Search This Blog

Saturday, November 22, 2008

സംവിധായകൻ കമൽ പറഞ്ഞത്

ഓരോ സിനിമക്ക്‌ മുന്‍പും വിഷാദരോഗം വരും: കമല്‍
സംവിധായകന്‍ കമല്‍. ഹൈപ്പര്‍താരങ്ങളെ ആശ്രയിക്കാതെ യുവപടങ്ങളെടുത്ത്‌ വിജയിപ്പിക്കാനായ മലയാളസംവിധായകരില്‍ 'അപൂര്‍വന്‍'. പൊതുവെ അഭിമുഖങ്ങള്‍ക്ക് മുഖം തിരിക്കുന്ന കമല്‍ പക്ഷേ മനസ് തുറക്കുമ്പോള്‍ സാധാരണക്കാരന്‍.
1
ആദ്യസിനിമയുടെ ആദ്യഷോട്ടില്‍ മോഹന്‍ലാലിനോട്‌ ആക്ഷന്‍ പറഞ്ഞുകൊണ്ട്‌ തുടങ്ങാനായതാണ്‌ സിനിമാജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന്‌ ഞാന്‍ ചില അഭിമുഖങ്ങളിലൊക്കെ പറഞ്ഞിട്ടുണ്ട്‌. 'മിഴിനീര്‍പൂവുകള്‍' എടുത്ത കാലമാണ്‌ (1986) അതിന്‌ കാരണം. അന്ന്‌ മോഹന്‍ലാലിനെപ്പോലൊരു താരം എന്നെപ്പോലൊരു പുതുമുഖത്തിന്‌ അവസരം തന്നത്‌ വലിയ കാര്യം. ഇന്ന്‌ സൂപ്പര്‍താരങ്ങളെ വച്ച്‌ സിനിമയെടുക്കാന്‍ പേടിയാണ്‌. അവര്‍ താരദൈവങ്ങളായി. അവരുടെ വിഗ്രഹ ഇമേജിന്‌ ക്ളാവ്‌ പിടിക്കാത്ത രീതിയില്‍ വേണം എല്ലാം. അതിനാലാണ്‌ ഞാന്‍ ചെറുപ്പക്കാരുടെ പിറകേ പോയത്‌. കൂട്ടത്തില്‍ പറയട്ടെ, പുതിയ പടത്തിലെ നായകന്‍ മോഹന്‍ലാലാണ്‌. കഥ, ശ്രീനിവാസന്‍.
2
ഓരോ സിനിമയും തുടങ്ങുന്നതിന്‌ മുൻ‌പ് വിഷാദിച്ച്‌ പനി വരാറുണ്ട്‌. 20-ആം വയസില്‍ (നാട്ടുകാരനും ബന്ധുവുമായ ബഹദൂറിന്റെ ഭാഷയില്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്), അമ്മാവന്‍ അഷ്‌റഫ്‌ പടിയത്തിന്റെ പ്രേരണയാല്‍ സിനിമാലോകത്ത്‌ കയറിച്ചെന്ന നാള്‍ മുതല്‍ എനിക്കീ വിറയലുണ്ട്‌. അഷ്‌റഫ്‌ പടിയത്ത്‌ സംവിധാനം ചെയ്ത 'ത്രാസ'ത്തിന്റെ കഥ എന്റേതായിരുന്നു. അതില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. പിന്നെ, പി.എന്‍.മേനോന്‍, ഭരതന്‍ തുടങ്ങിയവരുടെ കൂടെ. സിനിമയോടുള്ള അവരുടെ പാഷന്‍ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. ഇന്നും സിനിമാജീവിതത്തിലെ എന്റെ ഏറ്റവും വലിയ പാഠം, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത, അവരില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചത്‌.

3
ഞാന്‍ ജനിച്ചു വളർന്ന മതിലകം ഗ്രാമം (കൊടുങ്ങല്ലൂരിനടുത്ത്‌) തീരാക്കഥകളുടെ ഒരു പുസ്തകമാണ്‌. ചെറുപ്പത്തില്‍ നാട്ടിലെ ക്രിസ്ത്യന്‍ പള്ളിയില്‍ 'എംപറര്‍ നീറോ' എന്ന നാടകം ഞങ്ങള്‍ കളിക്കുകയാണ്‌. പൌലോസ്‌ ശ്ളീഹയായി ഞാന്‍. പൌലോസ്‌ ശ്ളീഹ സാവൂളായിരുന്ന കാലത്ത്‌ പറയുന്ന ഒരു ഡയലോഗുണ്ട്‌. 'ഈ ക്രിസ്ത്യാനികളെ ഞാന്‍ ഒന്നടങ്കം ചുട്ടുചാമ്പലാക്കും'. ഈ ഡയലോഗ്‌ ഞാന്‍ പറഞ്ഞതും കാണികളിലൊരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ അട്ടഹസിച്ചു. ' ആരെടാ ക്രിസ്ത്യാനികളെ ചുടാന്? കല്ലെറിഞ്ഞ്‌ കൊല്ലടാ ആ മേത്തച്ചെക്കനെ!' സ്റ്റേജിലേക്ക്‌ പിന്നെ കല്ലിന്റേയും പൂഴിമണ്ണിന്റേയും വരവായി. അച്ചന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു, 'ഇത്‌ നാടകമാണ്‌'.

