Search This Blog

Tuesday, April 5, 2011

ഇംപ്, മടിയന്‍മാര്‍, ആടമ്മ കഥകള്‍

രാത്രി ഹോംവര്‍ക്ക് കഴിഞ്ഞ് ആന്‍ഡ്രൂ ഉറങ്ങാന്‍ പോയപ്പോള്‍ നോട്ട്‌ബുക്കിലെ അക്ഷരങ്ങള്‍ എഴുന്നേറ്റ് ആഹ്‌ളാദം തുടങ്ങി. നോട്ട്‌ബുക്ക് ഇന്‍ചാര്‍ജ്ജ് - ഇംപ് - മേല്‍നോട്ടം വഹിക്കുന്നുണ്ട് അക്ഷരക്കളിക്ക്. ചില അക്ഷരങ്ങള്‍ കുറുകിയും കൂനു പിടിച്ചും ഏന്തി വലിഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ ഇംപ് അവരെ ശകാരിച്ചു. അവര്‍ നിവര്‍ന്ന് നടക്കാന്‍ തുടങ്ങിയതും പുലര്‍ച്ചെയായി. അക്ഷരക്കളിക്ക് അമാന്തമായി. രാവിലെ ആന്‍ഡ്രൂവിന്‍റെ നോട്ട്‌ബുക്ക് കണ്ട ടീച്ചര്‍ ഫുള്‍മാര്‍ക്ക് കൊടുത്തു: ഭംഗിയുള്ള കൈയക്ഷരം!

ഇംപ് എന്ന കുട്ടിഭൂതത്തെ ഉപയോഗിച്ച് റോബര്‍ട്ട് ലൂയീസ് സ്‌റ്റീവന്‍സണ്‍ ദ ബോട്ട്‌ല്‍ ഇംപ് എഴുതി (1891). അക്കഥയില്‍ ഉടമസ്ഥന്‍റെ ഏതാഗ്രഹവും സാധിച്ചു തരുന്ന ഇംപ് വസിക്കുന്ന കുപ്പി വാങ്ങുന്ന ഒരാളുടെ പ്രശ്‌നങ്ങളാണ്. ഉടമസ്ഥന്‍ മരിക്കുന്നതിന് മുന്‍പ് വാങ്ങിയതില്‍ കുറഞ്ഞ വിലക്ക് കുപ്പി വില്‍ക്കണമെന്ന വ്യവസ്ഥയുണ്ട്. ഭൂമിയിലേക്ക് ചെകുത്താന്‍ വഴി വന്ന ഇംപ്-കുപ്പി നെപ്പോളിയനിലൂടെയും മറ്റും കറങ്ങി ഇപ്പോള്‍ - സ്‌റ്റീവന്‍സണ്‍ കഥാകാലത്ത് - എണ്‍പത് ഡോളറായിട്ടുണ്ട്. കഥാനായകന്‍ കുപ്പി വാങ്ങി വിറ്റ് വലിയ വീടൊക്കെ പണിത് സുന്ദരിയെയും കെട്ടി ജീവിക്കുന്ന കാലത്ത് കുഷ്‌ഠം പിടിപെട്ടു. രോഗം ഭേദമാകണമെങ്കില്‍ കുപ്പി വീണ്ടും വാങ്ങണം. അന്വേഷിച്ചലഞ്ഞപ്പോള്‍ രണ്ട് ഡോളറാണ്. ഒരു ഡോളറിന് വാങ്ങിയാല്‍ തിരിച്ച് വില്‍ക്കാന്‍ പറ്റില്ലെങ്കില്‍ നരകത്തീപ്പോം.

ഭാര്യ അത് വാങ്ങി നരകവും വാങ്ങുകയോ, ഇനി നരകമാണെന്‍റെ അഭയം എന്ന് കരുതി ജീവിക്കുന്നൊരാള്‍ക്കോ ഒരിക്കലും മരിക്കില്ലെന്ന് കരുതുന്നവര്‍ക്കോ വില്‍ക്കുകയോ മറ്റോ ആവാം. സൌഭാഗ്യങ്ങള്‍ വാഴുമ്പോഴും ഭാരമായിക്കരുതേണ്ടി വരികയും എവിടെയെങ്കിലും ഇറക്കി വെക്കണമല്ലോ എന്ന ചിന്തയാല്‍ മരിച്ച് ജീവിക്കുന്നവര്‍!

മടിയന്‍മാര്‍ തമ്മില്‍ മല്‍സരം നടക്കുകയാണ്. ഒന്നാമന്‍ പറഞ്ഞു: ഉറങ്ങുമ്പോള്‍ എന്‍റെ കണില്‍ കരട് പോയെന്ന് ഞാനറിഞ്ഞെന്നിരിക്കട്ടെ, അത് കളയാന്‍ മെനക്കെടാതെ ഞാന്‍ വീണ്ടും ഉറങ്ങുകയേ ഉള്ളൂ. രണ്ടാമന്‍ പറഞ്ഞു: ആഹ്! തണുപ്പുകാലത്ത് തീ കായാനിരിക്കുമ്പോള്‍ കാലിലെങ്ങാനും തീ പിടിച്ചാല്‍ കാല് മാറ്റുന്ന ജോലി വേണ്ടെന്ന് വച്ച് കാല് കത്തട്ടെയെന്ന് ഞാനങ്ങ് കരുതേയുള്ളൂ. സമ്മാനാര്‍ഹനായ മൂന്നാമന്‍റെ വിവരണം ഇങ്ങനെ: കഴുത്തില്‍ കയറ് കുരുങ്ങി ഞാന്‍ തൂങ്ങിക്കിടക്കുമ്പോള്‍ ആരെങ്കിലും ഒരു കത്തി തന്നെന്ന് വിചാരിക്കുക. അവന്‍ വിചാരിക്കുകയേ ഒള്ളൂ, കയറ് മുറിക്കുന്നതിനും ഭേദം മരിച്ചോട്ടെയെന്ന് ഞാനങ്ങ് കരുതും.

