Search This Blog

Friday, July 12, 2013

മസ്‌കറ്റില്‍ മറക്കാനാവാത്ത പത്ത്

1. ഖുറം സിറ്റി സെന്‍ററിലെ ബുക്ക്‌സ്‌റ്റോറില്‍ വച്ച് കണ്ട ഒമാനി പെണ്‍കുട്ടി - മറിയം അല്‍ത്തായി - അപരിചിതനായ എന്നോട് സംസാരിച്ചത്; ഫോട്ടോയെടുക്കാന്‍ അനുവദിച്ചത്. ആര്‍ക്കിടെക്‌ചര്‍ കോഴ്‌സ് പാസായ അവര്‍ ജോലി അന്വേഷിക്കുകയാണ്. ഐകെയര്‍ എന്ന ചാരിറ്റി സംഘടനയുടെ വോളണ്ടിയറായും ഇടക്ക് പുസ്‌തകക്കടകളിലും പോയി 'സമയം ക്രിയാത്മകമായി ചിലവഴിക്കുന്നു'വെന്ന് അവര്‍ പറഞ്ഞു. 'കെട്ടിട നിര്‍മ്മാണത്തിലെ ഒമാനി സ്‌റ്റൈല്‍ - അധികം ഉയരാതെ പരന്ന് ഇളം കളറുകളോട് കൂടിയത് - പൊളിക്കാനൊന്നും ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ അനുശാസിക്കുന്ന രീതിയില്‍ത്തന്നെ പുതിയ ഡിസൈനുകളാവാം'.
2. ഒമാനികള്‍ സൌത്ത് ഇന്‍ഡ്യന്‍ റെസ്‌റ്ററന്‍റുകളില്‍ ഇരുന്ന് വടയും പൊറോട്ടയും മസാലച്ചായയും ആസ്വദിക്കുന്നത്. റുവിയിലെ ശരവണഭവനില്‍ അതിന്‍റെ എം.ഡി. പി ആര്‍ ശിവകുമാറുണ്ടായിരുന്നു. അദ്ദേഹം പറയുന്നത് ഒമാനികളും മറ്റും മുംബൈ കടന്ന് ചെന്നൈയിലേക്ക് വരുന്നത് അപ്പോളോ ഹോസ്‌പിറ്റലില്‍ പോകാന്‍ മാത്രമല്ല; ദക്ഷിണേന്ത്യന്‍ ഫുഡ് അവരെ ആകര്‍ഷിക്കുന്നു. നേരത്തേയുള്ള കച്ചവടബന്ധം ഇപ്പോഴും രക്തത്തിലുള്ളതാവാം കാരണം. ശിവകുമാറിന്‍റെ അച്ഛന്‍ - ശരവണഭവന്‍ തുടങ്ങിയ ആള്‍ - ദക്ഷിണ തമിഴ്‌നാട്ടില്‍ നിന്നും ചെന്നൈയിലേക്ക് കുട്ടിയായിരുന്നപ്പോള്‍ പുറപ്പെട്ടു പോയി ഒരു ഹോട്ടലില്‍ ക്‌ളീനിങ്ങ് ബോയ് ആയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ 13 രാജ്യങ്ങളില്‍ ശരവണഭവന് ബ്രാഞ്ചുകള്‍.
3. ഒമാനി പുരുഷന്‍മാര്‍ അവരുടെ പാവപ്പെട്ട വീടുകളുടെ മുന്നിലെ പാവപ്പെട്ട കാറുകള്‍ കഴുകുന്നത്; അതും വെള്ളത്തിന്‍റെ വില മനസിലാക്കിയിട്ടെന്നോണം. മീന്‍ വളര്‍ത്താനും പിടിക്കാനും വില്‍ക്കാനും ഒമാനികള്‍ക്ക് പ്രത്യേകം പഠിക്കേണ്ടതില്ല. യിറ്റി എന്ന സ്ഥലത്തേക്ക് പോകുമ്പോള്‍ മരുഭൂമിയില്‍ ഒറ്റക്ക് തുറന്ന പിക്ക് അപ് വാനില്‍ ഒമാനി മാങ്ങയും തണ്ണിമത്തനും മറ്റും വില്‍ക്കുന്ന കറുത്ത ഒമാനിയെ കണ്ടു. പൂര്‍വികര്‍ സാന്‍സിബാറില്‍ നിന്ന് വന്നവരാകാമെന്ന് സുഹൃത്ത് പറഞ്ഞു. ഒത്തിരി സാന്‍സിബാറികള്‍ക്ക് ഒമാനി പൌരത്വമുണ്ട്; ബലൂചികള്‍ക്കും പാക്കിസ്ഥാനികള്‍ക്കും അങ്ങനെ തന്നെ. പൌരത്വമുള്ള ഗുജറാത്തികളും മലയാളികളുമുണ്ട്.
4. വര്‍ണ്ണപ്പകിട്ടാര്‍ന്ന പര്‍ദ്ദയണിഞ്ഞ സ്‌ത്രീകളെ ആദ്യമായി കാണുകയായിരുന്നു. കുവൈറ്റിലെ യുവസുന്ദരികളില്‍ ചിലര്‍ കറുത്ത അബായയില്‍ തുന്നല്‍ച്ചിത്രപ്പണികള്‍ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. മസ്‌കറ്റിലെ പിങ്ക് അബായക്കാരിയുടെ ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ മറ്റെങ്ങുമല്ലാതിരുന്നതിനാല്‍ നടന്നില്ല. കണ്ടിടത്തോളം ഒമാനി സ്ത്രീകള്‍ സുന്ദരികളല്ല. സൌത്ത് ഇന്ത്യന്‍ സ്ത്രീകളുടെ സ്‌കിന്‍ കോംപ്‌ളക്‌ഷന്‍ ആണ് ഒമാനി സ്ത്രീകള്‍ക്കധികവും.
5. ഒമാനി ദേശീയ മധുര പലഹാരമായ ഹല്‍വ ഉണ്ടാക്കുന്ന പാക്കിസ്ഥാനികള്‍; ദിവസജോലിക്ക് തയ്യാറായി ആരെങ്കിലും വന്ന് വിളിക്കുന്നതും കാത്ത് മരച്ചുവട്ടില്‍ നില്‍ക്കുന്ന പാക്കിസ്ഥാനികള്‍; വിജയകരമായി തന്തൂര്‍ റെസ്‌റ്ററന്‍റുകള്‍ നടത്തുന്നവര്‍. പാക്കിസ്ഥാനോട് മാനസികൈക്യം പ്രഖ്യാപിച്ച് കാര്‍പറ്റ്, കരകൌശല ബിസിനസ്, നടത്തുന്ന കശ്‌മീരികള്‍; ഒമാനി ദേശീയ ചിഹ്നങ്ങളായ ഇരുതല കഠാരയും പരിചയും (ഖന്‍ജര്‍, സേയ്‌ഫ്) വില്‍ക്കുന്ന ബംഗ്‌ളാദേശികള്‍. പണ്ട് കഠാര ഉറയില്‍ നിന്നും ഊരിയാല്‍ ചോര കണ്ടേ മടങ്ങുകയുള്ളൂ; ഇപ്പോള്‍ വില്‍പ്പനാമൂല്യമുള്ള സുവനീര്‍.
6. വെള്ളിയാഴ്‌ച: റുവി റൌണ്ട് അബൌട്ടില്‍ കുത്തിയിരിക്കുന്നവര്‍; മുത്ര കോര്‍ണിഷില്‍ വട്ടത്തിലിട്ട ചായക്കടക്കസേരകളിരുന്ന് മസാലച്ചായ, കരിമ്പിന്-‍നാരങ്ങ ജൂസ് കുടിച്ച് വര്‍ത്താനിക്കുന്നവര്‍; നടപ്പാതയില്‍ നിന്ന് ബ്രെഡ് കഷണങ്ങള്‍ ചൂണ്ടയല്‍ കൊരുത്ത് മീന്‍ പിടിക്കുന്നവര്‍; ഉച്ചക്ക് ലുങ്കിയുടുത്ത് പള്ളിയില്‍ പോകുന്നവര്‍; ശിവ-കൃഷ്‌ണ അമ്പലങ്ങളില്‍ അഞ്ജലികള്‍ കഴിക്കുന്നവര്‍; എല്ലാ രാവിലെകളിലും കുര്‍ബ്ബാനക്ക് പോകുന്നവര്‍.
