Search This Blog

Thursday, October 9, 2008

മുകുന്ദന്റെ മെഗാനോവല്‍, പ്രവാസം

നെടുവീര്‍പ്പുകളുടെ പ്രവാസം; ഒത്തുതീര്‍പ്പുകളുടേയും.

മുകുന്ദന്റെ മെഗാനോവല്‍, പ്രവാസം, നെടുവീര്‍പ്പുകളുടെയും നിശ്വാസങ്ങളുടെയും ദീര്‍ഘസമാഹാരമാണ്'. ജീവിതം പ്രവാസമാണെന്നും മരണം വരെ മനുഷ്യരെല്ലാവരും പ്രവാസികളാണെന്നും സ്വയം ഒരു കഥാപാത്രമായി വന്നുകൊണ്ട്‌ ഏറ്റു പറയുകയാണ്‌ മയ്യഴിയുടെ ചരിത്രകാരന്‍. മുകുന്ദന്‌ മുൻ‌പ്‌ ആ ചരിത്രംപറയല്‍ ദൌത്യം നോവലില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്‌ സഞ്ചാരസാഹിത്യകാരനായ എസ്‌.കെ.പൊറ്റെക്കാടും. ക്രാഫ്റ്റിലെ ഈ 'പുതുമ' കഴിഞ്ഞാല്‍ കരുണാര്‍ദ്രമായ മനസോടെ ഏറെ ജീവിതങ്ങള്‍ പകര്‍ത്തി വക്കുന്ന ഫീച്ചറെഴുത്തുകാരനെ കാണാം. കണ്ടുമുട്ടിയ കഥാപാത്രങ്ങളുടെ ഡി.എന്‍.എ. വരെ പിടിയുള്ള എല്ലാമറിയുന്നവന്‍-എഴുത്തുകാരനേയും.

ജീവിതം കുമ്പസാരിക്കുന്ന ആ കഥാപാത്രങ്ങള്‍ നിരവധിയാണ്‌: ജന്‍മിയുടെ മകനായിട്ടും പണിയെടുക്കാനും നാട്വേള്‌ കാണാനും ബര്‍മ്മയിലേക്ക്‌ ഒരുപ്പോക്ക്‌ പോയ കൊറ്റ്യത്ത്‌ കുമാരന്‍; കുമാരന്റെ ജീവിതത്തില്‍ നിന്നും ജപ്പാന്‍ പട്ടാളക്കാര്‍ പാവ പോലെ എടുത്തു കൊണ്ടുപോയ ബര്‍മ്മക്കാരി കതീശ; രണ്ടാംലോകമഹായുദ്ധകാലത്ത്‌ നാസികളാല്‍ വെടിവച്ചു കൊല്ലപ്പെട്ട മിച്ചിലോട്ട്‌ മാധവനെന്ന വിപ്ളവകാരിയെ ആരാധിച്ച കെള്ളോത്ത്‌ സുനന്ദ; സ്വന്തം കിടപ്പുമുറിയില്‍ മാതാപിതാക്കളെ കയറ്റാത്തയത്ര തന്റേടസ്വകാര്യത സൂക്ഷിക്കുന്ന ടീനേജ്‌ മകളെപ്പറ്റി ആധി കൊള്ളുന്ന അമേരിക്കന്‍ മലയാളി ദമ്പതികള്‍; സാഹിത്യകാരന്‍ പി.കെ.പി.യുടെ 'തീപ്പൊരി' പ്രസംഗം കേട്ട്‌ നിരാശനായിപ്പോകുന്ന ഗൌരവ വായനക്കാരന്‍, ദുബായിലെ സുധീരന്‍; ഓലവീടായതിനാല്‍ കാമുകിയെ നഷ്ടപ്പെടുമെന്ന വിചാരത്താല്, സലാലയില്‍ എല്ലു മുര്രിയെ പണിയെടുക്കുന്ന നാഥന്‍; കമ്യൂണിസ്റ്റ്‌ എം.എല്‍.എ. ഗിരി; പാര്‍ട്ടി നേതാവിന്റെ അമേരിക്കന്‍ എം.ബി.എ.ക്കാരന്‍ മകന്‍ അശോകന്‍... ... അങ്ങനെ ഒരുപാടൊരുപാട്‌ കഥാപാത്രങ്ങളിലൂടെ, അവരുടെ 'ഈശ്വരാ' നിശ്വാസങ്ങളിലൂടെ (എത്ര തവണയാണ്‌ മുകുന്ദനത്‌ പ്രയോഗിച്ചിരിക്കുന്നത്‌! ഈശ്വരാ!) ഒരു നൂറ്റാണ്ടിന്റെ പ്രവാസചരിതം പറയുന്നു മുകുന്ദന്‍, പകുതി ആത്മകഥയായും ആത്മരതിയായും; പകുതി പരദയയായും, പരദൂഷണമായും. വായനക്കാര്‍ക്ക്‌ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ വായനാനുഭവമാണ്‌ മുകുന്ദന്റെ കരവിരുത്‌ 'പെര്‍ഫോം' ചെയ്യുന്നത്‌. ഏറെ കാണാം; ഏറെ കേള്‍ക്കാം; ഒന്നുമെടുക്കാതെ തിരികെ പോരാം.

