Search This Blog

Saturday, March 13, 2010

ഓസ്‌കര്‍-ഹര്‍ട്ട് ലോക്കര്‍

ഹര്‍ട്ട് ലോക്കറിലേക്ക് - വേദനാ സംഭരണിയിലേക്കോ ബോംബ് സ്‌ഫോടനത്തിലേക്കോ- അടുത്ത 365 ദിവസത്തേക്ക് 'എടുത്തെറിയപ്പെട്ട' മറ്റൊരു സാര്‍ജന്‍റ് ഭാവിയിലേക്ക് നടന്നകലുമ്പോഴും സിനിമ അവസാനിക്കുന്നില്ല. അപ്പോള്‍ ടിവി വച്ചാല്‍ കാണാമല്ലൊ സൂയിസൈഡ് ബോംബറിന്‍റെയും പട്ടാളക്കാരുടെയും സാധാരണ ജനങ്ങളുടെയും ചിതറിയ വാര്‍ത്തകള്‍. ബോംബ് നിര്‍വീര്യമാക്കുന്ന പട്ടാളസംഘവും കോണ്‍ട്രാക്‌റ്റര്‍മാരും അനേകം സാധാരണക്കാരും -ഡിവിഡി വില്‍പ്പനക്കാര്‍ മുതല്‍ കെട്ടിടജനാലകളിലൂടെ ഒളിഞ്ഞു നോക്കുന്നവര്‍ വരെ; മരുഭൂവിലെ ആട്ടിന്‍പറ്റം മുതല്‍ ബാഗ്‌ദാദ് തെരുവിലൂടെ ഞൊണ്ടിപ്പോകുന്ന പൂച്ച വരെ- നിറഞ്ഞ് 'അഭിനയിക്കാത്ത' ഹര്‍ട്ട് ലോക്കര്‍ നമുക്ക് ടെന്‍ഷന്‍ പകരുന്നതില്‍ വിജയിക്കുന്നത് അതൊരു ദൈനംദിന യാഥാര്‍ഥ്യമായതിനാലാണ്. തിരക്കഥ എഴുതിയ മാര്‍ക്ക് ബോവല്‍ നൂറോളം പട്ടാളക്കാരുമായി അഭിമുഖം നടത്തിയിട്ടാണെന്ന് കേള്‍ക്കുന്നു സിനിമ ജനിക്കുന്നത്. ബാഗ്‌ദാദിലെ ബോംബ് നിര്‍വീര്യ സംഘത്തിന്‍റെ കഥ ഷൂട്ട് ചെയ്തത് ജോര്‍ദാനിലും കാനഡയിലുമാണ്. ക്രെഡിറ്റില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ളക്കും രാജകുമാരന്‍മാര്‍ക്കും കുമാരിക്കും ഒഫീഷ്യലുകള്‍ക്കും നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.

പട്ടാളക്കാരുടെ പിരിമുറുക്കങ്ങള്‍, നാട്ടുകാരുടെ കൌതുകവും പുച്ഛവും അമര്‍ഷവും, പട്ടാളക്കാരിലൊരാള്‍ കൊല്ലപ്പെടുമ്പോള്‍ അത് കുടുംബത്തെ അറിയിക്കാന്‍ പ്രയാസപ്പെടുന്ന സഹജീവി, പട്ടാളക്കാരുടെ നിര്‍വികാര കുടുംബം, മദ്യലഹരിയില്‍ പട്ടാളക്കാര്‍ തമ്മിലുള്ള ദ്വന്ദ്വയുദ്ധം (അതിലും വര്‍ണ ചേരിതിരിവ്?)- ഹര്‍ട്ട് ലോക്കര്‍ ആരുടെ കാഴ്ചപ്പാടില്‍ നിന്നാണെന്ന ചോദ്യം സിനിമ നമ്മെ ഗ്രസിക്കുന്നതിന് തടസമാവുന്നില്ല. ലോക്കല്‍ പയ്യനുമായി ഫുട്‌ബാള്‍ കളിക്കുന്ന സാര്‍ജന്‍റ്, പിന്നീട് അവന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് തെറ്റിദ്ധരിച്ച് രാത്രി അലഞ്ഞു നടക്കുന്ന സീന്‍ സിനിമാറ്റിക്ക് സ്വാതന്ത്ര്യമാണ്. സാര്‍ജന്‍റ് തിരിച്ചു വരുമ്പോള്‍ അവനെ കുറ്റവാളിയെപ്പോലെ സമീപിക്കുന്നുമുണ്ട് ക്യാംപിലെ മറ്റുള്ളവര്‍.