7. ലുലു ഹൈപര്‍ മാര്‍ക്കറ്റുകള്‍. മലയാളികളുടെ ഇടത്താവളം. ഏറെ പണ്ടല്ലാതെ അറബ് വസന്തശേഷം പൊട്ടിയ കലപിലയില്‍ ഒരു ലുലു കത്തിച്ചു കളഞ്ഞെന്നും കൊള്ളയടിച്ചെന്നും ശേഷം സുല്‍ത്താന്‍ നഷ്‌ടപരിഹാരം നല്‍കിയെന്നും വാര്‍ത്തകള്‍. വാഡികബീര്‍ ലുലുവിന്‍റെ പാര്‍ക്കിങ്ങ് സ്ഥലത്ത് നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് ഒതുക്കിയെന്നും അടക്കം പറഞ്ഞ വാര്‍ത്തകള്‍. പോയ മാസം യൂസഫലി ലുലു ജോലിക്കാര്‍ക്ക് റിയാലുകള്‍ കൈയില്‍ വച്ച് കൊടുക്കുന്നത് കണ്ട് സന്തോഷിച്ച മലയാളി കസ്‌റ്റമര്‍.
8. യുഡിഎഫ്, എല്‍ഡിഎഫ് ആഭിമുഖ്യങ്ങളുള്ള ക്‌ളബ്ബുകള്‍; തമ്മിലടിക്കുന്ന പ്രവാസികള്‍; ആമവേഗതയുള്ള ജീവിതങ്ങള്‍; ചില മലയാളികള്‍ പറയുന്നു ഗള്‍ഫിലെ ഏറ്റവും നിലവാരം കുറഞ്ഞ മലയാളികള്‍ ഒമാനിലാണെന്ന്. 'മസ്‌കറ്റില്‍ മാനേജര്‍ പദവികളിലിരിക്കുന്നവര്‍ നാട്ടില്‍ ജോബ് ഇന്‍റര്‍വ്യൂവിന് പോയാല്‍ ദയനീയമായി പരാജയപ്പെടും'
9. മസ്‌കറ്റിനെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന മലയാളികള്‍; റീ്‌ഡിസ്‌കവര്‍ കേരള എന്ന മാഗസിന്‍ നടത്തുന്ന സേവ്യര്‍ ജേക്കബ് കാവാലം, സുല്‍ത്താന്‍ ഖബൂസിനെക്കുറിച്ച് ആദ്യത്തെ മലയാള ജീവചരിത്രം പ്രസിദ്ധീകരിച്ചു. ഒമാനീകരണം വന്നിട്ടും നാട്ടില്‍ പോകാന്‍ കൂട്ടാക്കാത്തവര്‍; അടുത്ത കാലം വരെ ഒമാനികള്‍ക്കും സായിപ്പിനും മലയാളിക്കും ഒരേ ജോലിയാനെങ്കില്‍ ഒരേ ശമ്പളമായിരുന്നു. ഇപ്പോള്‍ കള്ളി തിരിച്ചു തുടങ്ങി.
10. സിറ്റിയില്‍ ഏത് ഭാഗത്ത് നോക്കിയാലും പശ്‌ചാത്തലമായി കാണുന്ന കല്ലുമലകള്‍ - പല മൂഡുകളില്‍. മലകളുടെയിടയിലൂടെ പോകുമ്പോള്‍ ഭീതിയല്ല, ഭവ്യതയാണ് ആ മലകള്‍ ഉളവാക്കുന്ന  ഭാവം.






1 comment:

ലംബൻ said...

എല്ലാ അറേബ്യന്‍ രാജ്യങ്ങളിലും ഇങ്ങിനെയൊക്കെതന്നെ. പിന്നെ കല്ല്‌ മലകള്‍ അവിടെ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു.

Blog Archive