
കുവൈറ്റില്‍ ഇന്തോ-അറബിക് ഫ്യൂഷന്‍ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് രമേഷ് നാരായണ്‍ സംസാരിക്കുന്നു:
'ആദാമിന്റെ മകന് അബു'വാണ് ഇപ്പോള്‍ ചെയ്തു കഴിഞ്ഞ ചിത്രം. ഹരിഹരന് പാട്ട് ഇ-മെയില്‍ വഴി അയച്ചു തരികയായിരുന്നു. പണ്ട് ചിത്ര അയ്യര്‍ വേനല്‍മഴ എന്ന ടിവി സീരിയലിനു വേണ്ടി ഒരു പാട്ട് പാടിയപ്പോള്‍ താര എന്ന വാക്കിന് പകരം താഴ എന്നായിപ്പോയതിന് സൌണ്ട് റെക്കോഡിസ്റ്റുകള്‍ വിഷമിച്ചു. പല തവണ പാടിച്ചിട്ടും ആ ടേക്കായിരുന്നു എനിക്കിഷ്ടമായത്. ഴ മാറ്റി ര ആക്കിയത് സൌണ്ട് എന്‍ജിനീയര്‍. ആദാമിന്റെ മകന് അബു സംവിധാനം ചെയ്യുന്നത് സലിം അഹമ്മദാണ്. രസകരമായ കഥ. മക്കക്ക് പോകാനൊരുങ്ങുന്ന പാവം ചായക്കടക്കാരനായി സലിംകുമാര്‍. ഉള്ള് പൊള്ളയായ പിലാവ് പോലെ കുറേ ജീവിതങ്ങളുടെ കഥ. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയാണ് മറ്റൊരു പുതിയ ചിത്രം. പിന്നൊരു ബംഗാളി ചിത്രവുമുണ്ട്.
ഏറ്റവും കൂടുതല്‍ സമയമെടുത്ത പാട്ടേതെന്ന് ചോദിച്ചാല്‍ പി റ്റി കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്രനി'ലെ കണ്ണോട് കണ്ണായി കണ്ണോരം എന്ന പാട്ട്. വീരപുത്രനായ മുഹമ്മദ് അബ്ദുറഹ്മാനായി നരേന് അഭിനയിക്കുന്ന ചിത്രത്തില്‍ വരികള്‍ റഫീഖ് അഹമ്മദിന്റേത്. വരികള്‍ എനിക്ക് കിട്ടിയപ്പോള്‍ ഞാനത് മടക്കി വച്ചു. കുഞ്ഞുമുഹമ്മദും റഫീഖും വിളിച്ചു ചോദിച്ചപ്പോള്‍ പിന്നെയാവാമെന്ന് പറഞ്ഞു. ട്യൂണിടാന് മൂഡ് വന്നില്ലെന്നത് വാസ്തവം. കുഞ്ഞുമുഹമ്മദാണെങ്കില്‍ പാട്ട് മൂളാത്തയാളാണ്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള സങ്കല്പം പിടിച്ചെടുക്കണം. ഏറെക്കുറെ ഇപ്പോഴെനിക്കത് സാധിക്കുന്നുണ്ട്. 'മഗ്രിബ്' മുതല്‍ തുടങ്ങിയ ബന്ധമല്ലേ? ചെയ്യാന്‍ ഏറ്റവും എളുപ്പം കഴിഞ്ഞത് തട്ടം പിടിച്ച് വലിക്കല്ലേ എന്ന പാട്ടാണ്. അതങ്ങ് വീണു കിട്ടുകയായിരുന്നു. ചിത്രയെക്കൊണ്ട് 'പറയാന്‍ മറന്ന പരിഭവങ്ങള്‍' പാടിക്കാന്‍ സമയമെടുത്തു. ഈയിടെ റെക്കഡ് ചെയ്തതില്‍ ഏറ്റവും കുറച്ച് സമയമെടുത്തത് വീരപുത്രനില്‍ യേശുദാസ് പാടിയതാണ്. ഇടശ്ശേരിയുടെ വരികള്‍. ദാസേട്ടന് സ്റ്റുഡിയോയില്‍ വന്നിരുന്ന് കുറേ നേരം വര്‍ത്തമാനം പറഞ്ഞു. പിന്നെ ഒറ്റ ടേക്കില്‍ പാട്ട്!
