Search This Blog

Sunday, March 7, 2010

നിരോധന ഉറകളും ഗുളികകളും വിപ്ളവം കൊണ്ടുവന്നെന്ന്

അടുക്കളയില്‍ നിന്ന് അങ്ങാടിയിലേക്ക്

നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ സാമൂഹിക മാറ്റം സ്ത്രീകളുടെ 'മള്‍ട്ടി ടാസ്കിങ്ങ്' ഇടപെടലുകളാണ്. ഒരിക്കല്‍ രണ്ടാംതരക്കാരായി പരിഗണിച്ച സ്ഥാപനങ്ങളെ ഭരിക്കുകയെന്ന മാറ്റത്തിലേക്ക് പഴയ 'അവള്‍' വളര്‍ന്നു. അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ സ്ത്രീകള്‍ അമ്പത് ശതമാനത്തില്‍ കവിഞ്ഞുവെന്ന് പുതിയ റിപോര്‍ട്ട്. മാന്ദ്യശേഷം ജോലി നഷ്ടപ്പെട്ടവരില്‍ നാലില്‍ മൂന്ന് പേര്‍ പുരുഷന്‍മാരാണത്രെ. സാമ്പത്തികശാസ്ത്രത്തിലെ ഡിമാന്‍ഡ് ആന്‍ഡ് സപ്ളൈ തിയറിയോട് സ്ത്രീകള്‍ നീതി കാട്ടിയതിലൂടെയാണ് ചരിത്രം ഗതി മാറി ഒഴുകിയത്. ലോകത്ത് പലയിടത്തും യൂണിവേഴ്സിറ്റി ബിരുദക്കാര്‍ ഏറെയും പെണ്‍കുട്ടികളാണ്. പെപ്സി കമ്പനിയുടെ മേധാവി ഇന്ത്യാക്കാരി ഇന്ദ്ര മുതല്‍ ചില ഏഷ്യന്‍ രാജ്യങ്ങളെ ഭരിക്കുന്നവര്‍ വരെ വനിതാ മേധാവിത്വത്തിന്റെ നക്ഷത്രോദാഹരണങ്ങളാണെന്ന് ലോകത്തിനറിയാം. കോസ്‌റ്റ റിക്ക അവരുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തതും ഈയിടെയാണ്. ജര്‍മ്മനിയും സ്വീഡനുമടക്കമുള്ള ചില രാജ്യങ്ങള്‍ സൌകര്യാനുകൂല്യങ്ങള്‍ കൊടുത്തും, വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതുള്‍പ്പെടെ, അവരുടെ വനിതാസേനയുടെ സേവനം നോക്കിയിരിപ്പാണ്. സാമൂഹിക ശാസ്ത്രത്തിലെ പുതിയ മുന്നറിയിപ്പ്: സ്ത്രീകളുടെ ശക്തിസ്രോതസ്സ് ഉപയോഗിക്കാത്ത രാജ്യങ്ങള്‍ സമീപഭാവിയില്‍ പാഠം പഠിക്കും!

സ്ത്രീകള്‍ വരുമാനം കുറവുള്ള പുരുഷന്മാരാണെന്ന സാമ്പത്തികലോകത്തെ പഴംചൊല്ല്, ക്ളാസിക്കല്‍ ഫെമിനിസകാലത്തെ നാടോടിക്കഥ മാത്രമാണ്. സന്തുലിതം, സഹകരണം, സഹാനുഭൂതി, സഹനം, തുടങ്ങിയ വാക്കുകള്‍ വനിതാമേധാവിത്വത്തിന്റെ പര്യായങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. അതിസാഹസികത, അപകടതരണം എന്നിങ്ങനെയുള്ള 'പുരുഷകേന്ദ്രീക്രുത' വാക്കുകള്‍ ബിസിനസില്‍ 'ഓള്‍ഡ് ഇസ് ഗോള്‍ഡ്, ബട്ട് നെവര്‍ സോള്‍ഡ്' എന്ന് പറയുന്നത് പോലെയായി. എയര്‍ ഹോസ്റ്റസുമാര്‍ ഫെയര്‍ ഹോസ്റ്റസുമാരായതും സൌന്ദര്യത്തിന്റെ വ്യാകരണം അപ്പാടെ മാറിപ്പോയതിനും സമകാലം സാക്ഷിയാണ്.

