Search This Blog

Friday, May 15, 2009

അക്ബർ കക്കട്ടിൽ പറഞ്ഞത്

കക്കട്ടിലിൽ നിന്നും ഒരു വൃത്താന്തകാരൻ
അക്ബർ കക്കട്ടിൽ ആദ്യം കുവൈറ്റിൽ വന്നപ്പോൾ അന്ന് കുവൈറ്റ് ടൈം‌സ് മലയാളം പത്രാധിപരായിരുന്ന കെ.പി.മോഹനൻ വാർത്ത കൊടുത്തത് ‘അക്ബർ കക്കട്ടിൽ കുവൈറ്റിൽ’ എന്നായിരുന്നു. ഇത് കണ്ട് കക്കട്ടിൽ മാഷ് പറഞ്ഞു, ഇത് റിപ്പർ ചന്ദ്രൻ ജയിലിൽ എന്ന് പറയുന്നത് പോലുണ്ടല്ലോ! ഹ്യൂമർ സെൻ‌സിനു വാപ്പയോട് കടപ്പാട് സമ്മതിക്കുന്ന അക്ബർ മാഷ് കഴിഞ്ഞ വർഷം മാതൃഭൂമി ഓണപ്പതിപ്പിൽ വാപ്പയെക്കുറിച്ച് സവിസ്തരം എഴുതി: വാപ്പ അനുവദിച്ചു തന്ന സ്വാതന്ത്ര്യമില്ലായിരുന്നെങ്കിൽ അക്ബർ കക്കട്ടിൽ എന്നൊരാൾ ഉണ്ടാകുമായിരുന്നില്ല. സ്വാതന്ത്ര്യമെന്നു വെച്ചാൽ വാപ്പയുടെ കാലത്ത് കക്കട്ടിൽ പോലൊരു കുഗ്രാമത്തിൽ നിന്ന് കോഴിക്കോട് വരെ പോയി സിനിമ കാണാൻ വരെ അക്ബറിനു അനുമതി. വളർന്നപ്പോൾ കോഴിക്കോട്ടെ ഫിലിം സൊസൈറ്റിയുമായി സഹകരിച്ചതിനു കല്യാണം മുടങ്ങിയ ചരിത്രമുണ്ട് അകബറിനു. അങ്ങനെയെങ്കിൽ ആ കല്യാണം നമുക്കും വേണ്ടെന്ന് വാപ്പയും പറഞ്ഞു. ഗ്രാമത്തിലെ ‘നാട്ടുകാരൻ’ പദവിയുണ്ടായിരുന്നു വാപ്പക്ക്. അക്ബറിനെക്കുറിച്ച് ഒരാൾ ‘ഇവനെ സൂക്ഷിക്ക്ണം, ഇവൻ ജാഹിലാവും‌’ എന്ന് പറഞ്ഞപ്പോൾ വാപ്പ കുലുങ്ങിയില്ല. വെറുതെ ഒരു രസത്തിനു അക്ബർ കുട്ടിയുടെ ജാതകം വരെ എഴുതിച്ച ആളാണു മൂപ്പർ‌. അങ്ങനെ നിരക്ഷര പശ്ചാത്തലത്തു നിന്നും ഗ്രാമരേഖ ഭേദിച്ച് അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരനും അധ്യാപകനും ഉണ്ടാകുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുഞ്ഞുണ്ണി മഷ്ടെ അനുഗ്രത്തോടെ കഥ അച്ചടിച്ച് വന്നപ്പോൾ അത് വായിക്കാനറിയാത്ത ഉമ്മ കഥ തൊട്ട് കരഞ്ഞിട്ടുണ്ട്.


