സലിം അഹമ്മദിന്റെ അവാര്‍ഡ് ചിത്രത്തെ വിമര്‍ശിച്ചെഴുതാമെന്ന വിചാരത്തോടെയാണ് സിനിമ കാണാന്‍ പോയത്. കണ്ട് കലാകൌമുദിയിലെഴുതിയത് സത്യമാണ്. അത് വായിച്ച് ഒരു സുഹൃത്ത് പറഞ്ഞു, സലിം അഹമ്മദിനെക്കുറിച്ച് നല്ലത് പറയണമെങ്കില്‍ എന്തിന് ടിവി ചന്ദ്രനെയും മറ്റും കുറ്റം പറയണം? പണ്ടേ ഞാനങ്ങനെയാണ്. മലയാളത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്ന് എലിപ്പത്തായമാണെന്ന് കരുതുന്നവനാണ് ഞാന്‍. പക്ഷെ ചില അടൂര്‍ ചിത്രങ്ങളെ വിമര്‍ശിച്ചതോടെ അടൂര്‍ എന്റെ ശത്രുവായി. എഴുത്ത് കൊണ്ട് സിനിമാരംഗത്തും സാഹിത്യരംഗത്തും ഒത്തിരി ശത്രുക്കളെ സമ്പാദിച്ചു.
'ഉമ്മ'യുടെ റിലീസിങ്ങ് ജോലികളാണിനി. മാക്ഷിം ഗോര്‍ക്കിയുടെ അമ്മയില്‍ നിന്നും പ്രചോദനമുണ്ടെങ്കിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉമ്മ ചെറിയ ബജറ്റില്‍ ചെയ്ത ചിത്രമാണ്. ദലമര്‍മ്മരങ്ങള്‍ പോലെ. ഒരിക്കല്‍ മൂന്നുനാല് സുഹൃത്തുക്കളൊരുമിച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സിനിമക്ക് കോടികളാവുമോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. താരങ്ങള്‍ പല രീതിയില്‍ ബാധ്യതയാവുന്ന കാര്യം പറഞ്ഞ് ഞാന്‍ കൂട്ടിച്ചേര്‍ത്തു, ഇരുപത് ലക്ഷത്തിന് പടം ചെയ്യാവുന്നതേയുള്ളൂ. ആ യാത്ര കഴിഞ്ഞ് അല്പനാളുകള്ക്കകം അന്ന് കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ എന്നെ കാണാന്‍ വന്നു. അല്ല സാറ് പറഞ്ഞത് സത്യമാണെങ്കില്‍ നമുക്കൊരു പടം ചെയ്യാം. അങ്ങനെയാണ് ദലമര്‍മ്മരങ്ങള്‍ ഉണ്ടാവുന്നത്. അതിന്റെ ഷൂട്ട് നടക്കുമ്പോള്‍ ഒരു സീന്‍ ഇങ്ങനെ വേണമെന്ന് പറഞ്ഞപ്പോള്‍ സാറിനത് പറയാം പൈസ എന്റെയാണ് പോകുന്നത് എന്ന് പറഞ്ഞു എന്റെ സുഹൃത്ത് കൂടിയായ നിര്‍മ്മാതാവ്. അങ്ങനെ ഒരുപാട് നീക്കുപോക്കുകള്‍ നടത്തിയാണ് ഞാന്‍ പടം ചെയ്യുന്നത്. നിര്‍മ്മാതാവിന് പണം ലാഭിക്കുവാന്‍ ചിത്രത്തിലെ ഒരു ഗാനവും ഞാന്‍ തന്നെ എഴുതി. നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കുന്ന പരിപാടിയോട് എനിക്കും യോജിപ്പില്ല. ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ പല ചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. 'മയൂരനൃത്തം' അത്തരത്തിലൊന്നാണ്.
സിനിമാസംവിധായകനാകാന്‍ മോഹിച്ച എനിക്ക് അത് സാധിക്കാതെ വന്നപ്പോഴായിരുന്നു നിരൂപണത്തില്‍ ശ്രദ്ധ വച്ചത്. പ്രീഡിഗ്രി കാലം വരെ ആകെ 5 സിനിമകളെ കണ്ടിട്ടുള്ളൂ. അതും ഭക്തസിനിമകള്‍. സ്കൂളില്‍ പഠിക്കുമ്പഴേ സാഹിത്യത്തില്‍ താല്പര്യമുണ്ടായിരുന്നതിനാല് എഴുത്തുകാരനാവണമെന്ന് വിചാരിച്ച് പത്താംക്ളാസില്‍ നല്ല മാര്‍ക്കുണ്ടായിട്ടും പ്രീഡിഗ്രിക്ക് സംസ്കൃതമാണെടുത്തത്. തിരുവനന്തപുരം ഗവ. സംകൃത 'കാ'ളേജില്‍. സാഹിത്യകാരനാവണമെങ്കില്‍ അന്ന് സംസ്കൃതം അത്യന്താപേക്ഷിതം. ഒത്തിരിയൊന്നും പഠിക്കേണ്ടാഞ്ഞതിനാല്‍ സിനിമക്ക് പോയിത്തുടങ്ങി. ശ്രീകുമാര്‍ തിയറ്ററില്‍ സൌണ്ട് ഒഫ് മ്യൂസിക് കണ്ട് അന്തം വിട്ടു. പിന്നീട് റാഷോമോണ്‍, സെവന്ത് സീല്‍, അങ്ങനെ എത്രയോ ചിത്രങ്ങള്‍! മലയാളത്തില്‍ ഇപ്പോഴും ആദിമധ്യാന്തകഥനം വിട്ടുള്ള പറച്ചിലില്ല. ഇന്ത്യന്‍ സിനിമ ഇതു വരെയും പഥേര്‍ പാഞ്ചാലിയെ മറികടന്നിട്ടില്ല. ജോണ്‍ ഏബ്രഹാം കഥാകൃത്തായി കൂടുതല്‍ അറിയപ്പെടുമായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. അയ്യപ്പന്റെ പോലെ. സിനിമാസംവിധാനത്തിന് അച്ചടക്കം വേണം.
പഠനകാലത്തെ ലൈബ്രറിയാണ് എന്നിലെ നിരൂപകനെ വാര്‍ത്തത്. പണ്ടൊക്കെ മലയാളസിനിമകള്‍ തീയറ്ററില്‍ വരുമ്പോള്‍ കിട്ടുമായിരുന്ന പാട്ടുപുസ്തകത്തില്‍ കഥാസാരവും ക്രെഡിറ്റുകളും കാണും. പാട്ടുപുസ്തകം പിന്നെ നോട്ടീസായി മാറി. ഇന്നിപ്പോള്‍ നോട്ടീസില്ലെങ്കിലും ഇതിവൃത്തമെന്താണെന്ന് നമുക്കറിയാം. പഴയ 'നല്ല തങ്ക'യെയും 'ജീവിതനൌക'യെയും ചുറ്റിപറ്റി നില്‍ക്കുകയാണിന്നും മലയാളം. പരിണാമമെന്ന് പറയുന്നത് ഉല്‍സവപ്പറമ്പ് കോലാഹലങ്ങളില്‍ നിന്നും ഏകാന്തധ്യാനത്തിലേക്ക് വന്നതാണ്. എംടി ചെറുകഥയുടെ ഏകാഗ്രതയെ സിനിമയിലേക്ക് ആവാഹിച്ചപ്പോള്‍ ഉല്‍സവബഹളം നിലച്ചു. പിന്നെ കോലാഹലം പല രീതിയിലാണ് തല പൊക്കുന്നത്.
ലോകപ്രശസ്ത ചെറുകഥകള്‍ മലയാളത്തില്‍ എത്രയോ തവണ വേഷം മാറി വന്നിരിക്കുന്നു. തോമസ് ഹാര്‍ഡിയുടെ മേയര്‍ ഒഫ് കാസ്റ്റര്‍ ബ്രിഡ്ജ് - മേയര്‍ നായര്‍ (1966); ആര്.എല്‍.സ്റ്റീവന്‍സന്റെ ഡോ ജെക്കിള്‍ ആന്‍ഡ് മി ഹൈഡ് - കറുത്ത രാത്രികള്‍; എച്ച്.ജി. വെല്‍സിന്റെ ദി ഇന്‍വിസിബ്ള്‍ മാന്‍ - മിസ്റ്റര്‍ കേരള; ഓസ്കര് വൈല്‍ഡിന്റെ ദ പിക്ചര്‍ ഒഫ് ഡോറിയന്‍ ഗ്രേ - വയനാടന്‍ തമ്പാന്; ജോണ്‍ സ്റ്റെയിന്‍ബെക്കിന്റെ ദ പേള്‍ - കടല്‍; വിക്റ്റര്‍ യൂഗോയുടെ ലാ മിറാബ്ല - നീതിപീഠം; അലക്സാണ്ടര്‍ ഡ്യുമയുടെ കൌണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ ആദ്യം ശുദ്ധികലശവും പിന്നീട് പടയോട്ടവുമായി. ജോണ്‍ കീറ്റ്സിന്റെ ഇസബെല്ല - കറുത്ത പൌര്‍ണ്ണമി; ദാഫ്നേ ദുമോറിയേയുടെ റബേക്ക, സ്കേപ്ഗോട്ട്, - യഥാക്രമം ഉറങ്ങാത്ത സുന്ദരി, മധുവിധു; ദുമോറിയേയുടെ മറ്റൊരു കഥ എംടി ഉത്തരമാക്കി (സംവിധാനം പവിത്രന്).
