Search This Blog

Wednesday, December 30, 2015

പഴയകാല തമാശകള്‍

പഴയകാല തമാശകളെക്കുറിച്ച് എസ് കെ വസന്തന്‍ പറഞ്ഞിട്ടുണ്ട്. വാക്കുകളിലെ കളിയാണ് ആ വെടിവട്ടം മിക്കവാറും. ചന്തുമേനോന്‍റെ മകളെ പാട്ടത്തില്‍ നാരായണമേനോന്‍ എന്നൊരാള്‍ കല്യാണം കഴിച്ചപ്പോള്‍, മകളെ പാട്ടത്തിന് കൊടുത്തു, അല്ലേ എന്ന് ഒരു നമ്പൂതിരി ചോദിച്ചത്രേ. 'ഇന്ദുലേഖ'യിലൂടെ സൂരി നമ്പൂതിരിയെ കോമാളിയാക്കിയതില്‍ ചില നമ്പൂതിരിമാര്‍ക്ക് മേനനോട് ഈര്‍ഷ്യ തോന്നിയിരുന്നു. കണ്ണെഴുതി ഒന്നരയുടുത്ത മദാമ്മയാണ് 'ഇന്ദുലേഖ' എന്ന് ആ നോവലിന്‍റെ ഇംഗ്‌ളീഷ് സ്വാധീനത്തെക്കുറിച്ചും കളിയാക്കലുകളുണ്ടായി.

2. ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടന്ന ചര്‍ച്ച: വെല്‍ഡ് ചെയ്തു എന്നതിന് പകരം വെല്‍ഡി എന്ന് പറഞ്ഞുകൂടെ എന്ന് എന്‍വി കൃഷ്‌ണവാര്യര്‍. സ്വിച്ച് ഇട്ടു എന്നതിന് പകരം സ്വിച്ചി. അപ്പോള്‍ പൊന്‍കുന്നം വര്‍ക്കി ചോദിച്ചത്രെ. വര്‍ക്ക് ചെയ്തു എന്നത് എങ്ങനെ പറയും? ചിരിക്കിടയില്‍ വേറൊരാള്‍ ചോദിച്ചു: ചാണ്ടുക എന്നതിന്‍റെ ഭൂതകാലം എന്താവും?

3. കേരള സംഗീത നാടക അക്കാദമിക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കാനുള്ള ചര്‍ച്ച അസംബ്‌ളിയില്‍. പട്ടം താണുപിള്ള പറഞ്ഞു. സംഗീതനാടകങ്ങള്‍ക്ക് മാത്രമല്ല, സംഗീതമില്ലാത്ത നാടകങ്ങള്‍ക്കും ഗ്രാന്‍റ് കൊടുക്കണം. അപ്പോള്‍ മുണ്ടശ്ശേരിയുടെ മറുപടി: അത് ദ്വന്ദസമാസമാണ്. പട്ടം പിന്നെ മിണ്ടിയില്ല. എന്ത് കുന്തമാണാവോ ദ്വന്ദസമാസം!

4. കൊടുങ്ങല്ലൂര്‍ കളരിയില്‍ ദ്രുതനാടകമെഴുത്ത് മല്‍സരം. നിശ്ചിത സമയത്തിനുള്ളില്‍ നാടകമെഴുതി തീര്‍ക്കണം. മല്‍സരത്തില്‍ പങ്കെടുക്കാന്‍ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുമുണ്ട്. മല്‍സരം തുടങ്ങി കുറച്ചായപ്പോള്‍ കട്ടക്കയത്തിന് വയറുവേദന. അദ്ദേഹം പിന്‍വാങ്ങി. ഒരാള്‍ പറഞ്ഞത്: കട്ടക്കയം നാടകമെഴുതാന്‍ തുടങ്ങി നോവലായി!

5. മാപ്പിളലഹളക്കാലം. തെക്കേ മലബാറില്‍ ആജാനുബാഹുവായ ഒരു നമ്പൂതിരി, സംബന്ധത്തിനായി മാപ്പിളമാര്‍ ഭൂരിഭാഗക്കാരായ സ്ഥലത്ത് കൂടി പോകെ മാപ്പിളമാര്‍ നമ്പൂതിരിയെ തടഞ്ഞു. 'ന്‍റെ കയ്യില്, ഒന്നൂല്യ. ചെല്ലം മാത്രേ ഒള്ളൂ. ഇനീം അതിക്രമത്തിനാ ഭാവാച്ചാ രണ്ടിലൊന്ന് നിശ്ചം' എന്ന് നമ്പൂതിരി പറഞ്ഞപ്പോള്‍ മാപ്പിളമാര്‍ പിന്‍വാങ്ങി. എന്താ രണ്ടിലൊന്ന് എന്ന് ഭൃത്യന്‍ ആരാഞ്ഞപ്പോള്‍ നമ്പൂതിരി പറഞ്ഞു: മൂത്രം, അല്ലെങ്കില്‍ മലം!

6. വള്ളത്തോളിന്‍റെ വീട്ടില്‍ ഒരിക്കല്‍ ഒരു സുഹൃത്ത് ഒരു പുസ്തകം കടം ചോദിച്ചു. ഇവിടിരുന്ന് വായിച്ചോളൂ, കൊണ്ടുപോകാന്‍ പറ്റില്ല എന്ന് വള്ളത്തോള്‍. പിന്നൊരിക്കല്‍ സുഹൃത്തിന്‍റെ വീട്ടില്‍ ചെന്ന് കവി മണ്‍വെട്ടി കടം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: ഇവിടെയെങ്ങാനും കിളച്ചോളൂ.

