Search This Blog

Monday, August 30, 2010

ആനന്ദമാര്‍ഗ ടൂറിസം

1. 'ആരെക്കുറിച്ച് കേള്‍ക്കുന്നതാണ് ഏറ്റവും അസഹനീയം'
ഇംഗ്ളണ്ടിലെ ആസ്‌ക്മെന്‍ മാഗസിന്‍ പുരുഷവായനക്കരുടെയിടയില്‍ നടത്തിയ 'ആരെക്കുറിച്ച് കേള്‍ക്കുന്നതാണ് ഏറ്റവും അസഹനീയം' സര്‍വേയില്‍ അമേരിക്കന്‍ മിസിസ് പ്രസിഡണ്ട് മിഷേല്‍ ഒബാമ അന്‍ചാം സ്ഥാനത്ത്. ലേഡി ഗാഗയും ലിന്‍ഡ്‌സേ ലോഹനും മിസിസ് ഒബാമയേക്കാള്‍ ബോറടിപ്പിക്കുന്നവരാണ്. മികച്ച ബോര്‍ സ്ഥാനം ഗ്ളാമര്‍ താരം കെയ്‌റ്റി പ്രൈസ് നേടി. ഒരു പുരുഷന്‍ സ്വന്തം പങ്കാളിയില്‍ എന്ത് കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അതൊക്കെ ഒന്നാം സമ്മാനക്കാരിയിലുണ്ട് എന്ന് ആസ്‌ക്മെന്‍ എഡിറ്ററുടെ വിലയേറിയ അഭിപ്രായം. സാക്ഷാല്‍ കെയ്‌റ്റി മുന്‍ഭര്‍ത്താവുമായുള്ള നിയമക്കണക്ക് തീര്‍ത്ത് പുതിയൊരാളെ ഡേറ്റ് ചെയ്യുകയാണിപ്പോള്‍. ആ ദാമ്പത്യം അഥവാ പങ്കാളിത്തം നീണാല്‍ വാഴട്ടെ. ഒരു ഒന്നാം സ്ഥാനം, മല്‍സരം എന്തുമാവട്ടെ, ഗ്ളാമര്‍ കൂട്ടുകയേയുള്ളൂ.

നമ്മുടെയിടയില്‍ സ്‌ത്രീകള്‍ നയം വ്യക്തമാക്കിത്തുടങ്ങിയാല്‍ ഏട്ടന്‍മാര്‍ ഇടപെടുമെന്നുള്ളതിനാല്‍ അസഹനീയര്‍ ആരെന്ന ചോദ്യം അപ്രസക്തം.

2. 'വിശേഷ'മുള്ള വിദ്യാര്‍ഥിനികള്‍ക്ക് മലേഷ്യയില്‍ സ്‌പെഷല്‍ സ്‌കൂള്‍
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഗര്‍ഭം ധരിച്ചാല്‍ എന്തു ചെയ്യും? അവര്‍ പഠനം നിര്‍ത്തുമായിരിക്കും. കുഞ്ഞുങ്ങള്‍ക്കെന്തു സംഭവിക്കാം? ചുരുങ്ങിയ പക്ഷം മലേഷ്യയില്‍ ചുരുങ്ങിയ തോതിലല്ലാതെ നവജാതശിശുക്കള്‍ ജീവെനോടെയോ അല്ലാതെയോ കുപ്പത്തൊട്ടികളില്‍ കിടക്കുന്നത് കണ്ട് അവര്‍ക്കായി പ്രത്യേക വിദ്യാലയം തന്നെ തുറക്കാനുള്ള പുറപ്പാടിലാണ് ഭരണകൂടം . അമേരിക്കയില്‍ അമ്മമാരായ വിദ്യാര്‍ഥിനികളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ സ്‌കൂളില്‍ സൌകര്യമുണ്ട്. അതിനാല്‍ അവിടെ അമ്മമാരും ആകാനിരിക്കുന്നവരും ഇടകലര്‍ന്ന് പഠിക്കും. അവിടത്തെ കാലാവസ്ഥയല്ലാത്തതിനാല്‍ മലേഷ്യയില്‍ പ്രത്യേക വിദ്യാലയങ്ങള്‍ വേണ്ടിവരുന്നു. കേരളത്തിലാണേല്‍ പീഡനമനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളിന് ബെല്ലടിക്കാന്‍ എപ്പഴേ സമയമായി!

