Search This Blog

Wednesday, December 2, 2009

യവനിക ഗോപാലകൃഷ്ണന്‍ പറഞ്ഞത്

യവനിക എന്നത് ഒരു പെണ്‍കുട്ടിയുടെ പേരാണെന്ന് തെറ്റിദ്ധരിച്ചവരില്‍ ശ്രീകുമാരന്‍‌തമ്പിയും പെടും‌. കെ.ജി.ജോര്‍ജ്ജ് ഒരിക്കല്‍ ചോദിച്ചത് ടിവി സീരിയലുകളുടെ ക്രെഡിറ്റില്‍ (‘സ്ത്രീ’യുടെ 1500 എപിസോഡുകളില്‍ വേഷമിട്ടു) അഭിനേതാക്കളുടെ നിരയില്‍ യവനിക ഗോപാലകൃഷ്ണന്‍ എന്ന് കണ്ടിട്ടുണ്ട്, പക്ഷേ നിങ്ങളെ ഞാന്‍ ‘യവനിക’യുടെ സെറ്റില്‍ കണ്ടിട്ടില്ലല്ലോ എന്നായിരുന്നു. യവനിക ആലുവയില്‍ ഞാന്‍ തുടങ്ങിയ നാടകസമിതിയുടെ പേരാണെന്നും പേരിന്‍റെ കൂടെ വച്ചതാണെന്നും ഏറെപ്പേരോട് പറയേണ്ടി വന്നിട്ടുണ്ട്.

ഇരുപത് വര്‍‌ഷത്തോളം പതിനെട്ട് നാടകങ്ങള്‍ യവനിക കളിച്ചു. ആദ്യനാടകം ശ്രീമൂലനഗരം മോഹന്‍റെ അഷ്ടബന്ധം. മോഹന്‍റെ ജ്യേഷ്ഠനായ ശ്രീമൂലനഗരം വിജയന്‍റെ തുളസിത്തറ എന്ന നാടകം തിടുക്കത്തില്‍ പൊളിച്ചെഴുതിയതാണ് അഷ്ടബന്ധം. മോഹന് അങ്ങനെ കുറേ പൊടിക്കൈകളുണ്ട്. യവനിക തുടങ്ങും മുന്‍പ് ഞാന്‍ ആലുവ മൈത്രി കലാകേന്ദ്രത്തിലും അങ്കമാലി പൌര്‍‌ണ്ണമിയിലും നടനായിരുന്നു. പൌര്‍‌ണ്ണമിയുടെ ‘തീര്‍ഥാടനം’ മോഹന്‍റെ നാടകമായിരുന്നു. അങ്ങനെയാണ് മോഹനെ പരിചയപ്പെടുന്നത്. എം‌ടിയുടെ ‘വാനപ്രസ്ഥം’ പിന്നീട് സിനിമയാക്കിയപ്പോ തീര്‍‌ഥാടനം എന്ന് പേരിട്ടതിന് മോഹന്‍ കോപ്പിറൈറ്റ് പ്രകാരം കേസ് കൊടുക്കാനിരുന്നതാണ്. അങ്ങനെയൊക്കെയാണ് മോഹന്‍ (മോഹന്‍ പിന്നെ ലളിതകലാ അക്കാദമി സെക്രട്ടറിയായി വിരമിച്ചു).

