Search This Blog

Monday, July 7, 2014

കെ ആര്‍ മീരയുടെ ആരാച്ചാര്‍

കെ ആര്‍ മീരയുടെ ആരാച്ചാര്‍, കഥകളുടെ വയറിളക്കത്താല്‍ അതിസ്ഥൂലതയും ഉപരിപ്‌ളവതകളുടെ മേനിപറച്ചിലുകളാല്‍ മോടിയും കൈവരിച്ച ഗംഭീര സൃഷ്‌ടിയാണ്. ഈ 552-പേജ് നോവലിന്‍റെ ഗുണ അ-ഗുണങ്ങള്‍ വായനക്കാരനെന്ന നിലയില്‍ പറയാനാഗ്രഹിക്കുന്നു:

ഗുണങ്ങള്‍
1. മിത്തുകള്‍, ഐതിഹ്യങ്ങള്‍, പഴംപുരാണങ്ങള്‍, പാട്ടുകള്‍ എന്നിവ ചരിത്രവുമായി കൈകോര്‍ക്കുന്ന രചനാരീതി. മിഡ്‌നാപ്പൂരില്‍ നിന്നും ഹൌറയില്‍ ഉപജീവനം തേടി വന്ന ഒരു കുടുംബത്തിലെ മകന്‍റെ കണ്ണില്‍ നിന്ന് ചിതലുകളും മൂക്കില്‍ നിന്ന് ഉറുമ്പുകളും വമിക്കുന്നതും, ടിപ്പു സുല്‍ത്താന്‍റെ അനന്തരാവകാശികള്‍ റിക്ഷ വലിച്ചും വീട്ടുജോലിക്കാരായും ജീവിക്കുന്നതും നോവലിലെ എണ്ണമറ്റ ആകര്‍ഷക കഥകളില്‍ ഉദാഹരണങ്ങള്‍.

2. ഒരു സ്ത്രീ ആരാച്ചാരായി നിയമിതയാവുന്നതിന്‍റെ പുതുമ. നോവലിലെ നായിക ചേതനക്ക് മുന്‍പ് അവരുടെ മല്ലിക് കുടുംബത്തിലെ ആദ്യ സ്ത്രീ-ആരാച്ചാര്‍ പിംഗളകേശിനി തന്‍റെ  യജമാന ഭര്‍ത്താവ് തുഘന്‍ ഖാനില്‍ പിറന്ന ഒന്‍പത് കുഞ്ഞുങ്ങളെയും പൊക്കിള്‍ക്കൊടി കൊണ്ട് തൂക്കിലേറ്റിയ ആളാണ്. (തൊണ്ണൂറാം വയസില്‍ അന്നത്തെ പുരുഷനോടൊപ്പം രമിക്കവേ ആയിരുന്നു അവരുടെ മരണം.)  ചേതനയും കാലത്തിനൊത്ത ധൈര്യം കാട്ടുന്നതില്‍ 'മിടുക്കി' തന്നെ.

3. കൊല്‍ക്കൊത്തയുടെ കുഴഞ്ഞു മറിഞ്ഞ കഥാപരിസരവും ഇന്ത്യനവസ്ഥയുടെ സാംസ്‌ക്കാരിക പശ്ചാത്തലവും. പകുതി മലയാളിയായ വില്ലന്‍ കഥാപാത്രം സഞ്ജീവ്കുമാര്‍ മിത്ര, അയാളോടൊപ്പം ചേതന നടത്തുന്ന നഗരക്കറക്കം, ചേതനയുടെ തന്നെ ചായക്കടയും ചായ്‌പും ചാരവും ചാലുകളും ചേര്‍ന്ന കൂട്ടുകുടുംബാന്തരീക്ഷം.   ബ്രിട്ടീഷിന്ത്യ മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ മുഖം കാട്ടുന്ന മഹാവേദി.

4. വ്യവസ്ഥിതിക്കെതിരെ ഒരു 22കാരി  നടത്തുന്ന ഒറ്റയാള്‍ച്ചങ്കൂറ്റം - അവളുടെ പ്രശസ്ത ആരാച്ചാര്‍ അച്ഛന്‍ ഫണിഭൂഷണ്‍ മല്ലിക്കിനെതിരെ (അച്ഛന് സാധിക്കാത്തത് എനിക്ക് സാധിക്കും), പാരമ്പര്യത്തിനെതിരെ (എനിക്ക് നിന്നെ അനുഭവിക്കണം എന്ന് സഞ്ജീവിനോട്),  മുതലാളിത്ത പീഡനങ്ങള്‍ക്കെതിരെ  (നിനക്കൊരാളെ തൂക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോഴേക്കും അയാളുടെ കഴുത്തില്‍ ദുപ്പട്ടക്കുരുക്ക് വീണു)കച്ചവടതാല്‍പര്യങ്ങള്‍ക്ക് ടോര്‍ച്ചടിക്കുന്ന മാധ്യമസംസ്ക്കാരത്തിനെതിരെ (മായയും യുക്തിയും മുക്തിയും കലരുന്ന ക്‌ളൈമാക്‌സ്).

