Search This Blog

Wednesday, December 8, 2010

പ്രകാശ് ബാരെ = പി കുഞ്ഞിരാമന്‍ നായര്‍

കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്‌പദമാക്കി പി ബാലചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്നാണ് ലോകമെമ്പാടുമുള്ള പാലക്കാട് എന്‍ എസ് എസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രസിഡണ്ട് പ്രകാശ് ബാരെ - സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ മലയാള സാംസ്‌ക്കാരിക ലോകത്ത് സ്വന്തം ഇരിപ്പിടം വലിച്ചിട്ട പ്രശസ്‌ത നടന്‍ - കുവൈറ്റിലെത്തിയത്.
പ്രകാശ് നിര്‍മ്മിക്കുന്ന പി ചിത്രം ഓ. എന്‍. വി., കാവാലം, ശരത്ത്, രാജീവ് രവി, എന്നിവരുടെ സമാഗമത്തിനും അരങ്ങാകും. കവി പി ആയി പ്രകാശാണ് വേഷമിടുന്നത്. കാവാലത്തിന്‍റെ നാടന്‍ പാട്ട് പാടിയിരിക്കുന്നത് രമ്യ നമ്പീശനാണ്. പ്രകാശിന്‍റെ സിലിക്കണ്‍ മീഡിയ നിര്‍മ്മിച്ച കുട്ടികളുടെ ചിത്രം ജാനകി (തെരുവു കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ സംവിധാനം എം ജി ശശി) കേരളത്തിലുള്‍പ്പെടെ പല ഫിലിം ഫെസ്‌റ്റിവലുകളിലും ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. കാസര്‍കോട്ടെ ബാരെ എന്ന ജന്‍മസ്ഥലം പേരിനൊപ്പം ഉപയോഗിക്കുന്ന പ്രകാശ് 15 വര്‍ഷത്തോളം കാലിഫോര്‍ണിയയില്‍ ഐ ടി രംഗത്തായിരുന്നു. സതീര്‍ത്ഥ്യനായ പ്രശസ്ത നാടകപ്രവര്‍ത്തകന്‍ നന്ദജനും കുവൈറ്റില്‍ പ്രകാശിനോടൊപ്പം ഉണ്ടായിരുന്നു.

നല്ല സിനിമകള്‍ക്കും നാടകങ്ങള്‍ക്കും എന്നും മലയാളികള്‍ പ്രോല്‍സാഹനം തന്നിട്ടുണ്ടെന്നും അതുണ്ടാവാത്തത് മികച്ച കലാകാരന്‍മാരുടെ അഭാവം കൊണ്ടല്ലെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെട്ടു. കലക്കും ആസ്വാദകര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുടെ കുറേ അടരുകളുണ്ട്. സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാത്തതും ഒരു കാരണമാണ്. മറാത്തി ഭാഷയില്‍ ഉണ്ടാകുന്ന നല്ല നാടക ശ്രമങ്ങള്‍ പോലെകേരളത്തില്‍ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ റോഡ് വികസനത്തിനെതിരെ നിലകൊള്ളുന്നത് പോലെ തന്നെ മള്‍ട്ടിപ്‌ളക്‌സുകള്‍ക്കെതിരെയും നീക്കങ്ങളുണ്ട്. ഇത് സിനിമയുടെ കാലിക വികസനത്തിന് സഹായിക്കില്ല. മലയാള സിനിമയെ അനുകരിച്ച് സിനിമയെടുത്തവരെ നമ്മളിന്ന് കോപ്പിയടിക്കുകയാണ്.

നന്ദജന്‍: ചെക്കോവിന്‍റെ ചെറി ഓര്‍ച്ചാര്‍ഡ് മലയാളത്തില്‍ മുന്തിരിവള്ളിയും മുള്‍പ്പടര്‍പ്പുകളും എന്ന പേരില്‍ അവതരിപ്പിക്കുന്നതാണ്, പുതിയ ശ്രമം. ബക്കറ്റിന്‍റെ ഗോദോയെ കാത്ത്, കൊച്ചുബാവയുടെ വ്രുദ്ധസദനം, സന്തോഷ് എച്ചിക്കാനത്തിന്‍റെ കൊമാല എന്നിവ മറ്റു നാടകശ്രമങ്ങളില്‍ പെടുന്നു. പാലക്കാട് സ്വദേശി.

Blog Archive