Search This Blog

Tuesday, December 3, 2013

പെണ്ണുങ്ങള്‍ അവിടെത്തന്നെ നില്പുണ്ട്

വൈറ്റ് ഗേള്‍സ് എന്നൊരു പുതിയ പുസ്തകത്തില്‍ എഴുത്തുകാരന്‍ ഹില്‍ട്ടന്‍ ആല്‍സ് കറുത്തവര്‍ഗ്ഗക്കാരായ പുരുഷന്മാരുടെ ഹരമായ, ഏതാണ്ട് കിട്ടാക്കനിയായ വെള്ളക്കാരി പെണ്‍കുട്ടികളെക്കുറിച്ച് പറയുന്നു: കറുത്തവന്മാര്‍ വെള്ളക്കാരികളെ വെറുക്കുകയും ആരാധിക്കുകയും ചെയ്യുന്നു; പരിഹസിക്കുകയും അനുകരിക്കുകയും ചെയ്യുന്നു; അവരാല്‍ അവഗണിക്കപ്പെടുമ്പോഴും ചിലര്‍ക്കെങ്കിലും ആശ്രയമാവുകയും ചെയ്യുന്നു. വെള്ളക്കാരി എന്നു പറയുന്നത് ഒരു മാനസികാവസ്ഥ പോലുമാണ്. നോക്കുക, നമ്മുടെ ശ്രേഷ്ഠമലയാളത്തിലും പെണ്ണെഴുത്ത് വയസ്സറിയിച്ചെങ്കിലും സ്ത്രീയും സ്ത്രൈണതയും ഇപ്പോഴും വസ്തുവും വിഷയവും പാത്രവുമൊക്കെയാണ്. വൈറ്റ് ഗേള്‍സില്‍ ദൃഷ്ടി - ആംഗ്‌ള്‍ - പുരുഷാധീശത്വത്തിന്റേതാണെങ്കിലും സ്ത്രീയെ ഫ്രെയിം ചെയ്യുന്നതില്‍ ആത്മാര്‍ത്ഥതയുണ്ട്. ഭൂമിമലയാളത്തില്‍ സ്ത്രീകള്‍ താപമോ സഹതാപമോ അര്‍ഹിക്കുന്നവരും എന്നാല്‍ നമ്മുടെ പരിധിക്ക് പുറത്ത് ദയയോ പരിഗണനയോ അര്‍ഹിക്കാത്തവരായി തുടരുകയും ചെയ്യുന്നു. നമ്മുടെതന്നെ പതിനെട്ടാം നൂറ്റാണ്ട് നിര്‍വ്വചനങ്ങള്‍ സ്ത്രീകളില്‍ പ്രോജക്റ്റ് ചെയ്ത് നമ്മള്‍ അവരെ കൊണ്ടാടിക്കളയും. അതുകൊണ്ട് മോഹന്‍ലാല്‍ 'അമ്മയെ' ദര്‍ശിക്കുന്നതിന്റേയും, വിധേയനാവുന്നതിന്റെയും, അനുഗൃഹീതനാവുന്നതിന്റെയും ചിത്രണങ്ങള്‍ നമുക്ക് പാഠങ്ങളാകുന്നു. പുനത്തിലാന്‍ ദേവദാസിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് പൂജനീയമാവുന്നു. ഈറ്റ്, പ്രേ, ലവ് എന്ന പുസ്തകത്തിനും ചലച്ചിത്രത്തിനും ശേഷം അതെഴുതിയ എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖത്തില്‍ കലയിലും ശാസ്ത്രത്തിലും മറ്റും മടിച്ചുനിന്ന വനിതകളെ ചരിത്രത്തില്‍ നിന്നും കൈപിടിച്ചിറക്കുന്നുണ്ട്. മാംസഭോജനപ്രകൃതമുള്ള ചെടികളെക്കുറിച്ച് ഡാര്‍വിന്‍ സംശയനിവാരണം നടത്തിയിരുന്ന മേരി ട്രീറ്റ് അതിലൊരാളാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ സയന്‍സില്‍ എടുത്ത താല്പര്യങ്ങള്‍ സസ്യശാസ്ത്രത്തില്‍ മാത്രമായിരുന്നു. അതെന്തുകൊണ്ടായിരുന്നു? പൂക്കളും പൂന്തോട്ടവുമൊക്കെയായി ചുറ്റിപ്പറ്റിയായിരുന്നു സ്ത്രീജീവിതം. അവരില്‍ കുട്ടികളില്ലാത്തവര്‍ക്ക്, സമ്പത്തിന്റെയും കുലീനത്വത്തിന്റെയും അനുഗ്രഹങ്ങളാലും, അടുക്കളയില്‍ നിന്നും പൂന്തോട്ടംവരെയെങ്കിലും വരാന്‍ സാധിച്ചു. ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലോ അമേരിക്കന്‍ ഫിലസോഫിക്കല്‍ സൊസൈറ്റിയിലോ സ്ത്രീകള്‍ക്ക് സ്വാഗതമുണ്ടായിരുന്നില്ല. പെണ്ണുങ്ങള്‍ കൈയാളി ചെളിപുരണ്ടതിനാലാവും, സസ്യശാസ്ത്രം ശാസ്ത്രമാണോ എന്നുറക്കെ ചോദിച്ച ശാസ്ത്രജ്ഞന്മാരുണ്ട്. പക്ഷെ ചില സ്ത്രീകള്‍ ‍ നിശ്ശബ്ദം ഗവേഷണങ്ങളില്‍ മുഴുകി, പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. പെണ്ണായിപ്പോയതുകൊണ്ട് പുരുഷസമൂഹം തങ്ങള്‍ ഗൌരവബുദ്ധ്യാ ചെയ്ത കാര്യങ്ങള്‍ - ശാസ്ത്രത്തിലും കലയിലും നടത്തിയ പര്യവേക്ഷണങ്ങള്‍ - പിന്തള്ളുമോ എന്ന ഭയത്താല്‍ പുറത്ത് പറയാനും മടിച്ചു. അതിനാല്‍ കറതീര്‍ന്ന കാര്യങ്ങളേ സ്ത്രീസ്രഷ്ടാക്കളില്‍നിന്നും ചരിത്രത്തിന് ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ളവ പൂപ്പല്‍ പിടിച്ചു കിടന്നു, കിടക്കുന്നു. മലാലയുടെ പുസ്തകം - ഐ ആം മലാല - പാക്കിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണ്. ഒരു വെടിയേറിനിപ്പുറം നമ്മുടെ ഭാരതത്തില്‍ സ്ഥിതി വ്യത്യസ്തമല്ല. അപ്പോഴും വിദ്യ എന്നത് സ്ത്രീനാമമായി തുടരുകയും വിദ്യയുടെ അമ്മ സരസ്വതീദേവിയായി ആരാധിക്കപ്പെടുകയും ചെയ്യും. ജീവിതത്തില്‍ പെണ്‍കൈകള്‍ വെണ്‍ചാമരങ്ങളുടെ പിറകില്‍ അന്നുമുണ്ടാവും. http://chintha.com/node/148984

