Search This Blog

Tuesday, May 20, 2008

ബാലഭാസ്കര്‍‌ പറയുന്നത്

വയലിനിലെ ഉയിര്

കുവൈത്തിലെ റാഡിസണ്‍ സാസ് ഹോട്ടലിലെ റിയല്‍ എസ്റ്റേറ്റ് ഷോയില്‍ ക്ഷണിതാക്കളെ എന്‍റര്‍ടെയിന്‍ ചെയ്യാന്‍ ബാലുവും സംഘവും നില്‍ക്കുന്നു. കീ ബോര്‍ഡ് വായിക്കുന്നത് പ്രകാശ് ഉള്ള്യേരി (സ്കെച്ച് എന്ന മലയാള സിനിമക്ക് സംഗീതം നല്‍കി). ഡ്രംസിന്' നിര്‍മ്മല്‍ എന്ന പയ്യന്‍ ലുക്കുള്ളയാള്‍. തബലയും ഘടവും 'ഫ്യൂഷന്' എരിവു പകരാനായി ഉണ്ട്. ബാലു പതിവു പോലെ വയലിനില്‍ വിസ്മയങ്ങള്‍ തീര്‍ത്തു. ആദ്യകാല റഹ്മാന്‍ നമ്പരുകളായിരുന്നു ബാലു കൂടുതലും വയലിനില്‍ വായിച്ചത്. കാതല്‍ റോജാവേ, സ്നേഹിതനേ തുടങ്ങിയവ. ഇടക്ക്, ഏറ്റവും സ്വാധീനിച്ച പാട്ടെന്ന് പിന്നീട് സമ്മതിച്ച ഉയിരേ എന്ന ബോംബെ ഗാനം. (ബേക്കല്‍ കോട്ടയില്‍ അരവിന്ദ് സ്വാമിയും മനീഷ കൊയ്'രാളയും ഒളിച്ചു കളിക്കുന്നത് ഓര്‍മ്മ വരുന്നു).

ബാലുവിന്' 'ഉയിരേ' ഇത്ര ഇഷ്ടപ്പെടാന്‍ കാരണം?
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രി ചെയ്യുമ്പോഴാണ്' ഇപ്പോള്‍ സഹധര്‍മ്മിണിയായ കാമുകിയെ കാണുന്നത്. ‘ഉയിരേ’ ആ സമയത്ത് ഹിറ്റായ കാലം. അവളെ ഓര്‍ക്കുമ്പോഴൊക്കെ ആ പാട്ടും എന്‍റെ തലയില്‍ കയറി മൂളാന്‍ തുടങ്ങും. അങനെ ആ പാട്ട് ഉപേക്ഷിക്കാന്‍ പറ്റാതായി.

വയലിന്‍ വായിക്കുമ്പോള്‍ സദാ ചിരിക്കുന്ന മുഖത്തോടെ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. മനപൂര്‍വം ഫോട്ടോക്ക് പോസ് ചെയ്യുകയാണോ?
ചിരിക്കുന്നത് സന്തോഷം കൊണ്ടാണ്'. ഐ എന്‍ജോയ് പ്ലെയിങ്ങ് വയലിന്‍. കാണികള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ഊര്‍ജ്ജസ്വലനാകുന്നു. അതെന്‍റെ മുഖത്ത് പ്രതിഫലിക്കുന്നു. ഞാന്‍ ചിരിക്കുന്നു.

ഇടക്ക് ഉയര്‍ന്നു ചാടുന്നു?
അതെയതെ (ചിരി). ഞാന്‍ കൂടുതല്‍ ചാര്‍ജ്ജ് ചെയ്യപ്പെടുകയാണ്'. ലുക്ക്, നമ്മുടെയിടയില്‍ അധികവും നെഗറ്റീവ് എനര്‍ജിയാണുള്ളത്. ഞാനത് കൊണ്ടാണ്' പുസ്തകവായന നിര്‍ത്തി വച്ചിരിക്കുന്നത്. പണ്ടൊക്കെ ഒത്തിരി വായിക്കുമായിരുന്നു. എന്‍റെ ശ്രോതാക്കള്‍ എനിക്ക് പോസിറ്റീവ് എനര്‍‌ജി തരുന്നു. അതുകൊണ്ടാണ് ജനപ്രിയഗാനങ്ങള്‍ വയലിനില്‍ വായിക്കുന്നത്. കേള്‍ക്കുമ്പോള്‍ അത് ഇന്ന പാട്ടല്ലേ എന്ന് ജനം (ഉള്ളാലെ)ചോദിക്കണം. പോപ്പുലര്‍ പാട്ടുകളെ കൂടാതെ ഗഹനമായ ഫ്യൂഷനും ഞങ്ങളുടെ ടീം ചെയ്യുന്നുണ്ട്. ‘തീ’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫ്യൂഷനില്‍ എന്‍റെ വയലിനെ അക്കമ്പനി ചെയ്യുന്നത് വീണ, പുല്ലാങ്കുഴല്‍, തബല, ഘടം‌, ഡ്രംസ് എന്നിവയാണ്. കേള്‍ക്കാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ!

