Search This Blog

Sunday, January 16, 2011

പാട്ടാണ് കൂട്ട്: യുവഗായകര്‍ ജോബി, അഞ്ജു

കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ക്രിസ്‌മസ്- നവവല്‍സര ആഘോഷത്തിനെത്തിയ യുവഗായകര്‍ ജോബി ജോണും അഞ്ജു ജോസഫും സംസാരിച്ചതില്‍ നിന്നും പ്രസക്തഭാഗങ്ങള്‍:

ജോബി: പാട്ടാണ് എന്‍റെ പ്രാര്‍ഥന, എന്‍റെ പ്രണയം. ദു:ഖം വരുമ്പോഴൊക്കെ പാട്ട് സഹായിച്ചിട്ടുണ്ട്. 'മധുരം ജീവാമ്രുത ബിന്ദു' കേട്ടാലും പാടിയാലും മതി വരില്ല. സ്‌റ്റേജില്‍ ഇതു വരെ പാടാത്ത പാട്ടാണത്. അങ്ങനെ ഉള്ളില്‍ സൂക്ഷിക്കുന്ന എത്രയോ പാട്ടുകള്‍! ഇപ്പോള്‍ ദാരിദ്ര്യം മാറിയെന്നു വച്ച് ദു:ഖങ്ങള്‍ ഇല്ലാതെയില്ല. വിശ്വസിക്കുന്നവരുടെ അടുത്തു നിന്നുപോലും എത്രയോ പാരകള്‍. എല്ലാം തുറന്നു പറയാന്‍ പറ്റില്ല. പാട്ടിലൂടെ ക്ഷമിക്കാനുമാകും. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നു എന്നാണ് എന്നെക്കുറിച്ച് കേട്ടിട്ടുള്ളത്. ഇതുവരെ എഴുപത്തയ്യായിരത്തില്‍ കൂടുതല്‍ ആരും തന്നിട്ടില്ല. നാട്ടിലാണെങ്കില്‍ നാല്‍പതിനായിരത്തില്‍ നില്‍ക്കും. സ്‌റ്റേജ് പ്രോഗ്രാമിന് മുപ്പത് പാട്ടുകള്‍ കരുതുമെങ്കിലും ഇരുപത്താറ് പാട്ടുകള്‍ പാടേണ്ടി വരും. നാട്ടിലും ഒട്ടൊക്കെ വിദേശത്തും എന്‍റെ പാട്ട് കഴിഞ്ഞാല്‍ ആളുകള്‍ എണീറ്റ് പോകുന്നത് പതിവായതിനാല്‍ ഇപ്പോള്‍ സംഘാടകര്‍ പാട്ടുകള്‍ വീതം വെക്കുകയാണ്. എന്നെക്കൂടാതെ വേറെ പാട്ടുകാരുണ്ടെങ്കില്‍ ഞങ്ങളുടെ പാട്ടുകള്‍ പരിപാടിയില്‍ അവസാനം വരെ ബാലന്‍സ് ചെയ്തിടും.ഗാനമേളകളില്‍ ഞാന്‍ തമിഴ് പാടുമെങ്കിലും എനിക്കിഷ്‌ടം മെലഡിയാണ്. ദുബായില്‍ ഒരു സംഗതിയുണ്ടായി. റിമി ടോമി ഫാസ്‌റ്റ് നമ്പരുകള്‍ അടിച്ചു പൊളിക്കുകയാണ്. സദസ്സ് മുഴുവന്‍ ഡാന്‍സ് ചെയ്യുന്നു. ഇടക്ക് എന്‍റെ ഊഴം വന്നപ്പോള്‍ ഞാന്‍ 'പറയാന്‍ മറന്ന പരിഭവങ്ങള്‍' പാടി. ഗസലാണല്ലൊ. ഡാന്‍സ് ചെയ്തവര്‍ ഇരുന്ന് ഏതോ ലോകത്തായ പോലായി. പാട്ട് കഴിഞ്ഞ് റിമിച്ചേച്ചിയുടെ നമ്പര്‍ വന്നിട്ടും ഡാന്‍സുകാര്‍ അനങ്ങുന്നില്ല. റിമിച്ചേച്ചി എന്‍റടുത്ത് വന്ന് പറഞ്ഞു, മേലാല്‍ ആ പാട്ട് ഇങ്ങനെ വകതിരിവില്ലാതെ പാടരുത്. തുടക്കത്തിലേ പാടി അവസാനിപ്പിച്ചേക്കണം.

ദുബായില്‍ വച്ച് മറ്റൊരു സംഭവമുണ്ടായി. ഷോപ്പിങ്ങിന് പോയപ്പോള്‍ ഒരമ്മച്ചി എന്നെയങ്ങ് കെട്ടിപ്പിടിച്ചു. എന്‍റെ മോനേ എന്നാണവര്‍ വിളിച്ചത്. ഞാനപ്പോള്‍ തൊട്ടിയില്‍പ്പാലത്തെ എന്‍റെ അമ്മയെ ഓര്‍ത്തു.

