വിക്ക് മാറ്റിയതിലൂടെ നോക്കും മാറ്റിയ ഒരു രാജമനുഷ്യന്റെ കഥ
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ അവാര്‍ഡ് വേദികളില്‍ - തിയറ്ററുകളിലും - തിളങ്ങുന്നത് കറന്റ് കാഴ്ചയാണ്. രണ്ടാം ലോകമഹായുദ്ധം മുരടനക്കുമ്പോള്‍ ജോര്‍ജ്ജ് ആറാമന്‍ ചെയ്ത കിങ്ങ്സ് സ്പീച്ച് - യുദ്ധകാലത്ത് കരുതിയിരിക്കണമെന്ന ആഹ്വാനം - നമ്മുടെ യുദ്ധകാലത്തും പ്രസക്തം ടച്ചുമുണ്ട് ചിത്രത്തിന്. ജോര്‍ജ്ജ് അഞ്ചാമന് രാജാവ് രണ്ടാമത്തെ മകന് ഡ്യൂക്ക് ഒഫ് യോര്‍ക്കിനോട് (പിന്നീട് ജോര്‍ജ്ജ് ആറാമന്‍, കഥാപുരുഷന്, ഇന്ത്യക്ക് സ്വാതത്ര്യം കിട്ടുമ്പോഴത്തെ ബ്രിട്ടീഷ് രാജാവ്, ഇപ്പോഴത്തെ രാജ്ഞി എലിസബത്തിന്റെ അപ്പന് രാജാവ്, കുട്ടി എലിസബത്തുമുണ്ട് ചിത്രത്തില്‍) ജനങ്ങളെ സംബോധന ചെയ്യാന്‍ (1925) പറഞ്ഞിടത്തു തുടങ്ങിയ പ്രശ്നത്തില്‍ രാജാവ് വിജയശ്രീലാളിതനായി തീര്‍ന്നു; രാജാവിന്റെ വിക്ക് മാറ്റാന്‍ സഹായിച്ചയാളും രാജാവും എന്നന്നേക്കും സന്തോഷകരമായി മിത്രങ്ങളായി ജീവിച്ചു! ദ കിങ്ങ്സ് സ്പീച്ച് ഒരു വിക്ക് മാറ്റല്‍ ചിത്രം മാത്രമല്ല. കാഴ്ചകളേക്കാള്‍ കാഴ്ചപ്പാടുകളുടെ അഴിച്ചുപണിയാണ് തിരക്കഥാകാരന് ഡേവിഡ് സീഡ്ലറും സംവിധായകന് ടോം ഹൂപ്പറും 'സ്പീച്ചി'ലൂടെ പറയുന്നത്.
ഭീമാകാരമായ മൈക്രോഫോണ്‍, സ്പീച്ച് ടൈപ്പ് ചെയ്ത കടലാസ് പിടിച്ച ഡ്യൂക്ക്, വെണ്‍ചാമരം പോലെ ഭാര്യ (ഭാവി എലിസബത്ത് 1, ഇപ്പോഴത്തെ എലിസബത്തിന്റെ അമ്മ), ഭയപ്പെടുത്തി ആശീര്‍വദിക്കുന്ന കൊട്ടാരം വിദ്വാന്മാര് എന്നിവയിലൂടെ നീങ്ങുന്ന പ്രഥമ ഷോട്ടുകള്‍ ഡ്യൂക്കിന്റെ പകുതി മുറിഞ്ഞ പ്രസംഗത്തോടെ - സാമ്രാജ്യത്തിന്റെ മാനവും പകുതി മുറിഞ്ഞല്ലോ - മൂഡ് മാറി കളിക്കും. ഭാര്യ റോയല്‍ ഹൈനസിനെ കഴുത്ത് തൂങ്ങിക്കിടക്കുന്ന ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി. പുരാതന ഗ്രീസില്‍ ചെയ്തിരുന്ന മാതിരി ഐസ് കട്ടകള്‍ രോഗിയുടെ വായില്‍ വച്ചുള്ള ചികില്‍സയാണദ്ദേഹത്തിന്റേത്. പിന്നീട് ഭാര്യ ഒരു ക്ളാസിഫൈഡ് പരസ്യത്തില്‍ നിന്നും സ്പീച്ച് തെറാപിസ്റ്റിനെ - പേര് ലോഗ്; കോളിന് ഫിര്‍ത്തിന് രാജാവിനെ അവതരിപ്പിച്ചതിന്റെ പേരില്‍ അംഗീകാരങ്ങള്‍ കിട്ടുമെങ്കില്‍ ലോഗിനെ പുനര്‍ജീവിപ്പിച്ച ജോഫ്റി റഷിനായിക്കൂടാ? (മക്കളോടൊത്ത് ഷേക്സ്പിയര് കളിക്കുന്നത് മുതല്‍ ശിഷ്യന് രാജാവിന് മുന്നില്‍ അപമാനിതനായും മിത്രമായും മാറുന്ന പകര്‍ച്ചകള്‍..) - കണ്ടു പിടിച്ചു. റോയല്‍ ഹൈനസ് എന്ന് സംബോധന ചെയ്താല്‍ മതി എന്നു പറഞ്ഞ രാജാവിനോട് ഡോ്ക്ടര്‍ ലോഗ് പറഞ്ഞു എനിക്ക് പേര് വിളിക്കുന്നതാണിഷ്ടം. (ബേര്‍ട്ടിയെന്ന് രാജാവിന്റെ ചെല്ലപ്പേര്). കുട്ടികളാരും വിക്കോടെ ജനിക്കുന്നില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ ചോദിച്ചു: സ്വയം സംസാരിക്കുമ്പോള്‍ വിക്കുണ്ടോ?