മൈത്രി കലാകേന്ദ്രത്തില്‍ എന്‍‌.എഫ്.വര്‍‌ഗീസുണ്ടായിരുന്നു. ഞാന്‍ യവനിക തുടങ്ങിയപ്പോള്‍ വര്‍ഗീസിനേയും വിളിച്ചു. കാശിന്‍റെ കാര്യത്തില്‍ ഭയങ്കര കണക്കനാണ് വര്‍ഗീസ്. യവനികയില്‍ 250 രൂപയായിരുന്നു വര്‍ഗീസിന്റെ (ഒറ്റക്കളിക്കുള്ള) പ്രതിഫലം. ഒരിക്കല്‍ പാലായ്ക്കടുത്ത് ഒരു സ്ഥലത്ത് ഞങ്ങളുടെ നാടകം കളിക്കുകയാണ്. യവനികയിലെ മറ്റൊരു പ്രശസ്ത നടന്‍ കെ.എസ്.കര്‍ത്താ എത്തിയിട്ടില്ല. ഫസ്റ്റ് ബെല്ല് കൊടുക്കാന്‍ സമയമായി. മുന്‍പ് ആമ്പല്ലൂരില്‍ നാടകം കളിക്കുമ്പോള്‍ കുടിച്ച് ബോധമില്ലാതെ ടാക്സിയില്‍ ഷഡ്ഡി മാത്രമിട്ട് വന്ന് നാടകം വൈകിച്ച ചരിത്രമുണ്ട് കര്‍ത്താക്ക്. ഇവിടേയും നാണം കെടുമാല്ലോ എന്നോര്‍ത്ത് നാടകമുതലാളിയായ ഞാന്‍ മേക്കപ്പില്‍ വിയര്‍ത്തു. സദസ്സ് നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. എന്‍.എഫ്.വര്‍ഗീസ് ഒരു പോംവഴി പറഞ്ഞു. കര്‍ത്താ വരുന്നതു വരെ വര്‍ഗീസ് മിമിക്രി അവതരിപ്പിക്കും. ആവട്ടെ. സ്റ്റേജില്‍ വര്‍ഗീസ് തകര്‍ക്കുന്നു. ഞാന്‍ പുറത്ത് അക്ഷമനായി ഉലാത്തുന്നു. അര മണിക്കൂറിനകം കര്‍ത്താ വിയര്‍ത്തു കുളിച്ചെത്തി. ഞാനൊന്ന് കൊടുക്കാനാഞ്ഞതാണ്. നാടകത്തെ ബാധിക്കണ്ടല്ലോ എന്നോര്‍ത്ത് അടക്കി. അന്ന് രാത്രി പ്രതിഫലം കൊടുത്തപ്പോൾ വര്‍ഗീസ് പറഞ്ഞു, അന്‍പത് രൂപാ കൂടി തരണം. മിമിക്രി കളിച്ചില്ലേ?

കോട്ടയം നാഷണല്‍ തീയറ്റേഴ്സിന്‍റെ ജോര്‍ജ്ജും ഞാനുമാണ് ടെന്‍ഷനില്ലാത്ത മുതലാളിമാര്‍ എന്ന് നാടകരംഗത്ത് പൊതുവേ പറയപ്പെടാറുണ്ടായിരുന്നു. ചെറുപ്പത്തിന്‍റെ തിളപ്പിലാണ് ഞാന്‍ ടെന്‍ഷനടിക്കാതിരുന്നത്. 1984 ല്‍ യവനിക തുടങ്ങുന്നതിനും പത്ത് വര്‍ഷം മുന്‍പ് അമച്വര്‍ അഭിനയം തുടങ്ങിയിരുന്നു. ജോലി ചെയ്തിരുന്ന അങ്കമാലി ടെല്‍ക്കിലെ നാടകമത്സരത്തില്‍ എം.ആര്‍.ബി.യും വിടി ഭട്ടതിരിപ്പാടും കാലടി ഗോപിയും വിധികര്‍ത്താക്കളായി എന്നെ മികച്ച നടനായി തെരെഞ്ഞെടുത്ത തുടക്കം കുറച്ചൊന്നുമല്ല ആത്മവിശ്വാസം തന്നത്. അതുകൊണ്ട് ഒരു നടന്‍ വന്നില്ലെങ്കില്‍ സംഘാടകര്‍ക്ക് നാടകത്തിന്‍റെ മൊത്തം പ്രതിഫലമായ പതിനായിരം രൂപാ കൊടുത്താല്‍ മതിയല്ലോ എന്ന എക്സ്ട്രീം ഞാനങ്ങ് ചിന്തിക്കും. അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഒരു നാടകവണ്ടി റോഡിലൂടെ പോകുന്നത് കണ്ടാല്‍ ടെന്‍ഷനാണ്. പ്രായമായില്ലേ?