Monday, November 25, 2013

ചന്ദ്രലേഖയുടെ ആദ്യഗാനമേള കുവൈറ്റില്‍; ഇനി തമിഴ് സിനിമയിലേക്കും


35-കാരി ചന്ദ്രലേഖയെ കണ്ടപ്പോള്‍ ഭര്‍ത്താവ് രഘുവും മൂന്നര വയസുകാരന്‍ ഏകമകന്‍ ശ്രീഹരിയും രാജഹംസമേ യൂട്യൂബിലിട്ട ദര്‍ശനും (രഘുവിന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകന്‍) ഉണ്ടായിരുന്നു. കുവൈറ്റില്‍ വെല്‍ഫെയര്‍ കേരളയുടെ പരിപാടിക്ക് വന്നതായിരുന്നു അവര്‍. ദുബായിലും അബുദബിയിലും പോയിട്ടുണ്ടെങ്കിലും ആദ്യമായി ഓര്‍ക്കെസ്‌ട്രയോടു കൂടി ഗാനമേള അവതരിപ്പിക്കുന്നത് കുവൈറ്റിലാണ്. ദര്‍ശന്‍റെ ജ്യേഷ്‌ഠന്‍ നന്നായി പാടും. ബന്ധുക്കളില്‍ ചിലര്‍ സ്വാതിതിരുനാള്‍ കോളജില്‍ പഠിച്ചവരുണ്ട്. കൊച്ചിയില്‍ അനിമേറ്ററായ ദര്‍ശന്‍ വീട്ടുകാര്‍ക്കായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. പേര് ഫോക് സ്‌റ്റുഡിയോ, ഇന്ത്യ. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണത്. കുറച്ചു പാട്ടുകള്‍ ഷൂട്ട് ചെയ്തു. വടശേരിക്കരയിലെ രഘുവിന്‍റെ വീട്ടില്‍ ചന്ദ്രലേഖ ഇപ്പോഴും ഏറ്റവും ഇഷ്‌ടമുള്ള രാജഹംസമേ പാടി. ആദ്യം 400 ഹിറ്റുകള്‍. പിന്നെ അനക്കമില്ല. ഗള്‍ഫ്‌മലയാളിയായ ഏതോ ഒരു പ്രവീണ ആ പാട്ട് ഷെയര്‍ ചെയ്തതില്‍ നിന്ന് ഹിറ്റുകള്‍ ഉയര്‍ന്നു. (ആ പ്രവീണ നാട്ടില്‍ ലീവിന് വന്നപ്പോള്‍ ചന്ദ്രലേഖയെ ഫോണില്‍ വിളിച്ചിരുന്നു). പിന്നെ ഒരു രാജേഷ് ഇ.കെ. ഈ പാട്ട് അവതരിപ്പിച്ചതോടെ ഹിറ്റുകള്‍ 8 ലക്ഷത്തോളം ഉയര്‍ന്നു. ദര്‍ശന്‍ ഈ രാജേഷിനെഴുതി: രാജഹംസമേ പോസ്‌റ്റ് കൊണ്ട് താങ്കള്‍ക്ക് ഗൂഗിളില്‍ നിന്നും മറ്റും പ്രതിഫലമുണ്ടെങ്കില്‍ ആ പാട്ടുകാരിയെ സഹായിക്കണം. മറുപടിയൊന്നും ഉണ്ടായില്ല. പിന്നെ ഒന്നും ചോദിക്കാന്‍ പോയില്ല. രാജഹംസമേ നമ്മുടെ റോയല്‍റ്റിയിലുള്ള പാട്ടല്ല. മാത്രമല്ല നമുക്ക് മെച്ചമേ ഉണ്ടായിട്ടുള്ളൂ.
ജോണ്‍സേട്ടന്‍റെ മകള്‍ ഷാന്‍ സംഗീതം പൂര്‍ത്തിയാക്കിയ പാട്ട് - താലോലം എന്നു തുടങ്ങുന്നത് - ചെന്നൈയില്‍ ചിത്രച്ചേച്ചിയോടൊപ്പം പാടി. മൈ നെയിം ഇസ് ജോണ്‍ എന്ന് പേരിട്ട ആ സിനിമയില്‍ ഒരു സോളോയും പാടിയിട്ടുണ്ട്. (ഒഎന്‍വിയുടെ വരികള്‍). അടുത്ത അവസരം തമിഴിലാണ്. മലയാളത്തില്‍ ആദ്യ അവസരം (ലവ് സ്‌റ്റോറി) തന്ന സംഗീതസംവിധായകന്‍റെ (ഡേവിഡ് ഷിനോ) തമിഴ് ചിത്രത്തില്‍. അടൂരിനടുത്ത് പറക്കോടാണ് ചന്ദ്രലേഖയുടെ വീട്. ഭര്‍ത്താവ് രഘു വടശേരിക്കര സ്വദേശി. എല്‍ഐസിയിലാണ് രഘു. എം എ ഹിസ്‌റ്ററിക്കാരിയാണ് ചന്ദ്രലേഖ.

