Search This Blog

Friday, November 14, 2008

മനോരമയുടെ മോതിരം/കെ.എം.മാത്യുവിന്റെ ആത്മകഥ

മാത്തുക്കുട്ടിച്ചായന്റെ മഹാഭാരതം
പക്ഷേ കെ.എം.മാത്യുവിന്റെ ആത്മകഥ, എട്ടാമത്തെ മോതിരം, 'ഇതിലില്ലാത്തതൊന്നും മറ്റൊരിടത്തുമില്ല' സ്മരണയല്ല. കേരളത്തില്‍, കണ്ടത്തില്‍ കുടുംബത്തിന്റേതായ സവിശേഷതകളോടെയുള്ള പഴംപുരാണവും, കുലമഹിമയും, കുലീനത്വവും, സഹോദരൈക്യവും എങ്ങനെ ഒരു സാമ്രാജ്യമുണ്ടാക്കിയെന്നത്‌ 'എട്ടാമത്തെ മോതിരത്തില്‍' പ്രതിഫലിക്കുന്നു. എട്ടാമത്തെ മോതിരം എന്നു വെച്ചാല്‍ അപ്പച്ചന്‍, കെ.സി. മാമ്മന്‍ മാപ്പിള, അമ്മച്ചിയുടെ സ്മരണക്കായി അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി 9 മക്കള്‍ക്കും വീതിച്ചു കൊടുത്തതില്‍ എട്ടാമനായ മാത്യുവിനു കിട്ടിയത്‌. കാലത്താളുകള്‍ ഏറെ മറഞ്ഞപ്പോള്‍ അന്നമ്മയുടെ ഓര്‍മ്മക്ക്‌ കെ. എം. മാത്യുവും മക്കള്‍ക്കായി അങ്ങനെ ചെയ്തു. ഇതിലൊക്കെ വായനക്കാര്‍ക്ക്‌ എന്തു കാര്യം എന്നു ചോദിക്കരുത്‌. കാലത്തിന്റെ വിശാലതയില്‍ സ്വന്തം ജീവിതകഥക്ക്‌ പ്രസക്തിയുണ്ടെന്ന്‌ തോന്നിയിട്ടില്ലെന്ന ആമുഖത്തോടെയാണു 512 പേജുള്ള ആത്മകഥ തുടങ്ങുന്നത്‌. ആത്മകഥയാവുമ്പോള്‍ ആത്മപ്രശംസ സ്വഭാവികം. അത്‌ ഒട്ടൊക്കെ കണ്ണടച്ചാല്‍ ഒരു കാലത്തിന്റെ ചിത്രം കിട്ടും. ഒപ്പം ഒരു തൊണ്ണൂറുകാരന്റെ അറുപഴഞ്ചനല്ലാത്ത വിചാരവികാരങ്ങളും.

ഇന്ത്യന്‍ പത്രരംഗത്തെ ആദ്യത്തെ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിയാണു മനോരമ. മൂലധനമുണ്ടാക്കാന്‍ വേണ്ടി വറുഗീസ്‌ മാപ്പിള 1888 ല്‍ 100 രൂപ വീതമുള്ള 100 ഓഹരി വിറ്റു. പകുതിയിലേറെയും ഓഹരികള്‍ കുടുംബാംഗങ്ങള്‍ തന്നെ എടുത്തു. 1890 മാര്‍ച്ചിലാണൂ 'പത്രമുത്തശ്ശി' അച്ചടിരൂപത്തില്‍ ആദ്യം പുറത്തു വരുന്നത്‌. ഒന്നാം പേജില്‍ നിറയെ പരസ്യങ്ങളായിരുന്നു. 1947 ല്‍ പുന:പ്രസിദ്ധീകരണത്തിനു ഒന്നാം പേജില്‍ ഇ.എം.കോവൂരിന്റെ 'ആഡംബീഡ്‌' എന്ന നോവലും. മനോരമയിലെ മുക്കാല്‍ നൂറ്റാണ്ടിനിടക്ക്‌ മാത്യു ഏറെ കണ്ടു. കല്ലച്ചില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ വരെ; 25,000 കോപ്പിയില്‍ നിന്നും 16 ലക്ഷം പ്രചാരത്തിലേക്കുള്ള ദൂരം; മണിക്കൂറില്‍ 75,000 കോപ്പി കളറില്‍ അച്ചടിച്ച്‌ പത്രം മടക്കി, എണ്ണിത്തരുന്ന ഹാരിസ്‌ എന്ന അമേരിക്കന്‍ പ്രസ്സ്‌...