എംടിയുടെ തിരക്കഥ ചില സംവിധായകര്‍ക്കെങ്കിലും സഹായകരമാണെങ്കിലും സംവിധായകമുദ്ര പതിയാന്‍ സാധ്യത കുറവായ കഥകളാണ് കേട്ടിട്ടുള്ളത്. 'വളര്‍ത്തുമൃഗങ്ങള്‍' അരവിന്ദന് സിനിമയാക്കാന്‍ പരിപാടിയുണ്ടായിരുന്നു. അരവിന്ദന് തന്റേതായ രീതിയില്‍ ചെയ്യാന്‍ പറ്റാതിരുന്നത് കൊണ്ട് ആ പദ്ധതി ഉപേക്ഷിച്ച് 'തമ്പ്' ചെയ്തു. എംടിയുടെ കഥകളുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ എഴുതി വച്ചതില്‍ നിന്നും സംവിധായകന് വ്യതിചലിക്കുന്നുണ്ടോ എന്നറിയാന്‍ ഉണ്ണിനാരായണന്‍ എന്നൊരാള്‍ ലൊക്കേഷനിലുണ്ടാവുമത്രെ.
ചില സംവിധായകര്‍ക്ക് സ്ക്രിപ്റ്റ് റൈറ്ററെയല്ല ആവശ്യം. സ്ക്രിപ്റ്റ് ഡോക്ടറെയാണ്. ശ്യാമപ്രസാദിന് ഒരേ കടലിനായി വേണ്ടിയിരുന്നതും സ്ക്രിപ്റ്റ് ആവശ്യാനുസരണം മാറ്റി മേല്‍നോട്ടം വഹിക്കുന്ന ഡോക്ടറെയായിരുന്നു. അത് മനസിലാക്കാതിരുന്നത് കൊണ്ടാവണം സുഭാഷ് ചന്ദ്രന് ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയത്.
ദലമര്‍മ്മരങ്ങളില്‍ അഭിനയിക്കാന്‍ വന്ന ഒരു വികലാംഗനോട് ഒരു സീന്‍ ചെയ്യുന്നതിനിടെ മുഖത്ത് ദേഷ്യം വരുത്താന്‍ പറഞ്ഞു. വീട്ടില്‍ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതോര്‍ത്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ആക്ഷന്‍ പറഞ്ഞതും അയാള്‍ ഉറക്കെ ഒരു തെറി! ആരെയാണ് വഴക്ക് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറയുന്നു, അച്ഛനെ!
എന്റെ അച്ഛന് സാധുശീലന്‍ പിള്ള സന്യാസിയായിരുന്നു. മൂന്ന് സ്ഥലങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു. കൊടകര ആശ്രമത്തിലെ മറ്റൊരു സന്യാസി അച്ഛനെ പറ്റിച്ച് ആശ്രമം വിറ്റ് ഗൃഹസ്ഥാശ്രമത്തിലേക്ക് മടങ്ങി. അച്ഛന്റെ വല്ലതും എന്നില്‍ ബാക്കിയുണ്ടോ? അറിഞ്ഞു കൂടാ.
Search This Blog
Subscribe to:
Post Comments (Atom)
3 comments:
kollaam...nalla news.
sirinte 1 foto kud kodukkammayirunnuu?..aalleee?
നല്ലത്. എങ്കിലും, ക്ലാസിക്ക് സിനിമകളെക്കുറിച്ച് ഒരു ചര്‍ച്ച പ്രതീക്ഷിച്ചു, പിന്നെ കുറച്ച് ഫോട്ടോകളും.
Post a Comment