ഇപ്പോൾ അക്ബർ കക്കട്ടിൽ എന്ന ‘അധ്യാപഹയനു’ 54 വയസ്സായി. അധ്യാപക ജോലിയിൽ നിന്ന് അടുത്ത വർഷം വിരമിക്കും‌. എഴുത്തിനും വായനക്കും സജീവ പരിഗണന നൽകാമെന്നു കരുതി ഒരിക്കൽ വി ആർ എസ് കൊടുക്കാമെന്ന് കരുതിയതാണു. ഇതറിഞ്ഞ ഒരു സുഹൃത്ത് പറഞ്ഞു, ജോലിയിലിരിക്കുമ്പൊഴേ വി ആർ എസ് എടുത്ത മാതിരിയായിരുന്നല്ലോ! അതങ്ങനെ തന്നെയായിരുന്നു. എല്ലാം ഒരുമിച്ച് പോയി: ഹൈസ്കൂളിൽ മലയാളം അധ്യാപനം‌, സിലബസ് പരിഷ്കരണം‌, പരിശീലന ക്ലാസ്സുകൾ, യാത്രകൾ, 34 പുസ്തകങ്ങൾ, അവാർ‌ഡുകൾ...

ആദ്യം വായിച്ച പുസ്തകം ‘ഇന്ദുലേഖ’യാണെന്ന് മാഷ് ഓർക്കുന്നു. അവിടന്നിങ്ങോട്ട് സന്തോഷ് ഏച്ചിക്കാനം വരെയുള്ള ഇപ്പോഴത്തെ എഴുത്തും സശ്രധം നിരീക്ഷിക്കുന്നുണ്ട്. സാഹിത്യക്യാമ്പുകൾക്കോ മീറ്റിങ്ങുകൾക്കോ ചെല്ലുമ്പോൾ പുതിയ എഴുത്തും ചർച്ച ചെയ്യും. ഇപ്പോൾ എഴുത്തുകാർ നിരവധിയാണു, മാധ്യമങ്ങൾ പലതാണു. എല്ലാം ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. പക്ഷെ കൊള്ളാവുന്നതെന്തെങ്കിലും അച്ചടിച്ചു വന്നാൽ സുഹൃത്തുക്കൾ വിളിക്കും, ഇന്നാരുടെ കഥ വായിച്ചോ? അങ്ങനെയാണു ചിലതൊക്കെ ശ്രദ്ധിക്കുക. ഒരിക്കൽ വി.കെ.പ്രഭാകരൻ എന്ന നാടകസുഹൃത്തുമായി സാഹിത്യം ചർച്ച ചെയ്യുകയായിരുന്നു. സംസാരത്തിനിടയിൽ ഒരു വിഷയം പൊങ്ങി വന്നു. സ്ത്രീക്കാണോ പുരുഷനാണോ കൂടുതൽ സംതൃപ്തി? അതിപ്പോ സ്ത്രീയായും പുരുഷനായും ജീവിച്ച്യാൾക്കല്ലേ പറയാൻ പറ്റൂ? അങ്ങനെയൊരു കഥാപാത്രം മഹാഭാരതത്തിലുണ്ടെന്ന് പ്രഭാകരൻ പറഞ്ഞു. അനുശാസനപർവ്വത്തിലെ ഭം‌ഗാസ്വനന്റെ കഥയാണത്. ഇന്ദ്രശാപം മൂലം ഭംഗാസ്വനൻ എന്ന രാജാവ് സ്ത്രീയാവുന്നതും ഇന്ദ്രൻ ക്ഷമിച്ച് പുരുഷത്വം തിരികെ നൽകാമെന്നു പറഞ്ഞപ്പോൾ, ‘വേണ്ട, സം‌ഭോഗ സമയത്ത് പുരുഷ്നേക്കാൾ കൂടുതൽ ആനന്ദം സ്ത്രീക്കാകയാൽ സ്ത്രീത്വം തന്നെ നില നിന്നാൽ മതിയെന്ന്’ രാജാവവൾ ആവശ്യപ്പെട്ട കഥ. ഈ കഥയാണു ‘സ്ത്രൈണം‌’ എന്ന നോവലിനു പ്രേരകമായത്. മുണ്ടശേരി അവാർഡ് കിട്ടിയ ആ നോവൽ ഒരു മഹാഭാരത ഉപാഖ്യാനത്തെ അവലംബിച്ച് ഒറ്റയായൊരു പക്ഷത്തു നിന്നും എഴുതപ്പെട്ട കൃതിയെന്ന പേരിലാണു അന്നറിയപ്പെട്ടത്. രതിയുടെ അധോതലത്തിലേക്ക് വഴുതി വീഴാതെ എഴുത്തുകാരന്റെ കൈയടക്കം വെല്ലുവിളിച്ച സൃഷ്ടിയായിരുന്നു അത്.

