Search This Blog

Tuesday, September 1, 2009

അറബി-ഫിലിപ്പീനോ ഓണം


മൂന്നുമണി വെളുപ്പിനു വരാന്തയിൽ ഓണസദ്യ
കുവൈത്തിലെ ഒരു ഫുഡ് കമ്പനിയിലെ ഇരുപത്തിയൊന്ന് ഫിലിപ്പീനോ തൊഴിലാളികൾക്കും യമനിയായ എക്സ്പിഡൈറ്ററിനും (മന്ദൂപ്)സഹപ്രവർത്തകരായ മലയാളികൾ ഓണസദ്യ വിളമ്പിയത് തിരുവോണദിനമായ ഇന്ന് വെളുപ്പിനു മൂന്നുമണിക്ക്. ബ്നെയ്ദ് അൽ ഗറിലെ കമ്പനി വക അക്കമഡേഷൻ കെട്ടിടത്തിലെ നാലാം നിലയിൽ വരാന്തയിലായിരുന്നു സദ്യ. നാലു റസ്റ്ററന്റുകളിൽ നിന്നുമുള്ള തൊഴിലാളികൽ ജോലി കഴിഞ്ഞെത്തിയത് രാത്രി രണ്ടരയോടെയായിരുന്നു. നോമ്പ് മാനിച്ച് ഉച്ചയ്ക്കും ജോലി കാരണം വൈകിട്ടും എല്ലാവരും ഒരുമിച്ചുള്ള ഭക്ഷണം പ്രായോഗികമല്ലാത്തതിനാൽ വെളുപ്പാൻ‌കാലത്തെ സദ്യ പ്രാവർത്തികമാക്കുകയായിരുന്നു 87 തൊഴിലാളികൾ. തേങ്ങാപ്പീരയിൽ കളറ് ചേർത്ത് രൂപപ്പെടുത്തിയ കഥകളിയലങ്കാരത്തിനു സമീപം വരാന്തയിൽ വിരിച്ച പ്ലാസ്റ്റിക് പായയിൽ ഫിലിപ്പീനോ യുവതീയുവാക്കളും മധ്യവയസ്കനായ അറബിയും ചമ്രം പടിഞ്ഞിരുന്നു. വാഴയിലയിൽ മലയാളി സഹോദരങ്ങൾ വിളമ്പിയ ശർക്കരപെരട്ടിയും കാ വറുത്തതും കുത്തരിച്ചോറും പതിനാറ് കൂട്ടം കറികളും പാലടപ്രഥമനും പരിപ്പ് പായസവും പഴവും കൈവിരലുകൾ ചേർത്ത് ആയാസം കൂടാതെ കഴിച്ചു. ഇതിനായി രണ്ടു ദിവസത്തെ പരിശീലനം അവർക്ക് നൽകിയിരുന്നതായി മലയാളികൾ പറഞ്ഞു.
അറുപത് മലയാളികളാണു ഗാസ്ട്രോണോമിക്ക ഫുഡ് കമ്പനിയിലുള്ളത്. കമ്പനി അക്കമഡേഷനിലെ രണ്ട് അടുക്കളകളിലായിരുന്നു എല്ലാവരും ചേർന്നുള്ള പാചകം. ഭക്ഷണസാധനങ്ങൾ നിരത്തിവെക്കാൻ നാലു പേർ താമസിക്കുന്ന ബെ‌ഡ്‌റൂമുകളിലൊന്ന് കാലിയാക്കിയതുൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചയായി സദ്യക്കുള്ള വട്ടമൊരുക്കുകയായിരുന്നെന്ന് മലയാളികൾ പറഞ്ഞു. ഉച്ചയോടെ ജോലിക്ക് പോകേണ്ടതിനാൽ അധികസമയം കളയാനില്ലാതിരുന്ന തൊഴിലാളികളെല്ലാവരും പുലർച്ചെ അഞ്ചു മണിയോടെ വൃത്തിയാക്കലും കഴിഞ്ഞ് ഉറങ്ങാൻ പോയി. മൊബൈൽ കാമറകൾ ഏറെ കണ്ണു ചിമ്മിയ ശബ്ദമുഖരിതമായ അന്തരീക്ഷം ശാന്തമാകുന്നതിനു മുൻ‌പ്, മാവേലിയായി വേഷം കെട്ടിയ കമ്പനി ഡ്രൈവറിന്റെ തോളത്ത് കൈയിട്ട് ഫിലിപ്പീനോ യുവതികൾ ഭക്ഷണശേഷം ഫോട്ടോക്ക് പോസ് ചെയ്ത് പറഞ്ഞു: ഹാപ്പി ഓണം!

6 comments:

ManojMavelikara said...

kollammmmmmmmmmmmmm

ഉറുമ്പ്‌ /ANT said...

:)

ചാണക്യന്‍ said...

വ്യത്യസ്ഥതയുള്ള ഈ ഓണാനുഭവം നന്നായി...

Areekkodan | അരീക്കോടന്‍ said...

നന്നായി.

monu said...

adipoli....

:)

kurachu photos koodi avamayirunnu

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം മനോജ് മാവേലിക്കര, ഉറുമ്പ്, ചാണക്യന്‍, അരീക്കോടന്‍, മോനു.

Blog Archive