Search This Blog

Tuesday, September 22, 2009

കാവാലത്തിന്‍റെ കുവൈറ്റ് നാടകപ്പുര

എണ്‍പത്തിയൊന്ന് കഴിഞ്ഞു കാവാലം നാരായണപ്പണിക്കര്‍ എന്ന നീണ്ടു മെലിഞ്ഞ മനുഷ്യന്. മലയായും മഹാസമുദ്രമായും കാവാലം ഉറഞ്ഞു തുള്ളുന്നില്ല; പക്ഷേ നിറഞ്ഞ് പകരും. അനായാസേന ആ അംഗോപാംഗങ്ങള്‍ നൃത്തമാടുന്നത് കണ്ട് അച്ചായന്‍ഷിപ്പ് കിട്ടിയ കുടവയറുകളെല്ലാം അസൂയ കൊണ്ട് തുള്ളും. വാ തോരാതെ, ഊര്‍ജ്ജഭ്രംശമില്ലാതെ ഭരതമുനി മുതല്‍ അഭിനവമുനിമാരെക്കുറിച്ച് വരെ ആ ചിന്ത തെളിഞ്ഞൊഴുകുന്നത് കണ്ട് തീരത്തു നില്‍ക്കുന്ന കൊച്ചുകുട്ടിയാവും മനം. കൂട്ടത്തില്‍, എനിക്ക് രാഷ്ട്രീയമില്ല എന്ന് പ്രഖ്യാപിക്കുന്നത് കേട്ട് ഞെട്ടേണ്ട കാര്യമില്ല. രഷ്ട്രീയത്തിനെന്നല്ല, പലതിനും അതീതമാണെന്ന് അതിനോടകം മനസ്സിലാക്കിത്തന്നിട്ടുണ്ടാവും.

1975ല്‍ ആദ്യമായി അവതരിപ്പിച്ച അവനവന്‍ കടമ്പ എന്ന നാടകം ഇപ്പോള്‍ കാവാലത്തിന്റെ തന്നെ സംവിധാനത്തില്‍ ആദ്യമായി വിദേശത്ത് അരങ്ങേറുകയാണ്. കുവൈറ്റിലെ എഞ്ചിനിയേഴ്സ് ഫോറം ഒക്ടോബര്‍ പതിനാറിന് കടമ്പ വീണ്ടും രംഗത്തവതരിപ്പിക്കും. പ്രവാസി മലയാളി എഞ്ച്നിയേഴ്സ് തന്നെ അഭിനേതാക്കള്‍. അവരുടെ കൂടെ പത്ത് ദിവസത്തെ കളരിക്ക് കാവാലവും പ്രധാനശിഷ്യന്‍ ഗിരീഷും 'സോപാനം' വിട്ട് എത്തിയിരുന്നു. (‘കര്‍ണ്ണഭാര’ത്തില്‍ കര്‍ണ്ണനായിരുന്നു ഗിരി). കാവാലത്തിന് തിരിച്ചു ചെന്നിട്ട് പിടിപ്പത് പണിയുണ്ട്. ഭവഭൂതിയുടെ ഉത്തരരാമചരിതം ഹിന്ദിയില്‍ അവതരിപ്പിക്കുന്നതിനായി പ്രശസ്ത കവി ഉദയ് വാജ്പേയിയുമായി ഒരുമിച്ചിരിക്കണം. പിന്നെ ഊര്‍മിളയെക്കുറിച്ചൊരു നാടകം. പതിനാലു വർഷം ഊര്‍മിള എന്തു ചെയ്യുകയായിരുന്നു എന്ന വ്യാസമൌനത്തിന് കാവാലത്തിന്റേതായ ഇടപെടല്‍.