അക്ബർ കക്കട്ടിലിനെ സംബന്ധിച്ചിടത്തോളം ഒരെഴുത്തുകാരന്റെ വെല്ലുവിളി അയാളുടെ ആദ്യസൃഷ്ടിയാണു. അതിനെ മറി കടക്കാനാകണം പിന്നീടുള്ള എഴുത്തിനു. ‘സ്മാരകശിലകളാണു’ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏറ്റവും വലിയ വെല്ലുവിളി. ‘ഖസാക്ക്’ വിജയന്റേതും. എഴുത്തുകാരനു തന്നോട് തന്നെ മത്സരിക്കാനാകണം. അപ്പോൾ അപരനോട് മത്സരിക്കാൻ സമയം കിട്ടില്ല. പരദൂഷണത്തിനും സാവകാശമുണ്ടാവില്ല. ടി.പദ്‌മനാഭൻ എം‌. ടി.യെക്കുറിച്ച് എന്താണു പറയുന്നതെന്ന് അന്വേഷിക്കാൻ വായനക്കാരനും സമയമുണ്ടാകരുത്.


കഥ ആത്മപ്രകാശനമാണു. കഥ കൊണ്ട് സമൂഹത്തെ നന്നാക്കാൻ ഉദ്ദേശമില്ല. നമ്മുടെ നാട്ടിൽ സാഹിത്യകാരന്മാരുടെ സ്ഥാനം ഏറ്റവും പിറകിലാണു. രഷ്ട്രീയക്കാരാണു മുന്നിൽ. ഒരു നല്ല കാര്യം ആരും ആരെക്കൊണ്ടും ചെയ്യിക്കില്ല. പേരെടുക്കുന്ന കാര്യം ‘ഞാൻ’ വഴി വരണമെന്ന് എല്ലാവരും വാശി പിടിക്കുന്നു. നന്മയുടെ അംശം കഥയിൽ സ്വാഭാവികമായാണു വരുന്നത്, മുല്ലയിൽ മണം അടിച്ചേൽ‌പ്പിക്കേണ്ടാത്തത് പോലെ. സന്ദേശമെന്നൊക്കെ പറയുന്നത് ബൈ പ്രൊഡക്റ്റാണു. കാരൂരിന്റെ ‘പൊതിച്ചോറ്’എന്ന കഥയിൽ നിന്നും സമകാലീനകഥയിലേക്കുള്ള പരിണാമം ഇങ്ങനെയാണു: അധ്യാപകർ സ്കൂൾ ലൈബ്രറിയിലിരുന്ന് മദ്യപിക്കുന്നു. തൊട്ടുകൂട്ടാൻ അഥവാ ടച്ചിങ്ങ്സെന്നും മലയാളത്തിൽ പറയാം, ലിബാ ജോൺ എന്ന വിദ്യാർഥിനിയുടെ പൊതിച്ചോറാണു. ആ സമയത്ത് അവൾ, ലിബാ ജോൺ ലൈബ്രറിയിൽ പൊതിച്ചോറെടുക്കാൻ വന്നു. അധ്യാപകർ പരുങ്ങി. വിദ്യാർഥിനി ചോദിക്കുന്നു: വോഡ്കയാണല്ലേ? മണം കിട്ടിയിട്ട് അങ്ങനെ തോന്നുന്നു.

കകട്ടിലിൽ നിന്നുള്ള ഏറ്റവും പുതിയ വൃത്താന്തം ഇതാണു: മാഷ് ‘കക്കട്ടിൽ റിപ്പബ്ലിക്ക്’ എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. പുതിയ ക്രാഫ്റ്റിൽ ചെയ്യുന്നു. ഗ്രാമമാണു മുഖ്യ കഥാപാത്രം‌.

2 comments:

തറവാടി said...

ചാനല്‍ ഓര്‍മ്മയില്ല , ഒരിക്കല്‍ ടിവിയില്‍ ഇന്‍‌റ്റര്‍‌വ്യൂ കണ്ടിരുന്നു പച്ചയായ മനുഷ്യനെന്ന് തോന്നിയിട്ടുണ്ട് ,

നല്ല പോസ്റ്റ് :) ,

hAnLLaLaTh said...

..നന്ദി...

Blog Archive

Follow by Email