കൂത്തുപറമ്പില്‍ ഇപ്പോള്‍ വീടൊന്നുമില്ല. തിരുവനന്തപുരത്ത് സെറ്റ്ല് ചെയ്തു. വീടിന്റെ പേര് ജസ്രംഗി ഒരു സംഗീതരൂപത്തിന്‍രേ പേരാണ്. മക്കള്‍ മധുവന്തി പ്ളസ് ടൂ കഴിഞ്ഞു. ഇളയവള്‍ മധുശ്രീ ഏഴാം ക്ളാസിലായി. രണ്ടു പേരും ടാലന്റഡാണ്. നന്നായി പാടും. കച്ചേരികള്‍ക്ക് എന്റെ കൂടെ പാടാറുണ്ട്. തിരുവനന്തപുരത്തെ വീടിന്റെ മുകളിലാണ് മേവാത്തി ഘരാന പഠിപ്പിക്കുന്ന സ്കൂള്‍ പണ്ഡിറ്റ് മോത്തിറാം നാരയണ് സംഗീത് വിദ്യാലയ്. കേരളത്തിലെ നാല് ബ്രാന്‍ചുകളിലായി നൂറ്റമ്പത് കുട്ടികളുണ്ട്.
മ്രുദുമല്‍ഹാര്‍ എന്ന മലയാളം ഗസല്‍ ആല്‍ബം ശ്രദ്ധിച്ചോ? ഞാനും സുജാതയുമാണ് പാടിയിരിക്കുന്നത്. മലയാളത്തില്‍ ആരാധകരുണ്ടായിട്ടും നല്ല ഗസല്‍ ശ്രമങ്ങള്‍ നടക്കുന്നില്ല. ഭാഷയാണ് പ്രശ്നം. അതിനായി പുതിയ മലയാളം ഉണ്ടാക്കേണ്ടിയിരിക്കുന്നു. നമ്മുടെ അറബി മലയാളത്തിന്റെ ലിറിക്കല്‍ രൂപം. ഉത്തരേന്ത്യന്‍ സംസ്കാരം ആഴത്തില്‍ രുചിച്ച ഒരു മലയാളിക്കേ മലയാളം ഗസല്‍ എഴുതാനാകൂ. എന്റെ വിജയസേനന്‍ എന്ന മലയാളി ശിഷ്യന് - പൂനെയില്‍ താമസം; വിജയ് സുര്‍സേന്‍ എന്ന് ഞാന്‍ പേര് കൊടുത്തു - നിമിഷമേ നില്ക്കൂ, നിന്നെ ഞാനൊന്ന് കണ്ടോട്ടെ എന്ന് മരണാസന്നനായ ഒരാള്‍ പാടുന്നതായി എഴുതി. അദ്ദേഹത്തിന്റെ വരികളാണ് എന്റെ മലയാളം ഗസല്‍ ആല്‍ബത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മോയിന്‍കുട്ടി വൈദ്യരുടെ വരികള്‍ ഈണമാക്കുക എന്നതാണ് എന്റെ പുതിയ പദ്ധതി.
3 comments:
സുനില്‍,
രമേഷിന്റെ കണ്ണുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പ്രവാസിയുടെ മനോഹരമായ കണ്ണുകള്‍!അതില്‍ നിറഞ്ഞു തുളുമ്പുന്ന ആലാപന ലയഭാവം.അത്തരം ഒരു ഫോട്ടോ കൊടുക്കാമായിരുന്നു.ചിത്രങ്ങള്‍ ചിലപ്പോള്‍ വല്ലാതെ സംസാരിക്കുമല്ലോ.എഴുത്തും നന്നായി. എഡിറ്റിങ്ങിലെ കൈയ്യൊതുക്കം അപാരം.
നന്ദി.
kollam..annaaaaa
നന്ദി സാക്ഷ, ManojMavelikkara. അദ്ദേഹത്തിന്റെ നല്ലൊരു ഫോട്ടോ കിട്ടിയില്ല. ഒരു കാമറയുമായി എത്ര നേരം ഒരാളെ കൊല്ലും!
Post a Comment