ഓര്‍മ്മകളുടെ ഒരു ചാകര തന്നെ അടിച്ചു കയറുന്നുണ്ട്‌ 'മോതിര'ത്തില്‍: ആലപ്പുഴയിലെ കുപ്പപ്പുറത്ത്‌ മാമ്മന്‍മാപ്പിളക്കുണ്ടായിരുന്ന 300 ഏക്കറിലെ നിലത്ത്‌ മുപ്പതിനായിരം പറ നെല്ല്‌ കൊയ്തത്‌; തിരുവല്ലയിലെ തിരുമൂലപുരത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ സ്കൂളിനായി വറുഗീസ്‌ മാപ്പിള 10 ഏക്കര്‍ വിട്ടു കൊടുത്തത്‌; ഏകസഹോദരി മറിയക്കുട്ടിയുടെ പൂച്ചക്കണ്ണുകളുടെ ഓര്‍മ്മക്ക്‌, കെ.എം.ചെറിയാന്‍ ആരംഭിച്ച വളം കമ്പനിക്ക്‌ പൂച്ചമാര്‍ക്ക്‌ എന്ന്‌ പേരിട്ടത്‌; മങ്കൊമ്പിലെ പലിശക്കാരന്‍ സ്വാമിയുടെ വീട്ടില്‍ കടം തിരിച്ചു കൊടുക്കാന്‍ ചെന്നപ്പോള്‍ കണ്ട സാരിയില്‍ തൊട്ടതിനു സ്വാമി അയിത്തം കല്‍പ്പിച്ചത്‌; അയ്യങ്കാളിക്ക്‌ അമ്മച്ചി ചോറു വിളമ്പിക്കൊടുത്തത്‌;

കമ്യൂണിസ്റ്റ്‌ പച്ച പോലത്തെ ഓര്‍മ്മകളും ഇടം പിടിച്ച്‌ വീര്‍ത്ത 'മോതിരത്തില്‍' മാത്യുവിന്റെ കുട്ടിക്കാലത്തെ കളികള്‍; സി.എം.എസ്‌.കോളേജില്‍ മേശപ്പുറത്ത്‌ കമിഴ്ന്ന്‌ കിടന്ന്‌ പഠിപ്പിച്ചിരുന്ന പി.സി.ജോസഫ്‌ സര്‍; പട്ടം താണുപിള്ള മന്ത്രിസഭയിലെ ടി.എം. വര്‍ഗീസുമായി അപ്പച്ചനുണ്ടായിരുന്ന സൌന്ദര്യപ്പിണക്കം; ഇളയ സഹോദരന്‍ ബേബിയുടെ ഭാര്യ കുഞ്ഞിന്റെ സഹപാഠിയാണു ഇപ്പോള്‍ കുവൈത്തില്‍ ഡോക്ടറായ പൂണിത്ര പാപ്പച്ചന്‍...തുടങ്ങിയ വിവരങ്ങള്‍ ധാരാളം. സി.പി.രാമസ്വാമി പര്‍വം അനവധി പേജുകളും അധ്യായങ്ങളിലും കവര്‍ ചെയ്തിരിക്കുന്നു (കവര്‍ന്നിരിക്കുന്നു എന്നും പറയാം). 'സി.പി.യുടെ ക്രൂരത മനോരമയെ നിശബ്ദമാക്കിയ ആ രാത്രിയില്‍' കോട്ടയത്തും പരിസരങ്ങളിലും ഭൂമികുലുക്കമുണ്ടായെന്നും 'മനോരമയെ ഇരുട്ടിലേക്ക്‌ തള്ളി വിട്ടതില്‍ പ്രക്രുതി പോലും പ്രതിഷേധിക്കുകയായിരുന്നു എന്ന്‌ ആരൊക്കെയോ എഴുതിയിട്ടുണ്ടെന്നും' ഓര്‍ക്കുന്നു കെ.എം.മാത്യു.