1930 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലൂടെ മുറിഞ്ഞും മുറിയാതെയും, നേര്‍ക്കും അല്ലാതെയും വന്നു മറയുന്ന 'പ്രവാസികളില്‍' കേന്ദ്രസ്ഥാനത്ത്‌ കൊറ്റ്യത്ത്‌ തറവാട്ടിലെ അഞ്ച്‌ തലമുറകളുണ്ട്‌ -ജനറേഷന്‍ ഗ്യാപ്‌ നന്നായി വെളിപ്പെടുത്തിത്തന്നെ. മൂല്യങ്ങളുടെ നിരാസമല്ല, കാഴ്ചപ്പാടുകളുടെ വിശാലതയാണ്‌ കാലമേറുന്തോറും വളരുന്നതെന്ന്‌ ചരിത്രകാരന്റെ സാക്ഷ്യം. എന്നാല്‍, ചരിത്രകാരന്റെ കാഴ്ചപ്പാടോ? 'അമേരിക്കന്‍ മണ്ണില്‍ കാലു കുത്തിയ ശേഷം അശോകന്‍ സംസാരിച്ചത്‌ (യൂണിവേഴ്സിറ്റി കാമ്പസിലെ) ഒരു ആഫ്രിക്കക്കാരിയോടാണ്‌, സായ്‌വിനോടല്ല എന്നതില്‍ സന്തോഷം തോന്നിയെന്ന്‌ കഥ പറയുന്നയാള്‍. അതിന്‌ കാരണമൊന്നും പറയുന്നില്ല കഥാകാരന്‍. അമേരിക്കന്‍ വിരോധം ഫാഷനായി കൊണ്ടുനടക്കുന്ന വായനക്കാരുമായുള്ള ഒത്തുതീര്‍പ്പാവാം കാരണം. പക്ഷേ, എയര്‍പോര്‍ട്ടില്‍ നിന്നും യൂണിവേഴ്സിറ്റിയിലേക്ക്‌ ടാക്സിയില്‍ പോയ അശോകന്‍ ടാക്സിക്കാരനോടെങ്കിലും സംസാരിച്ചില്ലെന്നോ?

മുകുന്ദന്റെ രചനാപാടവം, അനേകം കഥ-ഉപകഥളിലൂടെ, ഗ്രാമ നഗര ചിത്രങ്ങളിലൂടെ, സംഭവ സങ്കീര്‍ണ്ണ ചിത്രീകരണങ്ങളിലൂടെ അദൃശ്യമായ കണ്ണി പോലെ കടന്നു പോകുന്നു. മലയാളി എന്നും 'നെഞ്ചേറ്റി'യിട്ടുള്ള പ്രണയം, വിരഹം, കിനാവ്‌, പ്രതീക്ഷ, ഗൃഹാതുരത, മണ്ണ്‌, മദ്യം (എത്രയോ ബ്രാന്‍ഡുകളുടെ ഒരു ഡയറക്ടറിയാണ്‌ പ്രവാസം!) ഭൂമികയാക്കി, നമുക്കറിയാവുന്ന കാര്യങ്ങള്‍, നമ്മെ ഷോക്കടിപ്പിക്കാതെ,സ്നേഹത്തോടെ പറഞ്ഞു തരുന്നു മുകുന്ദന്‍. അത്യന്തം സിനിമാറ്റിക്കായ ഒരു ഭാഗം: നാഥന്‍ കാമുകി രാധയെ കാണുകയാണ്‌. രാത്രി. അവര്‍ക്കിടയില്‍ രാധയുടെ വീടിന്റെ ജന്നല്.

