Search This Blog

Tuesday, September 6, 2011

ആലീസിന്‍റെ പേരിലൊരു രോഗം

ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രം പിടിപെട്ടാല്‍ നിങ്ങളുടെ കൈ തലച്ചോറിനെ അനുസരിക്കില്ല. നിങ്ങള്‍ക്കെതിരെ അപകടപരമായി ഓങ്ങാനും മതി നിങ്ങളുടെ സ്വന്തം കൈപ്പത്തി. അന്യഗ്രഹജീവികരരോഗത്തിന് കാരണം തലച്ചോര്‍ ക്ഷതം തന്നെ. സ്‌ട്രോക്ക്, ബ്രെയിന്‍ സര്‍ജറി കഴിഞ്ഞുള്ള കുഴപ്പങ്ങള്‍ തുടങ്ങിയവയും എ എച്ച് എസിന് ഹേതുവാകും. ഇടത്തേക്കൈയ്യന്‍മാര്‍ക്ക് വലത്കൈയിലാവും രോഗം വരിക. അനുസരിക്കാത്ത കൈയില്‍ വടി പോലെ എന്തെങ്കിലും പിടിക്കാന്‍ കൊടുക്കുന്നതിലൂടെ 'അവനെ' കണ്‍ട്രോള്‍ ചെയ്യാം.

അന്തോണീസ് പുണ്യവാളന്‍റെ തീ എന്ന ഭക്‌ഷ്യവിഷബാധക്ക് അര്‍ഗെറ്റിസം എന്നും പേര് (എര്‍ഗറ്റ് എന്ന ഫംഗസില്‍ നിന്നും വരുന്നു; ബാര്‍ലി, ഗോതമ്പ് ധാന്യങ്ങളില്‍ വളരുന്നു). തീയിലകപ്പെട്ടതുപോലെ തോന്നും എന്നതാണ് ലക്ഷണം. ചൊറിച്ചിലും ഇക്കിളിയുമായി ആരംഭിക്കുന്ന രോഗം ആളിത്തുടങ്ങും. വ്രണങ്ങളിലേക്ക് ചോരയോട്ടം നില്‍ക്കുമ്പോള്‍ ഒരവയവം തന്നെ മുറിഞ്ഞു പോകുന്ന അവസ്ഥ വരാം.

അന്തോണീസ് പുണ്യവാളന്‍റെ ചേട്ടനാണ് എന്നന്നത്തേക്കും ഇരുട്ട് എന്ന സൂര്യാഘാതം. കണ്‍ജെനിറ്റല്‍ എറിത്രോ പോയെറ്റിക് പോര്‍ഫിയറ എന്നോ മറ്റോ ആണ് ശാസ്ത്രനാമം. കേട്ടിട്ട് പൊള്ളുന്നു. പൊള്ളി ഭസ്‌മമാകുന്നതാണ് രോഗം. സൂര്യവെളിച്ചത്തോട്
സൂപര്‍സെന്‍സിറ്റിവിറ്റിയുള്ള സി ഇ പി ക്കാര്‍ രാത്രി പുറത്തിറങ്ങിയാല്‍ മതി. പകല്‍ പുറത്ത് പോകണമെങ്കില്‍ ചന്ദ്രനില്‍ പോകുന്ന പോലെ വേണം. രക്തത്തിലെ പോര്‍ഫിയറിന്‍സ് കളയണമെങ്കില്‍ ബ്‌ളഡ് ട്രാന്‍സ്‌ഫ്യൂഷന്‍ നടത്താമെന്ന പ്രതിവിധിയുണ്ട്.

ഇരട്ട അസ്ഥികൂടം എന്ന ഫൈബ്രോ ഡിസ്‌പ്‌ളേഷ ഓസിഫിക്കാന്‍സ് പ്രോഗ്രെസ്സെവ എന്ന എഫ് ഓ പി പിടിപെട്ടാല്‍ എല്ലുകള്‍ വളര്‍ന്ന് തുടങ്ങുകയായി. ആവശ്യമില്ലാത്തിടത്തും വളര്‍ന്ന് ശരീരം ഒരു കൂട്ടിനകത്താവും. അധിക എല്ലുകള്‍ സര്‍ജറിയിലൂടെ നീക്കാമെന്ന് വച്ചാല്‍ കമ്യൂണിസ്‌റ്റ് പച്ച പോലെ ദാ വളരുന്നു എല്ല്. പ്രോമിത്യൂസിന്‍റെ കരള്‍ പക്ഷി കടിച്ചാലും വളരുന്നു എന്ന കഥയോര്‍ക്കാം ഈ കരള്‍ പിളരും കാലത്ത്.

നമ്മുടെ തലച്ചോറും മാംസവും ശാപ്പിടുന്ന ബാക്‌റ്റീരിയകളാലും പ്രീയോണ്‍സുകളാലും സമൃദ്ധമാണ് ലോകമിന്ന്. അത്ഭുദലോകത്തെ ആലീസിന്‍റെ മായക്കാഴ്‌ചകള്‍ സമ്മാനിക്കുന്ന ലോകം നമുക്ക് ഒരു ലോകം തരികയും നമ്മെ ലോകത്ത് ഒറ്റപ്പെട്ടവരാക്കുകയും ചെയ്യുന്നു.

Blog Archive