Search This Blog

Saturday, August 14, 2010

'പത്താം നില' എന്തു കൊണ്ട് എട്ടാം നിലയില്‍ പൊട്ടി?

മാനസികരോഗികളോടും രോഗത്തോടും കുടുംബവും സമൂഹവും ആശുപത്രികളും കാട്ടുന്ന വിവേചനം ഇന്നസന്‍റായി പറഞ്ഞ 'പത്താം നിലയിലെ തീവണ്ടി' എന്ന ചിത്രത്തിന് എന്തു പറ്റിയിരിക്കും? ആബാല'വ്രുദ്ധ'ജനങ്ങളും കണ്ടിരിക്കേണ്ട സിനിമയെന്ന് പൈസാ മുടക്കിയവര്‍ പോലും ചിന്തിക്കാത്ത ഈ 'സാരോപദേശ-മോറല്‍' ചിത്രത്തില്‍ അണിയറക്കാര്‍ക്ക് ചിലതെങ്കിലും ചെയ്ത് നാലു പേരെക്കൂടി കാണിക്കാമായിരുന്നു. ഉദ്ദേശശുദ്ധിയുള്ള പ്രമേയം വേണ്ട ചികില്‍സ ലഭിക്കാതെ പോയി രോഗമായി വളര്‍ന്ന വിധി ചിത്രത്തിന് വന്നു പോയല്ലോ. ആരോടാണ് ഡെന്നീസ് ജോസഫ്-ജോഷി മാത്യു ‍ മാപ്പു പറയുക ദൈവമേ!

മദ്യപിക്കുന്നത് കൊണ്ടാണ്, ശങ്കരന്‍ എന്ന മധ്യവയസന് (ഇന്നസെന്റ്) സ്‌കിസോഫ്രേനിയ പിടിപെട്ടതെന്ന് വീട്ടുകാരും ഡോക്‌ടര്‍മാരും പ്രഖ്യാപിച്ചപ്പോള്‍ ചിത്തഭ്രമമുള്ളതിനാലാണ് നിങ്ങള്‍ മദ്യപിച്ചതെന്ന് ഒരു നല്ല ഡോക്‌ടര്‍ (അനൂപ് മേനോന്‍) ശങ്കരനോട് പറയുന്നുണ്ട്. ബിസിനസ് ചെയ്ത് കടം വന്ന് ഒരു മറവി കിട്ടാന്‍ കുടിക്കുന്ന ശങ്കരനെ ആത്മഗതം ചെയ്യിപ്പിച്ചാല്‍ പോര, കാണിക്കണമായിരുന്നു. ആശുപത്രി-തടവറയില്‍ കിടക്കുന്ന ശങ്കരനെക്കൊണ്ട് ഇത്രമാത്രം കത്തെഴുതിക്കണമായിരുന്നോ? ഒരിക്കലും കാണാന്‍ വരാത്ത മകന്‍ രാമുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍, മറുപടി കിട്ടാതിരിക്കുന്നതിലൂടെ കുടുംബത്തിന്‍റെ നിസ്സഹായവസ്ഥയും വ്യക്തമാക്കുവാനും, ശങ്കരന്‍റെ കത്തെഴുത്ത്, ഇടവിട്ടില്ലാതെ വോയ്‌സ് ഓവറും, സിനിമയെ സഹായിച്ചോ? ഡെന്നീസ് ജോസഫിന്‍റെ കലാകൌമുദിക്കഥ എങ്ങനെയിരുന്നാലും സിനിമാഭാഷ്യത്തിന് ജോഷി മാത്യു ഉത്തരവാദിയാകുമല്ലൊ.

ഡെന്നീസിന്‍റെ കഥയില്‍ നിന്നും ആരോഗ്യമുള്ളൊരു തിരക്കഥ വികസിച്ചില്ലെന്നതും കുറവായി. (വഹിക്കാന്‍ കഴിയാത്തതൊക്കെ നിര്‍വ്വഹിക്കേണ്ടി വരുന്നത് ഭാരമാണെന്ന ഡയലോഗൊക്കെയുണ്ട്). 'തന്‍റെ ശമ്പളത്തീന്ന് അയാള്‍ക്ക് ഒരു ഡോസിനുള്ള മരുന്ന് കൊടുക്കുമോ' എന്ന് സൂപ്രണ്ടിനെക്കൊണ്ട് നല്ല ഡോക്‌ടറോട് ചോദിച്ച് ഡോക്‌ടര്‍മാരുടെ നിസ്സഹായാവസ്ഥയും വെളിപ്പെടുത്തുന്നു ഡെന്നീസ്. എന്നാലും ഡയലോഗുകളേക്കാള്‍ ദ്രുശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമായിരുന്നുവെന്നത് 'ന്യൂദല്‍ഹി'യുടെ കഥാകാരന്‍ 'മറന്നു'. ഡോക്യുമെന്‍ററി സ്‌റ്റൈലിലുള്ള കാമറ (വിനോദ് ഇല്ലംപള്ളി) നന്ന്.

