Search This Blog

Monday, January 31, 2011

ഹട്ടാമലനാടിനപ്പുറം നാടകകാരന്‍ സുര്‍ജിത്ത്

പനമുക്കത്ത് ഗോപിനാഥ് സുര്‍ജിത്ത്

തൃശ്ശൂര്‍ ചാഴൂര്‍ പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് കലാപരിശീലനം നല്‍കുന്ന അഷ്‌ടമി കലാസമിതിയുമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. വേനലവധിക്കാലത്തെ അഷ്‌ടമി പരിശീലനത്തിന് പുറം നാടുകളില്‍ നിന്നും കുട്ടികളെത്താറുണ്ട്. സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ സം‌വിധാന കോഴ്‌സ് ചെയ്തുകൊണ്ടിരിക്കെ സൌകര്യങ്ങള്‍ വർ‌ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം ചെയ്ത് സസ്‌പെന്‍ഷനിലായി. കല്‍ക്കട്ടയിലെ ശാന്തിനികേതനില്‍ അല്‍പകാലം ചിലവഴിച്ച് സ്‌കൂള്‍ ഒഫ് ഡ്രാമായിലേക്ക് തിരിച്ചു വന്നു. 1994 ല്‍ തിയറ്റര്‍ ഐ എന്ന ട്രാവലിങ്ങ് തീയറ്റര്‍ ഗ്രൂപ്പ് തുടങ്ങി. ബാദല്‍ സര്‍ക്കാരിന്‍റെ ഹട്ടാമലനാടിനപ്പുറം ഇന്ത്യന്‍ നഗരങ്ങളില്‍ അവതരിപ്പിച്ചു.


98ല്‍ തീയറ്റര്‍ ഐ പിരിച്ചു വിട്ട് ക്യൂട്ട് (CUTE) എന്ന കലാസമിതിക്ക് രൂപം കൊടുത്തു. ഒരു പുരുഷനും സ്‌ത്രീയും മാത്രം കഥാപാത്രങ്ങളായുള്ള ജാനുസ് എന്ന തിയറ്റര്‍ സ്‌കെച്ച് എഴുതി അവതരിപ്പിച്ചു. സ്‌കൂള്‍ ഒഫ് ഡ്രാമയിലെ സതീര്‍ത്ഥ്യയും ജാനുസിലെ നടിയുമായ ദിവ്യയെ മൂന്നു വര്‍ഷത്തെ സഹവാസത്തിന് ശേഷം വിവാഹം ചെയ്തു. മകള്‍ ഉത്തര ഉണ്ടായതിന് ശേഷം പോണ്ടിച്ചേരിയിലേക്ക് കുടുംബം പറിച്ചു നട്ടു. ദമ്പതികള്‍ തീയറ്റര്‍ ഡയറക്‌ഷനില്‍ പിജി കോഴ്‌സ് ചെയ്‌തപ്പോള്‍ മകള്‍ അംഗന്‍വാടിയില്‍ വളര്‍ന്നു. പിജി ചെയ്തു കൊണ്ടിരിക്കെ ഹോട്ടലുകളിലും മസ്സാജ് പാര്‍ലറുകളിലും ജോലി ചെയ്തു. വിദ്യാഭ്യാസത്തിന് ഒരു ഫ്രഞ്ച് - ബംഗാളി വനിത സ്‌പോണ്‍സര്‍ ചെയ്ത അത്ഭുതവുമുണ്ടായി. ഇതിനിടെ നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ അധ്യാപിക അനാമിക ഹത്‌സറീന്‍റെ കൂടെ ഹൂറിയ എന്ന നാടകവുമായി സഹകരിച്ച് ഒരു വര്‍ഷത്തോളം ഇന്ത്യ മുഴുവന്‍ കറങ്ങി. 2004ല്‍ നാട്ടില്‍ തിരിച്ചു വന്ന് സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ ഗസ്‌റ്റ് ലക്‌ചററായി. കള്‍ട്ട് എന്ന കലിക്കറ്റ് യൂണിവേഴ്‌സിറ്റി ലിട്ടില്‍ തീയറ്ററുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ബങ്കളൂരുവിലെ സംഗമ എന്ന എന്‍ജിഓ യുടെ ക്ഷണാര്‍ത്ഥം ഹിജഡകളോടൊപ്പം തീയറ്റര്‍ വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുത്തു. 21 വയസില്‍ ജോണിന്‍റെ അമ്മ അറിയാനില്‍ അസിസ്‌റ്റന്‍റ് ഡയറക്‌ടറായിരുന്നു. ഇപ്പോള്‍ മകന്‍ മയന്‍ കൂടി അടങ്ങുന്ന കുടുംബവീടിന്‍റെ നിര്‍മ്മാണവുമായും കള്ളികളിലൊതുങ്ങാത്ത കലാപ്രവര്‍ത്തനങ്ങളുമായും പോകുന്നു.