കുറേ നാവുകുഴങ്ങി ചൊല്ലുകള്‍, കളികള്‍, പാട്ടു പാടല്‍ തുടങ്ങിയവയൊക്കെയാണ് ഡോക്ടറുടെ പൊടിക്കൈകള്‍. ഭാവിരാജാവ് ക്രുദ്ധനായി കോച്ചിങ്ങ് അവസാനിപ്പിച്ചതാണ്. പക്ഷെ ഡോക്ടര്‍ സംഗീതാകമ്പടിയോടെ റെക്കഡ് ചെയ്യിപ്പിച്ച് സുവനീറായി കൊടുത്തുവിട്ട റ്റു ബീ ഓര് നോട്ട് റ്റു ബീ എന്ന ഡിസ്ക് കേട്ട് ഹൈനസ് പിന്നെയും ഹാജരായി, വിദ്യാര്‍ത്ഥിയായി. ഭാവിരാജ്ഞി ഹൈനസിന്റെ വയറ്റത്ത് ഇരിക്കുന്നതു പോലുള്ള വ്യായാമ മുറകള്‍ മുതല്‍ ഹൈനസ് പുകവലി ഉപേക്ഷിക്കുന്നത് ഒക്കെയായി അഭ്യാസം തുടങ്ങി.
ഡോക്ടറുടെ ചോദ്യങ്ങള്‍ കൊട്ടാര സ്വകാര്യതകളിലേക്ക് വരുമ്പോള്‍ രാജാവ് പാടും (പാട്ട് ചികിത്സാവഴിയാണ്): തെറ്റായ മരത്തെ നോക്കി കുരക്കല്ലേ! സ്വകാര്യം പറച്ചിൽ പക്ഷെ വിക്കിലേക്കുള്ള താക്കോലായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ നാനി നുള്ളിയിരുന്നു, ചേട്ടന് ഡേവിഡ് (എഡ്വേഡ് 8)കളിയാക്കിരുന്നു ബെ..ബേ..ബേര്‍ട്ടി.., അപ്പന് രാജാവ് അത് കണ്ട് ചിരിക്കുമായിരുന്നു..
ഡോക്ടര്‍ രാജകീയ നാവിനെക്കൊണ്ട് തെറി പറയിപ്പിച്ചു, ഒരുമിച്ച് നടക്കാന്‍ പോയി, അദ്ദേഹം സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുന്നെന്ന് ശിഷ്യനെക്കുറിച്ച് ഡോക്ടര്‍. സര്‍ട്ടിഫിക്കറ്റല്ല, അനുഭവം ഗുരുവാക്കിയ അളാണ് 'ഡോക്ടര്‍'. ക്രെഡെന്‍ഷ്യല്‍ ഇല്ലാത്ത തെറാപിസ്റ്റിനെ നീക്കം ചെയ്യുമെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞതാണ്. രാജാവ് അത് വിലക്കി.
(1936) അപ്പന് രാജാവ് നാടുനീങ്ങി. (കപ്പടാമീശയുമൊക്കെയായി എഡ്വേഡ് എട്ടാമന് തകര്‍ത്തു). രാജാവായി വാഴിക്കപ്പെട്ട ചേട്ടന് ഡേവിഡിന് രണ്ടു തവണ ഡിവോഴ്സ് നേടിയ സ്ത്രീയുമായി ബന്ധം. അത് ബക്കിങ്ങ്ഹാം സമ്മതിക്കില്ല. ജര്‍മ്മനിയുമായി യുദ്ധം വരുന്നു. രാജ്യത്തിനൊരു രാജാവ് വേണം. നറുക്ക് നമ്മുടെ കഥാപുരുഷന്. പ്രസംഗം പഠിപ്പിക്കാനുള്ള യോഗം ലോഗിനും.
അഭ്യാസത്തിനൊടുവില്‍, എല്ലാം മറന്നേക്കൂ, എന്നോട് ഒരു കൂട്ടുകാരനോടെന്ന പോലെ (പ്രസംഗം) പറയൂ എന്ന് ലോഗ്. പിന്നെ ചരിത്രപ്രസിദ്ധമായ ആ പ്രസംഗം, ഇന്‍ ദിസ് ഗ്രേവ് അവര്‍.... ആ മണിക്കൂര്‍ സാമ്രാജ്യത്തെ സംബന്ധിച്ച് മാത്രമായിരുന്നില്ലല്ലോ. വിക്കും നോക്കും മാറിയ ഒരു മനുഷ്യന്റെ കൂടി സുവര്‍ണ്ണനിമിഷമായിരുന്നല്ലോ. സ്പീച്ച് ഷോട്ട് അവസാനിക്കുന്നത് രാജ്ഞിയുടെ കലങ്ങിയ കണ്ണുകളില്‍. (റാണിയായി ഹെലേന കാര്‍ട്ടര്‍; എന്തൊരു ക്രേസിയല്ലാത്ത സുന്ദരി!)
സ്പീച്ച് അവസാനിച്ചപ്പോള്‍ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു, 'ഐ ആം സ്പീച്ച്ലെസ്സ്!' നമുക്കത് ഉറക്കെ പറയാം!
Search This Blog
Subscribe to:
Post Comments (Atom)
1 comment:
ഡ്യൂക്കിന്റെ വായില്‍ ആദ്യഡോക്ടര്‍ വച്ച് കൊടുത്തത് ഐസ് കട്ടകളല്ല, മാര്ബിളുകളാണെന്ന് ഒരു മിത്രം വിളിച്ചു പറഞ്ഞു.
Post a Comment