Search This Blog

Sunday, April 6, 2014

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം അമര്‍-അക്‌ബര്‍-ആന്‍റണി

സിനിമ സംവിധാനം ചെയ്യാന്‍ പത്ത് വര്‍ഷം മുന്‍പ് ഗുഡ്‌നൈറ്റ് മോഹന്‍ അഡ്വാന്‍സ്‌ തന്നതാണ് . ഞാനത് തിരിച്ചു കൊടുത്തു. പിന്നീട് പലരും സമീപിച്ചിരുന്നു. എന്നെ സംവിധാനം ഏല്‍പ്പിച്ചാല്‍ ദിലീപിന്‍റെ ഡേറ്റ് കിട്ടുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ദിലീപിനെ വച്ച് പടം ചെയ്യുന്നതില്‍ അത്ഭുദമില്ല. അതെപ്പോഴും സംഭവിക്കാവുന്നതാണ്. എനിക്ക് സ്വന്തമായി ഒരു സംവിധായകന്‍റെ ലേബല്‍ വേണമായിരുന്നു. വിപിന്‍-വിഷ്‌ണു എന്നീ പയ്യന്‍മാര്‍ വന്നൊരു കഥ പറഞ്ഞപ്പോള്‍ കൊള്ളാമെന്നു തോന്നി. ഞാന്‍ ദിലീപിനെ വിളിച്ചു. ‍ പ്രൊഡ്യൂസ് ചെയ്യണോ എന്നവന്‍.

ദിലീപുമായി 23 വര്‍ഷത്തെ ബന്ധമുണ്ട്. (64 തരം പുട്ട് വിളമ്പുന്ന ദേ പുട്ട്, ദിലീപുമായി പങ്കാളിത്തമുള്ള സ്ഥാപനം എറണാകുളത്ത് ഹിറ്റാണ്. ഉടന്‍ കോഴിക്കോട്ട് തുറക്കും).  കളമശേരി സെയിന്‍റ് പോള്‍സില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പഴേ ഞാന്‍ പ്രഫഷണല്‍ മിമിക്രി താരമാണ്. മാള അരവിന്ദന്‍റെ കൊച്ചിന്‍ ഓസ്‌കറില്‍. പ്രഫഷണലുകാര്‍ക്ക് കോളജ് മല്‍സരങ്ങളില്‍ വിലക്കുള്ളതിനാല്‍ എനിക്ക് മല്‍സരിക്കാന്‍ നിര്‍വാഹമില്ല. കലാമണ്ഡലം ഹൈദരലിയുടെ ശിഷ്യനായി കഥകളി സംഗീതം പഠിച്ചിരുന്നു ഞാന്‍.

മഹാരാജാസില്‍ ഡിഗ്രിക്ക് ദിലീപ്, എന്നെ മിമിക്രിയിലേക്ക് കൊണ്ടു വന്ന രമേശ് കുറുമശേരി എന്നിവര്‍ മല്‍സരത്തിന്.   ജഡ്‌ജായി  ഞാന്‍ പോയി. ദിലീപിന് ഫസ്‌റ്റ്. ഗുരുവിന് തേഡ്. ദിലീപ് എന്‍റെ പിന്നാലെ കൂടി. ഞാന്‍ പാരഡി പാട്ടെഴുത്തും അവന്‍ മിമിക്രിയും. നാദ് ഓഡിയോസ് എന്ന കമ്പനി അങ്ങനെയാണ് വരുന്നത്.

അക്കാലത്ത് എന്നോട് ഒരാള്‍ മാവേലിയെക്കുറിച്ച് ഒരു കഥയെഴുതാന്‍ പറഞ്ഞു. ഞാന്‍ അന്നേ തലതിരിഞ്ഞാണ് ചിന്തിക്കുക.  മാവേലി തെരുവിലെ ഗട്ടറിലൂടെ അവതരിക്കുന്നതൊക്കെ എന്‍റെ ഭാവനയില്‍. അത്തരം കുറേ തലതിരിഞ്ഞ പാട്ടുകളും നുറുങ്ങുകളുമായി മാവേലി റെഡി.  ആര്‍ എസ് എസുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്ന് കസറ്റ് നിര്‍മ്മാതാവ്. പിന്നീട് ആ കസറ്റ് അവതരിച്ചു. ദേ മാവേലി കൊമ്പത്ത്. കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഇറക്കി. കലാഭവന്‍ മണിയുടെ ആദ്യത്തെ നാടന്‍പാട്ട്, റിമി ടോമി ആദ്യമായി പാടുന്നത്, കോട്ടയം നസീറിന്‍റെ ആദ്യപ്രകടനം ഞങ്ങളുടെ കസറ്റിലാണ്.

