Search This Blog

Thursday, November 10, 2011

ഗായകന്‍ സുദീപ് പറയുന്നത്

ശിക്കാറിലെ 'എന്തെടീ എന്തെടീ' ആണ് ശരിക്കും ബ്രേക്ക് തന്നത്. ജയേട്ടനോടൊപ്പം (എം. ജയചന്ദ്രന്‍) മാടമ്പി മുതല്‍ പതിനാറ് പടങ്ങളില്‍ പാടി. ജയേട്ടന്‍ ഒരു സഹായിയായി എന്നെ ഇടക്ക് കൂട്ടും. ഷാര്‍ജയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു ശിക്കാറിലെ പാട്ടുകളുടെ കംപോസിങ്ങ്. നിര്‍മ്മാതാവ് രാജഗോപാല്‍, ഞാനെന്തിനാ എപ്പോഴും നാട്ടില്‍ വരുന്നത്? നിങ്ങള്‍ ഇങ്ങോട്ട് പോരൂ എന്ന് പറഞ്ഞപ്പോള്‍ ഗിരീഷ് പുത്തഞ്ചേരിയും സംവിധായകനും തിരക്കഥാകൃത്തുമടങ്ങുന്ന സംഘം ഷാര്‍ജയിലേക്ക് പോയി. കൂട്ടത്തില്‍ ജയേട്ടന്‍ എന്നെയും കൂട്ടി. ഷാര്‍ജയില്‍ ഞങ്ങളുടെ ഫ്‌ളാറ്റില്‍ ഒരു ദിവസം രാവിലെ ടോയ്‌ലറ്റില്‍ നിന്നും എന്തെടീയുടെ ഈണത്തില്‍ തന്നനാ എന്ന് ജയേട്ടന്‍ പാടുന്നത് കേട്ടു. പുറത്ത് വന്ന് എന്നെ ഈണം മൂളിക്കേള്‍പ്പിച്ച് എങ്ങനെയുണ്ടെന്ന് ചോദിച്ചു. സൂപ്പര്‍, ഏത് പടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന് ഞാന്‍. എന്നാല്‍ ഇരുന്നോളൂ, ഇപ്പൊത്തന്നെ ട്യൂണീടാമെന്ന് പറഞ്ഞ് ജയേട്ടനിരുന്നു. ട്യൂണ്‍ ഗിരീഷേട്ടനെ കേള്‍പ്പിച്ച് പാട്ടെഴുതിക്കുകയായിരുന്നു. ദാസേട്ടനെക്കൊണ്ട് പാടിക്കാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പാട്ടുകളെല്ലാം തന്നെ വലിയ പുലികളെക്കൊണ്ട് പാടിക്കാനായിരുന്നു തീരുമാനം. ദാസേട്ടന്‍, ചിത്ര, എസ്‌പി, ശങ്കര്‍ മഹാദേവന്‍. എന്തെടിയുടെ കാര്യത്തില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ അടക്കം ചിലര്‍ ഞാനീ പാട്ട് പാടണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ജയേട്ടന്‍ സമ്മതിച്ചു. നിര്‍മ്മാതാവ് രാജഗോപാല്‍ പറഞ്ഞത് നാല് പുലികളും ഒരെലിയും പാടുന്നു. പാട്ടുകള്‍ ഹിറ്റായിക്കഴിഞ്ഞ് ആരോ പറഞ്ഞു, ഇപ്പൊ എലി പുലിയായി!

ചെന്നൈയില്‍ സ്‌റ്റീഫന്‍ ദേവസിയുടെ സ്‌റ്റുഡിയോയിലായിരുന്നു (Music Launch) റെക്കഡിങ്ങ്. എന്തെടിയിലെ ചിത്രച്ചേച്ചിയുടെ ഭാഗം ഞാന്‍ സ്‌റ്റുഡിയോയില്‍ പോകുന്നതിന് മുന്‍പേ റെക്കഡ് ചെയ്തു.