കയ്പ്പുള്ള ഓര്‍മ്മകളാലും മധുരതരമാണു 'മോതിരം'. സി.പി. യുഗത്തില്‍ നിന്നും മനോരമ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ച അസ്സലാണു. 'മനോരമയുടെ കഴുത്തില്‍ ദിവാന്‍ഭരണത്തിന്റെ കൊടുവാള്‍ വീണത്‌' 1938 സെപ്റ്റംബര്‍ 9നാണു. 10, 11, 12 പൊതു അവധി. 13നു കൊച്ചി രാജ്യത്തെ കുന്നംകുളത്തു നിന്നും മനോരമ തിരുവിതാംകൂറില്‍ പറന്നുവന്നു. കുന്നംകുളത്തെ എ.ആര്.പി.പ്രസ്സ്‌ ഉടമ പുലിക്കോട്ടില്‍ ഇട്ടൂപ്പിന്റെ പെങ്ങള്‍ താണ്ടമ്മയെയാണു മാത്യുവിന്റെ ജ്യേഷ്ഠന്‍ കെ.എം.വറുഗീസ്‌ മാപ്പിള വിവാഹം ചെയ്തിരിക്കുന്നത്‌! ആ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത്‌ മറ്റൊരു ജ്യേഷ്ഠന്‍ കെ.എം.ഉമ്മന്റെ ഭാര്യ 'സാഹചര്യത്തിനനുസരിച്ച്‌ സ്വയം ക്രമീകരിക്കാന്‍ ശ്രമിച്ചു. ചേടത്തി കുറച്ചു പശുക്കളെ വാങ്ങി. വെളുപ്പാന്‍കാലത്ത്‌ പാലു കറന്നു പരിസരത്തെ വീടുകളില്‍ വില്‍പന നടത്തി. ഉരുളക്കിഴങ്ങ്‌ ചിപ്സ്‌ ഉണ്ടാക്കി അടുത്ത വീടുകളില്‍ കൊണ്ടുപോയി വിറ്റു..' മനോരമയുടെ ആസ്തികളെല്ലാം സി.പി. ലേലത്തിനായി വച്ചപ്പോള്‍ ഇത്തിക്കരയിലെ ടൈല്‍ ഫാക്ടറിയും പുനലൂരിലെ 50 ഏക്കറും, അപ്പച്ചന്റെ ഇളയ സഹോദരിയുടെ ഭര്‍ത്താവ്‌ പടിഞ്ഞാറേക്കര ചാക്കോയും പുത്രന്‍മാരും ചേര്‍ന്ന്‌ വാങ്ങി മനോരമക്കുടുംബത്തിനു തന്നെ വിറ്റു. മൈസൂറിലെ കാപ്പിത്തോട്ടവും ബലൂണ്‍ ഫാക്ടറിയും (പിന്നീട്‌ എം.ആര്‍.എഫ്‌.) ആ പത്രക്കുടുംബത്തെ സാമ്പത്തികമായി രക്ഷിക്കുകയായിരുന്നു.