സാമൂഹികമായ ഒരു 'വിപത്തിന്' സ്ത്രീശാക്തീകരണം വഴി തുറക്കുമെന്നും പഠനങ്ങളുണ്ട്. അതായത് കുട്ടികളെ പോറ്റലും ഓഫീസ് ഭരിക്കലും എന്ന അമ്മാനമാടലില്‍ മടുത്ത് ചിലര്‍ അമ്മമാരാവുന്നില്ല എന്ന് തിരഞ്ഞെടുത്തിരിക്കുകയാണത്രെ. അതിന് സമ്മതിക്കുന്ന ഭര്‍ത്താക്കന്‍മാരെ അവര്‍ക്ക് മതി. സ്വിറ്റ്സര്‍ലണ്ടിലെ നാല്‍പത് ശതമാനം ഉദ്യോഗസ്ഥകള്‍ക്ക് കുട്ടികളില്ല. സാമ്പത്തിക രാജ്യങ്ങളിലെ സ്ത്രീകള്‍ ഇത്തരം കടുത്ത തീരുമാനത്തില്‍ കടിച്ചു തൂങ്ങുമ്പോള്‍ ഇന്ത്യടക്കമുള്ളയിടങ്ങളിലെ വനിതകള്‍ക്ക് മറ്റൊരു 'തൊഴില്' സാധ്യതയുണ്ട്. ഔട്ട്സോഴ്സിങ്ങ് ഗര്‍ഭധാരണം! സായിപ്പിന്റെ കുട്ടിയെ ഉദരത്തില്‍ വഹിക്കുക, സസന്തോഷം തിരിച്ചേല്‍പ്പിക്കുക എന്ന ജോലി. അമ്മപ്പണി എന്ന പുതിയ ഇനം ജോലിക്കും ഇനി ലോകസാധ്യത. ജര്‍മ്മനിയില്‍ രക്ഷിതാക്കള്‍ക്ക് ശമ്പളം കൊടുക്കുന്ന ബില്ല് പാസ്സായിട്ടുണ്ടത്രെ. ബില്ല് കൊണ്ടുവന്ന വനിതാമന്ത്രിക്ക് ഏഴ് മക്കളുണ്ട്.

അടുക്കളയില്‍ നിന്ന് അങ്ങാടിയിലേക്കാണ് പുതിയ സ്ത്രീയുടെ പോക്ക്. ഗര്‍ഭ നിരോധന ഉറകളും ഗുളികകളും എന്തുമാത്രം സാമൂഹിക വിപ്ളവം കൊണ്ടുവന്നെന്ന് ഓര്‍ക്കുക.

വാല്:'വര്‍ക്കി ആന്‍ഡ് സണ്‍സ്' പോലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇനി 'വര്‍ക്കി ആന്‍ഡ് ഡോട്ടേഴ്സ്' എന്ന തിരുത്തലുണ്ടാവുമോ?

സ്ത്രീ:പിൻ‌പടവുകൾ‌
1910: കോപ്പൻ‌‌ഹേഗനിൽ (സോഷ്യലിസ്റ്റ് കോൺ‌ഫറൻ‌സിൽ‌)പതിനേഴ് രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം സ്ത്രീകൾ അന്തരാഷ്ട്ര വനിതാദിനത്തിനായി വോട്ട് ചെയ്യുന്നു.

1913: സ്ത്രീകൾ‌ക്ക് വോട്ടവകാശം നോർ‌വേയിൽ. ന്യൂസിലന്റിൽ 1893ൽ. റഷ്യയിലും അമേരിക്കയിലും വനിതാവോട്ട് 1917ലും
1920ലും‌. ഇന്ത്യയിൽ 1950ൽ‌.

