Search This Blog

Saturday, October 18, 2008

ഇന്നസെന്റ് പറഞ്ഞത്

കുവൈത്തിലെ ക്രൌൺ പ്ലാസ ഹോട്ടലിൽ സ്വർ‌ണ്ണവർ‌ണ്ണ ജുബ്ബയുമണിഞ്ഞ് ഇന്നച്ചൻ. ഭാര്യ ആലീസിനെ ആരോ പൊക്കിക്കൊണ്ടുപോയിരിക്കുന്നു ഡിന്നറിനായി.ഇന്നച്ചനു പോകാൻ കഴിയില്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാർ അവരുടെ അം‌ബാസഡറായി പിടിച്ചു കൊണ്ടു വന്നിരിക്കയാണു പാവത്തെ.പാവമാണെന്ന് സിനിമയിലെ ഇമേജ് മാത്രമാണെന്നും ആൾ കുശാഗ്രബുദ്ധിയാണെന്നും (വെറുതെയണോ ‘അമ്മ’യുടെ മുകളിൽ കയറിയിരിക്കുന്നത്?), ഗൌരവസിനിമയെ സ്വകാര്യമായി പ്രേമിക്കുന്നവനുമാണെന്നും സം‌സാരവഴിയേ മനസിലാവും. ഇനി ഇന്നച്ചന്റെ വാക്കുകളിൽ:
എനിക്ക് ഇന്റർവ്യൂവിനു പൈസാ കിട്ടും. ഐഡിയ സ്റ്റാർ സിം‌ഗരറുകാര് അമ്പതിനായിരം രൂപയാണ് തന്നത്. അല്ലെങ്കിലും സിനിമാക്കാർ നേരം വെളുക്കുന്നതിനു മുമ്പേ ഇന്റർവ്യൂവിനു ഇരുന്നു കൊടുക്കരുത്. രാഷ്ട്രീയക്കാർക്ക് അത് ഗുണം ചെയ്യും. സിനിമക്കാ‍രെ ജനം എപ്പോഴും കാണരുത്. മാർക്കറ്റിൽ കിട്ടാത്ത റെയർ വസ്തു പോലെ അവരെ ജനം ആഗ്രഹിക്കണം. മാർക്കാറ്റിനെക്കുറിച്ച് എനിക്ക് നല്ലപോലറിയാം. ഇരിങ്ങാലക്കുടയിൽ നടത്തിയിരുന്ന മാർജിൻ ഫ്രീ മാർക്കറ്റ് നിർത്തി. നമ്മൾ പഞ്ചസാര കിലോ 21 രൂപക്ക് കൊടുക്കുമ്പോൾ റിലയൻസ്കാർ 18 നു കൊടുക്കും. പൈസയുടെ വില എനിക്ക് നന്നായറിയം. ഞാൻ നിർമ്മിച്ച അഞ്ച് സിനിമകൾ ഏതൊക്കെയെന്നറിയുമ്പോൾ എന്നിലെ കലാകാരനേയും മനസ്സിലാവും. മൂന്ന് സിനിമ, എന്റെ നാട്ടുകാരനും സുഹൃത്തുമായ മോഹൻ സംവിധാനം ചെയ്തു: വിട പറയും മുമ്പേ, ഇളക്കങ്ങൾ, ഒരു കഥ ഒരു നുണക്കഥ. ഭരതൻ ചെയ്ത ‘ഓർമ്മക്കായി’ എത്ര അവാർഡ് വാങ്ങി! കെ.ജി.ജോർജ്ജാണു അഞ്ചാമത്തെ സിനിമ ചെയ്തത്;ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്. അതോടെ എന്റെ മരണം ഉറപ്പായി. (എനിക്കറിയാമായിരുന്നു ലേഖ സാമ്പത്തികവിജയം നേടില്ലെന്ന്. പക്ഷേ സഹനിർമ്മാതാവിനു കോടി പ്രതീക്ഷയായിരുന്നു).