കുവൈറ്റിലെ ഫ്യൂച്ചര്‍ ഐ തിയറ്ററിനായി ഹട്ടാമല സംവിധാനം ചെയ്യാന്‍ സുര്‍ജിത്ത് കുവൈറ്റിലെത്തി.
നാടകം ഒരു ടീം വര്‍ക്കാണ്. ചിലര്‍ അഭിനയിക്കുന്നു, ചിലര്‍ പാട്ടു പാടുന്നു, ചിലര്‍ സെറ്റ് കെട്ടുന്നു. സെറ്റ് കെട്ടുന്നവര്‍ അത് മാത്രം ചെയ്തുകൊള്ളണം എന്നില്ല. നാടകം ചെയ്യുമ്പോള്‍ ഹാപ്പിയായിരിക്കണം. അതൊരു പണിയല്ല.
കഴിഞ്ഞ കുറച്ച് കാലത്തെ അമച്വര്‍ നാടകങ്ങളില്‍ ശ്രദ്ധേയം: നാടകത്തിന്‍റെ പേര്, സംവിധാനം, അവതരിപ്പിച്ച സംഘം എന്നിങ്ങനെ..
പച്ച - സുര്‍ജിത്ത് - അഭിനയ തിയറ്റര്‍ റിസര്‍ച്ച് സെന്‍റര്‍ തിരുവനന്തപുരം; പ്രവാചക, ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്‍ - സുധി സിവി - നിരീക്ഷ, തിരു.; സഹ്യന്‍റെ മകന്‍ - ശങ്കര്‍ വെങ്കിടേശ്വരന്‍ - റൂട്ട്‌സ് ആന്‍ഡ് വിങ്ങ്‌സ്, ത്രിശൂര്‍; ഛായാമുഖി - പ്രശാന്ത് നാരായണന്‍ - പ്രകാശ് കലാകേന്ദ്രം, കൊല്ലം; ആയുസ്സിന്‍റെ പുസ്‌തകം - സുവീരന്‍ - രവിവര്‍മ്മ കലാകേന്ദ്രം, പയ്യന്നൂര്‍; സ്‌പൈനല്‍ കോഡ് - ദീപന്‍ ശിവരാമന്‍ - ഓക്‌സിജന്‍, ത്രിശൂര്‍; കൂട്ടുക്രുഷി - രാജു നരിപ്പറ്റ - പൊന്നാനി നാടകവേദി; ഉവ്വാവ് - ഗോപാല്‍ജി - രംഗചേതന, ത്രിശൂര്‍; ഓരോരോ കാലങ്ങളിലും - ശ്രീജ, നാരായണന്‍ - ആറങ്ങോട്ടുകര നാടകസംഘം; ബൊമ്മനഹള്ളിയിലെ കിന്നരയോഗി - പ്രഫ. ചന്ദ്രഹാസന്‍ - ലോകധര്‍മ്മി, എറണാകുളം; യക്ഷിക്കഥയും നാട്ടുവര്‍ത്തമാനങ്ങളും - വിനോദ്; സിദ്ധാര്‍ത്ഥ - ജ്യോതിഷ് എംജി; പാലം - ഡി രഘൂത്തമന്‍;
കൂടാതെ ജയപ്രകാശ് കൂളൂര്‍, ശശിധരന്‍ നടുവില്‍, ഗോപാലന്‍, തുടങ്ങിയ ഏതാനും പേരാല്‍ അമച്ച്വര്‍ നാടകം ഇപ്പോള്‍ ശക്തമാണ്.


