Search This Blog
Saturday, April 26, 2008
കലാമണ്ഡലത്തിന്‍റെ കറുത്ത നര്‍ത്തകി
കലാമണ്ഡലം വനജ, 1962 ല്‍ കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യത്തില്‍ ഡിപ്ളോമയെടുത്ത വടക്കേ മലബാറിലെ ആദ്യത്തെ 'ഒഫീഷ്യല്‍' നര്‍ത്തകി, സംസാരിക്കുന്നു:
തളിപ്പറമ്പില്‍, കൃഷ്ണദാസ് എന്നൊരാള്‍ ഡാന്‍സ് പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് പത്ത് കിലോമീറ്റര്‍ നടന്ന് പോയി അന്വേഷിച്ചു. അന്ന് കണ്ണൂര്‍ ഭാഗത്ത് നൃത്താധ്യാപകരെ മഷിയിട്ട് നോക്കിയാലും കാണില്ല. ചാലാട് എന്ന കുഗ്രാമത്തില്‍ നിന്നാണ് വരുന്നതെന്നൊന്നും ഞാന്‍ പറഞ്ഞില്ല. തുടര്‍ന്നും വന്നു കൊള്ളാന്‍ സാര്‍ പറഞ്ഞു. പത്ത് കിലോമീറ്റര്‍ നടന്ന് പോയുള്ള പഠനം കുറച്ച് നാള്‍ കൂടി തുടര്‍ന്നു. നൃത്തത്തില്‍ താല്‍പര്യമുണ്ടായിരുന്ന അമ്മ, കലയെ കുറച്ച് കൂടി ഗൌരവമായി കാണണമെന്ന് പറഞ്ഞതിനാലാണ് കലാമണ്ഡലത്തില്‍ ഭരതനാട്യം ക്ളാസിലേക്കുള്ള ഇന്‍റര്‍വ്യൂവിന് പോകുന്നത്. 1959 ലായിരുന്നു അത്.
ഇന്‍റര്‍വ്യൂവിന് 150 പേരുണ്ടായിരുന്നു. ഏഴ് പേര്‍ക്കാണ് അഡ്മിഷന്‍. വടക്കേ മലബാറില്‍ നിന്നും ഞാന്‍ മാത്രം. അതിലെനിക്ക് വിശേഷിച്ചൊന്നും തോന്നിയില്ല. (എനിക്കൊരു സവിശേഷതയുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവും കറുത്തവള്‍ ഞാനായിരുന്നു). എന്നെ അത്ഭുദപ്പെടുത്തിയത് പക്ഷെ, തിരൂരില്‍ നിന്നും ഖദീജയെന്നൊരു കുട്ടി ഭരതനാട്യം പഠിക്കാന്‍ വതായിരുന്നു. അവള്‍ക്കും എനിക്കുമടക്കം 7 പേര്‍ക്ക് സെലക്ഷന്‍ കിട്ടി. പിന്നീടറിഞ്ഞു, ഖദീജയെ പഠിപ്പിക്കാന്‍ വള്ളത്തോളിന് പ്രത്യേക താല്‍പര്യമായിരുന്നെന്ന്.