പിന്നെ അഭിനയം കൊണ്ട് പിടിച്ചു നിന്നതാണു. കോമഡിനടനായി മാത്രം ക്ലാസിഫൈ ചെയ്യരുത്. വേഷം, ദേവാസുരം.. സീരിയസ് വേഷങ്ങൾ ചെയ്ത എത്രയോ സിനിമകൾ! മോഹൻലാലിനെപ്പോലെ ഡാൻസ് ചെയ്തിരുന്നെങ്കിൽ ഈ ശരീരവും ഒന്ന് ഉടഞ്ഞേനെ. ലാൽ അസ്സലായി ഡാൻസ് ചെയ്യും കേട്ടോ. മമ്മൂട്ടിയുടെ ഒരു കുഴപ്പം (ഡാൻസിൽ)ബെയ്സില്ലാത്തതാണു. സെറ്റിൽ വച്ച് ആളുകളുടെ മുന്നിൽ വച്ച് ചുവട് പഠിച്ചെടുക്കാനും ബുദ്ധിമുട്ട്. സത്യൻ അന്തിക്കാടിന്റെ സിനിമകളിലും മറ്റും ഞാനും എല്ലാരും ഡാൻസ് ചെയ്യണ പോലെ ചെയ്തിട്ട്ണ്ട്. ഒരു സ്റ്റപ് എല്ലാർക്കുമറിയാമല്ലോ. എന്റെ അപ്പൻ, തെക്കേത്തല വറീത്, വൈകുന്നേരം രണ്ടെണ്ണമൊക്കെ വിട്ട് ഇരിങ്ങാലക്കുട ടൌണിൽ രണ്ട് ചുവട് വക്കുമായിരുന്നു. എന്റെ അപ്പൻ കള്ളുകുടിച്ച് നാടു മുഴുവൻ ഡാൻസ് ചെയ്ത് നടക്കുകയായിരുന്നു എന്നൊന്നും എഴുതിപ്പിടിപ്പിക്കല്ലേ! അമേരിക്കയിൽ പോയപ്പോൾ പെൺകുട്ടികൾ വന്ന് തോളേപ്പിടിച്ച് ഫോട്ടോയെടുക്കും. അതിൽ നിർത്തില്ല അവർ. ഹാപ്പി ക്രിസ്മസ് എന്നു പറഞ്ഞ് വീട്ടിലേക്കുമയക്കും. പിന്നെ ആലീസിനെ ഞാൻ പോകുന്നയിടത്തൊക്കെ കൊണ്ടുപോകേണ്ടി വന്നു. പുതിയ പ്രശ്നമൊന്നും ഉണ്ടാക്കരുത്!
ഇപ്പോഴത്തെ പരിപാടി: ‘ആകാശയാത്ര’, ‘ബോസ്’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഞാനെഴുതിയ 10 ചെറുകഥകളുടെ (ഒലിവ് പബ്ലിക്കേഷൻ പ്രസിധീകരിച്ച ‘മഴക്കണ്ണാടി’)സീരിയൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ 10 കഥകളിലും ഞാൻ ഓരോ വേഷത്തിലും വരുന്നുണ്ട്. ‘ഇന്നസെന്റ് കഥകളിലും’ ‘ഞാൻ ഇന്നസെന്റിലും’ കാണാത്ത ഇന്നസെന്റിനെ മഴക്കണ്ണാടിയിൽ കാണാം.

4 comments:

Anil cheleri kumaran said...

പാരഗ്രാഫിട്ട്
ഇന്റര്‍വ്യു രൂപത്തില്‍ ചെയ്തൂടായിരുന്നൊ?

സുനില്‍ കെ. ചെറിയാന്‍ said...

അതിനുള്ള മാറ്റർ ഇല്ല. തൊട്ടുമുമ്പ് ജയരാജ് വാര്യരുടെ കുമാരൻ പറഞ്ഞ പോലെ വന്നതിനാൽ ഇത് വ്യത്യസ്തമായ്ക്കോട്ടേന്ന് കരുതി. സം‌ന്തോഷം‌!

smitha adharsh said...

നല്ല പോസ്റ്റ്..ഇഷ്ടപ്പെട്ടു..

മുസാഫിര്‍ said...

ഇത് ഇമ്മടെ സ്വന്തം ഇന്നച്ചനല്ലെ ?

Blog Archive