‍ പോയ രാജാവ് മെത്തയില്‍ കറ പുരണ്ടിരിക്കുന്നത് കണ്ട് സംശയാലുവായി, കൊട്ടാരം ന്യായാധിപനെ വിളിപ്പിച്ചു. രാജ്ഞി ഉറങ്ങിക്കിടക്കുന്നത് കണ്ട മച്ചിലെ വവ്വാലിന് സ്‌ഖലനമുണ്ടായതാണെന്ന് തീര്‍പ്പുണ്ടായി.

4. കഴുതയെ വില്‍ക്കാന്‍ പോയ ഒരാളിന്‍റെ പിന്നാലെ ചെന്ന കള്ളന്‍ കഴുതയുടെ കയര്‍ അഴിച്ചെടുത്ത് സ്വന്തം കഴുത്തിലിട്ട്, കഴുതയെ കൂട്ടുകാരനെ ഏല്‍പ്പിച്ച് പിന്നാലെ നടക്കാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് കഴുതയുടെ സ്ഥാനത്ത് മനുഷ്യനെ കണ്ട കഴുതക്കാരനോട് താന്‍ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനായിരുന്നെന്നും കുസൃതികള്‍ കൊണ്ട് അമ്മ ശപിച്ചപ്പോള്‍ കഴുതയായതാണെന്നും അങ്ങയുടെ സ്‌നേഹസാമീപ്യത്താല്‍ മനുഷ്യരൂപം വീണ്ടുകിട്ടിയെന്നും പറഞ്ഞു. കഴുതക്കാരന്‍ അത് വിശ്വസിച്ച് കള്ളനെ പറഞ്ഞയച്ചു. കുറച്ചു നാള്‍ കഴിഞ്ഞ് ഒരു കഴുതയെ വാങ്ങാന്‍ ചന്തയില്‍ പോയ കഴുതക്കാരന്‍ തന്‍റെ പഴയ കഴുതയെ അവിടെക്കണ്ടു. 'താന്‍ വീണ്ടും കുസൃതി ഒപ്പിച്ചല്ലേ' എന്ന് ആ ശുദ്ധാത്മാവ്.

5. നിരക്ഷരനായ ഒരാള്‍ കാശുണ്ടാക്കാനായി അധ്യാപകവൃത്തി ചെയ്ത് പോന്നു. ഒരിക്കല്‍ ഒരു സ്‌ത്രീ, ഭര്‍ത്താവയച്ച കത്ത് വായിപ്പിച്ച് കേള്‍ക്കുവാന്‍ അധ്യാപഹയന്‍റെ അടുത്ത് ചെന്നതും അയാള്‍ കത്ത് തല കീഴായി പിടിച്ച് മിണ്ടാതെ കണ്ട്, 'അയ്യോ എന്‍റെ ഭര്‍ത്താവ് മരിച്ചു പോയോ' എന്ന് വിതുമ്പിയതും അയാള്‍ അതെ എന്ന് തലയാട്ടി. അലമുറയിട്ട സ്‌ത്രീയുടെ ചുറ്റും ആള് കൂടി. അതില്‍ അക്ഷരമറിയാവുന്നൊരാള്‍ 'നിനക്കുള്ള പട്ടുതുണിയുമായി ഞാന്‍ വരുന്നുണ്ട്' എന്നാണെഴുതിയിരിക്കുന്നതെന്ന് വായിച്ചു. ഉടനെ അധ്യാപഹയന്‍ പറഞ്ഞു: ഭര്‍ത്താവിന്‍റെ മൃതശരീരം പട്ടുതുണിയില്‍ പൊതിഞ്ഞ് ഉടനെ വരുമെന്ന് തിടുക്കത്തില്‍ വായിച്ചു പോയി.

6. മല്‍സ്യത്തിന്‍റെ (രാജാവിന്‍റെയും) വിശേഷണങ്ങള്‍ കേട്ട് നാലായിരം ദിര്‍ഹം കൊടുത്ത് മല്‍സ്യം വാങ്ങിയ രാജാവിനോട് അത്രയും വലിയ തുക കൊടുത്തത് മണ്ടത്തരമായെന്ന് രാജ്ഞി പറഞ്ഞപ്പോള്‍ കൊടുത്തത് തിരിച്ചെടുക്കാനാവില്ലെന്ന് രാജാവ്. വഴിയുണ്ട്, മുക്കുവനെ വിളിച്ച് മീന്‍ ആണോ പെണ്ണോ എന്ന് ചോദിക്കുക. ആണാണെന്ന് പറയുകയെങ്കില്‍ പെണ്ണിനെയായിരുന്നു വേണ്ടിയിരുന്നത് എന്നും തിരിച്ചും പറയുക. ആജ്ഞപ്പുറത്ത് വന്ന മുക്കുവന്‍ 'ആണിന്‍റെയും പെണ്ണിന്‍റെയും ഗുണങ്ങള്‍ ചേര്‍ന്ന മീനാ'ണെന്ന് പറഞ്ഞതും കൊടുത്തു നാലായിരം രാജാവ്. സഞ്ചി തുളുമ്പി ഒരു നാണയം പുറത്ത് പോയപ്പോള്‍ മുക്കുവന്‍ അതെടുത്ത് സഞ്ചിയിലിട്ടു. ഉടനെ രാജ്ഞി, 'കണ്ടില്ലേ അവന്‍റെ ആര്‍ത്തി. എണ്ണായിരം തിരികെ വാങ്ങി അവനെ ശിക്ഷിക്കുക'. മുക്കുവന്‍ ഉണര്‍ത്തിച്ചു: അങ്ങയുടെ ചിത്രം ആലേഖനം ചെയ്ത നാണയത്തിന് ആരുടെയും ചവിട്ടേല്‍ക്കാതിരിക്കാനാണ് പെട്ടെന്നെടുത്തത്. കിട്ടീ നാലായിരം കൂടി മുക്കുവന്.