Saturday, November 23, 2013

ജി വേണുഗോപാല്‍: മുപ്പതോര്‍മ്മകള്‍


ഗോപിനാഥന്‍ നായര്‍ വേണുഗോപാലിന്‍റെ പേരില്‍ പുസ്‌തകം വരുന്നു. കഴിഞ്ഞ 30വര്‍ഷത്തെ 30 പാട്ടുകള്‍ക്ക് പിന്നിലെ കഥകളാണ് ഡിസി ജനുവരി 15-ന് പ്രസിദ്ധീകരിക്കുന്ന പുസ്തകവിഷയം. പുസ്തകം കേട്ടെഴുതുന്നത് പ്രസാധനവിഭാഗത്തിലെ എഡിറ്റര്‍മാര്‍ ആരെങ്കിലുമായിരിക്കുമെങ്കിലും അത് 'താനേ പൂവിട്ട മോഹം' ഗായകന് എഴുത്ത് വശമില്ലാത്തത് കൊണ്ടല്ല. ഇന്ത്യന്‍ എക്‌സ്‌പ്രസ് കൊച്ചിയില്‍ സബ്‌ എഡിറ്ററായിരുന്നു ഗായകന്‍. ഇപ്പോള്‍ റിയാലിറ്റി ഷോ, ചലച്ചിത്ര-ഇതര ഗാനാലാപനം, സ്‌റ്റേജ് പ്രോഗ്രാമുകള്‍ ആയി തിരക്കാണ് 53-കാരന്‍ വേണു. കക്കാടിന്‍റെ സഫലമീ യാത്ര പോലെയുള്ള കവിതകളുടെ ഗാനാലാപനം (അതൊക്കെ മൊബൈല്‍ റിങ്ങ്‌ടോണുകളായി). അതിനിടെ സോങ്ങ്‌സ് ഒണ്‍ സാന്‍ഡ് എന്ന പാട്ട് ബ്‌ളോഗില്‍ എഴുത്തുണ്ട്. ഇപ്പോള്‍ സ്വതത്ര സംഗീത സംവിധാനത്തിലേക്കും തിരക്കിലിടയുണ്ട്. മിഴിയറിയാതെ എന്ന പ്രണയഗാനങ്ങളുടെ ആല്‍ബം തയ്യാറായി. സുധാംശുവിന്‍റെ വരികള്‍. ആകാശവാണിയില്‍ ജോലി ചെയ്യുമ്പോഴാണ് സഹോദര-ഗുരുതുല്യനായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 'തൂവാനത്തുമ്പികളി'ലേക്ക് ക്ഷണിക്കുന്നത്. ഇതുവരെ 250 പാട്ടുകളേ സിനിമയില്‍ പാടിയിട്ടുള്ളൂ. അനേകം ലളിത-ഭക്തിഗാനങ്ങള്‍ ഉണ്ട്. കെപിഏസിക്ക് വേണ്ടി ഒഎന്‍വി-ദേവരാജന്‍ 2000-ല്‍ ഒന്നിച്ചപ്പോള്‍ --കണിയാപുരം രാമചന്ദ്രന്‍റെ നാടകത്തിന് വേണ്ടി -- അതില്‍ 'ഈ രാവും പൂവും മായും' എന്ന ഗാനം പാടി. ആ വര്‍ഷത്തെ മികച്ച നാടക ഗായകനുള്ള സംസ്ഥാന അവാര്‍ഡ് എനിക്കായിരുന്നു.
സംസ്ഥാന ചലച്ചിത്രഗാന അവാര്‍ഡ് മൂന്നു തവണ കിട്ടി: ഉണരുമീ ഗാനം (മൂന്നാംപക്കം), താനേ പൂവിട്ട മോഹം (സസ്‌നേഹം), ആടെടീ (ഉള്ളം) എന്നീ ഗാനങ്ങള്‍ക്ക്. പുതിയതായി പാടിയത് 'ക്‌ളിയോപാട്ര'യിലെ വെറുമൊരു തളിരല്ല. സൂര്യനാരായണന്‍ എന്നയാളാണ് സംഗീതം. നിഖില്‍ സംഗീതം ചെയ്യുന്ന ഫ്‌ളാറ്റ് നമ്പര്‍ ഫോര്‍ ബി ആണ് മറ്റൊരു ചിത്രം. ഇപ്പോള്‍ ഓരോ പടത്തിലും ഓരോ പാട്ടുകാരും ഓരോ സംഗീതസംവിധായകരുമാണ്. കഴിഞ്ഞ വര്‍ഷം 140 സിനിമകളില്‍ 133 പേര് പാടി. (എന്‍റെ മകന്‍ അരവിന്ദ് വേണുഗോപാലും ജയരാജിന്‍റെ ദ ട്രെയിനടക്കം, സിനിമകളില്‍ പാടി). ന്യൂ ജനറേഷന്‍ സിനിമാക്കാരുടെ പാട്ടുകള്‍ തിയറ്ററിനപ്പുറത്തേക്ക് പോകുന്നില്ല. ബാബുരാജിന്‍റെയും ദേവരാജന്‍റെയുമൊക്കെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മഹാരഥന്‍മാരില്‍ ചിലരുടെ പാട്ടുകള്‍ പാടാന്‍ എനിക്ക് ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ദേവരാജന്‍ (തിരകള്‍ക്കപ്പുറം), കെ രാഘവന്‍ (ശശിനാസ്), എംകെ അര്‍ജ്ജുനന്‍ (അനാമിക) എന്നിവരുടെ അവസാന പാട്ടുകളെങ്കിലും കിട്ടി. താമസമെന്തേ വരുവാന്‍ ഓരോ പ്രായത്തിലും കേള്‍ക്കുമ്പോള്‍ ഓരോ ഡൈമന്‍ഷനാണ്. എന്നെ അത്ഭുതപ്പെടുത്തുന്ന പാട്ടുകള്‍ ഹരിമുരളീരവങ്ങളല്ല, ആത്മാവിലേക്കിറങ്ങുന്ന പാട്ടുകളാണ്. എം ജി രാധാകൃഷ്‌ണനെക്കുറിച്ച് ഒരു ഓര്‍മ്മയുണ്ട്. ആകാശവാണിക്ക് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തണമായിരുന്നു. എസ് രമേശന്‍നായരുടെ വരികള്‍. റെക്കോഡിങ്ങ് ഡെഡ്‌ലൈന്‍ അടുത്തിട്ടും ട്യൂണൊന്നും ആയില്ല. റെക്കോഡിങ്ങ് ദിവസം രാവിലെ എന്നെയും കൂട്ടി അദ്ദേഹത്തിന്‍റെ അംബാസഡറില്‍ ഞങ്ങള്‍ തിരുവനന്തപുരം നഗരം കറങ്ങുന്നു. അദ്ദേഹത്തിന്‍റെ കൈയില്‍ സ്‌റ്റിയറിങ്ങും രമേശന്‍നായരുടെ വരികളും. അപ്പോഴാണ് കംപോസിങ്ങ്. പാട്ടൊഴുകി വന്നു. രാമനില്ലാതെ... പിന്നെ സ്‌റ്റുഡിയോയിലേക്ക്.