കയ്ക്കുന്ന ഓര്‍മ്മകളില്‍ ബോബനും മോളിയും കേസ്‌ കല്ല്‌ കടിച്ചേക്കും. ശങ്കേഴ്സ്‌ വീക്ക്‌'ലിയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'കാലുവും മീനയും' കണ്ടാണു ബോബനും മോളിയും പംക്തി ആരംഭിച്ചതെന്നും ആ പേര്‍ നിര്‍ദ്ദേശിച്ചത്‌ മാത്യുവിന്റെ ബന്ധുവും ജീവിതനൌക സിനിമയുടെ നിര്‍മ്മാതാവുമായ കെ.വി.കോശിയാണെന്നും മാത്യു അവകാശപ്പെടുമ്പോള്‍, ആ കുട്ടിക്കുസ്രുതികള്‍ ടോംസിന്റെ അയല്‍ക്കാരാണെന്ന്‌ ടോംസും ആത്മകഥയില്‍ അവകാശപ്പെടുന്നുണ്ട്‌. (ഈ കോശിച്ചായനാണു ആര്‍ടിസ്റ്റ്‌ കെ.ജെ.മാത്യു വരച്ചു തുടങ്ങിയ പോക്കറ്റ്‌ കാര്‍ടൂണ്‍ കുഞ്ചുക്കുറുപ്പിന്റെ മോഡല്‍). കേസില്‍ മനോരമ ജയിച്ചെങ്കിലും 'കുട്ടികളെ' ടോംസിനു തന്നെ വിട്ടു കൊടുക്കാന്‍ മാത്യുവും കൂട്ടരും തീരുമാനിക്കുകയായിരുന്നത്രേ. മാത്യു തുടര്‍ന്നെഴുതുന്നു: 'ശുഭാന്ത്യം! ടോംസ്‌ ഇപ്പോഴും ഞങ്ങളുടെ നല്ല സുഹൃത്തായി തുടരുന്നു'.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മാമ്മന്‍മാപ്പിള വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന ആരോപണത്തെ ഖണ്ഡിക്കുന്നുണ്ട്‌ മാത്യു. കമ്യൂണിസ്റ്റ്‌ നേതാവ്‌ പി.ടി.പുന്നൂസുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അപ്പച്ചന്‍ പറഞ്ഞത്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റാത്ത സാഹചര്യമുണ്ടായാല്‍, ലോകം ജീവിക്കാന്‍ കൊള്ളാത്തത്താവുമെന്നും പിന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലത്‌ എന്നുമാണു. എന്തുകൊണ്ട്‌ ഇന്ദിരാഗാന്ധിയെ പിന്‍തുണച്ച പത്രം അടിയന്തരാവസ്ഥയെ എതിര്‍ത്തില്ല എന്നതിനും മാത്യുവിനു മറുപടിയുണ്ട്‌: ...ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി.നായര്‍ പറഞ്ഞു, പത്രം നിര്‍ത്തി വീട്ടില്‍ പോയിരുന്നാലും നിങ്ങള്‍ക്ക്‌ പ്രശ്നമില്ല. പക്ഷേ ഞങ്ങളൊക്കെ പട്ടിണിയിലാവും. 'അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല'.

എന്തൊരു ഡിപ്ളോമസി അല്ലേ? ആ ഡിപ്ളോമസിയാണു ഈ പുസ്തകത്തെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതും.
http://chintha.com/node/17506

1 comment:

100 pure cotton bed sheets king size said...

ഓര്‍മ്മകളുടെ ഒരു ചാകര തന്നെ അടിച്ചു കയറുന്നുണ്ട്‌ 'മോതിര'ത്തില്‍: ആലപ്പുഴയിലെ കുപ്പപ്പുറത്ത്‌ മാമ്മന്‍മാപ്പിളക്കുണ്ടായിരുന്ന 300 ഏക്കറിലെ നിലത്ത്‌ മുപ്പതിനായിരം പറ നെല്ല്‌ കൊയ്തത്‌; തിരുവല്ലയിലെ തിരുമൂലപുരത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ സ്കൂളിനായി വറുഗീസ്‌ മാപ്പിള 10 ഏക്കര്‍ വിട്ടു കൊടുത്തത്‌; ഏകസഹോദരി മറിയക്കുട്ടിയുടെ പൂച്ചക്കണ്ണുകളുടെ ഓര്‍മ്മക്ക്‌, കെ.എം.ചെറിയാന്‍ ആരംഭിച്ച വളം കമ്പനിക്ക്‌ പൂച്ചമാര്‍ക്ക്‌ എന്ന്‌ പേരിട്ടത്‌; മങ്കൊമ്പിലെ പലിശക്കാരന്‍ സ്വാമിയുടെ വീട്ടില്‍ കടം തിരിച്ചു കൊടുക്കാന്‍ ചെന്നപ്പോള്‍ കണ്ട സാരിയില്‍ തൊട്ടതിനു സ്വാമി അയിത്തം കല്‍പ്പിച്ചത്‌; അയ്യങ്കാളിക്ക്‌ അമ്മച്ചി ചോറു വിളമ്പിക്കൊടുത്തത്‌;
wamsutta extra deep pocket sheets
breathable waterproof mattress protector king

Blog Archive