'ഒന്ന്‌ വെളക്ക്‌ കത്തിക്ക്‌, നെന്റെ മുഖമൊന്ന്‌ കണ്ടോട്ടെ.
അയ്യോ, ആരെങ്കിലും കാണും.
ആരും കാണില്ല. കത്തിക്ക്‌.
പറഞ്ഞു തീരുന്നതിന്‌ മുമ്പ്‌ അവള്‍ തീപ്പെട്ടിയുരച്ചു. അതവള്‍ മുന്‍കൂട്ടി കരുതിയിരുന്നു. ഇരുട്ടില്‍ പെട്ടെന്നു തെളിഞ്ഞ ആ മഞ്ഞവെളിച്ചത്തില്‍ അവളുടെ മുഖം അയാള്‍ ഒരു നോക്ക്‌ കണ്ടു. ഒരു നോക്കു മാത്രം. അപ്പോഴേക്ക്‌ തീപ്പെട്ടിത്തിരി മഴക്കാറ്റില്‍ അണഞ്ഞു. അവള്‍ വീണ്ടും ഉരച്ചു. അവസാനത്തെ കൊള്ളിയും തീരുന്നത്‌ വരെ. ഇരുട്ടില്‍ വെളിച്ചത്തിന്റെ മഞ്ഞച്ചായത്തേപ്പ്‌ തെളിയുകയും മായുകയും ചെയ്തു.
അവസാനം വീണ്ടും ഇരുട്ട്‌. ഇരുട്ടില്‍ നിറഞ്ഞു വീഴുന്ന കറുത്ത മഴ.'


ഈ നാഥന്‍ ഗള്‍ഫില്‍ പോയി പച്ചക്കറിത്തോട്ടത്തിലെ ഡ്രൈവറായി പ്രമോഷനായി, കാമിച്ച പെണ്ണിനെ കെട്ടാനുള്ള യാത്രക്ക്‌ തയ്യാറെടുക്കുമ്പോഴാണ്‌ നാട്ടുകാരി മെഹ്‌റുന്നീസ 'ഡാംസല്‍ ഇന്‍ ഡിസ്ട്രസ്‌' ആയി, നാഥന്റെ കഥയില്‍ വില്ലന്‍നിമിത്തമായി പ്രത്യക്ഷപ്പെടുന്നത്‌. ഇഖാമ (റസിഡന്റ്‌ പെര്‍മിറ്റ്‌) ഇല്ലാത്ത അവളെ 'നാഥിച്ച'തിന്‌ അയാള്‍ പൊതുനിരത്തില്‍ വച്ച്‌ ചാട്ടവാറടിയേറ്റ്‌ അഴിക്കുള്ളിലായി. സംഘടനയുടെ വകയാണെന്നും പറഞ്ഞ്‌ നന്‍മ നിറഞ്ഞവന്‍ സുധീരന്‍, നാഥന്റെ അച്ഛന്‌ സാമ്പത്തികസഹായം ചെയ്യുന്നുമുണ്ട്‌.

പ്രവാസം നന്‍മകളാല്‍ സമൃദ്ധമാണ്‌. ലോകം ചെറുതാണ്‌, ജീവിതം വലുതും എന്നൊരു സന്ദേശമുണ്ടിതില്‍. ഏറെ ജീവിതങ്ങളെ അവതരിപ്പിച്ചുവെന്നതിന്റെ ന്യായീകരണവുമുണ്ടതില്‍. ന്യായീകരിക്കാന്‍, കഥാപാത്രബാഹുല്യം ഒരു കുറ്റമല്ല. ലോകമെമ്പാടും പടര്‍ന്നു കിടക്കുന്ന മലയാളിപ്രവാസജീവിതത്തെ വരച്ചുകാട്ടണമെങ്കില്‍, കഥാപാത്രങ്ങള്‍ക്ക്‌ വ്യക്തിത്വമുണ്ടാകണമെങ്കില്‍, 432 പേജുകള്‍ പ്രവാസത്തെപ്പോലെ വലിയ കാന്‍വാസുള്ള നോവലിന്‌ ആവശ്യമായിരിക്കാമെങ്കിലും വൃഥാസ്ഥൂലത മുകുന്ദന്‌ ഒഴിവാക്കാമായിരുന്നുവെന്നാണ്‌ ചില ഭാഗങ്ങള്‍ തോന്നിപ്പിക്കുക. രാമദാസിന്റെ വീട്ടില്‍ വച്ച്‌ കഥ പറയുന്ന ആള്‍ കെ.കരുണാകരനെയും പത്മജയെയും കാണുന്നത്‌ രസം. പത്മജയുമായുള്ള സംഭാഷണം, അതിരസം.