അഞ്ജു: എന്‍റെ അമ്മയാണെങ്കില്‍ എപ്പോഴും അടുത്തുണ്ട്. എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി, സെക്രട്ടറി, കണക്കെഴുത്തുകാരി ഒക്കെ അമ്മയാണ്. ഈയിടെ അമേരിക്കയിലേക്ക് ഒരു താരത്തിന്‍റെ കൂടെ ഗ്രൂപ്പില്‍ പോകാന്‍ ക്ഷണം വന്നു. അമ്മമാര്‍ക്ക് വിസയില്ല. അമ്മയില്ലെങ്കില്‍ വരുന്നില്ലെന്ന് ഞാനും പറഞ്ഞു. ജോബിയേക്കാള്‍ സംഗീത ശിക്ഷണം കിട്ടുന്നതില്‍ ഭാഗ്യവതിയാണ് ഞാന്‍. കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ വീട്ടില്‍ എന്‍റെ സഹോദരനെ തബല പഠിപ്പിക്കാന്‍ വന്ന മാഷാണ് എന്‍റെ സംഗീതബോധം തിരിച്ചറിഞ്ഞത്. യുകെജിപ്പരുവമാണന്ന്. അങ്ങനെ ഒന്നാം ക്‌ളാസ് മുതല്‍ക്കേ സംഗീതക്‌ളാസ് തുടങ്ങി. ചേട്ടന്‍ തബലയില്‍ നിന്ന് ഡ്രംസിലേക്കും അവിടന്ന് കമ്പ്യൂട്ടറിലേക്കും തിരിഞ്ഞു. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പഠിക്കുകയാണ് വിദ്വാന്‍.

എന്തു പറഞ്ഞാലും നീ എന്‍റേതല്ലേ വാവേ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വരും. വീട്ടില്‍ എന്നെ അച്ചു എന്നാണ്, വിളിക്കുക. പപ്പയുടെ വീട്ടുകാര്‍ പാട്ടുകാരാണ്. അമ്മായി സംഗീതത്തില്‍ എം എ കഴിഞ്ഞ് കോതമംഗലത്ത് സംഗീതാധ്യാപികയാണ്. അമ്മയും പാടും. അമ്മ വളര്‍ന്ന കാഞ്ഞൂരില്‍ പള്ളിയില്‍ കുര്‍ബ്ബാനയില്‍ പങ്കു കൊള്ളുമ്പോള്‍ മാത്രമാണ് പാടിയിരുന്നതെന്ന് അമ്മ പറയുന്നു.

ജോബി: ദൈവകാരുണ്യമാണ് എന്നെ വിജയിയാക്കിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈസ്‌റ്ററിന് ഭക്തിഗാനങ്ങളുടെ ഒരു ആല്‍ബം ഇറക്കും. സംഗീതം ഞാന്‍ തന്നെ. മനോജ് ഇലവുങ്കല്‍, രാധാക്രുഷ്‌ണന്‍, സജി തുറവൂര്‍ എന്നിവരുടേതാണ് വരികള്‍. ഭക്തിഗാന ആല്‍ബം കഴിഞ്ഞാല്‍ പ്രണയ ആല്‍ബമാണ് സ്വപ്‌നം. ഞാന്‍ പാടി അഭിനയിക്കുന്നു. അഭിനയത്തോട് ക്രേസാണ്. ഈയിടെ ഒരു ടെലിഫിലിമില്‍ അഭിനയിച്ചു. മദ്യത്തില്‍ നിന്നും തിരിച്ചു വരുന്ന ഒരു ഗായകന്‍റെ കഥയാണ്. സംഗീതവുമായി ബന്ധപ്പെട്ട എല്ലാം ചെയ്യണമെന്നാണ്, ആഗ്രഹം. മടപ്പള്ളി ഗവണ്‍മെന്‍റ്, കോളജില്‍ നിന്നുമുള്ള ഇക്കണോമിക്‌സ് ബിരുദം കൊണ്ട് എനിക്ക് വേറെ ജോലിയൊന്നും കിട്ടില്ല. ഇരുപത്തിയേഴ് വയസുമായി.

കല്യാണം...
ആലോചനകള്‍ വരുന്നു. പലതും എന്നേക്കാള്‍ എന്‍റെ പ്രശസ്തിയെ സ്‌നേഹിക്കുന്നവരുടേത്. വരട്ടെ. ദൈവം കൊണ്ടു തരും.
അഞ്ജുവിന്,....
അയ്യോ, ഞാന്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ആയതേയുള്ളൂ. ആരേയും കണ്ടു വച്ചിട്ടില്ല. കൊള്ളാവുന്ന ഒരു പയ്യനെ കണ്ടാല്‍ ഞാനും അമ്മയും ഒരുമിച്ചാണ് കമന്‍റടിക്കുക!

No comments:

Blog Archive

Follow by Email