പയറുമണികള്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു. നമ്മുടെ ഇത്തിരിപ്പോന്ന ജീവിതം കൊണ്ട് കാര്യമില്ലെന്ന് വിചാരിക്കരുത്. ചിലപ്പോള്‍ നമ്മള്‍ വളരുന്നത് കൊട്ടാരത്തിലാണെങ്കിലോ? അപ്പറഞ്ഞതു പോലെ അന്ന് സായന്തനം കൊട്ടാര പരിചാരകര്‍ വന്ന് പയറുമണികളെ കൊണ്ടു പോയി. കുമാരന് കളിത്തോക്കില്‍ ഉണ്ടയായി ഇട്ട് കളിക്കാനായിരുന്നു അത്. കുമാരന്‍ കുന്നില്‍ പോയി തോക്കില്‍ പയറുമണികള്‍ നിറച്ച് നാലു പാടും വെടി വച്ചു. ഒരു മണി ചെന്നു വീണത് ഒരു പഴയ വീടിന്‍റെ ജനാലയില്‍. പായലും മണ്ണും അതിനെ മൂടി. ജനാലക്കപ്പുറം മരണം കാത്ത് ഒരാള്‍ കിടപ്പുണ്ടായിരുന്നു. ഒരു ദിവസം രാവിലെ അയാള്‍ ജനാലയിലൂടെ നോക്കിയപ്പോള്‍ കണ്ട പയറു ചെടി അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു.

തന്‍റെ ആറ് കുട്ടികളെ വിഴുങ്ങിയ ചെന്നായയുടെ വയറ് കീറി കുട്ടികളെ മരണത്തില്‍ നിന്നും തിരികെ കൊണ്ടുവരുന്നു ഒരു ആടമ്മയുടെ കഥയില്‍. ആടമ്മ രാവിലെ പുറത്തു പോകാന്‍ നേരം കുട്ടികള്‍ക്ക് ചെന്നായയുടെ മുന്നറിയിപ്പ് കൊടുത്തിരുന്നു. ചെന്നായ വന്ന് വിളിച്ചപ്പോള്‍ കുട്ടികള്‍ വാതില്‍ തുറന്നില്ല. ഞങ്ങളുടെ അമ്മയുടെ സ്വരം ഇങ്ങനെയല്ലെന്ന് അവര്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ് തേന്‍ കുടിച്ച് വന്ന ചെന്നായ മധുരസ്വരത്തില്‍ നീട്ടി വിളിച്ചു, കുട്ടികളേ ഞാന്‍ കൊണ്ടുവന്നിരിക്കുന്ന സമ്മാനങ്ങള്‍ നോക്കൂ. കതകിനടിയിലൂടെ സമ്മാനങ്ങള്‍ നീട്ടിയ ചെന്നായയുടെ നഖം കണ്ട് അവര്‍ പറഞ്ഞു, ഞങ്ങളുടെ അമ്മയുടെ കാല്‍ ഇങ്ങനെയല്ല. ബ്രെഡ് മാവ് കൊണ്ട് ആടിന്‍റെ പാദം ഫിറ്റ് ചെയ്താണ് ചെന്നായ പിന്നെ വന്നത്. കുട്ടികള്‍ക്ക് വിശ്വാസമായി. വാതില്‍ തുറന്നയുടനെ ഒരാളെയൊഴികെ ചെന്നായ ഝടുതിയില്‍ അകത്താക്കി. അടുത്തുള്ള മരത്തണലില്‍ സുഖനിദ്രയുമായി. രക്ഷപെട്ട ഇളയവന്‍ പറഞ്ഞത് കേട്ട ആടമ്മ സുഷുപ്തിയിലായിരുന്ന ചെന്നായയുടെ വയറ് കീറി കുട്ടികളെ പുറത്തെടുത്തു. പകരം കല്ല് വച്ച് തുന്നി. ദാഹിച്ച് ഉറക്കമുണര്‍ന്ന ചെന്നായ വെള്ളം കുടിക്കാന്‍ നദിക്കരെ പോയിട്ട് മടങ്ങി വന്നില്ല.

മറ്റ് കഥകള്‍ക്ക്: http://varthapradakshinam.blogspot.com/2011/03/blog-post_09.html

3 comments:

ManojMavelikara said...

kollammmmm..da

nurungukal said...

nannaayiriykkunnu...aashamsakal...

Villagemaan/വില്ലേജ്മാന്‍ said...

കൊള്ളാം ട്ടോ..ഭാവുകങ്ങള്‍..

Blog Archive