വി കെ പ്രകാശ്: സാങ്കേതികതയുടെ മുല്ലവള്ളികള്‍

എഴുന്നൂറോളം പരസ്യചിത്രങ്ങള്‍ക്കിടയില്‍ നിന്നാണ് പുനരധിവാസവും ബ്യൂട്ടിഫുളും നത്തോലിയും പടര്‍ന്നു കയറുന്നത്. കലയും ടെക്‌നോളജിയും കൈ കോര്‍ത്ത് ആ പടരല്‍ മമ്മൂട്ടിച്ചിത്രമായ സൈലന്‍സും കടന്ന് വളരുകയാണ്. പുതിയ ചിത്രത്തിന്‍റെ പേര്: അകുപു കോംപ്‌ളക്‌സ്. പ്രശാന്ത്, അമ്പാടി എന്നിവര്‍ ചേര്‍ന്നെഴുതുന്ന കഥ പഞ്ചവടിപ്പാലം സ്‌റ്റൈല്‍ സോഷ്യല്‍ സറ്റയറാണ്. സ്‌കൂള്‍ ഒഫ് ഡ്രാമ കാല സുഹൃത്തുക്കളായ പി ബാലചന്ദ്രനും ജോയ് മാത്യുവും അഭിനയിക്കുന്ന ഒരു കോമഡിയും സമീപപദ്ധതികളിലുണ്ട്. കോമഡിയാണ് ഓടുക എന്ന് ടെക്‌നോളജിയെ കലയുടെയും കച്ചവടത്തിന്‍റെയും തേന്‍മാവില്‍ പടര്‍ത്തിയ വീക്കേപി പറയും. ആ ക്രിയാത്മകതയിലെ ഒടുവിലത്തെ തൂവലാണ് വികെപി ഒരു സിനിമയില്‍ നായകവേഷം ചെയ്യുന്നു എന്നത്. ചിത്രം: വിദൂഷകന്‍. ഹാസസാഹിത്യകാരന്‍ സഞ്ജയന്‍റെ ജീവിതത്തെ ആസ്‌പദമാക്കി പുതുമുഖസംവിധായകന്‍ സന്തോഷ് ചെയ്യുന്ന പീരിയോഡിക് ബയോപിക്. വീക്കേപ്പി ആ പ്രശസ്ത മീശ കളയുന്നു 1943-ല്‍ അന്തരിച്ച സഞ്ജയന്‍ എന്ന എം ആര്‍ നായരാവാന്‍.
കുവൈറ്റില്‍ പാലക്കാട് അസോസിയേഷന്‍റെ പരിപാടിക്ക് വന്നപ്പോള്‍ 52-കാരന്‍ വികെപിയെ കണ്ടു. ഉപാസന ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സിനിമയുടെ ബഹുമുഖങ്ങളെക്കുറിച്ച് ക്‌ളാസുമെടുത്തു. വികെപിയുടെ പേരിലുള്ള റെക്കോഡുകളെക്കുറിച്ച് പിള്ളേര്‍ക്കെന്ന പോലെ എനിക്കുമറിഞ്ഞു കൂടായിരുന്നു. അവയില്‍ ഒന്ന് (ബാക്കി വിക്കിപീഡിയയില്‍ ഉണ്ട്): ഇന്ത്യയിലെ ആദ്യത്തെ ഹിന്‍ഗ്‌ളീഷ് (ഇംഗ്ളീഷും ഹിന്ദിയും ചേര്‍ന്ന മിശ്രഭാഷ) ചിത്രം ഫ്രീകി ചക്ര വികെപി എഴുതി സംവിധാനം ചെയ്തു. അകുപു: അസൂയ, കുശുമ്പ്, പുച്ഛം

