Search This Blog

Wednesday, March 9, 2011

തവളയും രാജകുമാരിയും തിരുത്തിയ കഥ

കേക്ക് ഉണ്ടാക്കുന്ന മണം പിടിച്ച് അടുക്കളയില്‍ കുട്ടികള്‍ വന്നപ്പോള്‍ കേക്കിന് സന്തോഷമായി. അമ്മ പറഞ്ഞു: തണുക്കട്ടെ, നമുക്കെല്ലാവര്‍ക്കും കഴിക്കാം. ഇത് കേട്ട കേക്ക് എല്ലാവരും മറഞ്ഞപ്പോള്‍ ചട്ടിയില്‍ നിന്നും ചാടി ഓടിപ്പോയി! ജിഞ്ചര്‍ ബ്രെഡ് മാന്‍ ഇങ്ങനെ ചാടിയോടിയ മറ്റൊരു കഥാപാത്രമാണ്. 'Run, run, as fast as you can, you can't catch me' എന്ന് വിളിച്ച്കൂവി ഓടിയ ജിഞ്ചര്‍ ബ്രെഡ് മാന്‍ കര്‍ഷകര്‍, കരടി, ചെന്നായ് എന്നിവരെ തളര്‍ത്തി പിന്നെയും ഓടി ഒരു കുറുക്കന്‍റെ മുന്നില്‍ ചെന്നുപെട്ടു. പല്ലവി ആവര്‍ത്തിക്കവെ കുറുക്കന്‍ ചെവി കേള്‍ക്കാത്ത പോലെ അഭിനയിച്ച് തൊട്ടടുത്ത് ചെന്ന് ജിഞ്ചറിനെ ശാപ്പിട്ടു.

ഇസുംബോഷി എന്നൊരു കുള്ളന്‍ ജപ്പാനിലുണ്ടായിരുന്നു. ഒന്നിനും കൊള്ളില്ലല്ലോ എന്നെല്ലാവരും വിധിച്ച ഇസുംബോഷിയെ ഒരു യോദ്ധാവാക്കാനായിരുന്നു അപ്പൂപ്പന്‍റെ പദ്ധതി. സമുറായി ആക്കുവാന്‍ അവനെ നഗരത്തിലേക്ക് പറഞ്ഞു വിട്ടു അപ്പൂപ്പന്‍. നദി കടക്കാന്‍ ഒരു മരക്കപ്പ്, തുഴയാന്‍ രണ്ട് അരിമണികള്‍, കുന്തമായി മൊട്ടുസൂചി. നഗരത്തില്‍ ചെന്നപ്പോള്‍ ഒരു ജയന്‍റ് ഭീകരാവസ്ഥ ഉണ്ടാക്കിയിരിക്കുന്നത് മനസിലാക്കിയ ഇസുംബോഷി ഭീമാകാരനായ ഭീകരന്‍റെ കാലുകള്‍ക്കിടയില്‍ ചെന്ന് മൊട്ടുസൂചി കൊണ്ട് പതിനായിരം തവണ കുത്തി. ഭീകരന്‍ താഴേക്ക് നോക്കിയപ്പോള്‍ ഒന്നും കാണാഞ്ഞ് അരിശവും മൂത്ത് നിലം പൊത്തി.

യുവരാജാവിനെ ശത്രുരാജ്യം തടവുകാരനായി കൊണ്ടുപോയപ്പോള്‍ അദ്ദേഹം കണ്ണുനിറയെ കണ്ടിട്ടില്ലാത്ത ഭാര്യക്ക് എഴുതി: മോചനദ്രവ്യം കൊടുത്ത് എന്നെ മോചിപ്പിക്കുക. കുറിമാനം കൈയില്‍ കിട്ടിയപ്പോള്‍ നവവധു പൊട്ടിക്കരഞ്ഞു - പാപ്പരായ ഖജനാവില്‍ എങ്ങനെ ദ്രവ്യം കാണാന്‍? ഏറെ നാള്‍ കഴിയാതെ ശത്രുകൊട്ടാരത്തില്‍ ഒരു പുല്ലാങ്കുഴല്‍ വിദ്വാനെത്തി. ശത്രുരാജാവിന്‍റെ മനം കവര്‍ന്ന വിദ്വാന്‍ സമ്മാനമായി ഒരു അടിമയെ ആവശ്യപ്പെട്ടു - യുവരാജാവിനെ. ശത്രുഭടന്‍മാര്‍ യുവരാജാവിനെയും പുല്ലാങ്കുഴലനെയും അതിര്‍ത്തി വരെ അനുഗമിച്ചു. അതിര്‍ത്തിയില്‍ യുവനെ വരവേല്‍ക്കാന്‍ അവരുടെ പട. സ്വീകരണച്ചടങ്ങ്. ഭാര്യയെ ശിക്ഷിക്കുമെന്നാണ് യുവന്‍ പ്രസംഗിച്ചത്. കാണികളില്‍ നിന്ന് പുല്ലങ്കുഴല്‍ കേട്ട് എല്ലാവരും തിരിഞ്ഞു നോക്കവേ പുല്ലാങ്കുഴല്‍ വിദ്വാന്‍ തുണിയുരിയാനും തുടങ്ങി. യഥാര്‍ത്ഥ വേഷം കണ്ട രാജാവ് മിടുക്കിയായ ഭാര്യയെ ആശ്‌ലേഷിച്ചു.

വെള്ളത്തില്‍ ദ്വാരമുണ്ടാക്കാന്‍ കഴിയുന്ന ഒരാളെ മാത്രമേ വിവാഹിക്കുകയുള്ളൂ എന്ന് ശഠിച്ച പെണ്‍കുട്ടിയുടെ ഇഷ്‌ടവരന്‍ മഞ്ഞുകട്ട കൊണ്ടുവന്ന് അതില്‍ കുന്തം കൊണ്ട് കുത്തി കാര്യം സാധിച്ചതാണ് എന്നന്നേക്കും സന്തോഷമായി ജീവിച്ച മറ്റൊരു കല്യാണക്കഥ.

തവളയും രാജകുമാരിയും കഥയില്‍ രാജകുമാരി പന്ത് കളിച്ചപ്പോള്‍ പന്ത് കിണറ്റില്‍ വീഴുകയും അതെടുത്ത് കൊടുത്ത തവള ഒരു വാഗ്‌ദാനം ആവശ്യപ്പെടുകയും ചെയ്യുകയാണ്: രാജകുമാരിയോടൊപ്പമിരുന്ന് ഭുജിക്കണം, കിടക്കണം! തവളക്ക് കിണറ് തന്നെയെന്ന് മനസില്‍ വിചാരിച്ച രാജകുമാരി പക്ഷെ പ്രോമിസ് കൊടുത്തു, പന്ത് കിട്ടിയ ഉടനെ മടങ്ങുകയും ചെയ്തു. വൈകുന്നേരമായപ്പോള്‍ സ്‌പ്‌ളിഷ്, സ്‌പ്‌ളാഷ് എന്നും പറഞ്ഞ് തവള കൊട്ടാരത്തില്‍ വന്നു. പ്രോമിസ് ചെയ്തതാണെങ്കില്‍ അങ്ങനെ തന്നെ വേണമെന്ന് കഥ കേട്ട രാജാവ് പറഞ്ഞതനുസരിച്ച് ഡൈനിംഗ് ടേബിളിലും മറ്റും തവളയങ്ങ് കൂടി. കൂടെ കിടക്കാനുമൊരുമ്പെട്ടപ്പോള്‍ രാജകുമാരി തവളയെ എടുത്ത് ഒരേറ്! അല്‍ഭുതം! ചുമരില്‍ തട്ടി വീണ തവള രാജകുമാരനായി. ശാപമോക്ഷം കിട്ടിയതാണ്. സ്‌നേഹിക്കപ്പെട്ടാല്‍ തവളയും രാജകുമാരനാവും എന്ന് ഗുണപാഠം.

ഈ കഥയെ Valjean McLenighan എന്നൊരാള്‍ തിരുത്തിയെഴുതി. കഥാന്ത്യം രാജകുമാരനായി മാറിയ തവളയോട് കുമാരി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ടിയാന്‍ പറയുന്നു: കഴിഞ്ഞ കുറേ നാള്‍ ഞാന്‍ കിണറ്റില്‍ കിടന്ന് ചാടി. ഇനി നീ ചാട്! You Can Go Jump.

1 comment:

Jyothidas said...

Hi Sunil,

Good for reading...
keep it up...

thanks regards,
jyothidas.

Blog Archive

Follow by Email