പ്രശസ്ത നടനായിരുന്ന സുരാസു (ബാലഗോപാല്‍ എന്ന പേരായിരുന്ന സുരാസുവിനെ ബാലേട്ടന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്) യവനികയില്‍ ചേരണമെന്ന് എന്നോട് പറഞ്ഞു. ട്രൂപ്പ് ഉടമസ്ഥനായ ഞാന്‍ ചിന്തിക്കുന്നത് സുരാസു പ്രസിദ്ധ നടന്‍ എന്നല്ല, കഞ്ചാവ് വലിക്കുമെന്ന കുപ്രസിദ്ധിയുള്ള നടന്‍ എന്നാണ്. സുരാസുവിനോട് അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എനിക്ക് കൈ തന്നു. പലരും ഒളിവില്‍ പറയുന്ന കാര്യം ഗോപാലകൃഷ്ണന്‍ മുഖത്തു നോക്കിപ്പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ബാലേട്ടന്‍ പിന്നേയും എന്റെയടുക്കല്‍ വന്നു. ഇങ്ങനെ ജീവിച്ച് മതിയായി. മദ്രാസിലെ ഒരു ആശ്രമത്തില്‍ പോകുന്നെന്നായിരുന്നു അപ്പോഴത്തെ സംസാര പൊരുള്‍. ഇതിനിടയില്‍ ഒരു ദിവസം കാലടി തീയറ്റേഴ്സ് ഉടമയായ പാറയ്ക്ക ജെയിംസിന്‍റെ സ്കൂട്ടറിന്‍റെ പിറകില്‍ സുരാസു പോകുന്നത് കണ്ടു എന്ന് ആലുവായിലെ ചിലര്‍ എന്നോട് പറഞ്ഞതിന് പിന്നാലെ സുരാസു കാലടിയിലെ നാല്‍ക്കവലയില്‍ വട്ടം കിടന്ന് ട്രാഫിക് ബ്ലോക്കുണ്ടാക്കി പൊലീസ് പിടിച്ചുവെന്ന വാര്‍ത്തയും കേട്ടിരുന്നു. ബാലേട്ടന് മദ്രാസ് ആശ്രമത്തില്‍ ചേരുന്നതിന് ഒരു പ്രശ്നമുണ്ട്. ചെല്ലും ചെലവുമായി മാസം 300 രൂപാ അശ്രമത്തില്‍ കൊടുക്കണം. ഗോപാലകൃഷ്ണന് അതു കൊടുക്കാന്‍ പറ്റുമൊ? ആശ്രമത്തിലേക്ക് മണിഓര്‍ഡര്‍ അയക്കാമെന്ന് ഞാന്‍ പറഞ്ഞു. ഓരോ മാസവും മുടങ്ങാതെ അയച്ചു. നാലാം മാസം മണിഓര്‍ഡര്‍ തിരിച്ചു വന്നു. അങ്ങനെയൊരാള്‍ അവിടെയില്ല!