ഹട്ടാമലനാടിനപ്പുറം എന്ന നാടകത്തെക്കുറിച്ച്: ബാദല്‍ സര്‍ക്കാര്‍ എഴുതിയ ബംഗാളി നാടകം, 1972ല്‍ കല്‍ക്കത്തയില്‍ അവതരിപ്പിച്ചത്, ഇംഗ്‌ളീഷില്‍ Beyond the Land of Hattamala എന്ന പേരില്‍ പുസ്‌തകമായിട്ടുണ്ട്. എം വി ശാന്തന്‍, ആര്‍ രാധ എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തി. രമണന്‍, മദനന്‍ (ഒറിജിനലില്‍ കേന, ബെച്ച) എന്നീ രണ്ട് കള്ളന്‍മാര്‍ പ്രാണരക്ഷാര്‍ത്ഥം പുഴയില്‍ ചാടുന്നതും അവര്‍ ഹട്ടാമലക്കപ്പുറത്തെ ഒരു സ്വപ്‌നതുല്യമായ ഒരു പ്രദേശത്തെന്നുന്നതും അവിടത്തെ പുതിയ ആകാശവും ഭൂമിയും കള്ളന്‍മാരുടെ മനംമാറ്റത്തിലേക്ക് വരെ നയിക്കുന്നതുമായ സംഭവവികാസങ്ങളുമാണ് നാടകത്തിന്‍റെ ഭൂമിക. പുതിയ സ്ഥലത്ത് കച്ചവടം എന്ന ഏര്‍പ്പാടില്ല. സഹവര്‍ത്തിത്വം മാത്രം. വിനിമയത്തിന് പണമില്ല, സഹകരണം.

കള്ളന്‍മാര്‍ ഇളനീര് (അത് മലയാളീകരിച്ചതാവും) കുടിക്കുന്നിടത്തും പായസം കൂട്ടി ഊണ് കഴിച്ച ഭക്ഷണശാലയിലും പണം കൊടുക്കാനാകാതെ പരുങ്ങുമ്പോള്‍ പട്ടണ ആതിഥേയര്‍ പണമെന്തെന്ന് മനസിലാകാതെ പെരുമാറുന്നത് കണ്ട്, കള്ളന്‍മാരുടെ പരുങ്ങല്‍ പരാക്രമണ സ്വഭാവമാര്‍ജ്ജിക്കുന്നുണ്ട്. രാത്രി ഭക്ഷണശാലയുടെ ചുമര്‍ കുത്തിത്തുരന്ന് പാത്രങ്ങള്‍ മോഷ്‌ടിക്കാമെന്ന കള്ളന്‍മാരുടെ ശ്രമം പൊളിഞ്ഞു. അത് കണ്ട ആതിഥേയര്‍ പാത്രമെടുക്കാനായിരുന്നെങ്കില്‍ വാതിലിലൂടെ പ്രവേശിച്ച് എടുക്കാമായിരുന്നില്ലേ എന്നായി. വില്‍ക്കല്‍-വാങ്ങല്‍ ഇടപാടേയില്ലാത്ത നാട് വട്ടന്‍മാരുടേതെന്ന് ഹട്ടാമലക്കാര്‍ക്ക് തോന്നി. വായനശാലയും മ്യൂസിയവുമാണ് ആ നെവര്‍ലാന്‍ഡിന്‍റെ ജീവനാഡി. സംഗീതവും ഡാന്‍സും ജീവവായു പോലെ.

സ്വപ്‌നം സമാപിച്ചു. നദിക്കരയില്‍ നിന്നും കള്ളന്‍മാരെ കോടതിയില്‍ വിസ്‌തരിക്കുന്നതിനായി കൊണ്ടു പോയി. നമ്മുടെ രാജ്യത്തിന്‍റെ നിലനില്‍പിനെ തുരങ്കം വയ്ക്കുന്ന സ്വപ്‌നമാണിവരുടേതെന്ന് ന്യായാധിപന്‍. ഞങ്ങള്‍ കണ്ട സ്വപ്‌നം ഒരിക്കല്‍ക്കൂടി കാണണമെന്ന് കള്ളന്‍മാര്‍.

2 comments:

JEEVAN TV said...

സുര്‍ജിത്തിന്റെ മകന്റെ പേര് മയന്‍ എന്നാക്കിയതിന് 'ശ്രീമയന്‍' പൊറുക്കട്ടെ...

സുനില്‍ കെ. ചെറിയാന്‍ said...

ശ്രീമയന്‍ എന്നത് ഔദ്യോഗിക പേരാണെങ്കിലും വീട്ടില്‍ വിളിക്കുന്നത് മയന്‍ എന്നാണെന്ന്..

Blog Archive

Follow by Email