പ്രണയത്തിനായി ചെവി മുറിച്ച വാന്‍ഗോഗിനെപ്പോലെ (!) ഗിരിയും കാമുകി സുനന്ദക്ക്‌ വേണ്ടി ചെവി മുറിച്ചത്രെ! വാന്‍ഗോഗ്‌ മുറിച്ചെവിയനായത്‌ അപകടം മൂലമോ കാമിനി മൂലമോ എന്നത്‌ സംവാദപിന്നാമ്പുറത്തെ നേരംകൊല്ലി ഗവേഷണ വിഷയമാണ്‌. എഴുത്തുകാരനിലെ, ഇവിടെ റിപ്പോര്‍ട്ടറിലെ, കാല്‍പനികന്‍ യഥാതഥനെ കീഴ്പ്പെടുത്തുന്നതിന്‌ മറ്റൊരു 'ഇര'യാണ്‌ ഗള്‍ഫുകാര്‍. മുകുന്ദന്‌ അവര്‍ ലേബര്‍ ക്യാംപുകാര്‍ മാത്രമാണ്‌. വല്ലാത്ത റൊമാന്റിസിസം തന്നെ. അറബികള്‍ നല്ലവരാണെന്ന്‌ പറഞ്ഞിട്ട്‌, 'മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പി..., കക്കൂസ്‌ പോലും (!) കഴുകിച്ചിട്ട്‌..., മോന്തിക്ക്‌ പെണ്ണുങ്ങള്‌ ഓനെ (തോട്ടക്കാരന്‍ ഹമീദിനെ) കണ്ണടയ്ക്കാന്‍ സമ്മതിക്കില്ലെന്നൊരു വൈല്‍ഡ്‌ ഫാന്റസിയും!

പ്രവാസികള്‍, അഥവാ വിദേശമലയാളികള്‍, അര്‍ത്ഥം ദ്യോതിപ്പിക്കുന്നതു പോലെ നാടു കടത്തപ്പെട്ടവരല്ല, നാട്‌ വിട്ട്‌ പോന്നവരാണ്‌. കാല്‍പനികത കലര്‍ത്തിപ്പറഞ്ഞാല്‍, സാഹചര്യങ്ങളാല്‍ നാട്‌ കടത്തപ്പെട്ടവരാണ്‌. കാല്‍പനികത അവിടെ തീര്‍ന്നു. ഗൃഹാതുരതയൊക്കെ, വീണേടം വിഷ്‌ണുലോകമാക്കിയ മലയാളി എന്നേ മറന്നിരിക്കുന്നു!

എന്നാൽ വായന രസാവഹമാക്കുന്ന, വായന എന്റര്‍ടെയിന്‍മെന്റുമാണ്‌, ചേരുവകളാല്‍ സമ്പന്നമാണ്‌ പ്രവാസം (ലക്ഷ്മി എന്‍. മേനോന്റെ വൈക്കോല്‍ ആര്‍ട്ടുമായി അഞ്ച്‌ വ്യത്യസ്ത കവറുകളിലാണ്‌ പ്രവാസം ഇറങ്ങിയിരിക്കുന്നത്‌). മയ്യഴിയിലെ ജാലവിദ്യക്കാരന്‍ അല്‍ഫോന്‍സച്ചന്‍ മരിച്ചപ്പോള്‍ മലബാറിലെ ഓരോ ടൌണിലും പുതിയ മാന്ത്രികര്‍, ദുബായിയച്ചന്‍, അബുദാബിയച്ചന്‍, ഷാര്‍ജയച്ചന്‍... പ്രത്യക്ഷരായെന്ന്‌ ഒരു നിരീക്ഷണം. ദുബായില്‍ വരുന്നതിന്‌ മുമ്പ്‌ നല്ലൊരു വായനക്കാരിയായിരുന്ന സൌമിനിട്ടീച്ചറിന്റെ ലൈബ്രറി സ്വര്‍ണ്ണാഭരണങ്ങളുടെ ലൈബ്രറിയായി മാറിയെന്നും ഡി.സി.ബുക്ക്സിന്റെ സ്ഥാനം മലബാര്‍ ഗോള്‍ഡ്‌ കൊണ്ടുപോയെന്നും മറ്റൊന്ന്‌.