5. ഒറ്റ ആംഗിളില്‍ വര്‍ത്തമാനകാലത്തിന്‍റെ വര്‍ത്തമാനം പറയുകയുമ്പോള്‍ത്തന്നെ  കഥാപാത്രത്തിന്‍റെ മനസില്‍ പഴംകഥകള്‍ ഓടുകയും അവ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന് പാഠമാവുകയും ചെയ്യുന്ന കഥനം.  ബംഗാളിലെ പട്ടിണിയെക്കുറിച്ച് പറയുമ്പോള്‍ രംഗം ടിവി സ്‌റ്റുഡിയോ ആണ്. അവിടെ സുന്ദരി-വാര്‍ത്താവായനക്കാരി മരണം പട്ടിണി കൊണ്ടല്ലെന്ന മന്ത്രി പ്രസ്താവന വായിക്കുന്നതും നായികയുടെ മനസില്‍ ഭിക്ഷ തേടിയെത്തിയ ആദിവാസി കുടുംബമാണ്. വീണ്ടും മന്ത്രിപ്രസ്താവനയും ടിവി-സുന്ദരിയും ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ എണ്ണം 22% വര്‍ദ്ധിച്ചതായുള്ള യുഎസ് ബാങ്ക് സര്‍വേ വാര്‍ത്തയും. അതില്‍ നിന്നും കട്ട് റ്റു നായികയുടെ ധര്‍മ്മസങ്കടങ്ങളിലേക്ക്.

അലോസരങ്ങള്‍

1. കഥകള്‍ എത്ര തന്നെയുണ്ടെന്നാലും എല്ലാറ്റിന്‍റെയും നിറം ഒന്നുതന്നെയാണെങ്കില്‍ എന്ത് ചെയ്യും? പ്രേമലത ചാറ്റര്‍ജി ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് ക്വട്ടേഷന്‍ കൊടുക്കുന്ന കഥയിലും പ്രണയം നിരസിച്ചതിനാല്‍ തൂങ്ങിമരിച്ച മകന്‍റെ വിയോഗത്താല്‍ ബിസിനസ് പൊളിയുന്ന മുതലാളി, കമ്പനി വില്‍ക്കുന്നതും, വാങ്ങാന്‍ വന്ന സേട്ടുവിന്‍റെ ഭാര്യ, മകന്‍റെ കാമുകിയായിരുന്നു എന്ന് വെളിപ്പെടുന്ന കഥയിലുമൊക്കെ സീരിയല്‍ക്കഥകളുടെ കുരുക്കുകളാണ്.

2. അതിനാടകീയതയാണ് നോവലിന്‍റെ വലിയ പോരായ്‌മ. എപ്പോഴെന്നില്ലാതെ പ്രത്യക്ഷപ്പെടുന്ന സഞ്ജീവ് കുമാര്‍ (അയാളുടെ വായില്‍ നിന്നും ചീഞ്ഞളിഞ്ഞവ ഇടയ്ക്കിടെ പുറപ്പെടുവിച്ചിട്ട് വേണം നായികാരോഷത്തിന് കാരണമൊരുക്കാന്‍),  ടിവി വാര്‍ത്ത കേള്‍പ്പിക്കാന്‍ വേണ്ടിയെന്നോണം കുട്ടി വന്ന് ടിവി ഓണ്‍ ചെയ്യുന്നത്, സഞ്ജീവ്-ചേതനാ സമാഗമത്തിന് വിഘാതമായി പ്രധാനപ്പെട്ട ഫോണ്‍ വരുന്നത്... ഒക്കെ പഴയ നമ്പരുകള്‍!  

3. വിവരണങ്ങളില്‍ മുങ്ങിപ്പോയ കാഴ്‌ചപ്പാടുകളും അനുഭവങ്ങളും തീവ്രതയും.  രാമുദാ എന്നൊരു സഹോദരന്‍ ചേതനയ്ക്കുണ്ട്. ചേതനയുടെ അച്ഛന്‍ ഫണിഭൂഷന്‍ മല്ലിക് തൂക്കിലേറ്റിയ അമര്‍ത്ത്യ ഘോഷിന്‍റെ അച്ഛന്‍, പ്രതികാരമായി ആരാച്ചാരുടെ മകന്‍റെ കൈകാലുകള്‍ വെട്ടി.  നോവലില്‍ മുക്കാല്‍ഭാഗത്തോളം ആ വികലാംഗന്‍റെ  സാന്നിധ്യം മനസിലാവുന്നില്ല. ഒരു കുടുംബവഴക്കിനിടെ കൈകാലുകള്‍ ഇല്ലാത്ത അയാള്‍ തറയില്‍ തലയിടിച്ച് മരിക്കുന്ന ഭാഗമൊക്കെ ഓടിച്ച് വിവരിച്ച് പോവുകയാണ്  നോവലിസ്റ്റ് - അടുത്ത കഥ പറയാന്‍. നോവലിലാകെ കഥയുള്ളവരേക്കാള്‍ കഥ പറയുന്നവരാണ്.