4
ചെന്നൈ മദിരാശിയായിരുന്ന കാലത്ത്‌ ഉമാലോഡ്ജില്‍ ഞാന്‍ താമസിക്കുകയാണ്‌. ഞാനന്ന്‌ സിനിമാവിദ്യാര്‍ത്ഥി. ചെലവ്‌ നടക്കണമെങ്കില്‍ വീട്ടില്‍ നിന്നും മണിയോര്‍ഡര്‍ വരണം. ഒരു ദിവസം പോസ്റ്റ്‌ ഓഫീസിന്റെ വരാന്തയില്, സിമന്റ്‌ ബഞ്ചില്‍ കൂനിക്കൂടിയിരിക്കുന്ന വൃദ്ധനെ കണ്ട്‌ ഞാന്‍ ഞെട്ടി. നൂറിലേറെ സിനിമകളിലഭിനയിച്ച, 'ബാലന്റെ' തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുതുകുളം രാഘവന്‍പിള്ള! അവശകലാകാരന്മാര്‍ക്കുള്ള ഗവണ്‍മെന്റ്‌ പെന്‍ഷന്‍ കാത്തിരിക്കുന്നു!!
5
സിനിമ വേണ്ടെന്ന്‌ വച്ച അനുഭവവും എനിക്കുണ്ടായിട്ടുണ്ട്‌. 'ആരോരുമറിയാതെ' എന്ന സിനിമയുടെ കഥ ഞാന്‍ ജോണ്‍പോള്‍ അങ്കിളിനോട്‌ പറഞ്ഞു. നിര്‍മ്മാതാവ്‌ എന്റെ സുഹൃത്തിന്റെ അടുത്ത ആള്. സംവിധായകനായി എന്നെ തീരുമാനിച്ചു. പിന്നെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. സംവിധായകനായി പുതിയൊരാളെ വച്ചാല്‍ ശരിയാവില്ലെന്ന്‌ നസീര്‍സാറിനെ ആരോ ധരിപ്പിച്ചതായിരുന്നു കാരണം.
6
സവിശേഷമായ പ്രണയം എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ള തീമാണ്‌. എന്റെ ജീവിതവുമായും അതിന്‌ ബന്ധമുണ്ടെന്ന്‌ കൂട്ടിക്കൊള്ളൂ. 'ഗസലും', 'മേഘമല്‍ഹാറും' പ്രണയത്തിലെ വ്യത്യസ്തതയാണ്‌ പ്രമേയമായി സ്വീകരിച്ചത്‌. എന്നെങ്കിലുമൊരിക്കല്‍ സിനിമയാക്കണമെന്ന്‌ ഉദ്ദേശിക്കുന്ന ഇനിയൊരു പ്രണയകഥക്ക്‌ അറബ് പശ്ചാത്തലമാണുള്ളത്‌. ഒമാനിലെ എന്റെ സുഹൃത്ത്‌ അഷ്‌റഫിക്ക പറഞ്ഞ കഥയാണത്‌. അല്‍ബുസ്ഥാനിലെ ബത്തൂത്ത എന്ന ബദുപ്പെണ്‍കൊടിയെ സ്നേഹിച്ച മലയാളിപ്പയ്യന്... ...

7
'പെരുമഴക്കാല'ത്തില്‍ ദിലീപ്‌ അവതരിപ്പിച്ച അക്ബര്‍ എന്ന കഥാപാത്രം ജീവിച്ചിരിപ്പുണ്ട്‌. അടൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌. ജീവിതവും സിനിമയും നേര്‍ക്കുനേര്‍ വരുന്ന ഇത്തരം ആകസ്മികതകളുടെ കഥകള്‍ക്കായി ഞാനിപ്പോഴും കാതോര്‍ക്കുന്നു.

4 comments:

Joker said...

ഒമാനിലെ ബദവി പെണ്‍കുട്ടിയെ പ്രേമിച്ച് അകഥ മുമ്പെവിടെയോ കമല്‍ അഭിമുഖത്തില്‍ പറഞ്ഞതായി ഓര്‍ക്കുന്നു.

നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍

paarppidam said...

ബദുപെൺകുട്ടിയെ പ്രണയിച്ച കഥ എവിടെയോ കേട്ടപോലെ....കമൽ ഇനിയും പുതിയ താരങ്ങളെ വച്ച് ചിത്രം ചെയ്യട്ടെ.ഇല്ലെങ്കിൽ നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങൾ.എന്തായാലും മമ്മൂട്ടിയും മോഹൻലാലുuം 16 കാരികൾക്കൊപ്പം പ്രണയിച്ചുനടക്കുന്നതും പാട്ടുപാടുന്നതും ഒക്കെ അറുബോറായിരിക്കുന്നു.

നല്ല ഒരു പ്രണയകഥയുമായി കമൽ വരും എന്ന് കരുതം.

ആചാര്യന്‍... said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

സുനില്‍ കെ. ചെറിയാന്‍ said...

ബദുപ്പെൺകുട്ടിയുടെ കഥ എവിടെയൊക്കെയോ വായിച്ച ഓർമ്മയിൽ ഞാൻ ചോദിച്ചപ്പോൾ കമൽ കൂടുതൽ അതേപ്പറ്റി പറഞ്ഞതാണു പോസ്റ്റിൽ. പ്രണയത്തിന്റെ ഭാഷ ഇപ്പോ മാറിയിരിക്കണു (നാറിയിരിക്കണു എന്നും പറയാം). സന്തോഷം ജോക്കർ, പാർപ്പിടം!ആചാര്യൻ, വോട്ട് ആർക്ക് ചെയ്യണമെന്നു കൂടെ പറയൂ!

Blog Archive

Follow by Email