Search This Blog

Tuesday, May 13, 2008

ബഷീറിനെപ്പറ്റി എം എന്‍‌ വിജയന്‍‌

അനന്തതയില്‍ ഏകാകിയാക്കപ്പെട്ട 'ശബ്ദങ്ങളിലെ' നായകന്‍റെ ഛായ ബഷീറിന്‍റെ മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട്. ഉത്തരം കിട്ടാത്ത അഭിസന്ധികളില്‍ ചെന്നുമുട്ടാത്ത ഒരു കഥയും ബഷീര്‍ എഴുതിയിട്ടില്ല. ജീവിതത്തിന്‍റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നു വന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കര തന്നെ ബഷീര്‍ സാഹിത്യത്തിലേക്ക് കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്‍റെ ആത്മകഥയാണ്' ബഷീറിന്‍റെ സാഹിത്യം.
മറ്റൊന്നിലും പരിശീലനം ഇല്ലാത്തതു കൊണ്ടാണ്' പരിശീലനം ആവശ്യമില്ലാത്ത സാഹിത്യം താന്‍ സ്വീകരിച്ചതെന്നു ബഷീര്‍ പറഞ്ഞുവച്ചിട്ടുണ്ട്. ജീവിക്കുന്നതെല്ലാം കഥയാണെന്നും പറയുന്നതെല്ലാം ഭാഷയാണെന്നും ഉള്ള തിരിച്ചറിവ് ബഷീറിന്‍റെ ലോകങ്ങള്‍ക്ക് അവസാനിക്കാത്ത വിസ്താരമുണ്ടാക്കിക്കൊടുത്തു. വായനക്കാരനെ ഇതിവ്ത്തത്തിന്‍റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന മോപ്പസാങ്ങിന്‍റേയും ശ്വാസം മുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ചെഖോവിന്‍റേയും കൌശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നു. നാളത്തെ ലോകം 'ശബ്ദങ്ങളു'ടെ സ്രഷ്ടാവ് എന്ന നിലയില്‍ ബഷീറിനെ ഓര്‍ക്കാതിരിക്കുകയില്ല.
(ബഷീര്‍‌-സം‌പൂര്‍‌ണ്ണകൃതികള്‍ക്കെഴുതിയ അവതാരികയില്‍ നിന്ന്. എം എന്‍ വിജന്‍റെ ഒന്നാന്തരം ഭാഷയാണ്' ഈ അവതാരികയിലേതെന്ന് ടി പദ്മനാഭന്‍)

No comments:

Blog Archive