Sunday, October 27, 2013

ഫോര്‍മേഷന്‍ ഇല്ലാത്ത ഇന്‍ഫര്‍മേഷന്‍ യുഗം: ഇ പി രാജഗോപാലന്‍

അറിവ് ഉല്‍പാദിപ്പിക്കേണ്ടതായ പ്രസന്നത നമ്മുടെ സര്‍വകലാശാലകളിലോ സ്‌കൂളുകളിലോ ഇല്ല. പണ്ട് ഒരു സാഹിത്യകൃതി ഉണ്ടായാല്‍ ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടാവുമായിരുന്നു. ഇന്ന് ശ്രദ്ധേയമായ സൃഷ്‌ടികള്‍ ഉണ്ടാവുന്നുണ്ട്. പക്ഷെ എത്ര പേരിലേക്കാണ് അത് ചുരുങ്ങിപ്പോകുന്നത് എന്നത് ഒരു പ്രശ്‌നമാണ്. സാമൂഹികപരമായ അസംതൃപ്‌തിയാണ് സമരങ്ങളുടെ മൂലധനം. കേരളത്തില്‍ സമരങ്ങള്‍ പരാജയപ്പെടുന്നതിന് കാരണം സാമൂഹിക അസംതൃപ്‌തി കേരളത്തില്‍ ഇല്ല എന്നതാണ്. താരിഖ് അലി കേരളത്തില്‍ വന്നപ്പോള്‍ നമ്മുടെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമായി അദ്ദേഹം പറഞ്ഞത് മദ്യപാനമാണ്. എന്‍റെ സ്‌കൂള്‍ കാന്‍റീനില്‍ കുട്ടികള്‍ പച്ചവെള്ളം കുടിക്കുന്നത് പോലും മദ്യപിക്കുന്ന സ്‌റ്റൈലിലാണ്. മദ്യം നമുക്കിപ്പോള്‍ സദാചാരപ്രശ്‌നമല്ല. പക്ഷെ കേരളത്തിന്‍റെ സമരസാധ്യതകളെ കാലേകൂട്ടി അലസിപ്പിച്ചു കളയാനുള്ള കോര്‍പറേറ്റ് തന്ത്രമാണ് കേരളത്തില്‍ മദ്യോപഭോഗം പ്രോല്‍സാഹിപ്പിക്കപ്പെടുന്നതിന്‍റെ പിന്നില്‍. ആരാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്നു ചോദിക്കുന്ന ക്വിസ് വ്യവസായമാണ് ഇപ്പോള്‍ കേരളത്തില്‍. എന്നാല്‍ വ്യാഖ്യാന സാധ്യമായ എന്തുകൊണ്ടാണ് മന്‍മോഹന്‍സിങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത് എന്ന ചോദ്യമില്ല. ആഗോളവല്‍ക്കരണത്തിന്‍റെ എല്ലാ അജഡകളും അനായാസം നടപ്പിലാവുന്ന, മധ്യവര്‍ഗവല്‍ക്കരണം ഏറ്റവും വിപുലമായി നടന്നുകൊണ്ടിരിക്കുന്ന ജനവിഭാഗമാണ് മലയാളികള്‍. പണ്ട് ഇരുണ്ട കേരളമായിരുന്നെങ്കില്‍ ഇന്ന് വലിയ വെളിച്ചത്തില്‍ ആരേയും കാണാന്‍ പറ്റാതാതായി. കേരളത്തില്‍ ഇന്ന് ഏറ്റവും ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ ഓകെയും ടെന്‍ഷനുമാണ്. പണ്ട് കേശവദേവ് ആത്മകഥക്ക് എതിര്‍പ്പുകള്‍ എന്ന് പേരിട്ടെങ്കില്‍ ഇന്ന് നമ്മള്‍ ഒരെതിര്‍പ്പുമില്ലാതെ എല്ലാറ്റിനോടും പൊരുത്തപ്പെട്ട് ജീവിക്കുകയാണ്. എല്ലാം ഔപചാരികമായി കൊണ്ടാടുന്ന സാഹസികത കുറവായ ഒരു നാട്ടിലാണല്ലോ ഞാന്‍ സ്ഥിരതാമസമുരപ്പിച്ചിരിക്കുന്നത് എന്ന ഒരു ലജ്ജ കൂടിയുണ്ടെനിക്ക്.
ചെറുകാടിന്‍റെ ആത്മകഥ അവസാനിക്കുന്നത് പൊലീസിന്‍റെ ചവിട്ട് കിട്ടിയ കാര്യം പറഞ്ഞു കൊണ്ടാണ്. ആദ്യത്തെ അടി കൊണ്ട് ഞാന്‍ മനുഷ്യനായി, രണ്ടാമത്തേത് കൊണ്ട് ഞാന്‍ തത്വജ്ഞാനിയായി എന്ന് അദ്ദേഹം പറയുന്നു. ചെറുകാടിന്‍റെ അമ്മാവന് ശൌച്യം ചെയ്തു കൊടുത്തതിന്‍റെ ഓര്‍മ്മയില്‍ സമ്മാനിച്ച പവിത്രമോതിരത്തില്‍ മലം പറ്റിയിരിപ്പുണ്ടായിരുന്നു എന്ന് ചെറുകാട്. രണ്ടാമത്തെ മകന് രമണന്‍ എന്ന് പേരിട്ടത് ചങ്ങമ്പുഴക്കാല്‍പനികകതയിലല്ല, മൊറാഴ കേസില്‍ പ്രതിയായി ചെറുകാടിന്‍റെ വീട്ടില്‍ ഒളിവില്‍ താമസിച്ച സഖാവ് പോള രമണന്‍റെ ഓര്‍മ്മക്കായിരുന്നു ആ പേരിടീല്‍. ഇന്നത്തെ ആത്മകഥകള്‍ കാല്‍പനികങ്ങളാവുന്നോ എന്ന് സംശയം. മലയാളത്തിലെ ആത്മകഥകള്‍ എന്തുകൊണ്ട് രതി പറയുന്നില്ല എന്ന എന്‍റെ അന്വേഷണമാണ് കണ്ണാടിച്ചുമരുകള്‍ എന്ന കുറിപ്പ്. ദേശാഭിമാനി ഓണപ്പതിപ്പില്‍ വന്നത്. വള്ളത്തോള്‍ ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം എന്നെഴുതിയപ്പോള്‍ സംസ്‌കൃതമാണ് പ്രയോഗിച്ചത്. വേദിക് ഭാരതമായിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍. കേരളത്തെക്കുറിച്ച് പറയുമ്പോള്‍ സംസ്‌കൃതപദങ്ങളില്ല. ഇത് നമ്മള്‍ കണ്ടെത്തുന്നതാണ്. വള്ളത്തോള്‍ വിചാരിച്ചിരിക്കില്ല അങ്ങനെയൊന്നും. കേരളത്തിലെ താനുള്‍പ്പെടെയുള്ള സംസ്‌കൃത പണ്ഡിതന്മാരെക്കുറിച്ച് എന്‍വി കൃഷ്‌ണവാര്യര്‍ പറഞ്ഞു ഈ പണ്ഡിതന്മാര്‍ക്ക് പുരോഗമന പരാന്‍മുഖത്വമുണ്ട്. പഴയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക. കെ എന്‍ എഴുത്തച്ഛന്‍ അങ്ങനെയായിരുന്നില്ല. സംസ്‌കൃതത്തെ ഉപയോഗിച്ച് അദ്ദേഹം പുതിയ കാര്യങ്ങള്‍ പറഞ്ഞു. കേരളോദയം എന്ന കാവ്യം അതാണ്. വയാലാറും സംസ്‌കൃതം ധാരാളം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ ആ ഭാഷ ഉപയോഗിച്ച് സിനിമയിലെ പരിമിതികള്‍ക്കുള്ളില്‍ അദ്ദേഹം വിപ്‌ളവം വിളിച്ചു പറഞ്ഞു. റെസിഡന്‍സ് ഓണ്‍ എര്‍ത്ത് എന്ന പാബ്‌ളോ നെരൂദയുടെ പ്രശസ്തമായ കവിതയോടൊപ്പം ഭൂമിക്ക് സ്തുതിഗീതമായി നില്‍ക്കുന്ന വരികളാണ് വയലാറിന്‍റെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനത്തിലുള്ളത്. കാളിദാസന്‍ കാളിയുടെ മാത്രമല്ല കാലത്തിന്‍റെയും ദാസനാണ്. ഒരു എഴുത്തുകാരനില്‍ അനിവാര്യമായി ഓടുന്നത് ഒരു കാലഘട്ടത്തിന്‍റെ ചോര കൂടിയാണ്. അന്‍റോണിയോ ഗ്രാംഷി രണ്ട് തരം ബുദ്ധിജീവികളെക്കുറിച്ച് പറഞ്ഞു. ഓര്‍മ്മിച്ച് കാര്യങ്ങള്‍ പറയുന്ന പരമ്പരാഗത ബുദ്ധിജീവികളും അറിവിനെ പുതിയ രീതിയില്‍ വ്യാഖ്യാനിക്കുന്ന ജൈവ ബുദ്ധിജീവികളും. കുമാരനാശാന്‍ വിപ്‌ളവത്തിന്‍റെ ശുക്രനക്ഷത്രമാണെന്ന് മുണ്ടശ്ശേരി പറയുമ്പോള്‍ പുതിയൊരു കുമാരനാശാന്‍ ജനിക്കുകയാണ്. ഊണ് കഴിക്കുന്ന കൈ കൊണ്ട് തന്നെയാണ് സാഹിത്യവുമെഴുതുന്നത് എന്ന് പണ്ട് മുണ്ടശ്ശേരി പറഞ്ഞു. മുണ്ടശ്ശേരിയുടെ പ്രസംഗങ്ങള്‍ അച്ചടിക്കണമെങ്കില്‍ ജീവിതം എന്നടിക്കാനുള്ള അച്ചുകള്‍ ഏറെ വേണമായിരുന്നു. മുണ്ടശ്ശേരി ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്ന വാക്കായിരുന്നു ജീവിതം. നിരൂപകന്‍ എഴുത്തുകാരന്‍റെ പിആര്‍ഓ അല്ല. നിരൂപകന്‍ പുതിയ അര്‍ത്ഥങ്ങളുണ്ടാക്കുന്ന ആളാണ്. നമ്മളിന്ന് വിവാദപ്രേമികളും സംവാദവിരോധികളുമായിരിക്കുന്നു. തൃശ്ശൂരിനടുത്ത് എടക്കുനി എന്ന സ്ഥലത്ത് ഒരു കൃഷിയോഗത്തില്‍ മുണ്ടശ്ശേരി സംസാരിക്കുകയായിരുന്നു. വായനക്കാര്‍ എഴുത്തുകാരാവട്ടെ. പീടികത്തൊഴിലാളികള്‍, വേശ്യകള്‍ -അനുഭവങ്ങളുടെ കുബേരത്വമുള്ളവര്‍- ഒക്കെ എഴുതട്ടെ എന്ന് അദ്ദേഹം പറഞ്ഞു. എഴുത്തിനെക്കുറിച്ചുള്ള അഭിജാതമായ സങ്കല്‍പങ്ങള്‍ പൊളിയാന്‍ പോകുന്നു. വായനക്കാരന്‍ ഇപ്പോള്‍ വെറും കണ്‍സ്യൂമറല്ല. കോ-റൈറ്റര്‍ കൂടിയാണെന്ന് അമോ സോല. കൃഷിഭൂമി കര്‍ഷകന് എന്ന് പറഞ്ഞത് പോലെ വായനക്കാരന്‍ പുസ്തകത്തില്‍ പുതിയ വിളവെടുപ്പ് നടത്തുന്നു. എഴുത്തുകാരന്‍ ദൈവമാണെന്ന സങ്കല്‍പം പൊളിഞ്ഞെന്ന് റൊളാങ്ങ് ബാര്‍ത്ത്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം 'നാടകം ദേശം' ആണ്. ഇന്‍ഫോര്‍മലും ഫോര്‍മലുമായ കേരളചരിത്രപശ്‌ചാത്തലത്തിലുള്ള നാടകപഠനം. കെ ഇ എന്നിന്‍റെ പ്രോഗ്രസ് പബ്‌ളിക്കേഷന്‍സ് പ്രസാധനം. ബഷീര്‍ എന്നൊരു ഫോട്ടോഗ്രാഫറും കാര്‍ട്ടൂണിസ്‌റ്റ് പിവി കൃഷ്‌ണനും എടുത്ത പി കുഞ്ഞിരാമന്‍നായരുടെ 150 ഫോട്ടോകളെക്കുറിച്ച് എഴുതുന്ന 'കണ്ടെഴുത്ത്' അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഫോട്ടോകളുടെ വിമര്‍ശനാത്മക പഠനമാണത്. 'സ്ഥലവും സന്ദര്‍ഭവും' ആണ് വേറൊരു പുസ്തകം. ചെറുകഥകളിലെ ഇടത്തെക്കുറിച്ചുള്ള പഠനം. എംപി നാരായണപിള്ളയുടെ കള്ളന്‍ എന്ന കഥയില്‍ വീടിന്‍റെ പിന്നാമ്പുറത്ത് കൂടി കയറി മുന്‍ഭാഗത്ത് കൂടി വരുന്നു. ചെറുകാടിന്‍റെ ആത്മകഥയില്‍ അമ്പലത്തില്‍ പാര്‍ട്ടി മീറ്റിങ്ങ് കൂടുന്ന ഭാഗമുണ്ട്. ഈ കഥകളിലൊക്കെ സ്‌പെയ്‌സ് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നന്വേഷിക്കുകയാണ് ആ പുസ്തകം. വായനയും ധാരാളമായുണ്ട്. പലമയിലുള്ള വായനയാണ്. ഇപ്പോള്‍ വായിക്കുന്നത് ഇ പി ശ്രീകുമാറിന്‍റെ മാംസപ്പോര്, സുമോ ഗുസ്തിക്കാര്‍ കഥാപാത്രങ്ങളാവുന്ന നോവല്‍. http://news.kuwaittimes.net/info-age-negates-formation-indian-critic/ (കുവൈറ്റില്‍ കേരളാ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ സംസാരിച്ച് തയ്യാറാക്കിയത്).