ഈ മാസം എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം എന്നിവര്‍ക്കായി ഞാന്‍ പാടിയ ചിത്രങ്ങള്‍ക്ക് നവംബറിലാണ് റിലീസ്. ലാലേട്ടന്‍റെ അറബിയും ഒട്ടകവും എംജി ശ്രീകുമാറാണ് ട്യൂണ്‍. ഷാഫിയുടെ മമ്മൂട്ടിച്ചിത്രം വെനീസിലെ വ്യാപാരിക്ക് ബിജിബാല്‍. അങ്ങാടിയിലെ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ റീമേക്ക് ചെയ്തിട്ടുണ്ട് വെനീസിലെ വ്യാപാരിയില്‍. എണ്‍പതുകളിലെ ഓര്‍മ്മയുടെ പുതുക്കലായാണ് ആ പാട്ട് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കമലിന്‍റെ ജയറാം ചിത്രം സ്വപ്‌നസഞ്ചാരിക്കും തുളസീദാസിന്‍റെ കില്ലാടി രാമനും ജയേട്ടന്‍റെ സംഗീതമാണ്. മറ്റൊരു പുതിയ ചിത്രം രാജസേനന്‍റെ ഇന്നാണാ കല്യാണം. ഞാന്‍ പാടിയ 12 ചിത്രങ്ങള്‍ പുറത്ത് വരാനിരിക്കുന്നു. ജോണ്‍സണ്‍ മാഷ് സംഗീതം ചെയ്ത നവാഗതര്‍ക്ക് സ്വാഗതം (റിലീസ് ചെയ്തിട്ടില്ല, അനില്‍ പനച്ചൂരാന്‍റെ രചന) എന്ന ചിത്രത്തില്‍ പാടിയിട്ടുണ്ട്: കൈത്താലമെടുക്കെടീ പെണ്ണാളെ...

മലയാളത്തിലെ ആദ്യ ടിവി റിയാലിറ്റി ഷോ എന്ന് പറയാവുന്ന ഹംസധ്വനി എന്ന ദൂരദര്‍ശന്‍ പരിപാടിയില്‍ ഞാനായിരുന്നു ഫൈനലിസ്‌റ്റ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജലക്ഷ്‌മി (കഴിഞ്ഞ വര്‍ഷം സംസ്‌ഥാന അവാര്‍ഡ് നേടി). ഉണ്ണിമേനോനായിരുന്നു ഹംസധ്വനി അവതരിപ്പിച്ചിരുന്നത്. 1996ലായിരുന്നു അത്.

പതിനൊന്ന് വയസ് മുതല്‍ സംഗീതം പഠിച്ചു. നടന്‍ ജഗതിയുടെ അമ്മായി ശാന്തമ്മട്ടീച്ചര്‍ ആദ്യഗുരു. പിന്നീട് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്. 2000-ല്‍ ദേവരാജന്‍ മാസ്‌റ്റര്‍ നവഗായകര്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് ടാഗോര്‍ തീയറ്റര്‍ വാടകക്കെടുത്ത് ഒരു സംഗീതപരിപാടി നടത്തി. ജോണ്‍സണ്‍ മാഷും മറ്റും സഹായിക്കാനുണ്ടായിരുന്നു. പുതിയ നൂറ്റാണ്ടിലേക്ക് എന്ന് പേരിട്ട ആ പരിപാടിയില്‍ അവതരിപ്പിച്ച 5 നവഗായകരില്‍ ഒരാള്‍ ഞാനായിരുന്നു. തുടര്‍ന്ന് ആറുവര്‍ഷക്കാലം ദേവരാജന്‍ മാഷിന്‍റെ കീഴില്‍ പഠിക്കാനായി. ചെന്നൈയിലും തിരുവനന്തപുരത്തുമായി.

അക്കാലത്ത് ഞാന്‍ തിരുവനന്തപുരം ലോ കോളജില്‍ പഠിച്ചിരുന്നു. എന്‍-റോള്‍ ചെയ്ത വിശേഷം പറഞ്ഞപ്പോള്‍ ദേവരാജന്‍ മാഷ് പറഞ്ഞു, നീ കേസില്ലാപ്പാട്ടുകാരനായിരിക്കും! ഈയിടെ മനോരമയില്‍ നിന്നും ഇന്‍റര്‍വ്യൂവിന് വന്നപ്പോള്‍ ഞാനക്കാര്യം പറഞ്ഞിരുന്നു. അവരത് തലക്കെട്ടാക്കി: കേസില്ലാപ്പാട്ടുകാരന്‍.