1935: മാർ‌ഗരറ്റ് മീഡ് എഴുതിയ ‘സെൿസ് ആൻ‌ഡ് ടെം‌പറമെന്റ് ഇൻ 3 പ്രിമിറ്റീവ് സൊസൈറ്റീസ്’ പ്രസിദ്ധപ്പെടുത്തുന്നു. 1949ൽ സീമോൻ ദ ബൊവ്വാറിന്റെ ‘ദ സെക്കൻ‌ഡ് സെൿസ്’. 1963ൽ ബെറ്റി ഫ്രീഡാൻ എഴുതിയ ‘ദ ഫെമിനിൻ മിസ്റ്റിക്’അമേരിക്കൻ സ്ത്രീകളുടെ സാമൂഹിക പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നു.

1953: വിജയലക്ഷ്മി പണ്ഡിറ്റ് യുണൈറ്റഡ് നേഷൻ‌സ് ജനറൽ അസം‌ബ്ലി പ്രസിഡണ്ട്.

1955: അലബാമയിൽ റോസ പാർ‌ൿസ് എന്ന കറുത്ത വനിത വെള്ളക്കാരന് ബസിൽ സീറ്റ് കൊടുക്കാൻ വിസമ്മതിച്ചത് വിപ്ലവത്തിന് മരുന്നിട്ടു.

1960: സിലോണിൽ സിരിമാവോ ബണ്ഡാരനായകെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി.

1963: റഷ്യൻ വലെന്റിന ടെറെഷ്കോവ ആദ്യത്തെ ബഹിരാകാശ വനിത.

1975: ജാപ്പനീസ് ജുങ്കോ ടാബേയി എവറസ്‌റ്റിലെ ആദ്യവനിത.

1980: (ഐസ്‌ലാൻ‌ഡ്) വിജ്ദിസ് ഫിൻബൊഗദോറ്റിർ ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട വനിതാ പ്രസിഡണ്ട്. മുൻ‌പേ അർ‌ജന്റീനയിൽ ഭർ‌ത്താവിന്റെ മരണശേഷം മരിയ എസ്‌റ്റെല പ്രസിഡണ്ടായി.

1988: (പാക്കിസ്ഥാൻ) ബേനസീർ ഭൂട്ടോ ഇസ്ലാമിക രാജ്യം ഭരിക്കുന്ന ആദ്യവനിത.

2001: ആം‌നസ്‌റ്റി ഇന്റർ‌നാഷണൽ സെക്രട്ടറിയായി ബം‌ഗ്ലാദേശി ഐറീൻ സുബൈദ ഖാൻ.

2003: (ഇറാൻ‌)ഷിറീൻ എബാദിക്ക് നൊബേൽ സമാധാന സമ്മാനം‌. 802 പേർ‌ക്ക് കിട്ടിയ നൊബേലിൽ 40 സ്ത്രീകൾ‌.

2005: (ലൈബീരിയ) എലെൻ ജോൺ‌സൺ സർ‌ലീഫ് ആദ്യത്തെ കറുത്ത പ്രസിഡണ്ട്.

2010: (യു എസ്) തൊഴിൽ ചെയ്യുന്നവരിൽ പകുതിയും സ്ത്രീകൾ‌.

കേരളത്തിൽ‌
1924: ടി വി നാരായണിയമ്മ തിരുവനന്തപുരത്ത് താഴ്ന്ന ജാതിക്കാരായ പെൺ‌കുട്ടികൾ‌ക്ക് താമസിക്കാൻ സദനം ഹോസ്‌റ്റൽ തുടങ്ങി. മുസ്ലിം സമുദായത്തിലെ ആദ്യത്തെ എം എ ക്കാരി അയിഷാബീവി, ഈഴവരിലെ ആദ്യ നിയമ ബിരുദ ധാരിണി കെ ആർ ഗൌരിയമ്മ തുടങ്ങിയവർ സദനത്തിൽ പഠിച്ചവരാണ്.

1929: അന്നാചാണ്ടി ഏഷ്യയിലെ ആദ്യത്തെ വനിതാ ജഡ്ജി.

1931: സത്യാഗ്രഹകാലത്ത് അറസ്‌റ്റ് ചെയ്യപെട്ട കമലാപ്രഭുവിന്റെ പിഴത്തുകക്ക് പകരം ബ്രിട്ടീഷ് ജഡ്‌ജി കമലയുടെ കെട്ടുതാലി അഴിച്ചു വാങ്ങിച്ചത് ഇം‌ഗ്ലണ്ടിൽ പോലും ഒച്ചപ്പാടുണ്ടാക്കി.

