ടോള്‍സ്റ്റോയി ചരമശതാബ്‌ദി ഈ മാസം
കുലീന ജന്മി, ലിയോ ടോള്‍സ്‌റ്റോയി പ്രഭു, മധ്യ ഏഷ്യയിലെ കുടുംബ എസ്‌റ്റേറ്റ് വീട്ടിലിരുന്നാണ്,മുപ്പത്തന്‍ച് വയസില്‍ യുദ്ധവും സമാധാനവും എഴുതുന്നത്. ഏഴ് ലക്ഷം വാക്കുകള്‍, അഞ്ഞൂറ്റി മുപ്പത്തിയൊന്‍പത് കഥാപാത്രങ്ങള്‍, നോവല്‍ നിര്‍വചനത്തിനപ്പുറം നില്‍ക്കുന്ന പരന്ന കാന്‍വാസും ചരിത്രവുമായി, ആഖ്യാനത്തിലെ സങ്കീര്‍ണ്ണ വൈവിധ്യങ്ങളുമായി യുദ്ധവും സമാധാനവും എന്ന സാഹിത്യ-എവറസ്‌റ്റ് ഇപ്പോഴും - എനിക്ക് ഉറക്കം കിട്ടുന്നില്ല എന്ന് പറയുന്ന അഫ്‌ഗാന്‍ പട്ടാളക്കാരുടെ കാലത്തും - തലയുയര്‍ത്തി നില്‍ക്കുന്നു.
സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിലെ ഒരു സൊസൈറ്റി ലേഡിയുടെ വീട്ടിലെ സയാഹ്‌ന വിരുന്നില്‍ നിന്നും ആരംഭിക്കുന്ന നോവല്‍ കുറേ വ്യക്തികളെ പരിചയപ്പെടുത്തുന്നു. കാലം ആയിരത്തി എണ്ണൂറ്റി ആറ്. നെപ്പോളിയന്‍ എന്ന ഭീകരന്‍ യൂറോപ്പാകെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. സായാഹ്‌ന വിരുന്നിലെ ഗോസിപ്പുകള്‍ക്കിടയില്‍ നെപ്പോളിയന്‍-ഭയവും പ്രതിഫലിക്കുന്നുണ്ട്. ചരിത്രത്തിലെ ഒരു താളില്‍ നിന്നും പുറത്തു ചാടി എല്ലാവരെയും പേടിപ്പിച്ച ചെറു സംഭവത്തില്‍ നിന്നും കുലീന കുടുംബങ്ങളിലെ അകത്തളങ്ങളിലേക്ക് നിരീക്ഷകന്‍റെ ചൂട്ടുമായിട്ടാണ്, ടോള്‍സ്റ്റോയി തുടര്‍ന്ന് പോവുക. വീട്ടകം, സ്‌നേഹം, കുശുമ്പ്, ആഗ്രഹങ്ങള്‍, ധനം കൊണ്ടുവന്ന അലസത, ഇല്ലാത്ത വിയര്‍പ്പ് ഒരിക്കലും പൊടിയാതിരിക്കാനെന്നോണം വിയര്‍പ്പ് തുടക്കാന്‍ നേരമില്ലാതെ പണിയെടുക്കുന്ന സേവകര്‍. ടോള്‍സ്‌റ്റോയി പക്ഷെ സമ്പന്നരുടെ കറുത്ത മുഖം മാത്രം കാണിക്കുന്നതില്‍ വ്യാപ്രുതനല്ല. അവര്‍ക്കിടയിലും പാവം മുതലാളിമാരുണ്ട്. ആത്മാവില്‍ ദരിദ്രരായ സമ്പന്നര്‍.
നെപ്പോളിയന്‍റെ ഫ്രാന്‍സും പാവങ്ങളുടെയും മുതലാളിമാരുടെയും റഷ്യയും തമ്മില്‍ യുദ്ധമായി. ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത ചരിത്രമുള്ള ടോള്‍സ്റ്റോയി യുദ്ധാന്തരീക്ഷം വര്‍ണ്ണിക്കുമ്പോള്‍ വ്യക്തികള്‍ക്കാണ് പ്രാധാന്യം. സാധാരണ പട്ടാളക്കാരുടെ സാധാരണ സംസാരം മുതല്‍ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുവാന്‍ അധികാരമുള്ളവരുടെ വലിയ ചര്‍ച്ചകള്‍, മോസ്‌കോയെ ഭസ്‌മമാക്കിയ നെപ്പോളിയ ശൌര്യം, അത് അവശേഷിപ്പിച്ച ഛിന്നഭിന്ന ജീവിതസ്വപ്‌നങ്ങള്‍ എല്ലാം ഈ അസാധാരണ നോവല്‍ പകര്‍ത്തുന്നു.
