Search This Blog

Sunday, February 19, 2012

കുവൈറ്റ് ചരിത്ര പശ്ചാത്തലത്തില്‍ മലയാള നോവല്‍

http://new.kuwaittimes.net/2012/02/19/kuwaits-50-year-history-backdrop-in-expat-novel/
1962ല്‍ എട്ട് ദിവസ കപ്പല്‍യാത്രയില്‍, മുലപ്പാല്‍ വരെ ഛര്‍ദ്ദിച്ച് കുവൈറ്റ് ഓയില്‍ കമ്പനിയില്‍ റിക്രൂട്ട് ചെയ്യപ്പെട്ട് പ്രവാസിയായ ഇരുപതുകാരന്‍, സര്‍വ്വജ്ഞാനി 'ഞാന്‍' പറയുന്ന 50 വര്‍ഷത്തെ കഥ: പൊതുവിജ്ഞാനവും, ചരിത്രവും, പച്ചയായ ജീവിത നിരീക്ഷണങ്ങളും, ഹിന്ദി-തമിഴ് ഗാന ശകലങ്ങളും, ഭക്ഷണവര്‍ണ്ണനകളും റെസിപ്പികളും കൊണ്ട് സമ്പന്നമായ മൂന്ന് ഭാഗങ്ങളുമായി ഒരു നോവല്‍ - ഒരു പ്രവാസിയുടെ ഇതിഹാസം ഒരുങ്ങുന്നു. ഡിസി ബുക്ക്‌സ് പുറത്തിറക്കിയ രണ്ടു ചരിത്രപുസ്‌തകങ്ങളുടെ കര്‍ത്താവ് ബാലഗോപാലനാണ് (തൂലികാനാമം) നോവലിസ്‌റ്റ്. പൂര്‍ത്തിയായ ആദ്യഭാഗം 1962 മുതല്‍ 1990 കുവൈറ്റ് അധിനിവേശം വരെയും നിര്‍മ്മിതിയിലുള്ള രണ്ടും മൂന്നും ഭാഗങ്ങള്‍ യഥാക്രമം ഓപറേഷന്‍ ബ്‌ളൂ സ്‌റ്റാര്‍, വര്‍ത്തമാനകാലം എന്നിവ വരെയുമാണ്.

വെള്ളത്തിനരികില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ട എന്നര്‍ത്ഥമുള്ള കുവൈറ്റിലെ ആദ്യ സ്ഥിരതാമസക്കാര്‍ സൌദിയിലെ നജഢില്‍ നിന്നും കുടിയേറിയ ബനി വാലിദ് ഗോത്രക്കാര്‍. 1756ല്‍ സബാ ഒന്നാമന്‍ ആദ്യത്തെ ഭരണാധികാരി. 1962ല്‍ ഇന്ത്യക്കാരുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ. അന്ന് ഒരു ദിനാറിന് 13 രൂപ. 1964 വരെ മദ്യം പെര്‍മിറ്റനുസരിച്ച് കിട്ടുമായിരുന്നു. 'ഞാന്‍' കണ്ടുമുട്ടുന്ന മലയാളി അച്ചായന്‍മാര്‍ പൊതുവെ വീശുന്നവര്‍. ആഹാരത്തിന് മുന്‍പ് ജല്‍ദി 5 (അഞ്ച് മിനിട്ട് കൊണ്ട് ഒരു പെഗ്ഗ്) അടിക്കുന്നവര്‍. പൊടിയിലും ചൂടത്തും ഓടാനോ നടക്കാനോ മാര്‍ഗ്ഗമില്ലാതെ കോഴിയിറച്ചിയും മദ്യവുമായി പെണ്ണിന്‍റെ മണം പോലും കിട്ടാതെ ജീവിച്ച പലരും സ്ഥിരതാമസത്തിന് നാട്ടില്‍ ചെന്നാല്‍ താമസിയാതെ മരിക്കും. വേനലവധിക്ക് ഒഴിഞ്ഞ ഫാമിലി ക്വാര്‍ട്ടേഴ്സ് ലഭ്യമായതിനാല്‍ വിസായെടുത്ത് കൊണ്ടുവരുന്ന ഭാര്യ 'സമ്മര്‍ ബ്രൈഡ്' ആയിരുന്നു.

