Search This Blog

Thursday, December 2, 2010

വാര്‍ത്തകള്‍ രത്നച്ചുരുക്കത്തില്‍

1. ഇപ്പോള്‍ പാപ്പരായ മെക്‌സിക്കാന എയര്‍ലൈന്‍സിലെ എയര്‍ ഹോസ്‌റ്റസുമാര്‍ക്കെന്താ (വൈകിട്ട്) പരിപാടി? മെക്‌സിക്കന്‍ എയര്‍ലൈന്‍സിന്‍റെ അടുത്ത വര്‍ഷത്തെ കലണ്ടറിനായി അര്‍ദ്ധനഗ്‌നരായി പോസ് ചെയ്യുക! കലണ്ടര്‍ പിറന്ന പാടേ ആയിരം വിറ്റു പോയി. അടുത്ത മൂവായിരം ഉടന്‍ വരുന്നു. ഉടന്‍ തന്നെ വിമാനക്കമ്പനി പിരിച്ചുവിട്ട ചൂടന്‍ താരങ്ങളെ തിരിച്ചെടുക്കും, ചൂട് കൂടിയവരെ മാത്രം.

2. ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ അര്‍മാനി ചൈനയില്‍ പുതിയ ഷോറൂം തുറന്നു. ഷോറൂമെന്ന് പറഞ്ഞാല്‍ അങ്ങനെ റൂമൊന്നുമില്ല, ഓണ്‍ലൈന്‍ ബിസിനസാണ്. ഏതായാലും യൂറോപ്പില്‍ വലിയ ചെലവൊന്നുമില്ല, ഇന്ത്യന്‍ മാര്‍ക്കറ്റ് അങ്ങനെ നമ്പാന്‍ വയ്യ. ചൈനയിലല്ലേ സൌന്ദര്യം പോരെന്ന് പറഞ്ഞ് പ്‌ളാസ്‌റ്റിക് സര്‍ജറി നടത്തി ഈയിടെ ഒരു സുന്ദരി മരിച്ചത്?

3. പ്രശസ്ത ജാപ്പനീസ് എഴുത്തുകാരന്‍ മുറാകാമിയുടെ നൊര്‍വീജിയന്‍ വുഡ് എന്ന നോവല്‍ സിനിമയാക്കാന്‍ ഫ്രന്‍ച് സംവിധായകന്‍ മോഹിച്ച് എഴുത്തുകാരന്‍റെ അനുവാദം കിട്ടാന്‍ നടന്നത് രണ്ടും മൂന്നും ദിവസമല്ല. നാല് വര്‍ഷം! പ്രഥമാനുരാഗത്തിന്‍റെയും നഷ്‌ടസൌഭാഗ്യത്തിന്‍റെയും കഥ പറയുന്ന നൊര്‍വീജിയന്‍ ജപ്പാനില്‍ ഇപ്പോഴും ബെസ്റ്റ്‌സെല്ലറാണ്. ഇന്ത്യയിലായിരുന്നേലും നാലല്ല, അതില്‍ക്കൂടുതല്‍ നടന്നേനെ. എഴുത്തുകാരന്‍ സംവിധായകന്‍റെ പിന്നാലെ.

4. അമേരിക്കന്‍ ഡിപ്‌ളോമസി തുണിയുരിഞ്ഞു എന്നാണ് ലീക്കിന് ശേഷം ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന തലക്കെട്ട്. ആ പത്രവും ഗാര്‍ഡിയനുമാകുന്നു ലീക്ക്‌സ് പ്രസിദ്ധീകരിക്കാന്‍ അനുവാദം കിട്ടിയ കടലാസുകള്‍. രഹസ്യ കേബിളുകളുടെ നിധി മീഡിയക്ക് കിട്ടിയിട്ട് കുറച്ച് നാളായെന്നും ഒരുമിച്ച് ഞായറാഴ്‌ച മുതല്‍ പ്രസിദ്ധപ്പെടുത്താമെന്ന് കരാറിലായതും പത്രത്തിലുണ്ട്. ഇതാ ഇന്നു മുതല്‍ സംഭവം തുടരുന്നു...

5. ലോക എയിഡ്‌സ് ദിനമായ ബുധനാഴ്‌ച (ഡിസംബര്‍ 1) പ്രശസ്ത അമേരിക്കന്‍ സംഗീത താരങ്ങള്‍ അന്തരിക്കും. കിം കര്‍ദാഷിയാന്‍ മരിച്ചു എന്ന പരസ്യ ബോര്‍ഡ് റെഡിയായിക്കഴിഞ്ഞു. താരങ്ങളുടെ ഡിജിറ്റല്‍ മരണമാണ് സംഭവിക്കുന്നത്. അവരുടെ ട്വിറ്റര്‍ ഫേസ്‌ബുക്ക് അക്കൌണ്ടുകള്‍ താല്‍ക്കാലികമായി കൊല്ലുമെന്ന്. എയിഡ്‌സിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി പത്ത് ലക്ഷം ഡോളര്‍ കിട്ടും വരെ.