4. ജീര്‍ണിച്ച മാധ്യമസംസ്‌ക്കാരം എത്രയോ ജീര്‍ണിച്ച വിഷയമാണ്! ജീര്‍ണതയെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് പറച്ചില്‍ തന്നെ ജീര്‍ണമാവുന്ന ദൌര്‍ഭാഗ്യം നോവലിന്‍റെ കഴുത്തിലെ ഊരാക്കുടുക്കായി.  ശശി വാര്യര്‍ 13 വര്‍ഷം മുന്‍പ് ഹാങ്‌മാന്‍സ് ജേണല്‍ എഴുമ്പോള്‍ വിഷയത്തിന് പുതുമയുണ്ടായിരുന്നു.  2004-ല്‍ ജോഷി ജോസഫിന്‍റെ സിനിമയും വന്നു. ഇതിനിടയില്‍ മലയാളത്തില്‍ കാമറക്കായി അഭിനയിക്കേണ്ടി വരുന്നവരും സ്‌കൂപ്പുകളാകാന്‍ ചമക്കുന്ന വാര്‍ത്തകളും റേറ്റിങ്ങില്‍ തമസ്‌ക്കരിക്കുന്ന വാസ്തവങ്ങളും എത്രയോ ഒഴുകിപ്പോയി!

5. എല്ലാമറിയുന്ന, എല്ലായിടത്തും സാന്നിധ്യമുള്ള, സര്‍വശക്തരുമായ കഥാപാത്രങ്ങളാണ്, യാദൃശ്ചികതയുടെ ഔദാര്യം കൊടുത്താല്‍പോലും,  അവിശ്വസനീയതയുടെ മുഖങ്ങളുമായി നോവലിസ്‌റ്റിന്  തോന്നുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചേതന ടിവി-കാമറക്കൊത്ത് നീങ്ങണമെന്ന് ഡിമാന്‍ഡ് ചെയ്യുന്ന സഞ്ജീവിനെപ്പോലെ നോവലിസ്‌റ്റ് കഥാപാത്രങ്ങളുടെ മേല്‍ കുരുക്കിട്ട് ചലിപ്പിക്കുന്ന കാഴ്ച അരോചകമാണ്. എണ്‍പത്തിയെട്ട് വയസുള്ള, 451 പേരെ തൂക്കിക്കൊന്ന, ടിവി ഷോകളില്‍ കാശ് മേടിച്ച് പങ്കെടുത്ത് ഡയലോഗ് റൈറ്റ് ഹേ ന? എന്ന് ചോദിക്കുന്ന ഫണിഭൂഷണ്‍ മല്ലിക് - നായികയുടെ അച്ഛന്‍ - എന്തിന്, ഒരു സുപ്രധാന തൂക്കിക്കൊല നടത്താനുള്ള ദിവസം അടുക്കേ സ്വന്തം അനുജനെയും അനുജപത്നിയെയും വെട്ടിക്കൊലപ്പെടുത്തണം? ഭര്‍ത്താവിന്‍റെ ചികില്‍സക്കുള്ള പണത്തിനായി മാംസം വിറ്റതാണ് അനുജഭാര്യയെ കൊല്ലാന്‍ കാരണം. അനുജനെയോ? അത് നായികക്ക് ഒറ്റക്ക് തൂക്കിക്കൊല നടത്താന്‍ നോവലിസ്‌റ്റ് സൌകര്യം ചെയ്ത് കൊടുത്തതാണെന്ന് വരുന്നു. അങ്ങനെ നോക്കുമ്പോള്‍ മൌലികതയില്ലായ്മയുടെ തൂക്കിലേറേണ്ടി വരും നോവലിസ്‌റ്റിന്.  എല്ലാം പറഞ്ഞു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ ലക്ഷ്മി മിത്തലിന്‍റെ വിവാഹത്തിന്‍റെ മുന്നൊരുക്കങ്ങളീക്കുറിച്ചുള്ള വാര്‍ത്തയുമുണ്ട്.  ആര്‍ഭാട വിവാഹം മിത്തലിന്‍റെ മകളുടേതായിരുന്നു എന്ന് കൃത്യതയോടെ പറയാന്‍ തിരക്കിനിടയില്‍ നോവലിസ്‌റ്റ്,
അതോ പ്രസാധകരോ, വിട്ടുപോയി.

No comments:

Blog Archive

Follow by Email