Search This Blog

Friday, August 6, 2010

വിവാഹ'മോചിത' മുക്കുവ ആത്മകഥ

വിഷയലമ്പടനും ധനാസക്തിയുമുള്ള കബളിപ്പിക്കല്‍ പൊലീസുകാരന്‍-ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ സ്ഥിതിയിലേക്ക് ജീവിതം എത്തിയതെങ്ങനെ എന്ന് വിവരിക്കുന്നു 'ഒരു മുക്കുവപ്പെണ്ണിന്‍റെ ആത്മകഥ'യിലൂടെ ലീന കൊച്ചുതോപ്പില്‍. (പരിധി പബ്ളിക്കേഷന്‍സ്, 50 രൂ., 72 പേജ്). മദ്യപാനിയായ അപ്പനും ചാരായവില്‍പ്പനക്കാരി അമ്മക്കും (വാളുമേരി) പിറന്ന മൂത്ത മകള്‍, നാല് ആങ്ങളമാര്‍ക്ക് ഏക പെങ്ങള്‍, ലീനയുടെ കോണ്‍വെന്റ് വിദ്യാഭ്യാസം കന്യാസ്‌ത്രീയാക്കാന്‍ അവളെ പ്രേരിപ്പിച്ചു. അമ്മയുടെ നിര്‍ബന്ധത്താല്‍ വിവാഹത്തിന് സമ്മതിച്ച ലീനക്ക് പിന്നീട് 'കണ്ണീരില്‍ കുതിര്‍ന്ന' ദിനങ്ങളായിരുന്നെന്ന് പുസ്തകം ആണയിടുന്നു. ഇസ്രയേലില്‍ ജോലിക്ക് പോയ ലീന സ്വന്തം കാലില്‍ നില്‍ക്കാമെന്നായപ്പോള്‍ ഡൈവോഴ്‌സ് നോട്ടീസ് നല്‍കി 'തന്‍റേടത്തോടെ എഴുന്നേറ്റു നില്‍ക്കുന്ന' ചിത്രം പച്ചയായി കാണാം.


പുസ്തകത്തില്‍ നിന്ന്: 'ഒരു കാരണവശാലും നീയും നിന്‍റെ സഹോദരന്‍മാരും ടോയ്‌ലറ്റില്‍ പോകരുത്' എന്ന് പറഞ്ഞ് ടോയ്‌ലറ്റ് പൂട്ടി (അയാള്‍). ... ചില സന്ദര്‍ഭങ്ങളില്‍ ഞാനും അനുജന്‍മാരും മലവിസര്‍ജ്ജനം നടത്തിയത് ഏതൊക്കെ രീതികളിലായിരുന്നെന്ന് ആലോചിക്കാന്‍ പോലും വയ്യ. ഇരുളില്‍ ജനാല തുറന്ന് വിസര്‍ജ്ജ്യങ്ങള്‍ പുറത്തേക്ക് നീട്ടിയെറിയുകയാണ് പതിവ്. ....അനുജന്‍മാര്‍ രണ്ടുപേരും സ്‌കൂളില്‍ നിന്നും കൊണ്ടുവരുന്ന പയറുകഞ്ഞിയായിരുന്നു ഞങ്ങളുടെ ഭക്ഷണം.
'ദുഷ്ടനായ വില്ലന്‍ കഥാപാത്രം മോഹന്‍ദാസിനു പോലും ഈ പുസ്തകം കരുണയേകുന്നു' എന്ന് അവതാരികയില്‍ ബാബു കുഴിമറ്റം. നളിനി ജമീലയുടെയും തസ്‌കരന്‍റെയും 'വിജയ'കഥകള്‍ക്ക് ശേഷം ഷക്കീലയുടെ ഡ്യൂപ്പ് സുരയ്യ ബാനു(?)വിന്‍റെ ആത്മകഥയും സിസ്‌റ്റര്‍ ജെസ്‌മിയുടെ 'ആമേനൊ'പ്പം പുസ്തകക്കടകളില്‍ ചന്തം പൂണ്ടിരിക്കുന്നു. സ്‌തുതി, പുതിയ കാലത്തിന്.

3 comments:

മുക്കുവന്‍ said...

സ്വന്തം കാലില്‍ നില്‍കാമെന്നായപ്പോള്‍ വിവാഹമോചനം? ടീ നിന്നെ ഞാന്‍.

ചാക്യാര്‍ said...

ചിത്രത്തില്‍ കാണുന്ന (പുസ്തകതിന്റെ പുറം ചട്ടയാണെന്നു തോന്നുന്നു) എഴുത്തില്‍ അവസാനം പറഞ്ഞിരിക്കുന്നത് വായനയ്ക്കു വിളവെടുപ്പാകുമെന്ന്. മുക്കുവ ആത്മ്കഥയായതിനാല്‍ ചാകര എന്നു പറയുന്നതാകുമായിരുന്നു ഉത്തമം

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം മുക്കുവന്‍, ചാക്യാര്‍.

Blog Archive