Search This Blog

Wednesday, July 1, 2009

ഉയരക്കുറവ് ചാടിക്കടന്ന ഡോക്ടര്‍

ഉയിരും ഉയരമില്ലായ്മയും

കുവൈറ്റ്‌ സിറ്റിയില്‍ ബി കെ എം ഇ ബില്‍ഡിങ്ങിനു എതിര്‍വശമുള്ള സംഗം അപാര്‍ട്ട്മെന്റിലെ സ്വന്തം മുറി തുറക്കണമെങ്കില്‍ ഇബ്രാഹിമിനു പെരുവിരലുകളില്‍ ഒന്നെഴുന്നു നില്‍ക്കണം. കഷ്ടി ഒന്നേകാല്‍ മീറ്റര്‍ പൊക്കമാണു അതിനു കാരണം. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലായാണു ആ മുറിതുറക്കലിനെ ഇബ്രാഹിം വിശേഷിപ്പിക്കുന്നത്‌. ഇബ്രാഹിം വെറും ഇബ്രാഹിം അല്ല; അമേരിക്കയിലെ ബെല്‍ഫോഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ മലയാളിക്ക്‌ ഡോക്ടറേറ്റുണ്ട്‌; മദ്ധ്യകാല ചരിത്രത്തിലെ പണമിടപാടുകള്‍ എന്ന വിഷയത്തില്‍. അതേ യൂണിവേഴ്സിറ്റി എം.ബി.എ.യും സമ്മാനിച്ചു 2008 ല്‍. 76 ല്‍ എസ്‌.എസ്‌.മുഹമ്മദി എന്ന കപ്പലില്‍ കുവൈറ്റില്‍ ഇറങ്ങിയ ഇബ്രാഹില്‍ നിന്നും ഇപ്പോഴത്തെ ഡോക്ടര്‍ ഇബ്രാഹിമിലേക്ക്‌ ദൂരം തെല്ലുമില്ലെന്ന്‌ വിനീതനായി ഈ കണ്ണൂര്‍ പള്ളിപ്പറമ്പക്കാരന്‍ പറയും.
കുവൈറ്റ്‌ ഫൈനാന്‍സ്‌ ഹൌസ്‌ ബാങ്കിലെ റിസ്ക്‌ മാനേജ്‌മെന്റ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റാണു ഈ അമ്പത്തിയാറുകാരന്‍. 68-ല്‍ എസ്‌ എസ്‌ എല്‍ സി ജയിച്ച്‌ കണ്ണൂരിലെ പ്രശസ്തമായ കേരള കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടൈപ്‌ റൈറ്റിങ്ങ്‌-ഷോര്‍ട്ട്‌ ഹാന്‍ഡ്‌-ബുക്ക്‌ കീപ്പിങ്ങ്‌ സര്‍ട്ടിഫിക്കറ്റ്‌ മാത്രം കൈമുതലുണ്ടായിരുന്ന ഇബ്രാഹിം ഇത്രേടം എത്തിയതിനു പിന്നിലെ രഹസ്യം ചോദിച്ചാല്‍ മറുപടി ഒറ്റ വാക്കില്‍ ഒതുക്കും: പടച്ചവന്റെ ക്റുപ.