1967 ജൂണ്‍ 5ലെ ഇസ്രയേല്‍-ഈജിപ്‌റ്റ്, ജോര്‍ദ്ദാന്‍, സിറിയ യുദ്ധം; ടെഹ്‌റാനിലെ ബാങ്ക്മെല്ലിയുടെ നിലവറയില്‍ ഇരിക്കുന്ന ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മയൂരസിംഹാസനം; യൂഫ്രട്ടീസ്‌-ടൈഗ്രിസ് ഷത്-അല്‍-അറബ് നദിയുമായി ചേര്‍ന്ന് ബസ്രയിലൂടെ ഒഴുകി കുവൈറ്റ് ഉള്‍ക്കടലില്‍ വീഴുന്നിടത്ത് നിന്നും പിടിക്കുന്ന നഗരൂര്‍ എന്ന മല്‍സ്യം; 1979 ജനുവരിയില്‍ ഒളിച്ചോടിയ ഷഹന്‍ഷാക്ക് പകരം ആയത്തൊള്ള ഖൊമൈനി പരമോന്നത നേതാവായത് (മുന്‍പ് നാടു കടത്തപ്പെട്ടിരുന്ന ഖൊമൈനി കോടിക്കണക്കിന് കസറ്റുകളിലൂടെ ഷിയാമതപ്രചാരത്തിലൂടെ വിപ്‌ളവം സൃഷ്‌ടിച്ചു); 1980-88 ഇറാന്‍-ഇറാഖ് യുദ്ധം; 90ലെ കുവൈറ്റ് അധിനിവേശം; അതിനോട് വിപി സിങ്ങ് സര്‍ക്കാര്‍ കാട്ടിയ ഉദാസീനത, കുവൈറ്റിലെ പലസ്‌തീനികള്‍ കാട്ടിയ നന്ദികേട് തുടങ്ങിയ ചരിത്രസ്‌മൃതികളും കൌതുകങ്ങളും ‍ സ്വാഭാവികമായി രംഗത്തു വരുന്ന കഥാപാത്രങ്ങളെപ്പോലെ.

ലോകമെമ്പാടും പരന്ന മലയാളപ്രവാസത്തിന്‍റെ വേദനകള്‍ വാങ്ങി സ്വതത്ര ചിന്തയാല്‍ ജീവിതത്തിന്‍റെ കരച്ചിലുകളെ മറികടക്കാന്‍ ശ്രമിക്കുന്ന 'ഞാന്‍'; ദിവസവും അര ഗ്‌ളാസ് ഒലിവെണ്ണ കുടിക്കുന്ന പലസ്‌തീന്‍കാരന്‍ അസീസ്; റോട്ടറി മഷീന്‍ ഉള്ളിലേക്ക് വലിച്ചെടുത്ത തമിഴന്‍ സ്‌റ്റുവര്‍ട്ട്; സായിപ്പ്‌മാരുടെ വീട്ടുവേലക്ക് നില്‍ക്കുന്ന ഗോവക്കാരികളുടെ പിറകേ നടക്കുന്ന കോഴിയായ ആയ ജോണി ('കോഴി'മാരെ അറബിയില്‍ ഗദ്ദി - കോലാട്, ഗ്രീക്ക് മിത്തോളജിയില്‍ സെയ്റ്റര്‍ satyr); ശമ്പളം ഹുണ്ടിയില്‍, ഇരട്ടി നാട്ടിലെത്തിച്ചിരുന്ന പ്രാര്‍ത്ഥനക്കാരന്‍ മത്തായി; അവധിക്ക് പോകുമ്പോള്‍ എല്ലാവരും കൊടുത്തുവിടുന്ന സ്വര്‍ണ്ണം ബന്ധുക്കളെ ഏല്‍പ്പിക്കുന്ന വിശ്വസ്തന്‍ ദാസ്; 64ല്‍ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ അത് കുവൈറ്റ് ടൈംസില്‍ വെണ്ടക്കായില്‍ നിരത്താമെന്ന് പറഞ്ഞ ജോയി; ഹുണ്ടി ബിസിനസ് ചെയ്ത് ബോംബെ അധോലോകം വരെ ചെന്ന് അപ്രത്യക്ഷനായ ഗോപാലന്‍ നായര്‍; അയാളുടെ ഹുണ്ടി ഏജന്‍റ്, ചാണ്ടിച്ചായന്‍; ചാണ്ടിച്ചായന്‍റെ സിനിമാ പിടിക്കാന്‍ നടക്കണ മകന്‍; ലെബനന്‍ മാറനൈറ്റ് ക്രിസ്ത്യാനിപ്പെണ്‍കൊടി അഫാഫ്, ഇന്ത്യന്‍ വീട്ടുവേലക്കാര്‍ ആര്‍ഷഭാരതത്തിന് നാണക്കേട് വരുത്തുന്നു എന്നഭിപ്രായമുള്ള ഇന്ത്യന്‍ അംബാസഡര്‍; കുവൈറ്റ് അധിനിവേശക്കാലത്ത് ആദ്യം അടച്ചുപൂട്ടിയ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ബഗ്‌ദാദിലെ ഷെറട്ടണില്‍ താമസിക്കുമ്പോള്‍ സൌകര്യം പോരെന്ന് പരാതിപ്പെട്ട ഇന്ത്യന്‍ അംബാസഡര്‍; സ്‌റ്റാലിനെ മനസാ വരിച്ച സദ്ദാം; അയാളുടെ കാമഭ്രാന്തനായ മകന്‍ ഉദ്ദയ്; ചാരിത്ര്യം രക്ഷിക്കാന്‍ ഹോട്ടലിന്‍റെ മുകളില്‍ നിന്നും താഴേക്ക് ചാടി മരിച്ച ആയിഷ; കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത് ടിവിയില്‍ കണ്ട് സമനില തെറ്റിയ സാദള്ള........