ആലപ്പുഴയിലായിരുന്നു ഞങ്ങളുടെ വീട്. ഇപ്പോള്‍ തിരുവനന്തപുരത്ത് വെള്ളയമ്പലത്ത്. എന്‍റെ അച്ഛനും സംവിധായകന്‍ വിനയനും ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ സഹജീവനക്കാരയിരുന്നു. ആലപ്പുഴയിലെ ഒരു പൊതു പരിപാടിക്ക് വിനയന്‍റെ മുമ്പില്‍ ഞാന്‍ പാടി. പാട്ടിന് ശേഷം വിനയന്‍റെ പ്രസംഗം: എന്‍റെ അടുത്ത പടത്തില്‍ ഇവന്‍ പാടും. തുടര്‍ന്ന് പ്രസംഗിച്ചയാള്‍ പറഞ്ഞു, സിനിമാക്കാര്‍ പല വാഗ്‌ദാനങ്ങളും പറയാറുണ്ട്. വിനയന്‍ എണീറ്റ് നിന്ന് പറഞ്ഞു. വിനയന് ഒറ്റ വാക്കേയുള്ളൂ. അങ്ങനെ ഊമപ്പെണ്ണില്‍ അധരം സഖീ പാടി. തുടര്‍ന്ന് പല വിനയന്‍ ചിത്രങ്ങള്‍.

മുന്‍പ് ജോണി സാഗരികയുമായുള്ള പരിചയത്തില്‍ താലോലം, ദയ എന്നീ ചിത്രങ്ങളുടെ കസറ്റുകളില്‍ ഞാന്‍ പാടിയിരുന്നു. താലോലത്തില്‍ തേന്‍നിലാവില്‍, ദയയില്‍ സ്‌നേഹലോലയാം..

സംഗീതം കൊണ്ട് മാത്രമാണ് ജീവിക്കുന്നത്. ഭാര്യ കലാമണ്ഡലം നര്‍ത്തകി ഇപ്പോള്‍ രണ്ട് കുട്ടികളെ നോക്കുന്നു. സംഗീതം കൊണ്ട് ജീവിച്ചു പോവാം എന്നാണെന്‍റെ അനുഭവം. ഒരിക്കല്‍ മാത്രമേ കബളിപ്പിക്കലിന് ഇരയായിട്ടുള്ളൂ. ഒരു അമേരിക്കന്‍ പ്രോഗ്രാമിന് പോയി തിരികെ പോരാന്‍ നേരമായിട്ടും പെയ്‌മെന്‍റില്ല. എയര്‍പോര്‍ട്ടില്‍ വച്ച് തിരിച്ച് പോരാനുള്ള ബോര്‍ഡിങ്ങ് പാസ് കൈയില്‍ തന്ന് സംഘാടകന്‍ സ്വകാര്യം പറഞ്ഞു: 'ഞാനുടനെ നാട്ടില്‍ വരുന്നുണ്ട്. അപ്പോള്‍ കാണാം.' ഇതുവരെ കണ്ടിട്ടില്ല.

5 comments:

മുക്കുവന്‍ said...

ഒരു അമേരിക്കന്‍ പ്രോഗ്രാമിന് പോയി തിരികെ പോരാന്‍ നേരമായിട്ടും പെയ്‌മെന്‍റില്ല. ..

name the organization.. at least it will be helpful for other singers. may be the organization's cashier/president looted it. in that case naming the person will solve the issue. :)

മുക്കുവന്‍ said...

ഗഡീ... മറുപടി കണ്ടില്ലാ‍ാ.. പോസ്റ്റെഴുതി നാട് വിട്ടോ?

സുനില്‍ കെ. ചെറിയാന്‍ said...

സുദീപ് വെളിപ്പെടുത്തിയിട്ടില്ല ആ അമേരിക്കന്‍ കശ്‌മലനെ. പിന്നീട് ബന്ധപ്പെട്ടപ്പോഴും കക്ഷിക്കത്ര താല്‍പര്യമില്ല പേര് പ്രസിദ്ധപ്പെടുത്താന്‍. ആ പേരില്‍ ഒരു കടം മുടങ്ങണ്ട. thanks habibi!

മുക്കുവന്‍ said...

ഹും.. ആരൊക്കെയോ മലക്കം മറിയണൂ.. സുദീപ് നുണ പറയാന്‍ വഴിയില്ലാ.. ചിലപ്പോള്‍ ഒരു പ്രാസത്തിനു പറഞ്ഞതായിരിക്കും അല്ലേ! അല്ലേല്‍ തുക വല്യത് ബാലന്‍സുണ്ടാവില്ലാ‍ാ.. ഒരു 10% താഴെ.. അപ്പോള്‍ ഇത് വെളിപ്പെടുത്തിയാല്‍ ഇനിയെന്നെങ്കിലും ഉള്ള ഒരു വിളി മുടങ്ങും .. അപ്പോ എല്ലാം പറഞ്ഞപോലെ.!

ManojMavelikara said...

kollaammmmm.....adipolyaa

Blog Archive

Follow by Email