ബഷീറിന്‍റെ ആത്മകഥാംശമുള്ള ബാല്യകാലസഖിയില്‍ മജീദ് എന്ന കഥാപാത്രമായാണ് എഴുത്തുകാരന്‍ പ്രത്യക്ഷപ്പെടുന്നത്. ദേശാടനകാലത്ത് കല്‍ക്കട്ടയിലെ ഒരു ബഹുനിലമന്ദിരത്തിന്‍റെ ടെറസ്സില്‍ ഉറങ്ങുന്ന മജീദിന്‍റെ മുന്‍പില്‍ സ്വപ്‌നത്തില്‍ കളിക്കൂട്ടുകാരി സുഹറ പ്രത്യക്ഷപ്പെടുന്നതും കഥാകാരനില്‍ ആ അനര്‍ഘനിമിഷം പ്രദാനം ചെയ്യുന്ന ഓര്‍മ്മകളും അനുഭൂതികളുമാണ് നോവലിന്‍റെ കാതല്‍. തന്നേക്കാള്‍ പ്രായം കൂടിയ ഒരു ഇറച്ചിവെട്ടുകാരനെ വിവാഹം ചെയ്ത സുഹ്‌റ സ്വന്തം മരണ വാര്‍ത്തയും മജീദിനോട് പറയുന്നതടക്കം സ്വപ്നം നാടകാവിഷ്‌ക്കാരത്തിന് ഏറെക്കുറെ സങ്കീര്‍ണ്ണമാണെന്നും വെല്ലുവിളി അറിഞ്ഞുകൊണ്ട് ഏറ്റെടുത്തതാണെന്നും സംവിധായകന്‍ ഷെമിജ്‌കുമാര്‍ പറയുന്നു.
എന്താണ് സുഹറ പറയാന്‍ ബാക്കി വച്ചത് എന്ന മജീദിന്‍റെ ആത്മഭാഷണത്തോടെ തുടങ്ങുന്ന നാടകത്തിന്‍റെ ദിവസേനയുള്ള റിഹേഴ്‌സല്‍ ഇപ്പോള്‍ നടന്നു വരികയാണ്. സ്വപ്നജീവി മജീദായി കുവൈത്തിലെ അറിയപ്പെടുന്ന നടന്‍ രാജേഷ് കുമാര്‍ അഭിനയിക്കുന്നു. സുഹ്‌റയായി പ്രീതി സീനുവും, മജീദിന്‍റെ ബാപ്പയും ഉമ്മയുമായി യഥാക്രമം ജോജനും ജെസ്സി ജെയ്സണും വേഷമിടുന്നു. കൌമാരത്തിലെ മജീദ്-സുഹ്‌റമാരെ സിദ്ധാര്‍ത്ഥ് ഹരികുമാര്‍, സെലിന്‍ വിന്‍സെന്‍റ് സന്തോഷ് എന്നിവര്‍ അവതരിപ്പിക്കുന്നു.
പണ്ട് മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്നതും പിന്നീട് ബഷീര്‍ ബാല്യകാലസഖിയില്‍ ഉപയോഗിച്ചതുമായ 'താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ..., ..കാലദോഷം - വന്നുപോയോ?' എന്ന മാപ്പിളപ്പാട്ട് ഈ നാടകത്തിലുമുണ്ട്. കുവൈത്തിലെ യുവഗായകന്‍ കിഷോര്‍ മേനോനാണ് മാപ്പിളപ്പാട്ട് ഈണം പകര്‍ന്ന് ആലപിച്ചത്. ദുബായില്‍ വച്ചു നടന്ന ഏഷ്യനെറ്റ് ‘വോയ്സ് ഒഫ് അറേബ്യ 2008 സീനിയര്‍’ മത്സരത്തില്‍ മിഡില്‍ ഈസ്റ്റിലെ 350 മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച ഗായകനായി തെരെഞ്ഞെടുക്കപ്പെട്ടയാളാണ് ആലുവ സ്വദേശി കിഷോര്‍.
ബാല്യകാലസഖിക്ക് ചലച്ചിത്രഭാഷ്യം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ദ്രുശ്യാവിഷ്‌ക്കാരങ്ങളും. എന്നാല്‍ നാടകരൂപം ഉണ്ടായിട്ടുള്ലതായി കേട്ടിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. പരപ്പനങ്ങാടി സ്വദേശിയായ ഷെമിജ്‌കുമാര്‍ എഴുതി സംവിധാനം ചെയ്ത് പൂര്‍ണ്ണമായും കുവൈത്തില്‍ ചിത്രീകരിച്ച ടെലിഫിലിം (പുനര്‍ജ്ജനി) കേരളത്തിലെ ടെലിവിഷന്‍ ആര്‍ട്ടിസ്‌റ്റുകളുടെ സംഘടന - കോണ്‍ടാക്‌റ്റ് കഴിഞ്ഞ വര്‍ഷം നടത്തിയ ടെലിഫിലിം മേളയില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നേടിയിരുന്നു. കുവൈത്തില്‍ ഈ വര്‍ഷമാദ്യം ഫ്യൂച്ചര്‍ ഐ തീയറ്റര്‍ അസോസിയേഷന്‍ അവതരിപ്പിച്ച ഓംചേരിയുടെ കള്ളന്‍ കയറിയ വീട് എന്ന നാടകത്തിന്‍റെ സംവിധാനം ഷെമിജ്‌കുമാറിന്‍റേതായിരുന്നു. ഇന്‍ട്രമെന്‍റേഷന്‍ എന്‍ചിനീയറായ ഷെമിജ്കുമാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കുവൈത്തിലാണ്.
No comments:
Post a Comment