Search This Blog

Tuesday, June 10, 2008

'മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’‍ കഥാപ്രസംഗം പാട്ടുകള്‍

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ക്ക് കുവൈത്തില്‍ കഥാപ്രസം‌ഗാവിഷ്കാരം. ഒറ്റക്കണ്ണന്‍ പോക്കരും, സൈനബായും മണ്ടന്‍ മുത്തപായും പ്രധാന കഥാപാത്രങ്ങളായി വരുന്ന കഥയില്‍ ബഷീറിന്‍റെ അനശ്വര കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞും ഉണ്ടക്കണ്ണന്‍ അന്ത്രുവും സ്ഥലത്തെ പ്രധാന കള്ളന്‍മാരായ ആനവാരി രാമന്‍ നായരും പൊന്‍‌കുരിശു തോമായും അവരുടെ ചരിത്രവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കുവൈത്തില്‍ ഇതിനോടകം രണ്ട് വേദികള്‍ പിന്നിട്ട അര മണിക്കൂര്‍ നീളുന്ന ‘മുച്ചീട്ടുകളിക്കാരന്‍റെ മകളു’ടെ കാഥികന്‍ പി. ഡി. പൌലോസാണ്. ഈയുള്ളവന്‍‌ ഗാനങ്ങളെഴുതിയിരിക്കുന്നു.


ഗാനങ്ങള്‍‌:
വിരുത്തം: പൊന്‍പൊടി പുരണ്ട, പച്ചത്തലപ്പുകള്‍ കൈ നീട്ടും ഗ്രാമം
പഞ്ചപാവങ്ങള്‍, മൂരാച്ചികള്‍ രാപാര്‍ക്കും ഗ്രാമം
അണ്ഡകടാഹത്തില്‍, ഠ വട്ടത്തില്‍, പൂമൊട്ട്‌ പോലെ
സത്യത്തില്‍ സര്‍വമാനപേരും സ്വരുക്കൂട്ടും ജീവിതം, സുന്ദരം.

ബഷീര്‍: കാഥികനല്ല, കലാകാരനല്ല ഞാന്‍
ഏകാന്തതീരത്തെ പ്രേമഗായകന്‍
കാറ്റിലലഞ്ഞ കരിയില പോല്‍,
കാരിയം ചൊല്ലും ചരിത്രകാരന്‍.

ഒറ്റക്കണ്ണന്‍ പോക്കര്‍ (തുമ്പീ തുമ്പീ വാ വാ എന്ന ഈണത്തില്‍ ..)
ഒറ്റക്കണ്ണന്‍ പോക്കര്‍ മുച്ചീട്ടുകളിക്കും പോക്കര്‍
ചീട്ടുകളിക്കും പോക്കര്‍

അമ്പതുകാരന്‍ പോക്കര്‍
വെളു വെളെ വെളുത്തൊര്' പോക്കര്
'വണ്‍ ഐസ്‌ മങ്കി' എന്നു വിളിക്കും
ഒറ്റക്കണ്ണന്‍ പോക്കര്‍

മുറുക്കാന്‍ ചുവപ്പുള്ള പല്ല്‌,
ഇസ്പീഡ്‌ ഗുലാന്‍ പോല്‍ എല്ല്‌
പുള്ളിച്ചീട്ടും രൂപച്ചീട്ടും
മാറ്റിമറിക്കും കള്ളന്‍

മണ്ടന്‍മുത്തപാ (ചായക്കടക്കാരാ....):
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍മുത്തപാ
ആറടി നീളമുള്ളോന്‍, കറമ്പന്‍ ഏഴഴകന്‍,
ശകലം കോങ്കണ്ണുമായി, വെളുക്കെ ചിരിയുമായി,
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍മുത്തപാ
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍ അറാംപറന്നോന്‍

ആനവാരി-പൊന്‍കുരിശ്‌ (ചില്ലിമുളം....)
ആനവാരി രാമന്‍ നായര്‍ പൊന്‍കുരിശ്‌ തോമ കൂടെ,
ദിവ്യന്‍മാര്‍ സ്ഥലത്തെ കള്ളന്‍മാര്‍
ചാത്തങ്കേരി മനക്കലേന്ന്‌ നീലാണ്ടനെ മോട്ടിച്ചു,
രാമന്‍നായര്‍ ആനവാരി നായര്‍

ആനവാരി രാമന്‍ നായര്‍ പൊന്‍കുരിശ്‌ തോമ കൂടെ,
ദിവ്യന്‍മാര്‍ സ്ഥലത്തെ കള്ളന്‍മാര്‍
ലോക്കപ്പീന്ന്‌ പുറത്തിറങ്ങി പൊന്‍കുരിശ്‌ മോട്ടിച്ചു,
സത്യകള്ളന്‍ ശുദ്ധന്‍ പൊന്നുതോമ.

ഉണ്ടക്കണ്ണനന്ത്രു (ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ...)
ഉണ്ടക്കണ്ണന്‍ വിക്കനന്ത്രു, പിച്ച ചക്കര വ്യാപാരി അന്ത്രു
രണ്ടണ ലാഭിക്കാന്‍ കെട്ടീ, വീട്ടുവേലക്കാരി ഭാര്യയായി

എട്ടുകാലി മമ്മൂഞ്ഞ്‌ (എല്ലാരും ചൊല്ലണ്‌......)
എട്ടുകാലി മമ്മൂഞ്ഞ്‌ കോട്ടുസാഹിബ്‌ മമ്മൂഞ്ഞ്‌,
നാട്ടില്‌ ഗര്‍ഭം കാണേ വീമ്പിളക്കും, ഞമ്മളാണ്‌, അത്‌ ഞമ്മളാണ്!
ആണല്ല പെണ്ണല്ല കപ്പടാ മീശേണ്ട്‌, കൂടെക്കൂടെ പിരിക്കും
'അടേ, സങ്കതി അറിഞ്ഞാ?'

സൈനബാ : ഉടുരാജമുഖീ, മൃഗരാജകടി ഗജരാജ വിരാജിത മന്ദഗതി

(വിളിച്ചതെന്തിന്‌): വെളുത്തതെല്ലാം പാലല്ല, പൂത്തതെല്ലാം കായല്ല
മൂത്തതെല്ലാം മാങ്ങയല്ല , മെനഞ്ഞതെല്ലാം കുടവുമല്ല
തട്ടമിട്ടും (ഹൊയ്‌ ഹൊയ്‌), പൊട്ടു തൊട്ടും (ഹൊയ്‌ ഹൊയ്‌),
കൊലുസണിഞ്ഞും പെണ്ണാവില്ല.

(കൊച്ചീ മട്ടാഞ്ചേരി...):
കടുവാക്കുളം പഞ്ചായത്തില്‌ അക്കരമേട്ടില്‌ താമസിക്കണ
മുച്ചീട്ട്‌ പോക്കര്ടെ മോളാണ്‌
കനകക്കട്ടിയാണ്‌, കല്‍ക്കണ്ട 'ഖനി'യാണ്‌
കാട്ടാറിന്‍ ചേലാണ്‌, കണിയാണ്‌, കണ്ണിന്‍ മണിയാണ്‌.
കക്ഷീ കടലാണ്‌, കനവാണ്‌, കനിവാണ്‌
കട്ടായം കരളാണ്‌ കഥയാണ്‌, കടങ്കഥയാണ്‌.

(വെളുക്കുമ്പൊ)
കുളിക്കുന്ന കടവീന്ന് ഏത്തക്കുല മോട്ടിച്ചോള്‌, കച്ചോടക്കാരി സൈനബാ
അപ്പം, പുട്ട്‌, പക്കുവട, പിന്നെ കടല പുഴുങ്ങീത്‌, കടമായി കൊടുക്കുന്നവളാ
കൃത്യം കണക്ക്‌ സൂക്ഷിക്കുന്നവളാ!

(അപ്സരസാണെന്‍റെ) തൊരപ്പന്‍ പൂജ്യം അണ, ഡയ്‌വര്' പൂജ്യം അണ
എട്ടുകാലി, തോമ, ആനവാരി അങ്ങനെ..

രാജാ! വയ്‌ രാജാ, വാ രാജാ, രാജാ! ഒന്ന്‌ വച്ചാ രണ്ട്‌, രണ്ട്‌ വച്ചാ നാല്‌!
പുള്ളി വച്ചാ ഞമ്മക്ക്‌! രൂപ വച്ചാ നിങ്ങക്ക്‌!
രാജാ! നോക്കി വച്ചോ ,വയ്‌ രാജാ, രാജാ!

കെട്ടും! കെട്ടും! കെട്ടും! സൈനവക്കോതയെ കെട്ടും!
ഞമ്മള്‌ ശൊല്ലും സത്യം താന്‍, ഇത്‌ കാലം തെളിയിക്കും സത്യം താന്‍!
മൂരാച്ചീ, സൂക്ഷിച്ചോളൂ! ഖല്‍ബിനകത്തെ ലോക്കപ്പിലാണവള്‍!

(കദളിവാഴ):
കടുവാക്കുഴി ചന്തേല്‌ പൊങ്ങി, പോക്കരുടെ ചീട്ടുകളി,
അറം പറ്റീ ചീട്ടുകളി -കാരണമെന്താ? -
അറാംപിറന്നോന്‍ മുത്തപാ!

(കന്നിപ്പളുങ്കേ..) പോക്കര്' തോറ്റു, മണ്ടന്‍ ജയിച്ചൂ പോക്കണംകേടായീ
പുള്ളിക്കാരന്‍റെ പുള്ളിച്ചീട്ടിന്‍റെ കള്ളി വെളിച്ചത്തായീ
പുള്ളിക്കള്ളി വെളിച്ചത്തായി.
കുത്തിയും മാറ്റിയും കുന്തിച്ചിരുന്നും
നാട്ടാരെ പറ്റിച്ച പോക്കര്' ചേട്ടനെ
പഹയന്‍, മണ്ടന്‍, മണ്ടശിരോമണി കുറ്റിയടിച്ചില്ലേ?
അങ്ങേരെ കുപ്പിയിലാക്കിയില്ലേ?!

Blog Archive