Search This Blog

Tuesday, May 26, 2009

കേട്ട കഥകള്‍1

ഇപ്പോഴത്തെ റിസഷന്‍ കാലത്തിനു വളരെ മുന്‍പേ തറവാടുകളൊക്കെ ക്ഷയിച്ചു തുടങ്ങിയ, തമ്പുരാന്‍-പത്തി താണ കാലത്ത്, കേരളം കണ്ട ഒരു കാഴ്ചയായിരുന്നു ജന്മിമാരുടെ വയറു ശുഷ്കിച്ചു വരുന്നിടത്ത് കാര്യസ്ഥനാദികളുടെ കുമ്പ അവരേക്കാള്‍ മുന്‍പേ നടന്നത്. വിളവൊന്നുമില്ലാത്ത പറമ്പ് വിറ്റുകളയാം എന്ന് തമ്പുരാനെക്കൊണ്ട് തീരുമാനിപ്പിക്കുന്ന കാര്യസ്ഥന്‍റെ, 'മോനൊരുത്തന്‍ ഗള്‍ഫീന്ന് വന്നിട്ടുണ്ട്, നാട്ടിലിപ്പോ അവന്‍റെ കയ്യിലേ പത്ത് ചക്രം രൊക്കമൊള്ളൂന്നാ നാട്ടുകാരു പറയണെ. അഹന്തയാണേല്‍ അടിയനെ പാമ്പു കടിക്കട്ടെ!ഡയലോഗ് കേട്ട പാതി, വിഡ്ഢിത്തമൊന്നും പറയാതിരിക്ക്യ, ആ പറമ്പ് തന്‍റെ മോന്‍ തന്നെ വാങ്ങാനുള്ള ഏര്‍പ്പാട് ചെയ്യ എന്നരുളുന്ന പാവം തമ്പുരാനെപ്പറ്റി(ച്ച്) ഒത്തിരി കഥകളുണ്ട്.

സോകോള്‍ഡ് കുടിയാന്‍മാരുടെ അടിയായിരുന്നു അടി. അവര്‍ തന്നെ വച്ച തെങ്ങിന്‍ തൈകള്‍ ചൊട്ടയിട്ടപ്പോള്‍ അവര്‍ തന്നെ വന്ന് തേങ്ങ ഇസ്കുന്നതിനു തമ്പുരാന്‍ സാക്ഷിയാവുക മാത്രമല്ല, നിലാവില്ലാത്ത രാത്രികളില്‍ കള്ളന്‍മാര്‍ക്ക് ടോര്‍ച്ചടിച്ച് കൊടുക്കേണ്ടിയും വന്നു ഭവിച്ചു. പാതിരാക്ക് കോലായിലിരുന്ന് ആരാ ന്‍റെ തെങ്ങേ കേറണെ? എന്ന് തേങ്ങിയ തമ്പുരാനോട് 'ടോര്‍ച്ച് മര്യാദക്ക് അടിച്ചു താടോ പെരട്ട് കെളവാ' മുതലായ കരിക്ക്-തെറികളും ഫ്രീയായും വന്നു ഭവിച്ചു.

പെട്ടി കളവ് പോയാലെന്താ, താക്കോല്‍ ന്‍റെ കയ്യിലാണല്ലോ എന്ന് വീമ്പിയ തമ്പുരാന്‍ ടൈപ്പ് മറ്റൊരെണ്ണം, ഒരു രാത്രി, സുവര്‍ണ്ണ-പോയകാലം അയവിറക്കേ കള്ളന്‍ പ്ളാവിന്‍ചുവട്ടില്‍ ആഗതനായി. ഇറയത്തെ ചാരുകസാലായില്‍ നിന്നും അനങ്ങാത്ത തമ്പുരാന്‍ നെഗളിച്ചു, അവന്‍ എവടെ വരെ കേറുമെന്നൊന്ന് അറിയണം! കള്ളന്‍ പ്ളാവിന്‍മുകളില്‍ ചെന്നപ്പോ, അഹങ്കാരി അത്രക്കായോ, വരട്ടെ ചക്ക ഇടുന്നതൊന്ന് കാണട്ടെ! എന്ന് ക്രുദ്ധിതനായി. കള്ളന്‍ ചക്കയും മേലാപ്പിലേറ്റി ഗുഡ്നൈറ്റ് പറഞ്ഞ് മറഞ്ഞപ്പോള്‍ 'കൊണ്ടു പോയി ഞണ്ണടാ പ..' എന്നും വിചാരിച്ചത്രേ പാവം! (പ.. എന്നാല്‍ പട്ടി. അതു തെകച്ച് പറയാനുള്ള വരുമാനം പോലും പാവത്തിനില്ലായിരുന്നു.

വിഡ്ഢിക്കൂശ്മാണ്ഢമായ വേലക്കാരനുമൊത്ത് മുങ്ങിച്ചാവന്‍ തുടങ്ങിയ തമ്പ്രാന്‍ 'നല്ല വെള്ളം കുടിച്ച് ചാവുന്നോ? വെള്ളം കലക്കിക്കുടിക്കടോ' എന്ന് പറഞ്ഞ ടൈപ്പ് തമ്പ്രാന്‍റെ പിന്‍തലമുറ കമ്പ്യൂട്ടര്‍ പഠിക്കുകയും സോഫ്റ്റ്വെയര്‍ ഇന്‍ചിനീരാവുകയും കാലക്രമത്തില്‍ കാര്യസ്ഥന്‍മാരുടെ മക്കള്‍ വക സൊല്യൂഷന്‍ സ്ഥാപനങ്ങളില്‍ പണിയെടുത്ത് ശമ്പളം വാങ്ങി വരികയും ചെയ്തിരുന്നു. അവരുടെ കൂനിന്‍മേല്‍ ഇപ്പോള്‍ റിസഷന്‍ കുരു മുണ്ട് മടക്കിക്കുത്തി കുത്തി..

1 comment:

hAnLLaLaTh said...

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ഒരു കഥയുണ്ട്..
വൃദ്ധയായ അന്തര്‍ജ്ജനം എല്ലാം കുടിയാന്മാര്‍ക്ക്‌ പതിച്ചു കൊടുത്തൊടുവില് ദാരിദ്ര്യം മാത്രം ബാക്കിയായി...നരകിക്കുന്ന ഒരു ചിത്രം..
അതോര്‍ത്തു പോയി...
ആദ്യത്തെ വരികള്‍ വായിച്ചപ്പോള്‍..

Blog Archive

Follow by Email