Search This Blog
Friday, April 30, 2010
സംഗീതകാരൻ ശരത്
‘ഹിസ് ഹൈനസ് അബ്ദുള്ള്’യിലെ ‘ദേവസഭാതലം’ പാടുമ്പോള്‍ ഇന്നത്തെ പ്രശസ്ത സംഗീതകാരന്റെ പേര് സുജിത്ത് എന്നായിരുന്നു. ‘സമയം’ തെളിയാനാണ് സംഖ്യാശാസ്ത്രപ്രകാരം പേര് മാറ്റിയതെന്ന് ശരത്ത് (Sharreth). കുവൈറ്റില്‍ മാവേലിക്കര അസോസിയേഷന്റെ സംഗീതക്കച്ചേരിക്ക് വന്നപ്പോഴാണ് തുറന്നടിക്കുന്ന, മൂന്നാം വാക്ക് തമാശ പറയുന്ന, ശരീരം കൊണ്ട് പൊക്കം കുറഞ്ഞവനെങ്കിലും സംഗീതത്തില്‍ ആകാശദീപമെന്നുമുണരുമിടം കീഴടക്കിയ ശരത്തിനെ കണ്ടത്. സംസാരം കേട്ടിരുന്നാല്‍ ആ അനുപമ ലയഭര നാദം കേള്‍ക്കാത്തവര്‍ പോലും കീഴടങ്ങും. സ്‌റ്റാര്‍ സിംഗറില്‍ ശിഖ പ്രഭാകര്‍ കരഞ്ഞിട്ട് ഒരു വര്‍ഷമായെന്ന് പറഞ്ഞപ്പോള്‍ അതു പോലെ ഞങ്ങള്‍ പ്രേക്ഷകര്‍ ഇനി ഒരു വര്‍ഷം കഴിഞ്ഞ് കാണുന്ന എന്തെങ്കിലും അനുഭവം പറയാമോ എന്നാരാഞ്ഞപ്പോള്‍ ആ വിശ്വപ്രസിദ്ധ മൂക്ക് ഉഴിഞ്ഞ് അണ്ണാച്ചി പറഞ്ഞു. ഷൂട്ടിങ്ങിനിടയില്‍ ഞങ്ങള്‍ തുമ്മി!
ആ പറഞ്ഞത് സത്യമായിരുന്നു. തിരുവനന്തപുരത്തെ പഴയ സിനിമാ തിയറ്ററിൽ സെറ്റിട്ട് മാസത്തിൽ നാലു ദിവസം ഷൂട്ടിങ്ങ് നടക്കുന്ന സ്‌റ്റാർ സിംഗർ പ്രോഗ്രാമുകാർ പൊടി തുടക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ച് മെനക്കെടാറില്ല. ഞങ്ങളുടെ ൿളോസപ് കാണിച്ചാൽ മൂക്കിൻ തുമ്പത്ത് പൊടി കാണാമെന്ന് ജഡ്ജ്മാരുടെ കൂട്ടത്തിൽ ഇളയ തമ്പുരാനായ ശരത്ത് (1969ൽ ജനനം). എംജിയണ്ണനെ അണ്ണാച്ചീ എന്ന് വിളിച്ച് അതിപ്പൊ എന്റെ പേരായി. ശിഖ കരഞ്ഞതു പോലുള്ള സംഭവങ്ങൾ അവിടെ സ്ഥിരമാണ്. ശിഖയെ സമാധാനിപ്പിക്കാൻ ഒന്നര മണിക്കൂറെടുത്തു. പിള്ളേരങ്ങു പോകും. പിന്നേം പൊടീം തിന്ന് ഞങ്ങളവിടെ. എങ്ങനെയായാലും സിനിമയേക്കാൾ മെച്ചമാണ്. സിനിമയിൽ ഇതുവരെ ചെറ്യ്തതിനൊന്നും പറഞ്ഞ പോലെ പ്രതിഫലം തന്നിട്ടില്ല.
ഒന്നിങ്ങുവന്നെങ്കിൽ എന്ന ചിത്രത്തിനാണ് ആദ്യമായി പാടുന്നത്. ശ്യാമിന്റെ സംഗീതം. ദൈവാധീനം കൊണ്ട് ആ പാട്ട് പടത്തിൽ വന്നില്ല! ഐസ്‌ക്രീം എന്ന ചിത്രത്തിനായി ജോൺസന്റെ സംഗീതത്തിൽ പാടിയതും ശ്രദ്ധിക്കപ്പെട്ടില്ല. നവോദയ ജിജോയാണ് എന്നെപ്പറ്റി രാജീവ്കുമാറിനോട് പറഞ്ഞത്. രാജീവ് ഗാന്ധർവ്വം എന്നൊരു പടം പ്ലാൻ ചെയ്തിരുന്നു. ഞാൻ സംഗീതം. ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴാണ് പപ്പേട്ടൻ ഞാൻ ഗന്ധർവൻ ചെയ്യുന്നതായി അറിയുന്നത്. പപ്പേട്ടന്റേത് ഗന്ധർവൻ, രാജീവിന്റേത് ഗന്ധർവി! പിന്നെ രാജീവ് ചെയ്ത ‘ക്ഷണക്കത്തി’ൽ എന്റെ സംഗീതത്തിൽ നാല് പാട്ടുകൾ. പിന്നെ ഒറ്റയാൾപട്ടാളം, പവിത്രം, സാഗരം സാക്ഷി... ഒടുവിൽ പുള്ളിമാൻ വരെ. എന്റെ പാട്ട് ഒന്നും എനിക്ക് പിടിച്ചിട്ടില്ല. ചെയ്യുമ്പോൾ നല്ലതെന്ന് തോന്നും. പിന്നെ കേൾക്കുമ്പോൾ ഭേദമാക്കമായിരുന്നു എന്ന് തോന്നും. തിരക്കഥയിലെ ‘പാലപ്പൂവിതളിൽ‘ ഞാനേറ്റവും വെറുക്കുന്ന പാട്ടാണ്.