അഭിനേതാക്കളാണ് കൂടുതലും സിനിമ കളഞ്ഞത്. ഇന്നസെന്‍റ് കഥാപാത്രത്തിന്‍റെ ഗൌരവം മറന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പുള്ള ശങ്കരന്‍റെ ഫ്രഷ് ഭാവം കാണിച്ചിരുന്നെങ്കില്‍ റേന്‍ച് കിട്ടുമായിരുന്നു. ചിത്തഭ്രമമത്തില്‍ നിന്നും പിടി വിടുവിനാവാഞ്ഞ രാമു ജയസൂര്യയുടെ ഏറ്റവും മോശം റോളാണ്. 'ഇതുപോലൊരു പിതാവിന്‍റെ പുത്രനായി ജനിക്കുന്നതാണ് പിത്രുശാപം' എന്ന് മുറപ്പെണ്ണിനോട് പറയാനുള്ള നിസ്സഹായത കലര്‍ന്ന രോഷം എവിടെ? കിണറ്റീന്ന് കാലിബക്കറ്റ് കോരുന്നതൊഴിച്ച് ജയസൂര്യയുടെ ക്‌ളോസപ് ഷോട്ടുകളെവിടെ? ഈ സിനിമക്ക് കിട്ടാവുന്ന മികച്ച ക്‌ളൈമാക്‌സ് ഉണ്ടായിട്ടും ജയന് സ്വയം ഭേദിക്കാന്‍ പറ്റിയില്ല. ശങ്കരന്‍റെ ഭാര്യ (ശ്രീകല്?) മറ്റൊരു നിരാശ. ഷിബു ചക്രവര്‍ത്തി-എസ്പി വെങ്കിടേഷ്മാരുടെ മധു ബാലക്രിഷ്‌ണന്‍ ഗാനം ഉദ്ദേശിച്ച ക്‌ളാസിലായി. മധുവിന്, പക്ഷെ രാമായണ കാ'ണ്‍ഠ്'മെന്ന് തറപ്പിക്കേണ്ടായിരുന്നു.

ജീവിതത്തില്‍ നിന്നും പ്രതീക്ഷ എടുത്ത് കളയുന്ന ഒരു രോഗത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ സിനിമയില്‍ നിന്നും പ്രതീക്ഷ എടുത്ത് കളയുന്നില്ല ഇത്തരം ശ്രമങ്ങള്‍ എന്ന് പക്ഷെ സമ്മതിക്കണം.

1 comment:

b Studio said...

ഗൗരവമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു നല്ല സിനിമ എടുക്കുക എന്ന ഒരു ഉദ്ദേശത്തോട് കൂടി ആവണം സംവിധായകൻ കൂടിയായ ജോസ് തോമസ് ഈ സിനിമ നിർമ്മിക്കാൻ പുറപ്പെട്ടത്. എന്നാൽ ഡെന്നീസ് ജോസഫ് തിരകഥ എഴുത്തൊക്കെ മറന്ന് കാലങ്ങളായെന്നും നക്ഷത്ര കൂടാരം എന്ന മനോഹര ചിത്രത്തിനു ശേഷം ഇനിയൊന്നും ജോഷി മാത്യുവിന്റെ കൈകളിൽ നിന്നും വാരാനില്ലെന്നും ജോസ് തോമസ് മനസിലാക്കിയത് വളരെ വൈകിയാണു.

15 ഓളം തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ഈ സിനിമ സാമ്പത്തിക വിജയം ലക്ഷ്യമിട്ട് ഇറക്കിയതല്ല. പക്ഷെ നല്ല സിനിമകളുടെ കൂട്ടത്തിൽ ചേരുന്നതിൽ താങ്കൾ പറഞ്ഞ പോലെ ദയനീയമായി പരാജയപ്പെട്ടു.

Blog Archive