ഞാന്‍ ഒരു ദിവസം മൂന്നു സിനിമയെങ്കിലും കാണും. കണ്ട സിനിമകളാണെന്‍റെ ഗുരു. ഒരിക്കല്‍ ലാല്‍ജോസിന് ഒരു കഥ വേണം. ദിലീപിന്‍റെ എല്ലാ കഥകളും ചര്‍ച്ചക്ക് എന്‍റെ അടുക്കല്‍ വരും. ഞങ്ങളൊന്നിച്ച് ടൂര്‍ പോയപ്പോള്‍ പണ്ട് ഞാന്‍ കണ്ട ഒരു നാടകത്തിന്‍റെ കഥ പറഞ്ഞു. ചേര്‍ത്തല ജൂബിലി തീയറ്റേഴ്‌സിന്‍റെ അറബിക്കടലും അത്ഭുദവിളക്കും. രാജന്‍ പി ദേവിന്‍റെ ട്രൂപ്പ് അവതരിപ്പിച്ച നാടകത്തില്‍ ഒരു ചെറുപ്പക്കാരന്‍ പെണ്ണുവേഷത്തില്‍ അഭിനയിച്ചിരുന്നു. ആ വേഷം ദിലീപ് ചെയ്യട്ടെ എന്നു ഞാന്‍ പറഞ്ഞു. അതാണ് ചാന്തുപൊട്ട്.  നാടകത്തില്‍ പെണ്ണായി അഭിനയിച്ച ചെറുപ്പക്കാരന്‍ - ബെന്നി പി നായരമ്പലം - തിരക്കഥയെഴുതി.

ഞാനിപ്പോള്‍ സംവിധാനം ചെയ്യുന്ന അമര്‍-അക്‌ബര്‍-ആന്‍റണിയില്‍ ദിലീപ് ഇല്ല. ദിലീപിന്‍റെ ഹീറോ ഇമേജ് ആ കഥക്ക് ചേരില്ല. ഫെയ്‌സ്‌ബുക്ക് ജനറേഷന്‍റെ കഥയാണിത്. പ്രിഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ക്ക് തുല്യവേഷം. ഒരു കിലോ അരിയുടെ വില, ഒരു ഗ്യാസ് സിലിണ്ടറിന്‍റെ വില അറിയാന്‍ പാടില്ലാത്ത, പടിഞ്ഞാറ് നടക്കുന്ന എല്ലാം അറിയാവുന്ന, ചുറ്റും നടക്കുന്ന ഒന്നിനോടും ബാധ്യതയില്ലാത്ത ഉദാസീന ജനതയുടെ കഥയാണിത്.  ആറുകോടി പ്രൊജക്‌റ്റാണ്. ആല്‍വിന്‍ ആന്‍റണിയും അമേരിക്കയിലെ ഡോ സഖറിയയും നിര്‍മ്മിക്കുന്നു. സെവന്‍ ആര്‍ട്ട്‌സ് വിതരണം. പാട്ടെഴുത്തും സംഗീതവും ആരെയെങ്കിലും ഏല്‍പ്പിക്കും (മൂന്നാംനാള്‍ ഞായറാഴ്‌ചയാണ് ഞാന്‍ ഒടുവില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം).

ഇപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. അതാണ് താടി വളര്‍ത്തിയത്. വിവാദമായേക്കാവുന്ന ഒരു വേഷമാണ് ഞാന്‍ ചെയ്തത്. ആ റോള്‍ ചെയ്യട്ടേ എന്ന് എനിക്ക് ഒരാളോട് മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്‍റെ രണ്ട് പെണ്‍കുട്ടികളുടെ അമ്മ ഷാഹിന.
http://kuwaitindiainfo.com/?p=7756 

No comments:

Blog Archive

Follow by Email