അപ്പോള്‍ സ്വന്തമായി ഒന്നും ചെയ്തില്ലേ?
ചെയ്തു. ഏതാണ്ട്‌ 12 വയസു മുതല്‍ക്കാണു ഗ്രോത്ത്‌ ഹോര്‍മോണ്‍ ബാധിക്കുന്നത്‌. വര്‍ഷങ്ങളോളമെടുത്താണു അതുമായി സമരസപ്പെട്ടത്‌. പഠിത്തം കഴിഞ്ഞിറങ്ങിയ ഉടന്‍ കണ്ണൂരിലെ ലോ ചേംബറില്‍ സെക്രട്ടറിയായി ജോലി കിട്ടി. കുവൈറ്റില്‍ വരാനും വിഷമമുണ്ടായില്ല. ഇപ്പോള്‍ ബ്രൂണയ്ക്കടുത്ത്‌ ബോര്‍ണിയോ ദ്വീപില്‍ ബിസിനസുകാരനായ ജ്യേഷ്ഠന്റെ സുഹ്റ്ത്ത്‌ വഴിയാണു കുവൈറ്റിലെത്തുന്നത്‌. 25 ദിനാര്‍ ശമ്പളത്തില്‍ ടൈപിസ്റ്റായി ആദ്യ ഉദ്യോഗം. അന്ന്‌ 36 ദിനാറാണു ആയിരം രൂപക്ക്‌. ആ ജോലിയില്‍ നിന്നും താമസിയാതെ ഒരു സ്പാനിഷ്‌ ടെക്സ്റ്റൈല്‍ കമ്പനിയില്‍ കയറി. 120 ദിനാര്‍ ശമ്പളം. ആ കമ്പനിയിലെ സെക്രട്ടറി ജോലി കൂടുതല്‍ ഉത്തരവാദിത്വമുള്ളതായിരുന്നു. താങ്ങാനാകും എന്ന്‌ സ്വയം പറഞ്ഞ്‌ ആത്മവിശ്വാസം വളര്‍ത്തിയെടുത്തു.
ആ കമ്പനിക്ക്‌ എന്നെ വല്ലാതെ ബോധിച്ചിരുന്നു. നാട്ടിലേക്ക്‌ പോകുമ്പോള്‍ മംഗലാപുരം വരെയുള്ള എയര്‍ ടിക്കറ്റ്‌ മാത്രമല്ല, അവിടെ നിന്നു 130 കിലോ മീറ്റര്‍ ദൂരമുള്ള എന്റെ പള്ളിപ്പറമ്പ ഗ്രാമത്തിലേക്കുള്ള ടാക്സിക്കൂലി വരെ കമ്പനി തന്നു. എന്നെക്കൊണ്ട്‌ ആളുകള്‍ കരുതുന്നതിലപ്പുറം ചെയ്യാനാകും എന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ട നാളുകളായിരുന്നു അത്‌. അങ്ങനെയാണു കൂടുതല്‍ പഠിക്കണമെന്നും ഉയരണമെന്നുമുള്ള ചിന്തയുണ്ടായത്‌.

അക്കാലത്ത്‌ വായിച്ച ഒരു പുസ്തകത്തില്‍ അമേരിക്കയിലെ സി ഐ എ യില്‍ ടോപ്‌ ഒഫീഷ്യലായിരുന്ന ഒരാളെപ്പറ്റി അറിയാനിടയായത്‌ നിമിത്തമായി. അദ്ദേഹത്തിന്റെ ഇരു കൈകള്‍ക്കും സ്വാധീനമില്ലായിരുന്നു. എന്നിട്ടും പകയോടെ ജീവിതത്തെ ജയിച്ചു. കാലുകള്‍ കൊണ്ടാണു വണ്ടിയോടിക്കുക, കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യുക. എനിക്ക്‌ പക്ഷേ വാശിയൊന്നുമില്ലായിരുന്നു. പടച്ചവന്‍ എന്നെ ഒരു കാലത്തും അഷ്ടിക്ക്‌ ബുദ്ധിമുട്ടിച്ചിട്ടില്ല. നല്ല പ്രായത്തില്‍ തന്നെ നല്ലോരു ഭാര്യയെ തന്നു; രണ്ട്‌ മക്കളെ തന്നു. മകന്‍ നെറ്റ്വര്‍ക്ക്‌ സ്പെഷ്യലിസ്റ്റാണു. മകള്‍ സലാലയില്‍ ഭര്‍ത്താവും 2 കുഞ്ഞുങ്ങളോടുമൊപ്പം.നിങ്ങള്‍ ചോദിച്ച പോലെ അവരൊക്കെ നോര്‍മലാണോ എന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌. നോക്കൂ ഞാന്‍ നോര്‍മലായ ഒരു വ്യക്തിയാണു. ഉയരക്കുറവ്‌ എന്റെ മനസിനെയോ ശരീത്തേയോ ബാധിച്ചിട്ടില്ല. കല്യാണം കഴിക്കുന്നതിനു മുമ്പായി എന്നെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. യൂ ആര്‍ പെര്‍ഫക്റ്റ്ലി ഓള്‍റൈറ്റ്‌!