മരുഭൂമിയിലെ ഏറ്റുമുട്ടലില്‍ കണ്ണിമക്കാതെ ജാഗരൂകനായിരിക്കുന്ന പട്ടാളക്കാരുടെ മുഖത്തെ ഈച്ച, ആട്ടിന്‍പറ്റത്തിനിടയിലൂടെ ഇഴഞ്ഞു വരുന്ന 'ഭീകരന്‍', അന്വേഷണത്തിനെന്നും പറഞ്ഞ് ഏതോ വീട്ടില്‍ കയറിയ പട്ടാളക്കാരനെ ആട്ടിയോടിക്കുന്ന വീട്ടമ്മ, ഏറ്റുമുട്ടലിലാവാം കൊല്ലപ്പെട്ട ബോംബറുടെ വയര്‍ കീറി ബോംബ് പുറത്തെടുക്കുന്നത്, ദേഹമാസകലം ബോംബ് വരിഞ്ഞുകെട്ടിയ നിലയില്‍ കാണപ്പെട്ട നിരപരാധിയും അയാളെ ബോംബ് വിമുക്തനാക്കാന്‍ കഴിയാതെ സോറി പറയുന്ന പട്ടാളക്കാരനും തെല്ലിടക്ക് കഷണങ്ങളായി ചിതറുന്ന 'നിരപരാധി'യും...

ഇത്തരമൊരു അവസ്ഥയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ച ഉത്തരവാദിത്തമോ സാഹചര്യങ്ങളോ സംവിധായിക കാതറീന്‍ ബൈഗ്‌ലോ വിഷയവിധേയമാക്കുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്, എന്ന് യഥാതഥമായി നമ്മോട് പറയുന്നു.

ബൈഗ്‌ലോ ഓസ്‌കര്‍ നേടുന്ന ആദ്യ സംവിധായിക ആയിരിക്കാം. ഒരു സ്ത്രീ പക്ഷപാതമോ വീക്ഷണകോണോ ഈ സിനിമയിലില്ല. അവര്‍, മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ പോലെ തഴക്കമുള്ള വ്യക്തിയായി തോന്നുന്നു. അവര്‍ സ്ത്രീയായിപ്പോയത് ഓസ്‌കര്‍ ചരിത്രത്തിനാണ്, താല്‍പര്യം. മലയാളത്തില്‍ സത്യന്‍ അന്തിക്കാടിന്‍റെ സഹായി ശ്രീബാലയും പ്രിയനന്ദനന്‍ അടക്കമുള്ളവരുടെ സ്ത്രീ സഹായികളും വരും നാളുകളില്‍ സ്‌ക്രീനില്‍ പേര്‍ തെളിച്ചേക്കാം.

2 comments:

savi said...

നന്നായി പറഞ്ഞു.. സ്ത്രീകള്‍ വികാര ജീവികളും പുരുഷന്മാര്‍ വിചാര /ബുദ്ധി ജീവികളും ആണെന്നാണ്‌ പൊതുവേ തരം തിരിച്ചു വച്ചിട്ടുള്ളത് .പെണ്ണുങ്ങള്‍ക്ക്‌ ഒരു തമാശ ആസ്വദിക്കാന്‍ പോലുമുള്ള ബുദ്ധിയോ കെല്‍പ്പോ ഇല്ലെന്നു തീര്‍ത്തും തീരുമാനിച്ചിട്ടുണ്ട് .ഇങ്ങനെ ഒരു സ്ത്രീക്ക് എങ്കിലും ഓസ്കാര്‍ കിട്ടിയല്ലോ എന്നത് സന്തോഷിക്കാന്‍ വക നല്‍കുന്നു ..

Habeeb Rahman said...

A nice review. Felt it could have highlighted one or two examples of Kathryn expertise, if any. Best wishes, Habeeb Rahman.

Blog Archive

Follow by Email