1936: മുക്കാപ്പുഴ കാർ‌ത്ത്യായനി അമ്മ, വനിതാ സത്യാഗ്രഹി, അറസ്‌റ്റ്.

1937: എ വി കുട്ടിമാളു അമ്മ, സാമൂഹികപ്രവർ‌ത്തക, കോഴിക്കോട്ടെ അനാഥമന്ദിര സമാജത്തിന്റെ അധ്യക്ഷയായി.

1938: തിരുവിതാം‌കൂറിലെ സ്‌റ്റേറ്റ് കോൺ‌ഗ്രസ് പ്രവർ‌ത്തക അക്കമ്മ ചെറിയാൻ ദിവാനെതിരെ പ്രക്ഷോഭണം നയിച്ച് കൊട്ടാരവാതിൽ‌ക്കൽ നിറതോക്കിന് മുന്നിലേക്ക് നടന്നു ചെന്നു അറസ്‌റ്റ് വരിച്ചു. ഇതേ വർ‌ഷം മറ്റൊരു കോൻ‌ഗ്രസ് പ്രവർ‌ത്തക ആനി മസ്‌ക്ര്രീനും അറസ്റ്റ് വരിച്ചു.

1961(?) പാർ‌വതി നെൻ‌മേനി മം‌ഗലം‌, ആര്യാപള്ളം‌, പാർ‌വതി നിലയങ്ങോട് തുടങ്ങി ഏറ്റാനും അന്തർ‌ജ്ജനങ്ങൾ പ്രേം‌ജിയുടെ ഇല്ലത്തെ അന്തർ‌ജ്ജനസമാജ സമ്മേളനം കഴിഞ്ഞ് ഒരു പൊതു സമ്മേളന സ്ഥലത്തേക്ക് മറക്കുട ഇല്ലാതെ കയറിച്ചെന്നു. നമ്പൂതിരി സമുദായത്തിൽ ആദ്യ മിശ്രവിവാഹം നടത്തിയത് ഐ സി പ്രിയദത്ത. ട്രേഡ് യൂണിയൻ നേതാവ് കല്ലാട്ട് കൃഷ്ണനെയാണ് അവർ വിവാഹം ചെയ്തത്.

1977: സസ്യ ശാസ്ത്രജ്ഞ ഇ കെ ജാനകിയമ്മാൾ‌ക്ക് പത്മശ്രീ. കൊയമ്പത്തൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ പരവർ‌ത്തിക്കുമ്പോൾ പുതിയ ഇനം കരിമ്പ് സൃഷ്ടിച്ചത് നേട്ടം‌.

(പിലാവുള്ള കണ്ടി തെക്കേപ്പരമ്പിൽ ഉഷ, അജിത, സികെ ജാനു, ഫാത്തിമാബീവി, അരുന്ധതി റോയ് തുടങ്ങി ഒട്ടേറെ പേർ ഇല്ലാത്ത ഈ ലിസ്‌റ്റ് അപൂർ‌ണ്ണമാണ്).

http://chintha.com/node/69008

3 comments:

അരുണ്‍ / Arun said...

man, woman മുതലായ വാക്കുകള്‍ അപ്രസക്തമാവുകയും Human എന്ന വാക്കിനു പ്രസക്തി വരുകയും ചെയ്യുന്ന പുതിയകാലം

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കുട്ടികളെ വേണ്ടവർക്ക് സൂപ്പർമാർക്കറ്റിൽ കിട്ടുന്ന കാലം വരുമായിരിക്കും

വീ.കെ.ബാല said...

സുനിലെ, ബോംബെയിലെ ചില കമ്പനികളിൽ (ആശുപത്രികളിൽ) ഈ വ്യവസായം ഇപ്പോഴെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്, ഹെൽത്തിആയിട്ടുള്ള അണ്ഡവും വിൽ‌പ്പനയ്ക്കുണ്ട്!!!! ഇത് നാലെണ്ണം പോരെ :)

Blog Archive

Follow by Email