7. ബ്രഹ്മാവും കുശവനും ഒന്നുതന്നെ എന്നൊരു ചാക്യാര്‍. എങ്ങനാച്ചാല്‍, രണ്ടുപേരുടെയും കര്‍മ്മം സൃഷ്‌ടിയാണ്. ഒരു വ്യത്യാസം മാത്രം: ബ്രഹ്മ സൃഷ്‌ടി ഉപയോഗം കഴിഞ്ഞ് ചുടും; കുശവന്‍റേത് ചുട്ടു കഴിഞ്ഞ് ഉപയോഗിക്കും.

8. പണ്ട് സര്‍വ്വാണിസദ്യയ്ക്കും മറ്റും ക്ഷേത്രത്തില്‍ തന്നെ നെല്ല് കുത്തുക പതിവ്. നാല്‍പത് പെണ്ണുങ്ങളൊക്കെ വന്ന് നെല്ല് കുത്തും. അവര്‍ നെല്ല് കുത്തുകയാണോ വര്‍ത്താനിക്കാണോ എന്ന് നോക്കാന്‍ ഒരു മേല്‍നോട്ടക്കാരനുമുണ്ടാവും. അതെക്കുറിച്ച് ഒരാള്‍ പറഞ്ഞത്: മേല്‍നോട്ടക്കാരനല്ല, മേലുനോട്ടക്കാരനാ!

9. മാസികകളുടെ പേര് സ്ത്രീകളുടേതാകുന്നത് എന്ത് കൊണ്ടാണ്? ഒരാള്‍ പറഞ്ഞു അത് മാസത്തില്‍ പുറത്താവുന്നത് കൊണ്ടാണെന്ന്. വിദ്യാവിനോദിനി മാസിക വാര്‍ഷിക വരിസംഖ്യ പുരുഷന്‍മാര്‍ക്ക് മൂന്നു രൂപ, സ്ത്രീകള്‍ക്ക് രണ്ട് രൂപ എന്നിങ്ങനെ ആയിരുന്നു. വര്‍ഷാവസാനം പത്രാധിപരുടെ നന്ദിക്കുറിപ്പ്: ഭാര്യമാരുടെ പേരില്‍ മാസിക വരുത്തുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് നന്ദി.

10. സാഹിത്യപഞ്ചാനന്‍ പികെ നാരായണപിള്ളയുടെ കാല്‍ പ്രമേഹം മൂത്ത് മുറിച്ച് മാറ്റേണ്ടി വന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്: 'ഞാനിപ്പോള്‍ സിക്കും അകാലിയുമായി'.
11. ദരിദ്ര ദമ്പതികള്‍ സമ്പന്ന അയല്‍വീട്ടില്‍ ക്ഷണമനുസരിച്ച് പോയി. സമ്പന്ന ആതിഥേയയ്‌ക്ക് മുഴുത്ത മാല കഴുത്തില്‍. ലോക്കറ്റിന്‍റെ സ്ഥാനത്ത് തങ്കവിമാനം. തിരിച്ചു വരുമ്പോള്‍ ദരിദ്ര ഭാര്യ ചോദിച്ചു: നിങ്ങള്‍ക്ക് ആ വിമാനം ഇഷ്‌ടമായോ? എനിക്ക് വിമാനത്താവളമാണ് ഇഷ്‌ടമായത് എന്ന് മറുപടി.

12. പണ്ട് ചിത്രങ്ങള്‍ അച്ചടിക്കുക ബ്‌ളോക്ക് ഉണ്ടാക്കിയാണല്ലൊ. പ്രസാധകര്‍ ബ്‌ളോക്ക് പരമാവധി ഉപയോഗിക്കാന്‍ നോക്കും. പാഠപുസ്തകങ്ങള്‍ അച്ചടിച്ചിരുന്ന ഒരു പ്രസാധകന്‍ ചെയ്തത്: മലയാള പാഠപുസ്തകത്തിലെ ഗരുഡന്‍റെ ചിത്രം ഇംഗ്‌ളീഷ് പുസ്തകത്തില്‍ വള്‍ച്ചര്‍ ആക്കി. മലയാളത്തിലെ ഋഷി, ഇംഗ്‌ളീഷ് പുസ്തകത്തില്‍ ബെഗ്ഗര്‍ ആയി. മലയാളത്തിലെ ഭൂമി, ഇംഗ്‌ളീഷിലെ ബോള്‍ ആയി. ശരിക്കും ഇംഗ്‌ളീഷുകാര്‍ ഭൂമി തട്ടിക്കളിക്കായിരുന്നല്ലോ എന്ന് ഒരു രസികന്‍.

13. ബന്ദ് ദിവസം. ഗര്‍ഭിണിയായ ഒരു സ്ത്രീയെ പൊലീസ് വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പിറ്റേന്ന് പത്രത്തില്‍: പോലീസുകാരന്‍റെ സഹായത്തോടെ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലാക്കി.

1 comment:

ajith said...

ചിലതൊക്കെ വായിച്ചിട്ടുണ്ട്. എന്തായാലും ഓർമ്മകൾ ഒന്ന് പൊടിതട്ടിയെടുക്കാൻ സഹായിച്ചതിനു നന്ദി

Blog Archive

Follow by Email