പൊക്കക്കുറവു കൊണ്ട്‌ സംഭവിച്ച എന്തെങ്കിലും അനുഭവങ്ങള്‍, ഓര്‍മ്മകള്‍..?
ഒരിക്കല്‍ മിര്‍ഗാബ്‌ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന എന്റെയടുത്ത്‌ ഒരു കുവൈറ്റി വന്ന്‌ പരിചയപ്പെട്ടു. ഒരു ടെലി സീരിയല്‍ നിര്‍മ്മിക്കുന്നു. താങ്കള്‍ വന്നാല്‍ സന്തോഷം എന്നു പറഞ്ഞു. ഷൂട്ടിങ്ങിനു ചെന്നപ്പോഴല്ലേ, എന്റെയത്രയും തന്നെ പൊക്കമുള്ള മറ്റു മൂന്നു പേരെ കണ്ടു. ഒരു സ്വദേശി,ഒരു യമനി ഒരു അഫ്‌ഗാനി. തമ്മില്‍ ഭേദമുള്ളയാളെ സെലെക്റ്റ്‌ ചെയ്യാനായിരിക്കുമെന്നാണു വിചാരിച്ചത്‌. താമസിയാതെ പിടി കിട്ടി. ഞങ്ങളെല്ലാം അതിലുണ്ട്‌.
അതൊരു കുള്ളന്‍ കുടുംബത്തിന്റെ കഥയായിരുന്നു. കുള്ളനായ അച്ഛനു അതേ ഉയരത്തില്‍ മൂന്ന്‌ മക്കള്‍. അച്ഛന്റെ ഫുട്ബോള്‍ ഭ്രാന്ത്‌ കുടുംബത്തിന്റെ ബിസിനസിനെ ബാധിക്കുന്നതും മറ്റുള്ളവര്‍ നിസ്സാരന്‍മാരായി കണ്ടിരുന്ന ഞങ്ങള്‍ മക്കള്‍ കുടുംബകടം തീര്‍ക്കുന്നതുമാണു കഥ. ക്ളൈമാക്സില്‍ എന്റെ കഥാപാത്രമാണു എതിരാളി കമ്പനിക്ക്‌ രണ്ട്‌ ലക്ഷത്തി അമ്പതിനായിരം ദിനാറിന്റെ ചെക്ക്‌ കൊടുക്കുന്നത്‌.

എം. ബി. എ., ഡോക്ടര്‍ ഇന്‍ ഫിലോസഫി. ഇനി എന്ത്‌ കീഴടക്കാന്‍ പോകുന്നു?
ആരു ആരെ കീഴടക്കുന്നു? കരിയര്‍ പുരോഗതിക്കോ ആരെയെങ്കിലും ബോധിപ്പിക്കാനോ അല്ല ഞാന്‍ ഓണ്‍ലൈന്‍ കോഴ്‌സെടുക്കുന്നത്‌. ജോലി സംബന്ധമായ ഒത്തിരി കോഴ്‌സുകള്‍ക്ക്‌ കെ എഫ്‌ എച്ച്‌ എന്നെ അയക്കുന്നുണ്ട്‌. ഞാന്‍ ഇത്രയും പഠിച്ചത്‌ എന്നെത്തന്നെ ബോധിപ്പിക്കാനാണു. ശ്രമിച്ചാല്‍ സാധിക്കാത്തത്തായി ഒന്നുമില്ലെന്ന്‌ ഞാന്‍ തെളിയിച്ചല്ലോ. അതേപ്പറ്റി ഒരു പുസ്തകമാണു അടുത്ത ലക്ഷ്യം. എം ബി എ ക്കാളും പി എച്ച്‌ ഡി യേക്കാളും പ്രയാസമുള്ള ഒരു ദൌത്യം.

3 comments:

വി. കെ ആദര്‍ശ് said...

