Search This Blog

Friday, January 29, 2010

ഓര്‍മ്മ: 'ക്യാച്ചര്‍ ഇന്‍ ദ റൈ' സാലിഞ്ജര്‍

'നിങ്ങള്‍ക്ക് ശരിക്കും അതേക്കുറിച്ച് കേള്‍ക്കണമെന്നുണ്ടെങ്കില്‍, നിങ്ങള്‍ക്കറിയേണ്ട ആദ്യത്തെ കാര്യം മിക്കവാറും ഞാനെവിടെയാണ് ജനിച്ചതെന്നും എന്റെ പരിതാപകരമായ കുട്ടിക്കാലം എങ്ങനെയിരുന്നെന്നും, പിന്നെ എന്റെ മാതാപിതാക്കള്‍ക്ക് ഞാനുണ്ടാവുന്നതിന് മുന്‍പ് എന്ത് പണിയായിരുന്നെന്നും മറ്റും പിന്നെ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് തരത്തിലുള്ള കാഷ്ഠം മുഴുവനും, ഒക്കെയായിരിക്കും, പക്ഷെ നിങ്ങള്‍ക്ക് സത്യമറിയണമെന്നുണ്ടെങ്കില്‍, എനിക്കതിലേക്കൊന്നും പോകണമെന്നില്ല'. ജെ ഡി സാലിഞ്ജറുടെ പ്രശസ്തമായ 'ക്യാചര്‍ ഇന്‍ ദ റൈ' ആരംഭിക്കുന്നതിങ്ങനെയാണ്. ഹക്കള്‍ബെറി ഫിന്നിന്, ശേഷം ലോകം സ്‌നേഹിച്ച പയ്യന്‍ ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്, ക്യാച്ചറിലെ നായകന്‍, സഹാനുഭൂതി അര്‍ഹിക്കുന്ന കൌമാരത്തിന്റെ പ്രതീകമായി നോവല്‍ പ്രസിദ്ധീകരിച്ച 1951 മുതല്‍.

വലിയവരുടെ അവിശ്വസിക്കത്തക്ക ധാര്‍മ്മികതയും അന്യതാബോധവുമൊക്കെ ക്യാച്ചറില്‍ ഉടനീളം അസ്സലായുണ്ട്. ഈ അന്യതാബോധം പിന്നീട് വന്ന സാഹിത്യങ്ങളിലൊക്കെ ഒഴിവാക്കാനാവാത്ത ബാധയുമായിത്തീര്‍ന്നു. ബീറ്റ്‌ല്‍സ് താരം ജോണ്‍ ലെനനെ വധിച്ച ഡേവിഡ് ചാപ്മാന്‍ കൊലയുടെ വിശദീകരണം ക്യാച്ചറിലുണ്ടെന്ന് പറഞ്ഞതോടെ നോവലിന്റെ ആരാധകര്‍ വലിയ ലോകത്തെ തിന്‍മ പോലെ പെരുകി. കോള്‍ഫീല്‍ഡ് അവന്റെ പരിതാപം നമ്മോട് ആര്‍ദ്രമായി, എന്നാല്‍ സഹതാപം വേണ്ടാതെ, പറയുന്ന രീതിയിലാണ്, ക്യാച്ചര്‍ പുരോഗമിക്കുന്നത്. വലിയവരുടെ ലോകത്തെ സാംസ്‌കാരിക പൊള്ളത്തരം കണ്ടപ്പോഴൊക്കെ 'അതെന്നെ കൊല്ലുന്നു' എന്ന് ആണയിട്ടു പയ്യന്‍.

എവിടെയെങ്കിലും ഒരു 'കൂര' കെട്ടി ശിഷ്ടകാലം കഴിക്കണമെന്ന പയ്യന്റെ ആഗ്രഹം പോലെ പയ്യന്റെ കര്‍ത്താവും പ്രശസ്തിയുടെ നടുവില്‍ നിന്ന് ഓടിപ്പോയി. ക്യാച്ചറിന്റെ കവറില്‍ നിന്ന് നോവലിസ്‌റ്റിന്റെ ഫോട്ടോ നീക്കണമെന്നും പറഞ്ഞു സാലിഞ്ജര്‍.1965ല്‍ എഴുതിയ 'ഹാപ്‌വര്‍ത്ത് 16, 1924' ന്യൂയോര്‍ക്കറില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പുസ്തമാക്കാന്‍ സാലിഞ്ജര്‍ സമ്മതിച്ചില്ല. പ്രസിദ്ധീകരണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രസിദ്ധിക്ക് വേലി കെട്ടിയ സാലിഞ്ജര്‍ കരുതി. പ്രശസ്തിയുടെ പിന്നാലെ പോകാനുള്ള ആരോഗ്യം അതില്‍ നിന്നും ഓടിയകലുവാന്‍ അദ്ദേഹം ഉപയോഗിച്ചു!

സാലിഞ്ജര്‍-ഗവേഷകരുടെ ഇപ്പോഴത്തെ അന്വേഷണം 65ന്, ശേഷം അദ്ദേഹം എന്തെങ്കിലും എഴുതിയിരുന്നോ എന്നാണ്. 'ക്യാച്ചര്‍' ഇനി സിനിമയാവുമെന്നും സാലിഞ്ജറുടെ സാഹിത്യ വനവാസം മറ്റൊരു നോവലാവുമെന്നും കരുതിയാല്‍ അദ്ദേഹം ശവക്കുഴി തുറന്ന് വരില്ലെന്ന് കരുതാം.

4 comments:

notowords said...

a lovely note. thanks, sunil.
k

Habeeb Rahman said...

Sunil's article is a tribute to a very unusual writer, the only writer of the century who willfully shunned publicity. What a life! We can assess Salinger was all the years doing intellectual masterbation.

Habeeb Rahman.

ഷിബു ഫിലിപ്പ് said...

ശരിയാണ് സുനില്‍, "പ്രശസ്തിയുടെ പിന്നാലെ പോകാനുള്ള ആരോഗ്യം അതില്‍ നിന്നും ഓടിയകലുവാന്‍ അദ്ദേഹം ഉപയോഗിച്ചു!"

ദുരൂഹത നിറഞ്ഞു നിന്ന ഒരു എഴുത്തുകാരന്റെ ജീവിതം. എഴുതുന്നത് സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രം എന്നു വിശ്വസിച്ച എഴുത്തുകാരന്‍. അങ്ങനെയെങ്കില്‍, ശരിക്കും ശരിയായ ഒരു എഴുത്തുകാരന്‍. 1965 - നു ശേഷം എല്ലാ ദിവസവും അദ്ദേഹം എഴുതിയിരുന്നത് എവിടെ?, അത് നോവലാണേ?, ചെറുകഥയാണോ,....? അന്നേകം ദുരൂഹതകള്‍ ഇനിയും ബാക്കി.
Shibu Philip

റോഷ്|RosH said...

കാച്ചെര്‍ ഇന്‍ ദി റായ് -കുറിച്ച് ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്: ഒരു അത്ഭുത സിനിമ. അത്ഭുടമെന്താനെന്നു വച്ചാല്‍ ഇതില്‍ കഥയോ കഥാപാത്രങ്ങളോ ഇല്ല എന്നതാണ്. സംഭവം ഇവിടെ:
http://www.imdb.com/title/tt1206286/

Blog Archive

Follow by Email