Search This Blog

Saturday, January 18, 2014

സ്വരഭേദങ്ങള്‍, ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി, 52, പതിനൊന്നാം വയസില്‍ തുടങ്ങിയ ഡബ്ബിങ്ങ് 3,000 കഥാപാത്രങ്ങള്‍ക്ക് ശബ്‌ദമിട്ട് തുടരുന്നു. കോഴിക്കോട് വെള്ളിമാന്‍കുന്നിലെ ബാലമന്ദിരത്തില്‍ ബാല്യം. അച്ഛനെ കണ്ട ഓര്‍മ്മയില്ല. അമ്മ കാന്‍സര്‍ വന്ന് മരിച്ചതില്‍പ്പിന്നെ വല്യമ്മ സിനിമയില്‍ കൊണ്ടുപോയി. ആദ്യമായി നായികക്ക് ശബ്‌ദം കൊടുത്തത് 'തിരനോട്ട'ത്തില്‍ രേണുചന്ദ്രക്ക്. അന്ന് നായികാപ്രാധാന്യമില്ലാത്ത ഒരു റോള്‍ ഡബ്ബ് ചെയ്താല്‍ കിട്ടുന്നത് 250 രൂപയായിരുന്നു. വലിയ റെക്കോഡിങ്ങ് ആര്‍ട്ടിസ്‌റ്റുകള്‍ ചെറിയവരെ മൈന്‍ഡ് ചെയ്യില്ല. കോട്ടയം ശാന്തച്ചേച്ചി ഡബ്ബിങ്ങിനിടെ കരയുന്നതും മൂക്കു ചീറ്റുന്നതും കണ്ട് പഠിക്കാന്‍ അടുത്ത് ചെന്ന് നിന്നപ്പോള്‍ ഈ പെണ്ണിനെ മാറ്റി നിര്‍ത്തൂ എന്ന് ബഹളം വച്ചു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്‌റ്റായിരുന്ന സമയത്ത് എന്നെ 'അരഞ്ഞാണം' എന്ന സിനിമക്ക് ഡബ്ബ് ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ ഡബ്ബിങ്ങ് സെലെക്‌ഷനില്‍ നിന്നും പുറത്തായ ഒരു പെണ്‍കുട്ടിയും അവരുടെ അമ്മയും സ്‌റ്റുഡിയോയില്‍ കയറി ബഹളം വച്ചു. രവീന്ദ്രന്‍ മാസ്‌റ്ററാണ് അവരെ കഴുത്തിന് പിടിച്ച് പുറത്താക്കിയത്. എനിക്ക് തിരക്കായപ്പോള്‍ എവര്‍ഷൈന്‍ പിക്‌ചേഴ്‌സിന്‍റെ സ്ഥിരം ആര്‍ട്ടിസ്‌റ്റായി. മാസം ശമ്പളം പോലെ 5,000 രൂപാ തരുമായിരുന്നു. നോക്കെത്താ ദൂരത്ത് ആയിരുന്നു ഡബ്ബിങ്ങില്‍ വഴിത്തിരിവുണ്ടാക്കിയത്. ദേവദാസും ഫാസിലും എന്നെ ക്ഷമയോടെ പഠിപ്പിച്ചു. മദ്രാസില്‍ താമസിക്കുമ്പോള്‍ വല്യമ്മയോടൊത്ത് സിനിമ കാണാന്‍ പോകുന്നതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഒരു ആഡംബരം. സിനിമക്കു പോകുമ്പോള്‍ കാപ്പിയും ഗ്‌ളാസും മുറുക്കുമൊക്കെ ബാഗില്‍ കരുതും. സംവിധായകന്‍ രാജശേഖരന്‍ വഴി പരിചയപ്പെട്ട ഒരാള്‍ എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞു. തിരുവനന്തപുരത്ത് ഗവ ഉദ്യോഗസ്ഥന്‍. രണ്ട് ആണ്‍കുട്ടികളുണ്ടായി അദ്ദേഹം ഒരു സിനിമയും നിര്‍മ്മിച്ച് പൊളിഞ്ഞതോടെ ഞാനുണ്ടാക്കിയ വീട് - ശ്രീകുമാരന്‍തമ്പി പേരിട്ട വീട് 'സ്വരം' -വിട്ട് ഇറങ്ങിപ്പോന്നു. പണം മാത്രമായിരുന്നു ഭര്‍ത്താവിന് താല്‍പര്യം. പിന്നീട് ഒരു പ്രണയമുണ്ടായി. ഒരിക്കല്‍ അദ്ദേഹം പറയുന്നു, ലക്ഷ്മീ നമ്മളൊരുമിച്ച് നടക്കുന്നത് കണ്ടാല്‍ ആളുകള്‍ എന്തു പറയും? അതും നഷ്‌ടമായി. ഉള്ളടക്കം മദ്രാസില്‍ ഡബ്ബ് ചെയ്യുമ്പോള്‍ രണ്ടാമത്തെ മകന്‍ വയറ്റിലുണ്ട്. അമല ഫ്‌ളവര്‍വെയ്‌സ് എടുത്ത് ശോഭനയുടെ തലയില്‍ അടിക്കുന്ന ഭാഗമൊക്കെ അലറിക്കഴിഞ്ഞപ്പോഴേക്കും എനിക്ക് വയ്യാതായി. ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേക്ക്. 9.30ക്ക് ആശുപത്രിയിലെത്തി. 10.30ക്ക് പ്രസവിച്ചു. മൂന്നാം ദിവസം വീട്ടില്‍ വന്നു. 28 കഴിഞ്ഞപ്പോഴേ ഡബ്ബിങ്ങിന് പോയിത്തുടങ്ങി.--------------- സ്വരഭേദങ്ങള്‍, ആത്മകഥ, ഭാഗ്യലക്ഷ്മി. ഡിസി ബുക്ക്‌സിന്‍റെ ലിറ്റ്‌മസ് പ്രസിദ്ധീകരണം, സത്യന്‍ അന്തിക്കാടിന്‍റെ അവതാരിക, പ്രസക്തഭാഗങ്ങള്‍ ഭാഗ്യലക്ഷ്മി വായിച്ച ഓഡിയോ സിഡിയടക്കം 175 രൂപ.

2 comments:

Marva said...

അതെ ശബ്ദം കൊണ്ട് മാത്രം സാന്നിധ്യം അറിയിച്ച ചിലർ

ശ്രീ said...

പുസ്തകം വാങ്ങി വച്ചിട്ടുണ്ട്, വായിയ്ക്കണം

Blog Archive

716,390