തിരക്കു പിടിച്ച യാത്രകളും സ്റ്റേജ് പ്രോഗ്രാമുകളും; ഇതിനിടയില്‍ എങ്ങനെ റിലാക്സ് ചെയ്യുന്നു?
വീണു കിട്ടുന്ന നിമിഷങ്ങളില്‍, ആളുകളുടെ ഇടയിലായാലും കണ്ണടച്ചിരുന്ന് ധ്യാനിക്കും. ‘ഓം ഭവാനി ത്വം ദാസേ’ എന്നു ചൊല്ലും. മുന്‍പ് reiki പരിശീലിച്ചിരുന്നു. ഞാനൊത്തിരി അശുഭാപ്തി വിശ്വാസിയായിരുന്നു. സംഗീതവും, വിവാഹവും എന്നെ ഓപ്റ്റിമിസ്റ്റിക് ആക്കി. അമ്പലങ്ങളില്‍ പൂജ ചെയ്യുമ്പോള്‍, നമ്മള്‍ കൊടുക്കുന്ന സ്നേഹം pure ആയി തിരിച്ചു കിട്ടുമെന്നാ‍ണ്. അതു തന്നെയാണ് സംഗീത ജീവിതം കൊണ്ട് ഞാന്‍ നേടിയിട്ടുള്ളത്.

5 comments:

മറ്റൊരാള്‍\GG said...

സുനില്‍, ബാലഭാസ്കറിന്റെ സംഗീതത്തെക്കുറിച്ചുള്ള ലഘുവിവരണം നന്നായി. കഴിവുണ്ടായിട്ടും മലയാള ചലച്ചിത്രലോകത്ത വേണ്ടത്ര ഇടം കിട്ടാതെ പോയ ഒരു ചെറുപ്പക്കാരെനാണെന്ന് തോന്നുന്നു. ബാലഭാസ്കറിന്റെ മിക്കഫ്യൂഷനുകളിലും ഒരു ‘യാനി സ്റ്റൈല്‍’കടന്ന് കൂടിയിട്ടുണ്ട്.

ഇദ്ദേഹത്തിനെ ഒന്ന് കോണ്ടാക്ട് (മെയില്‍) ചെയ്യാന്‍ എന്താണ് വഴി?

ഫസല്‍ said...

ബാലഭാസ്ക്കര്‍ എന്‍റെ ഇഷ്ട താരമാണ്. സന്തോഷം തോന്നുന്നു ഈ കുറിപ്പ് കണ്ടപ്പോള്‍. മുന്‍പ് ഏഷ്യാനെറ്റില്‍ സ്ഥിരമായി 'ബിഗ് ബാന്‍റെ' ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ കാണുന്നത് ഏതെങ്കിലും പ്രോഗ്രാമിന്‍റെ സീ. ഡി യാണ്., ആശംസകളോടെ

സുനില്‍ കെ. ചെറിയാന്‍ said...

ബാലഭാസ്കറെ പ്രോഗ്രാമിന്' യാദൃശ്ചികമായി കണ്ടതാണ്'. മെയില്‍ വിലാസമില്ല. സന്തോഷമുണ്ട് മറ്റൊരാള്‍, ഫസല്‍!

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...
This comment has been removed by the author.
ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ബാലഭാസ്കര്‍ പ്രതിഭാധനന്‍ തന്നെ, സംശയമില്ല. എന്നാലും ഒരു സീരിയലിന് സംഗീതം കൊടുക്കാന്‍ വേണ്ടി ദുബായില്‍ വെച്ച് കണ്ട് സംസാരിച്ചപ്പോള്‍ മലയാളത്തിലാരും ചോദിക്കാത്ത പ്രതിഫലം ചോദിച്ചത് മറക്കാനാവില്ല! അതുകൊണ്ടാവാം ഈ പ്രതിഭാധനന്‍ മലയാളസിനിമാസീരിയല്‍ രംഗത്തൊന്നും തിരക്കില്ലാതെ സ്റ്റേജ് പ്രോഗ്രാം കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നത്. എന്നിരുന്നാലും ഇപ്പോഴും മൊബൈലില്‍ വിളിക്കാറുണ്ട്, സൌഹൃദം തുടരുന്നുണ്ട്. പറയേണ്ടത് പറഞ്ഞെന്നുമാത്രം. :)

Blog Archive

Follow by Email