സത്യഭാമട്ടീച്ചറായിരുന്നു ഗുരു. കറുത്ത പെണ്കുട്ടികള്‍ക്ക് നൃത്തം പഠിക്കാനാവില്ലെന്ന ധാരണ തിരുത്തിയെന്ന് എന്നെക്കുറിച്ച് ടീച്ചര്‍ പറയുമായിരുന്നു. കറുപ്പിനെപ്പറ്റിയുള്ള എന്‍റെ തന്നെ തീണ്ടായ്മ തകരാനും ആത്മാഭിമാനം ഉയിര്‍ത്തെണീക്കാനും കലാമണ്ഡലകാലത്തിന് കഴിഞ്ഞു. കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത വിദ്യാര്‍ത്ഥി ഇന്നും ഞാനാണ്. മുന്‍ഭാഗത്ത് ഞൊറികള്‍ വരത്തക്കവണ്ണം പുടവ ഉടുക്കുതും കടുത്ത നിറത്തിലുള്ള ഉത്തരീയമിടുന്നതും കഴുത്തിലും കാതിലും കൈയിലും വര്‍ണഭംഗിയുള്ള ആഭരണങ്ങള്‍ ധരിക്കുന്നതും തലമുടി പിന്‍ഭാഗത്ത് പിന്നിയിട്ട് ശിരസില്‍ ആഭരണങ്ങളും പൂവും അണിയുന്നതും മുഖത്ത് ചമയമൊരുക്കുന്നതും കാലില്‍ ചിലങ്കയണിയുന്നതുമായ ആഹാര്യരീതികളാവാം ഭരതനാട്യം പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഭരതനാട്യം ഡിപ്ളോമയുമായി നാട്ടില്‍ ചെന്നു നില്‍ക്കുന്ന കാലത്താണ് ബന്ധുക്കള്‍ അച്ഛനെയും അമ്മയെയും വിരട്ടിയത്. ഡാന്‍സിനു പോകുന്ന പെണ്ണുങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ ചെറുക്കന്‍മാരെ കിട്ടില്ലെന്നായിരുന്നു ഉപദേശം. കലാമണ്ഡലത്തില്‍ നിന്നും സംഭരിച്ച ധൈര്യം വെറുതെ കളയാന്‍ പറ്റുമോ? വീട്ടില്‍ സ്വന്തമായി ഡാന്‍സ് ക്ളാസ് തുടങ്ങി. നൃത്തോത്സാഹികളായ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ വീട്ടിലെ നാല് ചുവരുകള്‍ പോരാതായി. അങ്ങനെയാണ് കണ്ണൂരിലെ അക്കാലത്തെ ഏറ്റവും വലിയ നൃത്തപഠനകേന്ദ്രം, നടനകലാക്ഷേത്രം സ്ഥാപിക്കുന്നത്. (ഇതിനിടയില്‍ കല്യാണം കഴിഞ്ഞിരുന്നു. ഡാന്‍സ് സ്കൂള്‍ തുടങ്ങാന്‍ ഭര്‍ത്താവ് രവീന്ദ്രനാണ് മുന്‍കൈ എടുത്തത്). 1977 ല്‍ തിക്കുറിശ്ശി ഉദ്ഘാടനം ചെയ്ത നടനകലാക്ഷേത്രം ഒരുപാട് കലാതിലകങ്ങളെ സൃഷ്ടിച്ചു. കണ്ണൂര്‍ ശ്രീലത പോലെ ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്നും പഠിച്ചു പോയ എത്രയോ പേര്‍!
പിന്നെയാണ് നടനകലാക്ഷേത്രത്തിന്‍റെ ചരിത്രപരമായ ദൌത്യം എന്ന് ഞാന്‍ വിചാരിക്കുന്ന നൃത്തസംഗീതശില്‍പങ്ങളുടെ (ബാലെ) അവതരണം. ആദ്യം രാമായണം, രാജാ ഹരിശ്ചന്ദ്ര പോലുള്ള പുരാണകഥകള്‍. 49 ബാലെകള്‍ അവതരിപ്പിച്ചു. ഏറ്റവും പ്രസിദ്ധം 'കടാങ്കോട്ട് മാക്കം'. 12 ആങ്ങളമാര്‍ക്ക് ഒരു പുന്നാരപ്പെങ്ങള്‍ ഉള്ളതും അവളുടെ വിവാഹശേഷം ഭവിക്കുന്ന നാത്തൂന്‍പോരുമാണ് വിഷയം. കേരളത്തിലും പുറത്തുമായി എത്രയോ വേദികളില്‍ മാക്കം അവതരിപ്പിച്ചിരിക്കുന്നു.