7. ഒരാള്‍ക്ക് മൂന്ന് വരം ചോദിക്കാനുള്ള സിദ്ധി കിട്ടിയപ്പോള്‍ പുരുഷാവയവം വലുതാവാനുള്ള വരം ചോദിച്ചു വാങ്ങിയ അയാള്‍ക്ക് അവയവ ഭാരം കൊണ്ട് നേരെ നില്‍ക്കാനും ഇരിക്കാനും വയ്യാതായി. ഇതൊന്ന് ചെറുതാക്കിത്തരണേ എന്ന് അയാള്‍ അര്‍ത്ഥിച്ചു. രണ്ടാമത്തെ വരത്താല്‍ അരിമണിയോളം തീരെ ചെറുതായ അവയവം മൂന്നാം വരം ഉപയോഗിച്ച് സാധാരണസ്‌ഥിതി കൈവരുത്തി.

8. പ്രഭുകുമാരന്‍റെ പുളിങ്കുരു പോലത്തെ പുരുഷാവയവം കണ്ട തിരുമ്മല്‍കാരന്‍ പറഞ്ഞു: പണം ചെലവാക്കിയാല്‍ ഇത് ശരിയാക്കിത്തരുന്ന ഒരുവളുണ്ട്. എന്‍റെ അരപ്പട്ടയിലുള്ള സ്വര്‍ണ്ണനാണയങ്ങള്‍ മുഴുവന്‍ തരാം. ആ സ്‌ത്രീയെ ഏര്‍പ്പാടാക്കൂ എന്ന് പ്രഭുകുമാരന്‍. ആര്‍ത്തിക്കാരനായ തിരുമ്മലുകാരന്‍ പണം മറ്റാര്‍ക്കും പോകാതിരിക്കാനായി ഭാര്യയോട് കാര്യം പറഞ്ഞു. ഒരു മണിക്കൂര്‍ അവന്‍റെ അടുത്തിരുന്ന് സംസാരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം കേട്ട് കുമാരന്‍റെ അടുത്ത് പോയ അവള്‍ പുളിങ്കുരുവിന്‍റെ സ്ഥാനത്ത് പുളിമരം കണ്ട് അവന്‍റെ കൂടെ ശയിച്ചു. അത് കണ്ട തിരുമ്മലുകാരന്‍ ആത്മഹത്യ ചെയ്തു.

9. കെയ്‌റോയില്‍ ഒരു യുവതിയുടെ ജാരന്‍ അവളുടെ താറാവിനെ കൊന്ന് തിന്നുന്ന ആഗ്രഹം പറഞ്ഞു. യുവതി ഭര്‍ത്താവിനോട് 'എത്ര നാളായി നിങ്ങളുടെ സുഹൃത്തുക്കളെയൊക്കെ ഒന്ന് ക്ഷണിച്ചിട്ട്, നാളെ ഞാന്‍ നമ്മുടെ രണ്ട് താറാവുകളെ പാചകം ചെയ്യാ'മെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരാന്‍ ഭര്‍ത്താവ് പോയ സമയത്ത് യുവതിയും ജാരനും കൂടി താറാവ് ഭക്ഷിച്ചു. ഉച്ചക്ക് ഭര്‍ത്താവ് രണ്ട് പേരെ വീട്ടില്‍ക്കൊണ്ടിരുത്തി മറ്റ് രണ്ട് പേരെക്കൂടി വിളിക്കാന്‍ പോയപ്പോള്‍ യുവതി അതിഥികളോട് പറഞ്ഞു: വേഗം രക്ഷപെട്ടോളൂ, ഞങ്ങളുടെ രണ്ട് താറാവുകളെ നിങ്ങളാണ് മോഷ്‌ടിച്ചതെന്നും പറഞ്ഞ് നിങ്ങളെ ഷണ്ഡന്മാരാക്കുവാന്‍ ആളെക്കൂട്ടാന്‍ പോയിരിക്കുകയാണ് എന്‍റെ ഭര്‍ത്താവ്. അതിഥികള്‍ ഭയചകിതരായി ഓടിയപ്പോള്‍ ഭര്‍ത്താവ് വന്നു. 'അയ്യോ നമ്മുടെ താറാവുകളെ അവര്‍ കൊണ്ടുപോയി' എന്ന് ഭാര്യ നിലവിളിച്ചു. ഷണ്ഡന്‍മാരാവുന്നതിലും ഭേദം മരിക്കുന്നതാണെന്ന് കരുതി ഓടിയവരുടെ പിന്നാലെ പാഞ്ഞ ഭര്‍ത്താവ് വിളിച്ച് കൂവി: എനിക്ക് രണ്ടും വേണ്ട, ഒരെണ്ണം മതി.

കടപ്പാട്: ഡിസി ബുക്ക്‌സ് പ്രസാധനം ചെയ്ത ആയിരത്തൊന്ന് രാത്രികള്‍

No comments:

Blog Archive

Follow by Email