.......അടിയന്‍-തമ്പ്രാ പദങ്ങള്‍ ഇപ്പോള്‍ നിഘണ്ടുവിലില്ലാത്ത പ്‌ളാത്തിപ്പുലയന്‍; കൊച്ചിലേ ബോര്‍ഡിങ്ങിലാക്കപ്പെട്ട് വളര്‍ന്നപ്പോള്‍ ഹിപ്പിയായി മാറിയ മനോജ്; ഗ്‌ളാസ്സ്‌മുറികളില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന നെതര്‍ലന്‍ഡ്‌സിലെ പല നിറങ്ങളിലുള്ള വേശ്യകള്‍; കുവൈറ്റ് അധിനിവേശക്കാലത്ത് ഇറാഖ്-ഇറാന്‍-പാക്കിസ്താന്‍ വഴി ഇന്ത്യയിലേക്ക് കാറില്‍ പോയി വഴിതെറ്റി ഇറാഖി പട്ടാളക്കാരാല്‍ കൊള്ളയടിക്കപ്പെട്ട നമ്പ്യാര്‍; ഡോക്‌ടറുടെയും നഴ്‌സിന്‍റെയും വേഷത്തില്‍ കപ്പലില്‍ രക്ഷപെട്ട നമ്പ്യാരുടെ ഭാര്യയും മകളും; ഖുബ്ബൂസ് വാങ്ങുവാന്‍ ക്യൂ നിന്ന കുവൈറ്റി കോടീശ്വരന്‍ അബ്ദുള്ള; അവന്‍റെ പിച്ചിച്ചീന്തപ്പെട്ട രണ്ട് സഹോദരിമാര്‍; അവരെ വളര്‍ത്തിയ തിരുവനനന്തപുരത്തുകാര്‍ ആയമാര്‍... അങ്ങനെ ഒരുപാടൊരുപാട് കഥാപാത്രങ്ങള്‍ മുഖം കാട്ടി മറയുന്നു ഇതിഹാസത്തില്‍.

1 comment:

Abdulkalam.U.A said...

പ്രവാസ ജീവിതം അധിനിവേശ ഭീകരതയില്‍ അമര്‍ന്ന ഒരു കാലഘട്ടത്തെ സത്യസന്ധമായി തിരിച്ചറിയാന്‍ "ഒരു പ്രവാസിയുടെ ഇതിഹാസത്തിന്" കഴിയട്ടെ എന്നാശംസിക്കുന്നു.
നോവലിനായി നമ്മുക്ക് കാത്തിരിക്കാം....

Blog Archive

Follow by Email