നടനകലാക്ഷേത്രം അതിന്‍റെ ജൈത്രയാത്ര തുടര്‍ന്നു. ഇതിനിടയില്‍ സിനിമയില്‍ കോറിയോഗ്രഫി ചെയ്യാനുള്ള അവസരവുമുണ്ടായി. നടന്‍ രാഘവന്‍ സംവിധാനം ചെയ്ത 'കിളിപ്പാട്ടാ'ണ് എടുത്തു പറയാവുന്ന ചിത്രം. 93 ല്‍ ഭര്‍ത്താവ് മരിച്ചതോടെ ജീവിതത്തിലെ ദുരന്തപര്‍വം തുടങ്ങി. നടനകലാക്ഷേത്രം പേരില്‍ മാത്രമായി. സെറ്റും സജ്ജീകരണങ്ങളും സ്വന്തക്കാര്‍ എടുത്തു കൊണ്ടുപോയി. ആകെ തകര്‍ന്നു പോയ കാലം. 2002 ല്‍ കേരളസംഗീത നാടക അക്കാദമി തന്ന അവാര്‍ഡാണ് ഇത്തിരിയെങ്കിലും സന്തോഷം തന്നത്.
ഏകമകന്‍ ഷാജി പഠിച്ച് ബാങ്കുദ്യോഗസ്ഥനായി. ജിംനേഷ്യമാണ് അവന്‍റെ താല്‍പര്യം. അവനും കലാകാരനായിരുന്നെങ്കില്‍ ഞാനിന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടിയേനെ. ഖദീജ? അവളുടെ കല്യാണം കഴിഞ്ഞെന്നറിഞ്ഞു. പിന്നൊന്നും കേട്ടിട്ടില്ല.
Subscribe to:
Post Comments (Atom)
4 comments:
thanks sunil
സന്തോഷം lakshmi!
കലയെ ഒരു വെറും ജീവനോപാധിയെന്നതിലുപരി സ്വത്വത്തിന്റെ ആവിഷ്ക്കാരത്തിനായി ഉപയോഗിച്ച, ഇവരെപ്പോലുള്ളവരെ ആരു കാണാൻ? ആ ഖദീജ ഉമ്മ ഇന്നെവിടെയായിരിക്കും? ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ, ഏതെങ്കിലും കലാതിലകങ്ങളെ ടി.വി.യിലും മറ്റും കാണുമ്പോൾ എന്തായിരിക്കും ആ മനസ്സിൽ മിന്നിമറിയുന്നുണ്ടാവുക? അവരുടെയും വനജടീച്ചറിന്റെയുമൊക്കെ ധിക്കാരച്ചുവടുകൾക്ക്,അവിടെയുമിവിടെയുമൊക്കെ വല്ലപ്പോഴും ശിഷ്യപരമ്പരകൾ ഉണ്ടാകാതെ പോവില്ല. ആ ധീരരായ പൂർവ്വസൂരികൾക്ക് എന്റെ പ്രണാമങ്ങൾ.
ഇതിവിടെയെത്തിച്ച സുനിലിനും.
പിന്നെയാണ് നടനകലാക്ഷേത്രത്തിന്‍റെ ചരിത്രപരമായ ദൌത്യം എന്ന് ഞാന്‍ വിചാരിക്കുന്ന നൃത്തസംഗീതശില്‍പങ്ങളുടെ (ബാലെ) അവതരണം. ആദ്യം രാമായണം, രാജാ ഹരിശ്ചന്ദ്ര പോലുള്ള പുരാണകഥകള്‍. 49 ബാലെകള്‍ അവതരിപ്പിച്ചു. ഏറ്റവും പ്രസിദ്ധം 'കടാങ്കോട്ട് മാക്കം'. 12 ആങ്ങളമാര്‍ക്ക് ഒരു പുന്നാരപ്പെങ്ങള്‍ ഉള്ളതും അവളുടെ വിവാഹശേഷം ഭവിക്കുന്ന നാത്തൂന്‍പോരുമാണ് വിഷയം. കേരളത്തിലും പുറത്തുമായി എത്രയോ വേദികളില്‍ മാക്കം അവതരിപ്പിച്ചിരിക്കുന്നു.
gul ahmed readymade suits
ready made lawn suits 2020
Post a Comment