Search This Blog

Wednesday, February 16, 2011

പി എ ഉത്തമന്‍ ചാവൊലി

നെടുമങ്ങാടന്‍ കുറവ നാട്ടുമൊഴി ഭാഷ, വര്‍ത്തമാനകാലത്തെ അക്ഷരതെറ്റുകളെന്ന് മുന്‍മൊഴിയില്‍ നോവലിസ്‌റ്റ്, നിറഞ്ഞു തൂവുന്ന ചാവൊലി, 2007 ഡിസി പ്രസിദ്ധീകരണം, നാട്ടുമൊഴിക്കൂട്ടം എന്ന നിഘണ്ടുവടക്കം 152 പേജ്, കേരള സാഹിത്യ അക്കാദമിയുടെ നോവല്‍ അവാര്‍ഡ് (2008) ലഭിച്ചു, എട്ട് വര്‍ഷമെടുത്താണ് ഉത്തമന്‍ വഴി നീളെ നടന്നും പഴമകളില്‍ തപ്പിയും എട്ടോ പത്തോ തലമുറകളുടെ കഥയായി പൂര്‍ത്തിയാക്കിയത്. 'നിങ്ങളുടെ സഭ്യതയുടെ കസവുകരയുള്ള ഭാഷയെ ഞെട്ടിപ്പിക്കുന്ന ഒരു കൊടുതിയിലേക്ക് ഉത്തമന്‍ ക്ഷണിക്കുന്നു'വെന്ന് അവതാരികയില്‍ പികെ രാജശേഖരന്‍. ഭൂസ്വത്തിനാലും വര്‍ണവ്യവസ്ഥയാലും സമൂഹം വരച്ച വരകളില്‍ പൊങ്ങിയും താണും ജീവിച്ചവരുടെ ചരിത്രവും മിത്തുകളുമാണ് ചാവൊലി എന്ന ദളിതനോവല്‍. വാഴക്കുലയുടെ അസുരരൂപം. പാര്‍ശ്വവല്‍ക്കരണവും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും ഇടമില്ലായ്മയും കുടിയിറക്കങ്ങളും ദളിതസാഹിത്യമായി അരങ്ങുതകര്‍ത്തിരുന്ന ആകര്‍ഷണത്തില്‍ നിന്നും ഈ നോവല്‍ അല്‍ഭുതകരമായി വിടുതി നേടിയിരിക്കുന്നു. ചുരുങ്ങിയപക്ഷം അതിന്‍റെ സ്വരത്തിലെങ്കിലും.

വെളുത്ത മുത്തിയും അവരുടെ മകള്‍ തേയിയുടെ മകന്‍ പെരുമാളിന്‍റെ മകന്‍ ചങ്കരനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ തുടങുന്ന നോവല്‍ കൊച്ചേമ്പി, നീലേമ്പി, ആതിച്ചന്‍, കുറുമ്പന്‍, ചിന്നന്‍, കുഞ്ഞിരാമന്‍, വേലായുധന്നായര്‍, രഘൂത്തമന്‍ എന്നിവരിലൂടെ കയറിയിറങ്ങി, തുടിമുഴങ്ങി, തൂറിമെഴുകി, വെട്ടിവെടുപ്പാക്കി, ചേരിയില്‍ - ചേരേണ്ട ഇടം - അന്തരാഷ്‌ട്ര മാര്‍ക്കറ്റ് വരുന്ന അടുത്ത കുടിയിറക്കത്തില്‍ അവസാനിക്കുമ്പോള്‍ നമുക്ക് മലയാളത്തിന്‍റേതല്ലാത്ത ചൂര് അനാസ്വദിച്ച് ഉറങ്ങാതിരിക്കാം. നടപ്പുമലയാളത്തിന് തീര്‍ത്തും അപരിചിതമായ ഒരു ഇടം നിര്‍മ്മിച്ചതില്‍ നിന്നും ഉത്തമനെ മുഖ്യധാരാസാഹിത്യവും കുടിയിറക്കിയെന്ന് തോന്നുന്നു. ഉത്തമന്‍ അതിനിടെ ജീവിതത്തില്‍ നിന്നും കുടിയിറങ്ങിപ്പോവുകയും ചെയ്തു.

കുന്നെടുത്തതാര്, കുഴി, മണ്ണെടുത്തതാര്, പച്ച നട്ടതാര്, പഴമെടുത്തതാര്, എന്ന പഠിച്ച് മറന്ന പാഠം ചുട്ടെടുത്ത് വിളമ്പുന്ന നോവലില്‍ നിന്ന് ഒരു കഷണം: കറ്റയടിക്കണതാണുങ്ങള്, കറ്റ കൊടുക്കണത് പെണ്ണുങ്ങള്, പാതിരാവ് കയ്യും പൊലിയളക്കാന്‍. പൊലിയളന്ന്, പൊലി ചൊമന്ന്, തൊലിയടന്ന് പൊളിഞ്ഞ പൊറോം പതം (കൊയ്ത്തുകൂലിയായി കിട്ടിയ ധാന്യം) കിട്ട്യ കൊറ്റുമായി വീടെത്ത്യ മാണ്ടു പോം. അരമയക്കം കയിഞ്ഞ് എയുന്നേറ്റ് പൊലിപാറ്റി പതിര്, മാറ്റി കൊറ്റെടുത്താ വാക്കിയെന്തര്? ഒന്നൊണക്കി, ഓട്ടിലിട്ട് വറുത്തെടുത്ത്, മര ഒരലീ ഇടിച്ചെടുത്ത് ഉമി മാറ്റി, തവിട് പേണി, ഒരു കുത്ത് അരി കഞ്ഞിയാക്കി ഒരു പ്‌ലാവെല എറക്കുമ്പം എല്ലാം നെറയും. എല്ലാം മറക്കും.

കള്ളൊലിച്ചെത്തുമ്പോലെ വരുന്ന കൊച്ചമ്പ്‌രാന്‍റെയും അമ്മക്കുരുപ്പ് പൊട്ടിയൊലിച്ച മനുഷ്യരുടെയും ഈറ്റ കൊണ്ട് തലമുടി വെട്ടുന്നവരുടെയും കഥ നമ്മുടെ വായനയില്‍ മതിയായ ഇടം നേടിയോ?

2 comments:

ManojMavelikara said...

kollamm sunillllll
all th bsttttt

സുനില്‍ കെ. ചെറിയാന്‍ said...

thank u ManojMavelikara.
ഉത്തമന്‍റെ രണ്ടാം നോവല്‍, തുപ്പത്തുപ്പ, ഈയിടെ പുറത്തിറങ്ങി.

Blog Archive

Follow by Email