3. മദ്യമാര്‍ഗത്തിനെതിരെ ഒരു മധ്യമാര്‍ഗം

ജക്കാര്‍ത്തയിലെ ഒരു ബാറിനെതിരെ ഏതാണ്ട് 300 പേരാണ് സംഘടന രൂപീകരിച്ച് മദ്യശാല അടക്കണമെന്ന വാശിയുമായി സമരം ചെയ്യുന്നത്. ബാറിന്‍റെ പേരാണ് പ്രശ്‌നം. ഫ്രന്‍ച് മുതലാളിമാരുടെ 'ബുദ്ധ ബാര്‍' ഇന്തോനേഷ്യയിലെ ന്യൂനപക്ഷ ബുദ്ധമതക്കാരെ വ്രണപ്പെടുത്തിയെന്നാണ് സമരക്കാരിലെ ക്രിസ്‌ത്യാനിയായ നേതാവ് പറയുന്നത്. ബാറിനകത്തെ 15 അടി ഉയരമുള്ള ബുദ്ധപ്രതിമയും സമരക്കാര്‍ക്ക് ക്ഷ പിടിച്ചിട്ടില്ല. ഇത്തരം അധാര്‍മ്മികതകള്‍ക്കെതിരെ അവര്‍ ശരണം വിളി തുടരുന്നു. 'ബുദ്ധ ബാറി'നെതിരെ ക്രിസ്ത്യാനിക്കെന്ത് പ്രതിഷേധം എന്ന ചോദ്യത്തിന് സാധുതയില്ല. ഇതൊരു മധ്യമാര്‍ഗമാകുന്നു. ഇന്ന് ബുദ്ധ, നാളെ ഹിന്ദു ബാര്‍, ജീസസ് ബാര്‍.
'ബുദ്ധാ'ഉടമകള്‍ക്ക് ഈ പ്രശ്‌നം വേഷം മാറി വന്ന അനുഗ്രഹമാകാനാണ് സാധ്യത. കെയ്റോയിലും ദുബായ്‌യിലുമുള്ള ബുദ്ധ ബാര്‍ ശാഖകള്‍ക്ക് എതിര്‍പ്പുകളില്ലെന്നത് പ്രശ്‌നത്തിന്‍റെ വീര്യം കുറച്ചിട്ടുണ്ട്. ജക്കാര്‍ത്തയുടെ കോളനികാലത്തെ ഡച്ച് ചരിത്ര കെട്ടിടത്തില്‍ അന്തിയുണരുന്ന ബാറിന് പരസ്യം ഫ്രീയായി കിട്ടിക്കൊണ്ടിരിക്കുകയാണ് ഈ പ്രശസ്ത വിവാദത്തിലൂടെ.

4. മൊബൈല്‍ ഫോണ്‍: ഇനി ടൈപ്പണ്ട, കല്‍പ്പിച്ചാല്‍ മതി

ആപ്പിളിന്‍റെ സിരി വോയ്‌സ് കമാന്‍ഡ് ആപ്പ്‌ളിക്കേഷന്, ഗൂഗിളിന്‍റെ മറുവിളി - ആന്‍ഡ്റോയ്‌ഡ് വോയ്‌സ് ആക്‌ഷന്‍സ്. ആരെയെങ്കിലും വിളിക്കാനും മെസേജാനും പാട്ട് കേള്‍ക്കാനും അലാം വയ്ക്കാനും എല്ലാമെല്ലാം വോയ്‌സ് ആക്‌ഷനോട് പറഞ്ഞാല്‍ മതി. ഈ ഗൂഗിള്‍ ഗുട്ടന്‍സിനോട് അപ്പിള്‍ കമ്പനി ഉടന്‍ തിരിച്ചടിക്കും: സിറ്റിയിലെ റസ്‌റ്ററന്‍റില്‍ ഡിന്നര്‍ ബുക്ക് ചെയ്യാന്‍ മൊബൈലിനോട് പറഞ്ഞാല്‍ മതി. ബാക്കി കാര്യം കക്ഷിക്ക് വിടുക. ഇനി മലയാളത്തില്‍ പറഞ്ഞാല്‍ മനസിലാവുന്ന ഫോണുകള്‍ വരുന്ന കാലം വിദൂരമാവില്ലെന്ന് വിചാരിക്കാം. വിചാരിക്കുന്നതില്‍ 'എറര്‍' ഇല്ലല്ലൊ.

5. ആനന്ദമാര്‍ഗ ടൂറിസം

പുതിയ ഹോളിവുഡ് സിനിമ 'ഈറ്റ് പ്രേ ലവ്' അടിസ്ഥാനമാക്കി ടൂര്‍ സംഘടിപ്പിക്കുന്നു അമേരിക്കയിലെ പല ഏജന്‍സികളും. വിവാഹമോചിത എഴുത്തുകാരി എലിസബെത്ത് ഗില്‍ബെര്‍ട്ട് ആത്മാന്വേഷണത്തിന്‍റെ ഭാഗമായി ഇറ്റലി, ഇന്ത്യ, ബാലി എന്നിവിടങ്ങളിലൂടെ നടത്തി എഴുതിയ പുസ്തകം ഇപ്പോഴും ബെസ്‌റ്റ് സെല്ലറാണ്. അതിന്‍റെ സിനിമാ രൂപത്തിന് (ഗില്‍ബെര്‍ട്ടായി ജൂലിയ റോബര്‍ട്ട്സ്) 'സംത്രുപ്തിപ്പെടുത്തുന്ന' റിപ്പോര്‍ട്ടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജൂലിയ റോബര്‍ട്ട്സ് അഥവാ എഴുത്തുകാരി സന്‍ചരിച്ച വഴിയിലൂടെ നമ്മളെയും ടൂറ്കാര്‍ കൊണ്ടു പോവും. അവസാനം 'സ്നേഹമാണഖിലസാരമൂഴിയില്‍' എന്ന് സന്ദേഹത്തിനിട കൊടുക്കാത്ത വിധം ക്‌ളൈമാക്‌സ്, യാത്രയുടെയും സിനിമയുടെയും.

Blog Archive