Thursday, October 17, 2013

ഫ്രഞ്ച് സിനിമ അമൂര്‍

കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ കിട്ടിയ ഫ്രഞ്ച് സിനിമ അമൂര്‍ (സ്‌നേഹം) കണ്ടു. വാര്‍ദ്ധക്യകാലത്തും പരാശ്രയമില്ലാതെ തുടരാവുന്ന ഒന്നാണ് സ്‌നേഹം പോലെ ജീവിതവും എന്ന് ലളിതസുഭഗമായി കാണിച്ചു തരുന്നു സിനിമ. ഭൂരിഭാഗവും വൃദ്ധദമ്പതികള്‍ മാത്രമുള്ള ഷോട്ടുകളില്‍ മൌനത്തിനും ഏറെ സംസാരിക്കാനുണ്ട്. തളര്‍ന്ന് കിടക്കുന്ന അമ്മയെക്കുറിച്ച് ആശങ്കകളുണ്ട് എന്ന് സന്ദര്‍ശകയായ മകള്‍ പറയുമ്പോള്‍ അതുകൊണ്ട് എനിക്ക് പ്രയോജനമൊന്നുമില്ല എന്ന് പറയുന്ന പിതാവ്. കാരണം അയാള്‍ക്ക് സമയമില്ല വല്ലപ്പോഴും ഫോണില്‍ വിളിക്കുന്ന മകളുടെ ആശങ്കകള്‍ തീര്‍ക്കാന്‍. എല്ലാം ശരിയാണോ എന്ന് പരിശോധിക്കാനെന്ന പോലെയുള്ള അവളുടെ വരവും അയാള്‍ക്കിഷ്‌ടമല്ല.
"ഞാന്‍ രാവിലെ 5 മണിക്ക് ഉണരുമ്പോള്‍ അവള്‍ (85 വയസുകാരിയാണ് ഈ റോളില്‍. മികച്ച നടിക്കുള്ള അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായമുള്ളയാള്‍) ഉറങ്ങാതെ കിടക്കുകയാവും. പിന്നെ ഞാന്‍ അവളുടെ നാപ്പി മാറും. പുറത്ത് ക്രീമിട്ട് തിരുമ്മും. ഏഴുമണിയോടെ അവളെ എന്തെങ്കിലും കഴിപ്പിക്കാന്‍ ഞാന്‍ പരിശ്രമിക്കും. അവള്‍ ചിലപ്പോള്‍ ബോധമില്ലാതെ പുലമ്പും. കരയും. അതെല്ലാം പുറത്ത് ആരെയും കാണിക്കാനുള്ളതല്ല" എന്ന് അയാള്‍ മകളോട്. കെയര്‍ ഹോമിലാക്കരുതെന്ന് അവളുടെ (85കാരിയുടെ) അഭ്യര്‍ത്ഥനയുണ്ടായിരുന്നു. പരിപാലിക്കുന്ന രീതി ശരിയല്ലാത്തതിനാല്‍ അയാള്‍ ഹോം നഴ്‌സിനെയും പിരിച്ചു വിട്ടു. രണ്ട് പ്രാവശ്യം സ്‌ട്രോക്ക് വന്ന്, ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച്, സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ അവള്‍ - ആന്‍ - അയാളുടെ പ്രേമഭാജനം. ബാല്യകാലത്തെ ഇഷ്‌ടമില്ലാത്ത ഒരു ജീവിതാവസ്ഥയുടെ ഓര്‍മ്മ അവളോട് പറഞ്ഞ് അയാള്‍ അവളെ ദയാവധം ചെയ്യുന്നു. വയസായവരോട് മക്കള്‍ അടക്കമുള്ളവരുടെ അവഗണനയില്‍ ശവസംസ്‌ക്കാര ചടങ്ങുകളുടെ ഭോഷത്വവും സിനിമ വിഷയമാക്കുന്നുണ്ട്. പൊള്ളയായ സ്‌നേഹാന്വേഷണങ്ങള്‍ നിരാകരിച്ച് വാര്‍ധക്യകാല വേദനകളെ ആവാഹിച്ച് ജീവിക്കുന്ന വൃദ്ധത്വമാണ് സിനിമയുടെ കാതല്‍. ജീവിതത്തെക്കുറിച്ച്, അതിന്‍റെ നശ്വരതയെക്കുറിച്ച്, അനശ്വരതയെക്കുറിച്ചും, ഏറെ പറയാതെ പറയുന്നു വൃദ്ധമന്ദഗതിയും കുട്ടിനിഷ്‌ക്കളങ്കതയും ഓരോ ഫ്രെയിമും നിറച്ച സിനിമ.