ഉത്തരരാമചരിതം കരുണ-വീര രസങ്ങള്‍ തമ്മിലുള്ള ആന്തരിക വടംവലിയെക്കുറിച്ചുള്ളതാണ്. രാജാവില്‍ കരുണയാണോ വീരഭാവമാണോ ജയിക്കുക? വീരം തന്നെ. പക്ഷേ രാജാവ് മനുഷ്യനുമാണ്. കരുണ വീരത്തിന്മേല്‍ ആധിപത്യം നേടുന്ന നിമിഷങ്ങള്‍ എങ്ങനെ രാമനില്‍ ആന്തരികയുദ്ധത്തിനു തേര്‍ തെളിക്കുമെന്ന് 'ചരിതം' പരിശോധിക്കുന്നു. വ്യാസ-ഭാസ-കാളിദാസ ചരിതങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ കാവാലം കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. സമാന്തര-പരീക്ഷണ-തെരുവ് നാടകശൈലിയെന്നൊക്കെ വിശേഷിപ്പിക്കാവുന്ന കാവാലം സ്കൂള്‍, നാടന്‍ ശീലുകളും കളരിമുറകളും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് പറിച്ചു നട്ടു. നടീനടന്‍മാര്‍ അനുകര്‍ത്താക്കളായില്ല. മരമായി അഭിനയിക്കുന്നതിനു പകരം മരം തന്നെയായി അഥവാ മരത്വം ഉള്‍ക്കൊണ്ടു. ശരീരം തന്നെ ഭാഷയായി. ഒരു ഘടകത്തെ ഊതി വീര്‍പ്പിക്കുന്ന ഉല്‍സവബാലേപതിവിനു ബദലായി നാനാസങ്കേതങ്ങള്‍ നാടന്‍ശൈലിയില്‍ കാവാലംനാടകങ്ങളിലൂടെ അവതരിച്ചു. ഒരര്‍ഥത്തില്‍ ലൌകീകതയില്‍ നിന്നും സര്‍റീയലിസത്തിലേക്കുള്ള ചുവടുവെയ്പാണ്, ആ രചനകളോരോന്നും.

ശിഷ്യന്‍മാരായ നെടുമുടി, ഗോപി, മുരളി തുടങ്ങിയവര്‍ സിനിമയിലേക്ക് പോയെങ്കിലും കാവാലം സ്വന്തം സൌകര്യത്തിനായി സിനിമക്ക് പുറം തിരിഞ്ഞു നിന്നു. രതിനിര്‍വ്വേദത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്ന ഗാനരചയിതാവ് എന്ന് ടൈറ്റിലില്‍ വന്നെങ്കിലും മുന്‍പേ 'തമ്പി'ല്‍ കാവാലത്തിന്‍റെ സോപാനഗാനം ഉപയോഗിച്ചിരുന്നു. രതിനിര്‍വ്വേദത്തിലെ കാലം കുഞ്ഞുമനസ്സില്‍ ചായം പൂശി, മൌനം തളരും തണലില്‍, തിരുമാരന്‍ കാവില്‍ ആദ്യവസന്തം കൊടിയേറി എന്നീ ഗാനങ്ങളാണ്, പക്ഷേ കാവാലത്തെ സിനിമാരംഗത്ത് പ്രശസ്തനാക്കിയത്. കാവാലം എന്നാല്‍ ലൌകികതയുടെ പിന്നാലെ പോയില്ല എന്നു വേണം വ്യാഖ്യാനിക്കാന്‍.

കലയുടെ ധര്‍മ്മം അനുവാചകനെ ആനന്ദാവസ്ഥയിലേക്കെത്തിക്കുന്നതിനായുള്ള അവബോധമെങ്കിലും സ്രുഷ്ടിക്കുക എന്നതാണെന്ന് കാവാലം കരുതുന്നു. സംഭവങ്ങളല്ല, അവസ്ഥയാണു പ്രധാനം. മലയാളത്തില്‍ സംസ്‌ക്രുത നാടകങ്ങളോട് മറ്റ് സംസ്‌ഥാനങ്ങളിലുള്ളതിനേക്കാള്‍ സ്വീകാര്യതയുള്ളപ്പോള്‍ തന്നെ നമുക്കൊരു പാശ്ചാത്യപ്രേമം ആവേശിച്ചിരുന്നു. ഗ്രീക്ക് ട്രാജഡികള്‍ കണ്ട് കരയുന്നതിനായി നിലവാരം. സി.ജെ.തോമസും മറ്റും കൂടിയാട്ടം കണ്ടു കാണാന്‍ സാധ്യതയില്ല. ഇന്ത്യയുടെ എത്രയോ മുഖങ്ങള്‍ കര്‍ട്ടന്‍ നീക്കി പുറത്തു വരാനിരിക്കുന്നു!