യവനിക നിന്നു. എനിക്ക് സീരിയല്‍ രംഗത്ത് തിരക്കായി. സ്ത്രീയിലെ ചന്ദ്രേട്ടനായി തുടക്കം. ഒരു സിനിമക്ക് 74-80 സീന്‍ മതി. ഇതുവരെ നൂറ് സിനിമക്കുള്ള സീനുകള്‍ അഭിനയിച്ചു. സീരിയല്‍ രംഗത്ത് ഒരു ആര്‍ടിസ്റ്റിന് ഒരു ദിവസം അയ്യായിരം മുതല്‍ 15,000രൂപ വരെയാണ് പ്രതിഫലം. സിനിമയില്‍ അടുത്ത പടത്തിന് കാണാട്ടോ എന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പറയുമെന്ന പേടി സീരിയല്‍ രംഗത്തെ പലര്‍ക്കുമുണ്ട്. ഇപ്പോള്‍ ഞാനൊരു സീരിയല്‍ സം‌വിധാനം ചെയ്യുന്നു. 'ചന്ദ്രേട്ടനും ശോഭേടത്തിയും'. കഥ ജി.എസ്.അനില്‍. നിങ്ങളുടെ ബന്ധുക്കളില്‍ ആരെങ്കിലും പ്രവാസികളായി ഉണ്ടെങ്കില്‍ ഈ സീരിയല്‍ കാണുക എന്നതാണ്, ക്യാച്ച് ലൈന്‍. ഒരു പരസഹായി ചന്ദ്രേട്ടന്‍ ദുബായില്‍ ഒരാള്‍ക്ക് ജാമ്യം നില്‍ക്കുന്നതും പറ്റിക്കപ്പെടുന്നതും ഷാര്‍ജ പൊലീസ് സ്റ്റേഷനില്‍ കിടക്കുന്നതും കയറ്റി അയക്കപ്പെടുന്നതും വീട്ടുകാരാല്‍ കറിവേപ്പിലയാകപ്പെടുന്നതുമൊക്കെയാണ്, 15 എപിസോഡുകളുടെ ഷൂട്ടിങ്ങ് ദുബായില്‍ വച്ച് കഴിഞ്ഞ 'ചന്ദ്രേട്ടനും ശോഭേടത്തിയും'. ചന്ദ്രേട്ടനായി ഞാന്‍, ഭാര്യ ശോഭേടത്തി കലാരഞ്ജിനി, അമ്മ കവിയൂര്‍ പൊന്നമ്മ. ആരോടും പറയേണ്ട. പണ്ടത്തെ 'കടല്‍പ്പാല'വുമായി കഥക്ക് ബന്ധമുണ്ട്.

മറ്റൊരു പ്രൊജക്റ്റ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുമായി ചേര്‍ന്ന് ഭാസന്‍റെ 'ഊരുഭംഗം' അവതരിപ്പിക്കുക എന്നതാണ്. മോഹന്‍ലാല്‍ കര്‍ണ്ണഭാരം ചെയ്തതു പോലെ ഒരു അവതരണം. ദുര്യോധനന്‍റെ തുടക്ക് ഭീമന്‍റെ അടിയേക്കുന്നത് മര്‍മ്മപ്രധാനമായ ഭാഗം. സ്റ്റേജില്‍ ഞാന്‍ ഒറ്റയാള്‍. സംഗീതം മട്ടന്നൂര്‍. (ഞാന്‍ മട്ടന്നൂര്‍ സ്വദേശിയാണ്. ശങ്കരന്‍കുട്ടി ബാല്യകാല സഖാവും. ആലുവയില്‍ ചേക്കേറുന്നത് ടെല്‍ക്ക് ജോലി പ്രമാണിച്ചാണ്).

നീണ്ട നാടകവര്‍ഷങ്ങളില്‍ നൊമ്പരപ്പെടുത്തുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്. അതിലൊന്ന്: കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ നാടകം. കൂട്ടത്തിലെ നടിയുടെ അച്ഛന്‍ മരിച്ച വിവരം ഏറെ വൈകിയാണറിയുന്നത്. നാടകം കഴിഞ്ഞയുടന്‍ വണ്ടി നടിയുടെ സ്വദേശമായ ഭരണങ്ങാനത്തേക്ക് പോകാമെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. അപ്പോള്‍ നടിക്ക് സംശയം, ആലുവക്ക് പോകേണ്ട വണ്ടി എന്തിന്... എന്താണു നിങ്ങള്‍ ഒളിക്കുന്നത്...? ഞാന്‍ പറഞ്ഞു എനിക്കൊരാളെ കാണാനാണ്. വണ്ടി ഭരങ്ങാനത്തെത്തിയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. നാലു കിലോമീറ്ററുകളോളം കരച്ചിലായി. എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല, നാടകം അലമ്പാവണ്ട എന്നു കരുതിയല്ലേ എന്ന് പിന്നീട് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു: കണ്ണൂര്‍ മുതല്‍ നീ കരയാതിരിക്കാനായിരുന്നു.

http://malayaalam.com/Content.aspx?Type=Article&ID=46

Blog Archive