ചെറിയ വീട്ടുകാര്യങ്ങള്‍, വന്‍യുദ്ധങ്ങള്‍, നായാട്ട്, രണ്ട് പേര്‍ തമ്മിലുള്ള സംസാരം, പ്രേമബന്ധങ്ങള്‍, വിവാഹങ്ങള്‍, പീഡനങ്ങള്‍ തുടങ്ങിയവയൊക്കെ ടോള്‍സ്‌റ്റോയി വിവരിക്കുമ്പോള്‍ അടിയൊഴുക്കായി ഒഴുകുന്നു ജീവിതം എന്ന മഹാ ചലനാത്മകത; അതിന്‍റെ എല്ലാ സാന്ദര്‍ഭികതകളോടെയും അനിശ്ചിതത്വങ്ങളോടെയും.
പട്ടാളക്കാര്‍ യുദ്ധഭൂമിയില്‍ നിന്നും അവരുടെ വീടുകളിലേക്ക് പോകുമ്പോള്‍ യുദ്ധത്തില്‍ നിന്ന് സമാധാനത്തിലേക്കാണവരുടെ തീര്‍ത്ഥാടനം. ഒരോരുത്തരുടെയും യുദ്ധാനുഭവങ്ങള്‍ വ്യത്യസ്തവും വൈവിധ്യവുമാണ്. ഒരു മഹായുദ്ധത്തില്‍ വ്യക്തിഗത തീരുമാനങ്ങളേക്കാള്‍ ഈശ്വരപരിപാലനത്തിനായിരിക്കാം മുന്‍തൂക്കം. നമുക്ക് മരണമെന്നു പറയുന്നത് ദൈവത്തിന് അല്ലെങ്കില്‍ കാലത്തിന്‍റെ കണ്ണില്‍ മറ്റൊന്നിന്‍റെ നാന്ദിയാകാം.
യുദ്ധാനന്തരം ആത്മീയതയിലേക്ക് യാത്ര തുടരുന്ന നോവല്‍ അതിന്‍റെ വിരസ വിവരണ ഭൂമിക വിട്ട് ആദി മധ്യാന്തമെന്നോ തുടരന്‍രസമെന്നോ ഒക്കെയുള്ള ചട്ടക്കൂട് ഭേദിച്ച് മുന്നേറുന്നു. ആന്‍ഡ്രൂ രാജകുമാരന്‍ മരണശയ്യയില്‍ കിടന്ന് കാണുന്ന സ്വപ്നം നോവലിന്‍റെ അത്തരമൊരു ചൈതന്യത്തിന് ഉദാഹരമാണ്. മരണം വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ രാജകുമാരന്‍ വാതില്‍ ശക്തമായി തള്ളിപ്പിടിക്കുന്നു. മല്‍പ്പിടിത്തത്തില്‍ ഇരുവര്‍ക്കുമിടയില്‍ നൈമിഷികമായി നിന്ന വാതില്‍ പൊളിഞ്ഞു വീണു. അന്നേരം പരിചാരകന്‍ രാജകുമാരനെ വിളിച്ചുണര്‍ത്തുകയാണ്, എണീക്കൂ. രാജകുമാരന്‍ മരണത്തിലേക്ക് ഉണര്‍ന്നു. കണ്ണടക്കാനായി കണ്ണ് തുറന്നത് നമുക്ക് മറ്റൊരു കാഴ്‌ച തരാനെന്നോണം.
എല്ലാ ഗോസിപ്പുകള്‍ക്കും സുഖഭോഗാലസ്യങ്ങള്‍ക്കുമപ്പുറം എല്ലാവരും ജീവിതത്തിന്‍റെ മഹാ അര്‍ത്ഥം അന്വേഷിക്കുന്നുണ്ടെന്ന് ടോള്‍സ്റ്റോയി ഓര്‍മ്മപ്പെടുത്തുന്നു. ദൈനംദിനജീവിതത്തിന്‍റെ സാധാരണതകളില്‍ സന്തോഷം കണ്ടെത്തേണ്ടതാണ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്; ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ബന്ധം; ചെറുവേലകള്‍ ഒക്കെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ക്രിയാത്മകതയുടെ കേന്ദ്രമായി വര്‍ത്തിക്കുന്നുണ്ട്. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല മറുപടി. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഉള്ളന്വേഷണം ഒരാളെ നിരാശപ്പെടുത്തില്ല.
Search This Blog
Wednesday, October 13, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment