Search This Blog

Sunday, November 9, 2008

വി.ടി.മുരളി എന്ന ഗായകൻ

ഉയരും ഞാൻ നാടാകെ എന്ന മോഹൻലാൽ ചിത്രത്തിലെ ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളേ’ എന്ന ഗാനത്തിലൂടെയാണു മുരളിയുടെ സ്വരം ഞാനറിയുന്നത്.(ഗാനരചന ഓ.എൻ.വി.,സംഗീതം കെ.പി.എൻ.പിള്ള). അത് 1985 ൽ. അതിനും മുൻപേ ‘തേൻ‌തുള്ളി’, ‘കത്തി’ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെ മുരളിയെ കേരളം കേട്ടിരുന്നു. ഇപ്പോൾ മുരളിയോട് ഒത്തുകൂടാൻ ഒരവസരമുണ്ടായി. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ:
കുവൈറ്റിലെ ഒരു പൊതുവേദിയിൽ എന്നെ ക്ഷണിച്ചു. കൂടെ മന്ത്രി ബിനോയ് വിശ്വവും ഉണ്ട്. പ്രാസംഗികൻ മന്ത്രിയുടെ മൂന്ന് തലമുറ മുമ്പത്തെ രാഷ്ട്രീയചരിത്രം പറയാൻ തുടങ്ങി. എന്നെപ്പറ്റി സംഗീതകാരൻ എന്നു മാത്രം. എന്റെ അച്ഛൻ വി.ടി.കുമാരൻ‌മാസ്റ്ററുടെ തലമുറ ഇവർക്കറിയില്ല. പ്രസംഗത്തിനു എന്റെ ഊഴം വന്നപ്പോൾ ഞാൻ പറഞ്ഞു, ‘എനിക്ക് മന്ത്രിയുടെ വാലായി നിൽക്കേണ്ട കാര്യമില്ല. എ.കെ.ജി.യും ഇ.എം.എസും. മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാക്കിയത്, വയലാറും, ദേവരാജനും, ദാമോദരനും മറ്റനേകം കലാകാരന്മാരും ചേർന്നാണു’. ഇത് പറഞ്ഞിട്ട് ഞാനിറങ്ങിപ്പോന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എല്ലാം ഒരു ഷോ ആയി. കൈതപ്രം സിനിമയിലഭിനയിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തിന്റ കച്ചേരിക്ക് 50,000 വരെ കിട്ടുകയും, നെയ്യാറ്റിൻ‌കര വാസുദേവൻ സാറിന്റെ കച്ചേരിക്ക് 5,000 ഇരന്നു വാങ്ങേണ്ട ഗതികേടിലുമായ കാലമുണ്ടായി. സംഗീതം ഇന്ന് വിപണിയുടെ ഭാഗമായി. ട്യൂണിനൊപ്പിച്ച് പാട്ടെഴുതേണ്ടി വരുമ്പോൾ കവിതാഗുണം ചോർന്നു പോകുന്നു. സമ്യത്തായ (നല്ല)ഗീതം ആണു സംഗീതം. ലജ്ജാവതി ഇന്ന് ആരോർക്കുന്നു? 50 വർഷം കഴിഞ്ഞിട്ടും ‘കായലരികത്ത്’ ഓർമ്മിക്കപ്പെടുന്നില്ലേ?
പഴയ ഗാനങ്ങൾ ജനത്തെക്കൊണ്ട് പാടിക്കുകയായിരുന്നെങ്കിൽ, പുതിയ പാട്ടുകൾ ജനത്തെ കേൾവിക്കാരും, കഷ്ടം, കാഴ്ചക്കാരും മാത്രമാക്കി മാറ്റുന്നു. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായകരുടെ നിര നോക്കുക: കോഴിക്കൊട് അബ്ദുൾഖാദർ, ശാന്ത പി.നായർ, മെഹ്ബൂബ്, ജാനമ്മ ഡേവിഡ്, കോഴിക്കോട് പുഷ്പ, സംഗീതസംവിധായകൻ കെ.രാഘവൻ... കഥക്കും കഥാപാത്രങ്ങൾക്കും അനുസരിച്ചുള്ള ബഹുസ്വരതയാണു. പിന്നീട് എല്ലാ കഥാപാത്രങ്ങൾക്കും ഒരു ഗായകനോ ഗായികയോ മാത്രം പാടിയാൽ മതിയെന്നായി. മാർക്കറ്റിലെ കുത്തക!

പാട്ട് ആഹ്ലാദിപ്പിക്കാൻ വേണ്ടി മാത്രമുള്ളത് എന്നൊരാശയം ശക്തി പ്രാപിച്ചു വരരികയാണു. പുതിയ പാട്ടുകളെ ഈയാഴ്ചയിലെ പാട്ട് എന്ന് വിശേഷിപ്പിക്കാം. ആ ആഴ്ച കഴിയുമ്പോൾ അത് തീർന്നു. വാസ്തവത്തിൽ പഴയ പാട്ടുകൾ പൊടി തട്ടിയെടുക്കുന്നതാണു പുതിയ കുപ്പിയിൽ വരുന്നത്. സഹിക്കാൻ പാടില്ലാത്തത് പഴയ ഗാനങ്ങൾ പുതിയ ഗായകർ പുതിയ ഇൻസ്ട്രമെന്റേഷനിൽ പാടുന്നതാണു. പഴയ ഗാനമെന്നു പറയുമ്പോൾ അതിനൊരു ചരിത്രമുണ്ട്. ആ ചരിത്രത്തെയാണു റീ മിക്സ് ചെയ്ത് അപമാനിക്കുന്നത്. പഴയ കലാകാരന്മാരുടെ വാമൊഴി ശബ്ദലേഖനം ചെയ്ത് സൂക്ഷിക്കാൻ നമുക്കിപ്പോഴും ശ്രദ്ധയില്ല. ഓരോ ഗായകരുടേയും ആലാപനത്തിലെ ശൈലി അടുത്ത തലമുറക്ക്, വായിച്ചാൽ മാത്രം മനസിലാവുമോ? കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ടിനു വേണ്ടി കഴിഞ്ഞ 50 വർഷത്തെ കേരളീയ സംഗീതം വിശകലനം ചെയ്തപ്പോൾ എനിക്ക് മനസിലായത് നമ്മുടെ തനതു സംഗീതം മരിച്ചുകൊണ്ടിരിക്കുകയാണെന്നും നമ്മെ നൊമ്പരപ്പെടുത്തിയിരുന്ന പഴയ ഗാനങ്ങളുടെ സ്ഥാനത്ത് നമ്മുടെ ഉള്ളിലേക്ക് കടക്കാൻ കഴിയാതെ ദൃശ്യങ്ങൾക്ക് വേണ്ടി മാത്രമായി ചുരുങ്ങിപ്പോയ ഗാന ഉൽ‌പ്പന്നങ്ങളാണിപ്പോഴുള്ളത് എന്നാണു.
(വി.ടി.മുരളിയുടെ സുഹൃത്ത് റിജു അത്തോളി സമാഹരിച്ച, സംഗീതപ്രവർത്തകരുടെ അരങ്ങേറ്റ സിനിമകളുടെ ലിസ്റ്റിൽ നിന്നും ചിലത് അടുത്ത പോസ്റ്റിൽ).

5 comments:

Anonymous said...

vasudean sir eppolll jeeevichirippillaa.....
manojmavelikara

എം.എസ്.പ്രകാശ് said...

‘ഓത്തുപള്ളീലന്നു നമ്മളും’ ‘പൊന്നരളിപ്പൂവൊന്നു മുടിയില്‍ ചൂടി‘യും KPACയുടെ നാടകഗാനമായ ‘കിളിച്ചുണ്ടന്മാവിന്റെചില്ലയിലും’ മുരളിയുടെ വേറിട്ട ശബ്ദം കൊണ്ടുകൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ആ ശബ്ദം പോലെ തന്നെ ശക്തമാണ് കാഴ്ചപ്പാടുകളും.

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം manojmavelikkara, എം.എസ്.പ്രകാശ്! പ്രകാശ്, നിങ്ങളുടെ ബ്ലോഗ്കാർട്ടൂണുകൾ എനിക്ക് ക്ഷ പിടിച്ചു!

എതിരന്‍ കതിരവന്‍ said...

ഇതു മുരളിയുടെ മാത്രം പരിവെദനമല്ല.

ആ പുസ്തകം എങ്ങനെയാ ഓര്‍ഡര്‍ ചെയ്യുന്നത് സുനില്‍?

ഇപ്പോഴത്തെ ചില “പ്രശസ്ത” പാട്ടുകാര്‍ക്കു ഒരു പാട്ടു മുഴുവനും ഒന്നിച്ചു പാടാന്‍ പോലും പറ്റുന്നില്ല. ഈയിടെ പൊപ്പുലര്‍ ആയ ഒരു പാട്ടു ശ്രദ്ധിച്ചാലറിയാം ഓരോ വരിയും പ്രത്യേകം റെക്കോര്‍ഡ് ചെയ്ത് കൂട്ടിച്ചേര്‍ത്തതാണെന്ന്.

സുനില്‍ കെ. ചെറിയാന്‍ said...

എതിരവൻ കതിരവൻ, പുസ്തകം കിട്ടുന്നതിനു ഒന്നുകിൽ തിരുവനന്തപുരത്തെ ഭാഷാ ഇൻസ്റ്റി.യുമായി ബന്ധപ്പെടുക. The State Institute of Languages, Kerala, Tvm-3 (വില: 55/)അല്ലെങ്കിൽ മുരളിയുമായി. ഫോൺ: 9446511239

Blog Archive