Wednesday, September 18, 2013

രാഷ്‌ട്രീയം സാഹിത്യത്തില്‍: പങ്കജ് മിശ്ര

ഇരുപതാം നൂറ്റാണ്ടിന്‍റെ 2 വാസ്‌തവങ്ങളെ - ജനക്കൂട്ട പ്രക്ഷോഭവും പ്രത്യയശാസ്‌ത്രങ്ങളുടെ അധികാരവും - ആഴത്തില്‍ തൊട്ട നോവലിസ്‌റ്റായിരുന്നു മാല്‍റോ. മുപ്പതുകളില്‍ രാഷ്‌ട്രീയം ആവേശിച്ച എഴുത്തുകാരെ ഗ്രസിച്ച 2 പുസ്‌തകങ്ങള്‍ - കോണ്‍ക്വറേഴ്‌സും മാന്‍സ് ഫെയ്‌റ്റും - രണ്ടും ചൈനീസ് വിപ്‌ളവ പശ്‌ചാത്തലത്തിലുള്ളത് - ഫ്രഞ്ച്‌കാരന്‍ മാല്‍റോ എഴുതി. ട്രോട്‌സ്‌കി പക്ഷെ മാല്‍റോയെ കണ്ടത് മഹാസംഭവങ്ങളുടെ ഭാഗമായിരുന്നിട്ടും അവയെ വേണ്ടത്ര മാര്‍ക്‌സിസ്‌റ്റ് രീതിയില്‍ ഗ്രഹിക്കാത്ത ബൂര്‍ഷ്വാ വ്യക്തിപ്രധാനിയായിയായിട്ടായിരുന്നു. അത്തരം ആരോപണങ്ങള്‍ കോളനിവാഴ്‌ചക്കെതിരായ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നിന്ന് ഊര്‍ജ്ജമൊഴുക്കിയ ഒരുപാട് എഴുത്തുകാര്‍ക്കെതിരെയും തുടര്‍ന്നും പ്രയോഗിക്കപ്പെട്ടു. ചിലരെങ്കിലും അവയെ പ്രതിരോധിച്ചു. മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തത്തേക്കാള്‍, നീതിക്കും മാന്യതക്കുമായുള്ള വ്യക്തിവികാരങ്ങളായി ബൊലാനോ തുടങ്ങിയവരുടെ പ്രേരണ. യോസയുടെ 'റിയല്‍ ലൈഫ് ഒവ് അലെയാന്‍ഡ്രോ മയ്ത്ത'യിലെ വിപ്‌ളവകാരിയൊക്കെ പ്രതിനിധീകരിക്കുന്നത് സമൂലമാറ്റത്തിനായുള്ള ആഗ്രഹങ്ങളെയായിരുന്നു. ആ ആഗ്രഹങ്ങള്‍ അഴിമതിവല്‍ക്കരിക്കപ്പെട്ടെങ്കിലും. രണ്ടാം ലോകയുദ്ധാനന്തരം പല രാഷ്‌ട്രങ്ങളും അട്ടിമറിഭരണകൂടങ്ങളാലും കൂട്ടക്കുരുതികളാലും സാമ്പത്തിക ദുരന്തങ്ങളാലും കഠിനവും ദീര്‍ഘവുമായി പൊരുതി ക്‌ളേശിച്ചപ്പോള്‍ അമേരിക്കന്‍ സാഹിത്യത്തില്‍ ബദലന്വേഷണങ്ങളൊന്നും നടന്നില്ല. അതിന് കാരണം അവിടെ വിരുദ്ധാശയങ്ങള്‍ തമ്മിലെ പോരാട്ടങ്ങള്‍ ശമിച്ചതോടൊപ്പം നിപുണന്മാരുടെ നിര രാഷ്‌ട്രീയത്തില്‍ ഉദിക്കുകയും ചെയ്തതാണ്. അങ്ങനെയല്ലാതിരുന്ന കിഴക്കന്‍ യൂറോപ്പില്‍ സാഹിത്യം അമര്‍ച്ചക്കാര്‍ക്കെതിരെയുള്ള അമറല്‍ പോലെ, അമേരിക്കന്‍ എഴുത്തുകാര്‍ക്ക് അസൂയ ഉണ്ടാക്കും വിധം, ധാര്‍മ്മികാധികാരം നേടി. അതെക്കുറിച്ച് ഫിലിപ് റോത്ത് പറഞ്ഞു: അവിടെ ഒന്നും നടക്കുന്നില്ല, എല്ലാം പ്രധാനമാണ്; അമേരിക്കയില്‍ എല്ലാം നടക്കുന്നു, ഒന്നും പ്രധാനമല്ല. യഥാര്‍ത്ഥ ചരിത്രസംഭവങ്ങളുടെ ഭാഗമാവുകയാണെങ്കിലേ എഴുത്തുകാരുടെ രാഷ്‌ട്രീയ പുരാവൃത്തരചന സഫലമാകൂ എന്ന് ട്രോട്‌സ്‌കി പറഞ്ഞു. ഇന്നത്തെ എഴുത്തുകാര്‍ക്ക് അത്തരം ആരോഗ്യദായക നിമജ്ജനം സാധ്യമല്ലെന്നിരിക്കേ അവര്‍ ഏറെ ആയാസപ്പെടേണ്ടിവരും, ഒറ്റക്ക്, സമകാല രാഷ്‌ട്രീയഭാവനാദാരിദ്ര്യത്തെ അതിശയിക്കാന്‍. സമൂലരാഷ്‌ട്രീയപരിഷ്‌കരണത്തെ ബുദ്ധിഭ്രമത്തോട് ഫിലിപ് റോത്ത് സമമാക്കി. ജോണ്‍ അപ്‌ഡൈക്കും മാര്‍ട്ടിന്‍ അമിസും ജനക്കൂട്ട രാഷ്‌ട്രീയത്തെയും സിദ്ധാന്താവേശങ്ങളെയും ലൈംഗികഭംഗത്തിന്‍റെ ലക്ഷണങ്ങളായി കണ്ടു. പുരുഷാകാംക്ഷകളില്ലാതെ സ്‌ത്രീയെഴുത്തുകാരാണ് റാഡിക്കല്‍ ചിന്താ-പ്രവൃത്തികളുടെ അസ്‌പഷ്‌ടതകളോടും വൈവിധ്യങ്ങളോടും വെരുധ്യങ്ങളോടും സംവേദനക്ഷമത കാണിച്ചത്. -ഫ്രഞ്ച് വിപ്‌ളവത്തിലെ നായകരിലൊരാള്‍ റോബസ്‌പിയായെ കേന്ദ്രീകരിച്ച് ഹിലരി മാന്‍റല്‍ എഴുതിയതോര്‍ക്കാം. - ഈ എഴുത്തുകാര്‍ സംഭവങ്ങളും കഥാപാത്രങ്ങളെയും കണ്ടെടുക്കുന്നത് ഭൂതകാലചരിത്രത്തില്‍ നിന്നാണെന്നത് നമ്മുടെ രാഷ്‌ട്രീയ നിഷ്‌ക്രിയ കാലത്ത് ആരുടെയെങ്കിലും വിപ്‌ളവകരമായ രാഷ്‌ട്രീയ ഇടപെടല്‍ അവഹേളിക്കപ്പെടുകയാണ് എന്നൊരു കാരണം കൂടിയുണ്ട്. (രാഷ്‌ട്രീയ സിദ്ധാന്തങ്ങള്‍ സാഹിത്യത്തില്‍ എന്ന വിഷയത്തെ അധികരിച്ച് പങ്കജ് മിശ്ര ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയതില്‍ നിന്ന്).

Blog Archive