‘ദയ’ക്ക് വേണ്ടി പശ്ചാത്തല സംഗീതം ചെയ്യുമ്പോൾ എന്റെ കല്യാണമായിരുന്നു. ആദ്യരാത്രി ഞാൻ ദയയിലായിരുന്നു. രണ്ടാം രാത്രി മുതൽക്കാണ് ഞങ്ങളുടെ ജീവിതം തുടങ്ങുന്നത്. സംഗീതമുണ്ടാവുന്നത് ഒരു കുട്ടി ജനിക്കുന്നത് പോലെയാണ്. ഈശ്വരൻ വിചാരിക്കണം. ഞാൻ അനുഭവസ്ഥനാണ്. (ചെന്നൈയിൽ യുകെജി വിദ്യാർഥിനി ദിയ ഏക മകൾ).
ജിജോയോട് കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ അനുജൻ സംവിധാനം ചെയ്ത മാജിക് മാജിക് എന്ന ചിത്രത്തിൽ ഞാൻ വർക്ക് ചെയ്തു. (കണ്ണേ ചെല്ലക്കണ്ണേ എന്ന താരാട്ട്പാട്ട് ഓർക്കാം). കടപ്പാട് പിന്നെ മാമൻമാർക്കാണ്. കൊല്ലത്തെ തറവാട്ടുവീട്ടിൽ ആറ് മാമൻമാർ 62,000 മാമൻമാരുടെ ഫലം ചെയ്തു. ആറുപേരും സംഗീതകാരൻമാർ. അവരിൽ നിന്ന് രക്ഷപെടാനാണ് പ്രീഡിഗ്രി കഴിഞ്ഞ് ഡോൿടർ ബാലമുരളീകൃഷ്ണയുടെ അടുത്ത് പോകുന്നത്. ശേഷം ചെന്നൈയിൽ. ക്ഷണക്കത്തിലെ പാട്ട് കേട്ട് മാമൻമാർ ചോദിച്ചു എടാ ഇതെന്ത് പാട്ട്? അവരെ തൃപ്തിപ്പെടുത്തിയിട്ട് മരിച്ചാൽ മതി.
പുതിയ ചിത്രങ്ങൾ: പവിത്രത്തിന്റെ തിരക്കഥാകൃത്ത് പി ബാലചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം, രഞ്ജിത്തിന്റെ ചിത്രം, ടി എസ് സുരേഷ്ബാബുവിന്റെ സുരേഷ്ഗോപി ചിത്രം കന്യാകുമാരി എൿസ്‌പ്രസ്സ്. പുതിയതായി രണ്ട് പാട്ടുകൾ പാടിയിട്ടുമുണ്ട്. കടാക്ഷം എന്ന ചിത്രത്തിനായി എം ജയചന്ദ്രന്റെ മ്യൂസിക്കിൽ ‘ഓമനപ്പെണ്ണല്ലേ‘.. പിന്നൊരു തമിഴ് ഗാനം: കൺകൾ ഇരണ്ടാൽ ജെയിംസ് വസന്തന്റെ പൊലീസ് ക്വാർട്ടേഴ്സ് എന്ന തമിഴ് ചിത്രം.
മാമൻമാർ വഴക്ക് പറഞ്ഞത് പെർഫക്ഷന് വേണ്ടിയായിരുന്നു. അക്കാര്യത്തിൽ ഞാനും അവരെപ്പോലെയാണ്.
Subscribe to:
Post Comments (Atom)
8 comments:
അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള അറിവ് അപാരമണ്. എല്ലാ ആശംസകളും...
ശരത്തിനെ വന്ന് കണ്ട് കാര്യം കഴിഞ്ഞ് തിരികെപ്പോയി അല്ലെ. കച്ചേരി സമയത്ത് അവിടെങ്ങും കണ്ടില്ല ...! :)
പലരും യാതൊരു സംഗീതഗ്രാഹ്യവുമില്ലാതെ അയാളെ തെറി പറയുന്നതുകേട്ടു കേട്ട് ഇപ്പോ ശരത്തിനെ എനിക്കിഷ്ടമായി!
ക്ഷനക്കത്ത്, ഒറ്റയാൾപ്പട്ടാളം, പവിത്രം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെ ഇഷ്ടമാണ്.
ശരത്തിന് ആശംസകൾ!
സന്തോഷം പൊട്ടിച്ചിരി പരമു, ഉറുമ്പ്, ജയന്‍ഏവൂര്‍. ഉറുമ്പ്, കച്ചേരി സമയത്ത് ഞാന്‍ സ്‌റ്റേജിലായിരുന്നു. കര്‍ട്ടന്‍ തുറന്നതും അടഞ്ഞതും കണ്ടില്ല?
സുനിലേ,
ശരത്തിന്‍റെ ഇരിപ്പില്‍ ഒരു ശ്രുതിയും സംഗതികളും ഒന്നും ഇല്ലലോ ഹ ഹ ഹ :)-
സന്തോഷം,ഡോ.ബാലമുരളീക്രിഷ്ണയുടെ ‘പ്രഥമ‘ ശിഷ്യനെ പരിചയപ്പെടുത്തിയതിന്.
kolllaammmmm...sunilllll
Post a Comment