6. യുകെയില്‍ കല്യാണ മാമാങ്കം പൊടിപിടിക്കാന്‍ പോകുമ്പോള്‍ ഉണ്ടാവുന്ന ഒരു സംശയം: 62 വയസ്സുള്ള പ്രിന്‍സ് ചാള്‍സ് ഇപ്പഴും രാജകുമാരനോ? അപ്പോ വിവാഹശേഷവും വില്യം രാജ കുമാര കുമാരനാവുമോ? അല്ലെങ്കില്‍ ഒന്നില്‍ നിന്നും മൂന്നിലേക്ക് ചാടുന്നത് പോലെ അമ്മ മഹാറാണിക്ക് ശേഷം കിങ്ങ് വില്യം? പാവം പാവം രാജകുമാരനായി ചാള്‍സും അത്രയും വേണ്ടാത്തവളായി ഡയാനക്ക് ശേഷം ചാര്‍ജ്ജെടുത്ത കാമിലയും. രാജപരമ്പര കഷ്‌ടം പിടിച്ച ഏര്‍പ്പാടാണേയ്!

7. കാര്‍ല ബ്രൂണി സര്‍ക്കോസി, ഫ്രന്‍ച് പ്രഥമ വനിത ഒരു കോമിക് ബുക്കിലെ നായികയായി. ഇംഗ്‌ളണ്ടില്‍ പ്രസിദ്ധീകരിച്ച 32 പേജ് അമര്‍ ചിത്രകഥ ബ്രൂണിയുടെ കഥ തന്നെയാണ്. ഒപ്പം ഫ്രന്‍ച് സമൂഹത്തിന്‍റെയും. പക്ഷെ ഒറ്റ കുഴപ്പം: പുസ്തകം ഫ്രാന്‍സില്‍ പ്രസിദ്ധീകരിക്കാന്‍ ആരും പിന്നോട്ട് വന്നിട്ടില്ല. മുറ്റത്തെ മൂത്രത്തിന് മണമില്ലേ?

8. തായ് അലസ ലാന്‍ഡ്
അബോര്‍ഷന്‍ നിയമവിധേയമല്ലാത്ത വെള്ളാനകളുടെ നാട്ടില്‍ കീഴ്‌മേല്‍ മറിയുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം 1654 ഭ്രൂണങ്ങളാണ് കുപ്പത്തൊട്ടികളില്‍ നിന്നും കണ്ടെടുത്തത്. അതും ഒരു ബുദ്ധിസ്‌റ്റ് ക്ഷേത്രാങ്കണത്തിലേത്. പത്ത് ലക്ഷം ഗര്‍ഭധാരണങ്ങള്‍ ഒരോ വര്‍ഷവും തായ്‌ലന്‍റില്‍ സംഭവിക്കുന്നു. അതില്‍ ഒരു ലക്ഷത്തോളം അലസിപ്പിക്കുന്നു. ഏതാണ്ട് ഒരു വര്‍ഷത്തോളം പഴക്കമുണ്ടത്രെ വേസ്‌റ്റ് ഭ്രൂണങ്ങള്‍ക്ക്. ഒരു മ്യൂസിയം തുടങ്ങാമായിരുന്നു.

9. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൈക്കിളോട്ടം, ടൂര്‍ ഡി ഫ്രാന്‍സ് 2011 ഫ്രാന്‍സിലാണ് തുടങ്ങുന്നതെങ്കില്‍ 2012 ലേത് ബെല്‍ജിയത്തിലായിരിക്കുമെന്ന് വാര്‍ത്ത. ആദ്യത്തെ മൂന്ന് ദിവസമാണ്, കിഴക്കന്‍ ബെല്‍ജിയത്തില്‍ മല്‍സരം 180 കിലോമീറ്റര്‍ പൊടിപറത്തുക. നുമ്മക്കും വേണ്ടേ ഒരു കാസറകോട്-കളിയിക്കാവിള സൈക്കിള്‍ മതില്?

10.റിയാലിറ്റി ഷൊയിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് ഗായിക സൂസന്‍ ബോയ്‌ല്‍ പുതിയ റെക്കോഡില്‍. അവരുടെ പുതിയ സംഗീത ആല്‍ബം ദ ഗിഫ്‌റ്റ് യുകെയിലും യുഎസിലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്തേതാണ്. ആദ്യ ആഴ്‌ചയില്‍ മൂന്നേകല്‍ ലക്ഷം കോപ്പി വിറ്റഴിഞ്ഞ ഗിഫ്‌റ്റ് അവരുടെ ഈ വര്‍ഷത്തെ രണ്ടാം ഹിറ്റാണെന്നത് റെക്കോഡ്. സംഗീതമേ സൌന്ദര്യം!

11. 84 വയസുള്ളൊരു കാലിഫോര്‍ണിയാക്കാരന്‍ (റോബര്‍ട്ട് ഇര്‍വിന്‍) 13 വയസ്സുള്ളപ്പോള്‍ വാങ്ങിയ ഒരു കോമിക് ബുക്ക് ടെക്‌സാസില്‍ കഴിഞ്ഞ ദിവസം വിറ്റത് 493 ഡോളറിന്. കോമിക് ബുക്ക് ചില്ലറ സാധനമൊന്നുമല്ല; ബാറ്റ്‌മാന്‍ ആദ്യം പ്രത്യക്ഷപ്പെട്ട കോപ്പിയാണെന്ന് മാത്രം. നൂറു വര്‍ഷം കഴിഞ്ഞാലെത്ര മൂല്യമുണ്ടാകാം ലവന്?

No comments:

Blog Archive

Follow by Email