Search This Blog

Sunday, April 24, 2011

റുഷ്‌ദി ഐക്ക് വേണ്ടി

ചൈനീസ് അധികാരികള്‍ ഐ വെയ് വെയ് എന്ന ചൈനീസ് ആര്‍ട്ടിസ്‌റ്റിനെ തടങ്കലിലാക്കിയതിനെതിരെ രോഷം കൊള്ളുന്നു സല്‍മാന്‍ റുഷ്‌ദി ന്യൂയോര്‍ക്ക് ടൈംസില്‍. ലണ്ടനിലെ ടര്‍ബൈന്‍ ഹോളില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഐയുടെ സണ്‍ഫ്‌ളവര്‍ സീഡ്‌സ് എന്ന കലാസ്രുഷ്‌ടി അനുഭവിച്ചതോര്‍മ്മിക്കുന്നതിലൂടെയാണ് റുഷ്‌ദി കലാകാരനെ പരിചയപ്പെടുത്തുന്നത്. ഐ കൈ കൊണ്ട് നിര്‍മ്മിച്ച കോടിക്കണക്കിന് പോര്‍സലൈന്‍ ചെറുതുകള്‍ തറയില്‍ വിതറിയിരുന്നു. കലാസ്വാദകര്‍ക്ക് അതിലൂടെ നടക്കാം, കിടക്കാം. ചവിട്ടിയാല്‍ പൊട്ടിപ്പോകുന്ന ആ 'സൂര്യകാന്തി വിത്തുകള്‍' ബഹിര്‍സ്‌ഫുരിക്കുന്ന പൊടി ശ്വസിച്ചാല്‍ ശ്വാസകോശത്തിന് കേടാണ്. ജീവിതത്തെ പ്രതിനിധീകരിക്കുന്ന 'വിത്തുകള്‍'ക്ക് ചുറ്റും പൊലീസ് വലയമുണ്ടാക്കിയതും കാണികള്‍ ചുറ്റും നടന്ന് കണ്ട കാഴ്‌ചയുമോര്‍മ്മിച്ച് റുഷ്‌ദി പറയുന്നു: കല അപകടകാരിയാണ്, കലാകാരനും.

ബെയ്ജിങ്ങ് ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിന്‍റെ ഡിസൈന്‍ കണ്‍സല്‍ട്ടന്‍റായിരുന്ന ഐ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടത് അധികാരികളെ ചൊടിപ്പിച്ചിരുന്നു. നികുതി വെട്ടിപ്പെന്നും ആരോപിച്ച് ഈ മാസമാദ്യമാണ് ചൈനയുടെ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ട് കലാകാരനെ കാണാതാവുന്നത്. ആ വാര്‍ത്തക്ക് പുറമേ ഭയപ്പെടുത്തുന്നത് അദ്ദേഹം കുറ്റം ഏറ്റു പറഞ്ഞുതുടങ്ങിയെന്ന വാര്‍ത്തയും. കലാകാരന്‍മാരുടെ ജീവിതം അവരുടെ സ്രുഷ്‌ടികളേക്കാള്‍ ദുര്‍ബലമാണെന്ന് പറഞ്ഞ് റുഷ്‌ദി റോമന്‍ കവി ഒവിഡിനെ അഗസ്‌റ്റസ് ചക്രവര്‍ത്തി നാടു കടത്തിയത് ഉദാഹരിക്കുന്നു. റോമാ സാമ്രാജ്യത്തേക്കാള്‍ അതിജീവിച്ചത് ഒവിഡായിരുന്നു. സ്‌റ്റാലിനിസ്‌റ്റ് വര്‍ക്ക് ക്യാംപില്‍ വച്ച് മരിച്ച റഷ്യന്‍ എഴുത്തുകാരന്‍ ഒസിപ് മണ്‍ഡെല്‍സ്‌റ്റാം എഴുതിയത് സോവിയറ്റ് റഷ്യയെ അതിജീവിക്കുന്നു. ലോര്‍ക്ക ഇന്നും സ്‌മരിക്കപ്പെടുന്നു. ലോര്‍ക്കയെ കൊന്നവരോ?

സരയേവോ സ്വന്തമെന്നു കരുതി സംസാരിച്ച സൂസന്‍ സൊണ്ടാഗ് അപഹസിക്കപ്പെട്ടു. ഹരോള്‍ഡ് പിന്‍ററുടെ അമേരിക്കന്‍ വിദേശനയ വിമര്‍ശനം ഷാംപെയ്‌ന്‍ സോഷ്യലിസമായി. ഗുന്തര്‍ ഗ്രസ് നാസികളോടൊത്ത് ജോലി ചെയ്ത ചരിത്രം ഷാഡന്‍ഫ്രായ്‌ഡ് അഥവാ ആളുകള്‍ക്ക് അപഹസിക്കാവുന്ന കളങ്കമായി. മാര്‍കേസിന്‍റെ ഫിഡല്‍ കാസ്‌ട്രോ കൂട്ട്‌കെട്ട് മറ്റൊരു ആക്ഷേപ വിഷയം.

സോവിയറ്റ് യൂണിയനിലെ ചീത്ത പുറത്തു കാണിക്കുവാന്‍ സമിസ്‌ഡാറ്റ് (രഹസ്യ പത്രപ്രവര്‍ത്തനം) സത്യം വിളിച്ചു പറയുന്നവര്‍ വേണമായിരുന്നു. വാക് സ്വാതന്ത്ര്യത്തിന് ഇന്ന് ഏറ്റവും വലിയ ഭീഷണി ചൈനയാണ്. നമുക്ക് അതിനാല്‍ ഐമാരെ തീര്‍ച്ചയായും വേണം.

No comments:

Blog Archive