ശാകുന്തളം ഒരിക്കല്‍ 5 മിനിറ്റ് നാടകമായി അവതരിപ്പിച്ച ചരിത്രമുണ്ട് കാവാലത്തിന്. ശകുന്തളയെ ഒരു മാനായാണ്, പുരുഷന്‍റെ വേട്ടക്ക് മുന്നില്‍ തോറ്റു പോകുന്ന ഇരയായാണ്, അവതരിപ്പിച്ചത്. കവിയെ നാടകകാരന്‍ കണ്ടെത്തുന്ന മറ്റൊരു വേള! മറ്റൊരിക്കല്‍ പ്രൊമിത്യൂസിനെ പ്രമാദന്‍ എന്ന് നമകരണം ചെയ്ത് ഗ്രീക്ക് കഥ അരണി എന്ന പേരില്‍ അവതരിപ്പിച്ചത് യൂറോപ്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ഡിസ്‌കഷനായി വച്ചതോര്‍ക്കുന്നു കാവാലം.

അവനവന്‍ കടമ്പയുടെ കുവൈറ്റ് പരിശീലനത്തിനിടയില്‍ കുറേ കടമ്പകള്‍ കടക്കാനുണ്ടായിരുന്നു. എന്ചിനീയര്‍മാരില്‍ ചിലര്‍ക്ക് മലയാളം നന്നായി വരില്ല; ശരീരം വഴങ്ങില്ല; താളം യോജിക്കില്ല. ഡയലോഗ് എത്തുന്നിടത്ത് ശരീരം എത്തില്ല; ചടുലത എന്നൊരു സാധനം തീര്‍ത്തും അപ്രത്യക്ഷം. പത്ത് ദിവസത്തെ വര്‍ക്‌ഷോപ്പായിരുന്നു. ക്രമേണ ശബ്ദം പൊന്തിത്തുടങ്ങി. സംഘം ലൈവായി. ജോലിത്തിരക്കുകള്‍ക്കിടയിലും ഇത്തരം മൈനോരിറ്റി സാധങ്ങള്‍ ചെയ്യുന്നുണ്ടല്ലോ എന്നത് നല്ല കാര്യം. എന്ചിനീയേഴ്സ് കുടുംബാംഗങ്ങള്‍ക്കായാണ്, അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ അവതരണം. കാവാലത്തിന്‍റെ നാടകം കണാന്‍ എന്‍ച്നീയറവാന്‍ പറ്റില്ലല്ലോ എന്നൊരാള്‍ പറഞ്ഞത്രേ. കുവൈറ്റ് മലയാളികള്‍ തന്നെ ഇത്തരമൊരു നാടകസംസ്‌കാരം തുടരുമെന്നാണു പ്രതീക്ഷ. കടമ്പ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ തൊണ്ണൂറു റിഹേഴ്സല്‍ വേണ്ടി വന്നു. ഓരോ തവണയും ഇംപ്രൊവൈസ് ചെയ്യുമായിരുന്നു.

അവനവന്‍റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ എങ്ങനെ കടമ്പകളായിത്തീരുന്നു എന്നന്വേഷിക്കുകയാണ്, ഇതിനോടകം എണ്ണം മറന്ന അവതരണങ്ങള്‍ കഴിഞ്ഞ രാഷ്ട്രീയ-സമൂഹിക സറ്റയര്‍ 'കടമ്പ'. (വിദേശത്ത് ആദ്യമായാണ്). കടമ്പകള്‍ ഏറെ വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്ന നമ്മുടെ മതനിരപേക്ഷനാട്ടില്‍ സെക്യുലറിസം എന്നത് ഇപ്പോള്‍ മതത്തിനെതിരായാണ്, വിവക്ഷിക്കപ്പെടുന്നത്. ഇത്തരം മൂല്യാധര്‍മ്മങ്ങള്‍ക്കിടയില്‍ എത്തിക്‌സ് വളര്‍ത്താന്‍ കലക്ക് കഴിയും. ലോകധര്‍മ്മിയില്‍ നിന്നും സര്‍റിയലിസത്തിലേക്ക് യവനിക ഉയരട്ടെ!

http://chintha.com/node/53256

No comments:

Blog Archive

Follow by Email