ഇതിന് സമാനമായ അനുഭവം ഉള്ള ഒരു അധ്യാപകന്‍ ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ ഉണ്ട്. ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് വകുപ്പിന്റെ മേധാവിയും അപ്ലൈഡ് സയന്‍സ് ഫാക്കല്‍റ്റിയുടെ ഡീനുമാണ് നിലവില്‍ ഇദ്ദേഹം. രണ്ടുകാലും കൈയും പോളിയോ പിടിപെട്ട് കുട്ടിക്കാലത്തെ തളര്‍ന്നു, എന്നാല്‍ ബാലന്റെ മനസിന് വല്ലാത്ത ആത്മബലമുണ്ടായിരുന്നു. ഗണിതശാസ്ത്രം/സ്റ്റാറ്റിസ്റ്റിക്സില്‍ എം.എസ്‌സി, സാമ്പത്തികശാസ്‌ത്രത്തില്‍ എം.എ, പി.എച്.ഡി. സര്‍വകലാശാലാ കൊളെജില്‍ അധ്യാപകനായി ഓദ്യോഗികജീവിതം തുടങ്ങിയ ഇദ്ദേഹത്തിന്റെ പ്രീയ ശിഷ്യഗണങ്ങളില്‍ സാഹിത്യ വിമര്‍ശകനായ ഡോ.പി.കെ രാജശേഖരന്‍, ഐ.പി.എസ് ഉദ്യോഗസ്ഥനായ ശ്രീ. പദ്‌മകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍. അധ്യാപകനായി ഓദ്യോഗികജീവിതം തുടങ്ങിയ ഇദ്ദേഹം ഇനി എത്താന്‍ വൈസ് ചാന്‍സലര്‍ പദവി മാത്രം. വിവാഹിതനല്ലാത്തതിനാലാകാം രാവിലെ 11 മണിക്ക് ജോലിക്കെത്തിയാല്‍ മിക്ക ദിവസങ്ങളിലും രാത്രി വൈകിയാകും ശിഷ്യഗണങ്ങളിലാരെങ്കിലും വീട്ടില്‍ എത്തിക്കുക. പാണ്ഡിത്യം, സമഭാവന, ലളിതജീവിതം എന്നിവയുടെ പാഠപുസ്‌തകമാണ് ഇദ്ദേഹത്തിന്റെ ജീവിതം. സര്‍വകലാശാല വകുപ്പിന്റെ രണ്ടാം നിലയിലാണ് ഇദ്ദേഹത്തിന്റെ ഓഫീസ്, ഓട്ടോയില്‍ വന്നിറങ്ങി മുകളിലേക്ക് എത്താന്‍ പാടുപെടുന്നത് കാണുമ്പോള്‍ അവിടെ വിദ്യാര്‍ത്ഥിയായി എത്തിയ ആദ്യകാലത്ത് എറെ വിഷമിപ്പിച്ചിരുന്നു. പിന്നീടാണ് സാറിന് ഇതൊന്നും ഒരു പ്രതിബന്ധമേയല്ല എന്ന് മനസിലായത്. സമീപകാലത്താണ് ഈ പ്രൊഫസറുടെ നേതൃത്വത്തില്‍ കേരളത്തിലെ കയര്‍ സംസ്കരണ വ്യവസായത്തെക്കുറിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചത്.

ഇതൊക്കെ കാണുമ്പോള്‍ ശാരിരികമായ ഒരു അവശതയുമില്ലാത്ത നാം ഒരു പണിയും ഈ ലോകത്ത് ചെയ്യുന്നില്ല എന്ന് തോന്നുന്നത്, ഇദ്ദേഹത്തിന്റെ കീഴില്‍ രണ്ട് വര്‍ഷം പഠിക്കാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതാനാണ് ഇഷ്ടം.

ഉറുമ്പ്‌ /ANT said...

നല്ല ലേഖനം. പ്രചോദിപ്പിക്കുന്ന അറിവുകൾ.

Anonymous said...

വ്യാജ ഡിഗ്രിക്ക് എന്തിനിത്ര പ്രസക്തി ?

"അമേരിക്കയിലെ ബെല്‍ഫോഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ മലയാളിക്ക്‌ ഡോക്ടറേറ്റുണ്ട്‌; മദ്ധ്യകാല ചരിത്രത്തിലെ പണമിടപാടുകള്‍ എന്ന വിഷയത്തില്‍. അതേ യൂണിവേഴ്സിറ്റി എം.ബി.എ.യും സമ്മാനിച്ചു 2008 ല്‍."

ഇനി നമുക്ക് എന്താണ് ബെല്‍ഫോഡ്‌ യൂണിവേഴ്സിറ്റി എന്ന് നോക്കാം

http://en.wikipedia.org/wiki/Belford_University

ഇതൊന്നുമില്ലാതെ തന്നെ ഇദ്ദേഹം നേടിയ സ്ഥാനങ്ങള്‍ പ്രശംസനീയം തന്നെ, പിന്നെന്തിനു ഈ പൊന്നിന്‍ കുടത്തിനു ഒരു "പൊട്ട" ഡോക്ടറേറ്റു ?

ഇത്തരം വ്യാജ സ്ഥാപനങ്ങളില്‍ നിന്നും നേടുന്ന ടെഗ്രികളെ പ്രോല്സാഹിപ്പിക്കാതിരിക്കുക

also read: പട്ടിക്കും ഡോക്ടറേറ്റ്‌
http://www.epathram.com/news/mainnews/2010/02/251256-ashwood-university-fake.shtml

Blog Archive