സുഭാഷ്‌ ചന്ദ്രന്റെ 'ബ്ളഡിമേരി'യിലേതു പോലുള്ള തീവ്രാനുഭവങ്ങള്‍ (ഒരു ഗള്‍ഫ്‌ വേലക്കാരി പിഴച്ചു പെറ്റ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കുന്ന കഥ) ചിത്രീകരിച്ചാല്‍ തന്റെ ബൃഹദ്‌ നോവലിന്റെ സാര്‍വലൌകികത നഷ്ടപ്പെടുമെന്ന്‌ കൃതഹസ്തനായ മുകുന്ദനറിയാം. അതിനാല്‍ അദ്ദേഹം മാജിക്കല്‍ റിയലിസത്തിന്റേയോ മറ്റ്‌ മാജിക്കുകളുടേയോ പിന്നാലെ പോകാതെ നമ്മുടെ മിഡില്‍ക്ളാസ്‌ മാനസികാവസ്ഥക്ക്‌ രുചിക്കും വിധം ആയാസരഹിതമായ വായനനാനുഭവം സമ്മാനിക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവും കൂട്ടിയിണക്കിയും, യാത്രാവിവരണവും ആത്മകഥയും വിളക്കിച്ചേര്‍ത്തും, വ്യക്തിത്വങ്ങളിലൂടെയും സംഭവങ്ങളിലൂടെയും 'ജംപ്കട്ട്‌' ചെയ്തും, ആത്മപരിശോധന നടത്തിയും, ചിരിച്ചും കരഞ്ഞും മുകുന്ദന്‍ ഈ കഥാപാത്രങ്ങളുടെ മുന്നില്‍ക്കയറി നടക്കുന്നു. റംഗൂണ്‍ നഗരത്തെരുവുകളിലെ കച്ചവടക്കാരെക്കുറിച്ചോ, കല്‍ക്കത്തയിലെ റിക്ഷാക്കാരെക്കുറിച്ചോ, ബഹ്‌റൈനിലെ ലേബര്‍ ക്യാംപുകളെക്കുറിച്ചോ, ഡല്‍ഹി, മാഹി, മിനസോട്ട നഗരങ്ങളിലെ മനുഷ്യപ്രകൃതിയെക്കുറിച്ചോ പറയുമ്പോഴും ഏറ്റക്കുറച്ചിലുകളില്ലാതെ വരുന്ന സമാനതയും, പ്രവാസകഥാപാത്രങ്ങളെ അവരുടെ സങ്കീര്‍ണ്ണത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരേ ജീവിതരേഖയില്‍ സന്ധിപ്പിക്കുന്നതും മുകുന്ദന്റെ കൈയടക്കമാണെന്ന്‌ സമ്മതിക്കുമ്പോഴും, അവസാന പേജിനപ്പുറം ബാക്കിയാവുന്നതെന്ത്‌ എന്ന്‌ 40 ല്‍ പരം കഥാപാത്രങ്ങളെ പരിചയിച്ച വായനക്കാരന്/ക്കാരി ചോദിച്ചേക്കാം. ജീവിതം ഒരു പ്രവാസമാണെന്ന്‌ അനുഭവിപ്പിക്കാന്‍ അപ്പോഴും മുകുന്ദന്‌ കഴിഞ്ഞോ? സംശയമാണ്‌.

ആഴത്തേക്കാള്‍, പരപ്പ്‌; വിവരത്തേക്കാള്‍ വിവരണം. ലോകം ചെറുതാണ്‌, ജീവിതം വലുതും എന്ന സന്ദേശത്തിന്‌, വായന ചെറുത്‌, പുസ്തകം വലുത്‌ എന്ന അനുബന്ധമാകാം.

Blog Archive