Search This Blog

Wednesday, January 20, 2016

ഖസാക്കിന്‍റെ ഇതിഹാസം നാടകം

ഖസാക്കിന്‍റെ ഇതിഹാസം' പോലൊരു ബ്രഹ്മാണ്ഡ നാടകം ഞാന്‍ കണ്ടിട്ടില്ല. തൃശൂരില്‍ അന്താരാഷ്‌ട്ര നാടകോല്‍സവത്തില്‍ (ഇറ്റ്‌ഫോക്ക്) രണ്ട് ദിവസം അവതരിപ്പിച്ച ഈ മൂന്നര മണിക്കൂര്‍ മഹാ സ്‌പെക്‌ടക്ക്‌ള്‍ കൂടുതലും നടമാടുന്നത് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍  കാണികള്‍ക്ക് മധ്യത്തിലുള്ള മണ്ണിലാണ്. മണ്ണ് എന്നാല്‍ ഖസാഖ് ഗ്രാമം. ഒരു മൂലയില്‍ ചായക്കട. മറ്റൊരു മൂല തയ്യല്‍ക്കാരന്‍റേത്. ചുറ്റുമുള്ള സിമന്‍റ് ബഞ്ചുകള്‍ നടപ്പാതകളും അലക്കു കല്ലുകളുമൊക്കെയാവും. മൂന്ന് വശത്ത് കാണികള്‍ ഇരിക്കുന്നു. കാണികള്‍ ഇരിക്കാത്തിടം - ഉയര്‍ന്ന പ്രതലം - വീടും ഏകാധ്യാപക വിദ്യാലയവുമൊക്കെയാവും. അതിനുമപ്പുറം വീഡിയോ കാണിക്കാനുള്ള സ്‌ക്രീന്‍. സ്‌ക്രീന്‍ വെള്ളതുണിയല്ല, വെള്ള പൂശിയ ഷീറ്റ്. അത് തുറക്കാം, ഗെയ്‌റ്റ് പോലെ. അതിനകത്തിരുന്നാണ് രവിയും പത്മയും കാന്‍ഡ്‌ല്‍ ലൈറ്റ് ഡിന്നര്‍ കഴിക്കുക. 
നാടകം തുടങ്ങുന്നത് ഖസാക്കിലെ ആത്മാക്കള്‍ ചൂട്ടും കത്തിച്ചു വന്ന് പോകുന്നതിലൂടെ. പിന്നെ ഒരുപാട് തീക്കളികള്‍. മഴ. രതി (ഒഫ്‌കോഴ്‌സ്! അതും മണ്ണില്‍ മഴയത്ത് ചെളിയില്‍.) നാടകം അവസാനിക്കുന്നത്: വലിയൊരു പെട്ടിയുമായി വരുന്ന രവി. മധ്യ-സ്‌റ്റേജില്‍, എന്നു വെച്ചാല്‍ നിലത്ത്, മണ്ണില്‍, പെട്ടി തുറന്ന് അതില്‍ നിന്ന് ഭീമ-പാമ്പിനെയെടുത്ത് ആശ്‌ലേഷിച്ച്, സ്വയം പെട്ടിയില്‍ കയറി മൂടി അടയ്ക്കും. ആത്മാക്കള്‍ അതെടുത്തു കൊണ്ടുപോകും. അതിനിടയില്‍ എത്രയോ മയ്യത്തുകള്‍! മാരക നടനങ്ങള്‍! 
പഞ്ചഭൂതങ്ങള്‍ കൊണ്ടുള്ള കളി ശ്രദ്ധേയം. സകലകലകളുടെയും കലയാണല്ലോ നാടകം. മുസല്യാര്‍ മണ്ണില്‍ പള്ളി വരയ്ക്കുന്നത്, അതില്‍ കുട്ടികള്‍ ഇരിയ്ക്കുന്നത് ഒക്കെ ചടുലവേഗത്തില്‍ തീര്‍ത്ത നാടകത്തില്‍ പഞ്ചേന്ദ്രിയങ്ങളിലെ മണ-രുചി അനുഭവങ്ങള്‍ക്കായി കാണികളില്‍ ചിലര്‍ക്ക് കോഴിക്കറിയും വിളമ്പി.

നാടകം സംസാരിക്കുന്നത് ഗ്രാമ ഭാഷയാണ്. സാഹിത്യം ആത്മഭാഷണങ്ങളില്‍ വരും. കുറേ ഗ്രാമചിത്രങ്ങള്‍ കാണിക്കുക - ആദിമധ്യാന്ത കഥ പറയുകയല്ല - നാടകത്തിന്‍റെ രീതി. രവിയും കേന്ദ്ര കഥാപാത്രമല്ല. വിജയന്‍റെ നോവലുമായി നാടകം താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. സ്വന്തം അസ്തിത്വം ഉണ്ടാക്കാന്‍ സംവിധായകന്‍ ദീപന്‍ ശിവരാമന് നിര്‍ബന്ധമുള്ളത് പോലെ. നാടകത്തിലെ ഖസാക്കില്‍ ഭൂരിഭാഗം മുസ്‌ലിങ്ങളാണോ എന്ന് തോന്നും. അതിനും മാത്രം ബാങ്ക് വിളികളാണ്. കത്തിച്ച ചൂട്ടുകള്‍ക്ക് കണക്കില്ല. അതിന് നമുക്കെന്താ? ആവര്‍ത്തന വിരസത. അതന്നെ. സ്‌ത്രീകളെ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നത്, മണവാളനെ കുളിപ്പിച്ച് പൌഡര്‍ പൂശുന്നത്... ഒന്നിലധികം തവണ വേണ്ടായിരുന്നു. പിന്നെ, ആ ഡയലോഗും വേണ്ടിയിരുന്നില്ല: 'ഈ പൊലയാടി മക്കള്‍ ചാരായ നിരോധനവും കൊണ്ടുവന്നു'. എവിടെ ദീപനിലെ എഡിറ്റര്‍?
നാടകം, പക്ഷെ, തൃശൂര്‍ ഇളക്കിക്കളഞ്ഞു. സിവിക് ചന്ദ്രന്‍ പറഞ്ഞു: ഈ ഇറ്റ്‌ഫോക്ക് കണ്ടാല്‍ ലോകത്തിലെ ഏറ്റവും നല്ല നാടകം മലയാളത്തിലാണെന്ന് തോന്നും.

No comments:

Blog Archive

Follow by Email